ജെ-വൈ പ്രത്യേകതകൾ മേനാംപറമ്പിൽ പിതാവിന്റെ വാക്കുകളിൽ (MJYR100)
ജെ-വൈ പ്രത്യേകതകൾ മേനാംപറമ്പിൽ പിതാവിന്റെ വാക്കുകളിൽ
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിലിന് ജീസസ് യൂത്തിനെ അതിൻ്റെ ആദ്യഘട്ടം മുതലേ അറിയാം. മുന്നേറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ രണ്ട് അഭിപ്രായങ്ങൾ പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ, അദ്ദേഹം അതിന്റെ കൂടെ രണ്ട് വിവരണങ്ങൾ കൂടി ചേർത്ത് അതൊന്നുകൂടെ വിപുലമാക്കി.
എൻ്റെ മനസ്സിൽ തെളിയുന്നത് 1986-ലെ ഞങ്ങളുടെ കണ്ടുമുട്ടലാണ്. ആ വർഷത്തെ ദേശീയ കരിസ്മാറ്റിക് കൺവെൻഷൻ മുംബൈയിലായിരുന്നു. കേരളത്തിൽ നിന്നുള്ള വലിയൊരു സംഘം ഇതിൽ പങ്കെടുത്തു. മലയാളം യുവജന വർക്ക്ഷോപ്പ് ചുമതല എനിക്കായിരുന്നു. ബാന്ദ്രയിലെ ഒരു ഹാളിൽ ഈ വലിയ യുവജന ഗ്രൂപ്പിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു പുരോഹിതൻ ഹാളിൻ്റെ പിൻഭാഗത്ത് ഇരുന്നുകൊണ്ട് പ്രസംഗം ശ്രദ്ധാപൂർവം കേൾക്കുന്നുണ്ടായിരുന്നു. അവരെ ചെറിയ ഗ്രൂപ്പുകളായി ചർച്ചയ്ക്ക് അയച്ച ശേഷം ആ വൈദികന്റെ അടുത്തേയ്ക്ക് ഞാൻ ചെന്നു. "ദിബ്രുഗഡിൽ നിന്നുള്ള ബിഷപ്പ് തോമസ് ആണ് ഞാൻ," അദ്ദേഹം പരിചയപ്പെടുത്തി. ആ തുടക്കം ഊഷ്മളമായ സൗഹൃദമായി വളർന്നു. കേരളത്തിലെ യുവജന പ്രവർത്തനത്തെക്കുറിച്ച് കേട്ടപ്പോൾ, അത് കാണാൻ വരണമെന്ന് അദ്ദേഹം പറഞ്ഞു.ഏതാനും മാസങ്ങൾക്ക് ശേഷം പിതാവ് എറണാകുളത്ത് വന്ന് ഒരാഴ്ച താമസിച്ചു. പല മീറ്റിംഗുകൾ നടന്നു. തൃശൂർ, കോട്ടയം, അർത്തുങ്കൽ എന്നിവിടങ്ങളിലെ ജെ-വൈ ഗ്രൂപ്പുകൾ സന്ദർശിക്കാൻ ഞാൻ അദ്ദേഹത്തെ കൊണ്ടുപോയി. മുന്നേറ്റ വളർച്ചയുടെ ആദ്യ നാളുകൾ അദ്ദേഹം നേരിൽ കണ്ടു, വടക്കുകിഴക്കൻ ഇന്ത്യയിൽ അദ്ദേഹം ചെയ്തുകൊണ്ടിരുന്ന മിഷനറി പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ പങ്കുവയ്ക്കുകയും ചെയ്തു.
