ജീസസ് യൂത്തിന്റെ സവിശേഷ സൗരഭ്യം നഷ്ടപ്പെട്ടാൽ! (MJYR099)
ജീസസ് യൂത്തിന്റെ സവിശേഷ സൗരഭ്യം നഷ്ടപ്പെട്ടാൽ!
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
ഒത്തു കൂടിയപ്പോൾ ചർച്ച നേതൃത്വത്തെ കുറിച്ചായി. “ഞങ്ങളുടെ ഇടവകയിൽ രണ്ട് ഡസൻ കുടുംബ കൂട്ടായ്മകളുണ്ട്. വർഷങ്ങൾക്ക് മുമ്പ്, അത് തുടങ്ങിയപ്പോൾ എന്തൊരു ആവേശമായിരുന്നു! ഏറെ നല്ല പ്രവർത്തനങ്ങളും. ഇപ്പോൾ മിക്ക നേതാക്കളും ആലസ്യത്തിലാണ്. അച്ചൻ ഒരു പൊതു മീറ്റിംഗ് വിളിച്ചാൽ മിക്കവരും എത്താറില്ല.” ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഒരച്ചൻ, "നിങ്ങൾ ഇടവക നേതാക്കളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ രൂപത തയ്യാറാക്കുന്ന പദ്ധതികളിൽ അച്ചൻമാരുടെ സഹകരണം കിട്ടുന്നതിനുള്ള പ്രയാസത്തെ പറ്റിയാണ് പിതാവ് പലപ്പോഴും പരാതിപ്പെടാറ്.”
കൂട്ടത്തിലുണ്ടായിരുന്ന ജീസസ് യൂത്ത് കോർഡിനേറ്റർക്കും സമാനമായ പരാതിയാണ് പറയാനുണ്ടായിരുന്നത്. “ഞങ്ങൾ ഒരുമിച്ച് പദ്ധതികൾ തയ്യാറാക്കും, പക്ഷേ അവ നടപ്പിലാക്കുന്നത് എന്റെ മാത്രം ഉത്തരവാദിത്തമായി തീരും. എന്റെ ഇമെയിലുകൾക്കും മറ്റും ഒരു പ്രതികരണവും കിട്ടാറില്ല. എന്തിനധികം, നമ്മുടെ പല ടീമുകളിലും