അദ്ദേഹം പിന്നീട് ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ജീസസ് യൂത്ത് തെയ്സെ സമൂഹത്തിന്റെ ആത്മീയതയും ശൈലിയും അടുത്തറിയണം. അങ്ങനെ 1988-ൽ ഞാൻ ഫ്രാൻസിലെ തെയ്സെയിൽ പോയി. രണ്ടുമാസം അവിടെ ചെലവഴിച്ചു. ആ സമൂഹ സ്ഥാപകനായ ബ്രദർ റോജറുമായി ബിഷപ്പ് തോമസിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ യുവജന കമ്മീഷൻ ചെയർമാനെന്ന നിലയിൽ, ഇന്ത്യയിൽ പ്രവർത്തിക്കാൻ പിതാവ് തെയ്സെയെ ക്ഷണിച്ചിരുന്നു, അങ്ങനെ 1985 ലും 88 ലും ഇന്ത്യയിൽ രണ്ട് വലിയ തെയ്സെ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ഏതായാലും ബിഷപ്പ് തോമസ് എന്നെ അയച്ചതുകൊണ്ട് തെയ്സെയിൽ എനിക്ക് വലിയ സ്വീകരണമായിരുന്നു. ദിവസവും എന്റെ ഇരിപ്പിടം ബ്രദർ റോജറിന്റെ അരികിലായിരുന്നു. എല്ലാത്തിലുമുപരി അത് ജീസസ് യൂത്തും തെയ്സെയും തമ്മിലുള്ള അടുത്ത ബന്ധത്തിൻ്റെ തുടക്കമായി. അന്നുമുതൽ എല്ലാ വർഷവും രണ്ട് ജീസസ് യുവാക്കളെ തെയ്സെയിലേക്ക് അയയ്ക്കാനും തുടങ്ങി.
തുടരുന്ന ബന്ധം
പിതാവ് ദിബ്രുഗഢിൽ നിന്ന് പീന്നീട് ആർച്ച് ബിഷപ്പായി ഗുവാഹത്തിയിലേക്ക് മാറി. മേനാംപറമ്പിൽ പിതാവിന്റെ മിഷനറി തീക്ഷ്ണത, സാംസ്കാരിക പഠനങ്ങൾ, ഗോത്ര വിഭാഗങ്ങളുമായുള്ള ഇടപെടലുകൾ എന്നിവയെല്ലാം ലോകമെമ്പാടും അറിയപ്പെടുന്നതാണ്. ഏഷ്യൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ പല പരിശീലനങ്ങളും സംഘടിപ്പിക്കുമ്പോൾ അദ്ദേഹം ജീസസ് യൂത്തിനെയും ക്ഷണിക്കും. കൂടാതെ മിക്ക പ്രധാന ജീസസ് യൂത്ത് സമ്മേളനങ്ങൾക്കും പരിശീലനങ്ങൾക്കും എത്താൻ അദ്ദേഹവും സമയം കണ്ടെത്തും.
തായ്‌ലൻഡിൽ നടന്ന വിവിധ രാജ്യങ്ങളിലെ മെത്രാന്മാർക്കായുള്ള ഒരു പരിശീലന മദ്ധ്യേയാണ് ജീസസ് യൂത്ത് ഗ്രൂപ്പുകളിൽ താൻ ശ്രദ്ധിച്ച അനിതര സാധാരണമായ രണ്ട് കാര്യങ്ങൾ ആർച്ച് ബിഷപ്പ് പങ്കുവെച്ചത്. ജെ-വൈ സംസ്കാരത്തിന്റെ രണ്ട് സവിശേഷതകളായി പിതാവ് കണ്ടത് മത്സരമില്ലാത്ത നേതൃശൈലിയും ഭീഷണി ഉയർത്താത്ത സുവിശേഷവൽക്കരണ രീതിയുമാണ്. ഈ പരാമർശങ്ങൾ പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു സമീപകാല സന്ദർശനം
ഈ വർഷം ജനുവരിയിൽ, ആർച്ച് ബിഷപ്പ് തോമസിനൊപ്പം ഒരു വാരാന്ത്യം ചെലവഴിക്കാൻ എനിക്ക് വീണ്ടും അവസരം ലഭിച്ചു. രണ്ട് സർവ്വകലാശാലകളുടെ ക്ഷണം സ്വീകരിച്ച് ചില പ്രഭാഷണങ്ങൾക്കായാണ് അദ്ദേഹം വന്നത്. അതിനിടെ ജീസസ് യൂത്തിനും രണ്ട് ദിവസം മാറ്റിവച്ചു. ഞങ്ങളോട് കുറെ മിഷൻ ചിന്തകളും സംസ്കാരങ്ങൾ അടുത്തറിയേണ്ടതിനെ കുറിച്ചും സംഘർഷ പരിഹാര വഴികളെ പറ്റിയും ഒക്കെ അദ്ദേഹം പങ്കുവച്ചു. അതെല്ലാം ഏവർക്കും പുത്തൻ അറിവുകളും ആയിരുന്നു.
ഞങ്ങളിൽ പലരും ഈ ദിവസങ്ങൾ നന്നായി വിനിയോഗിച്ചു. ഭക്ഷണ മേശയ്ക്ക് ചുറ്റും നീണ്ട സമയം ചർച്ച തുടരുമായിരുന്നു. ഇതിനിടെയാണ് പിതാവ് താൻ മുമ്പ് പറഞ്ഞുവച്ച ആ ജീസസ് യൂത്ത് വിവരണങ്ങൾ ഒന്ന് കൂടെ വിപുലമാക്കിപറഞ്ഞത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ജാഗോ കോൺഫറൻസിൽ താൻ ശ്രദ്ധിച്ച കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. "ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നത് എന്താണ്? അതിന് പ്രധാന സ്ഥാപകരോ വലിയ നേതാക്കളോ ഇല്ല, മറിച്ച് അതിൽ എല്ലാവർക്കും പ്രാധാന്യമുണ്ട് ഏവരെയും അത് സ്വാഗതം ചെയ്യുന്നു.” മറ്റ് ചില വലിയ പ്രസ്ഥാനങ്ങളിലെ നേതാക്കളുടെ വ്യക്തി പ്രഭാവവും അതിന്റെ തിക്ത ഫലവും അദ്ദേഹം സൂചിപ്പിച്ചു. ജീസസ് യൂത്തിൽ അദ്ദേഹം കാണുന്ന മറ്റൊരു പ്രത്യേകത, "എല്ലാവരെയും പോലെ, ജീസസ് യൂത്തും തങ്ങൾക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങൾ കാണുന്നു, എന്നാൽ ഈ വെല്ലുവിളികളോടുള്ള അവരുടെ പ്രതികരണം വളരെ വ്യത്യസ്തവും മിക്കവാറും ഏറെ പോസിറ്റീവുമാണ്." സഭയിലെ പലരും നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥരാകുകയും ദേഷ്യപ്പെടുകയും നിഷേധാത്മകമാവുകയും ചെയ്യുന്നു, എന്നാൽ ഈ ചെറുപ്പക്കാർ ക്രിയാത്മകമായ പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നു,
ഇവയൊന്ന് സംഗ്രഹിച്ചാൽ
പ്രശസ്തമായ ആവേ മരിയ യൂണിവേഴ്സിറ്റിയിൽ ഒരു മദർ തെരേസ മ്യൂസിയമുണ്ട്. ആർച്ച് ബിഷപ്പിന് മദറുമായി ഏറെ അടുപ്പം ഉണ്ടായിരുന്നതിനാൽ അതേക്കുറിച്ചു കേൾക്കാൻ അവർക്ക് ഏറെ താൽപര്യമായിരുന്നു. അങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിൽ വീണ്ടും ജീസസ് യൂത്ത് പ്രത്യേകതകളെ കുറിച്ച് സംസാരിക്കാൻ കുറെ സമയം കിട്ടി. തന്റെ നിരീക്ഷണങ്ങൾ പിതാവ് നാല് പരാമശങ്ങളിൽ ചുരുക്കി.
എന്തൊക്കെയാണ് ജെ-വൈ പ്രവർത്തന ശൈലിയുടെ പ്രത്യേക അടയാളങ്ങൾ?
മത്സരമില്ലാത്ത നേതൃശൈലി: എല്ലായിടത്തും, മത്സരത്തിൻ്റെയും പ്രകടനാത്മകതയുടെയും സംസ്കാരം വളരുന്നു. എന്നാൽ ജീസസ് യൂത്തിൽ കുറേ വ്യത്യസ്തയുണ്ട്. ഇവിടെ, ആളുകൾ സ്വന്തം ദുർബലതയും ബലഹീനതയും എടുത്തു പറയാനും മറ്റുള്ളവരിൽ നിന്ന് പഠിക്കാനും തയ്യാറാകുന്നു. ഒപ്പം യേശുവും അവന്റെ പ്ലാനുകളും പ്രധാന ശ്രദ്ധാ കേന്ദ്രമാകുന്നു. പിന്നെ, ചുറ്റുമുള്ള മറ്റ് ഗ്രൂപ്പുകളുമായി മത്സരിക്കാൻ ജീസസ് യൂത്ത് ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇവിടെ ഊന്നൽ ഇങ്ങനെ എല്ലാവരുമായി സഹകരിക്കാം എന്നതിലാണ്.
ഭീഷണി ഉയർത്താത്ത സുവിശേഷവൽക്കരണം: പലർക്കും, "ദൗത്യം" എന്നത് തങ്ങൾ വിശ്വസിക്കുന്നത് നിർബന്ധപൂർവ്വം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുക എന്നതാണ്. എന്നാൽ ജീസസ് യൂത്തിൽ കാണുന്ന നന്മ എല്ലാവരോടും ബന്ധം സ്ഥാപിക്കാനുള്ള തീക്ഷ്ണതയും അവരിലെ നന്മ കണ്ട് അംഗീകരിച്ച് സഹകരിക്കാനുള്ള സന്മനസുമാണ്. ഈ സ്നേഹവും, സന്തോഷവും സൗഹൃദവും മറ്റുള്ളവർക്ക് ഈശോയുടെ അടുത്തേയ്ക്ക് വരുന്നതിനുള്ള വഴി തുറക്കുകയും ചെയ്യുന്നു. അതോടൊപ്പം അവർ താല്പര്യപൂർവ്വം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക്കുകയും ചെയ്യുന്നു.
സ്വയം താഴ്ന്ന് മറ്റുള്ളവരെ ഉയർത്തുന്ന നേതാക്കൾ: പ്രസ്ഥാനങ്ങളും സംഘടനകളും വളരുന്നതിനൊപ്പം അതിലെ വ്യക്തിആരാധനയും കൂടാറുണ്ട്. വലിയ നേതാക്കൾ ആർക്കും സമീപിക്കാനാവാത്തവാരായി മാറുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ ജെ-വൈ ശൈലിയിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാന നേതാക്കൾ ബോധപൂർവം അപ്രത്യക്ഷരാകുന്നു. താഴ്മയിലും സേവനത്തിലും യേശുവിൻറെ മാതൃകയിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാത്തരം ആളുകൾക്കും അവരുടെ കഴിവുകൾക്കും വളരാനുള്ള പ്രോത്സാഹനവും ഇടവും മുന്നേറ്റത്തിലുണ്ട്.
ക്രിയാത്മക സാമൂഹിക പ്രതികരണം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൊതുവേ എല്ലാവരും ആശങ്കാകുലരാണ്. ചെറുപ്പക്കാർ, പ്രത്യേകിച്ച്, അപചയത്തിൻറെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നു, അത് എല്ലാ നേതാക്കളെയും അസ്വസ്ഥരാക്കുന്നു. ഇത്തരം സാമൂഹിക വെല്ലുവിളികളോടുള്ള ജീസസ് യൂത്ത് സമീപനം ഏറെ പോസിറ്റീവും ഫലപ്രദവുമാണ് എന്നാണ് പിതാവിന്റെ അഭിപ്രായം. യുവാക്കളുടെ താൽപര്യങ്ങൾ കണ്ടറിഞ്ഞ് അവർ ചെറുപ്പക്കാരോട് അടുക്കുകയും ക്രമേണ അവരെ യേശുവിനായി നേടുകയും ചെയ്യുന്നു. നല്ല സൗഹൃദം, പാർട്ടികൾ, പിക്നിക്കുകൾ, കല, കളികൾ, അങ്ങനെ പലതും പ്രശ്നബാധിതരായ യുവാക്കളുടെ അടുത്തായിരിക്കാൻ ഇവർ ഉപയോഗിക്കുന്നു. ഈ ജീസസ് യൂത്ത് മിഷൻ സമീപനത്തെ അദ്ദേഹം ഏറെ അഭിനന്ദിച്ചു.
നിങ്ങൾ ആരെന്നറിഞ്ഞ് അതായി മാറുക
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ സുന്ദര മുഖം കണ്ട് അഭിനന്ദിക്കുന്ന മേനാംപറമ്പിൽ പിതാവിന്റെ വാക്കുകൾ ഞങ്ങൾക്കെല്ലാം ഏറെ സന്തോഷവും ആത്മാഭിമാനവും പകരുന്നതായിരുന്നു. ഇതുകേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത ഉയരുന്നു. അദ്ദേഹം കാണുകയും ഏറെ സ്നേഹിക്കുകയും ചെയ്യുന്ന ഇത്തരം ഒരു സുന്ദര ജീസസ് യൂത്ത് ആകുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. ഈ മനോഹരമായ പ്രതിച്ഛായയിലേക്ക് വളരാൻ കർത്താവിന്റെ പരിശുദ്ധാത്മാവ് നമുക്ക് കൃപ നൽകട്ടെ.
Comments
Post a Comment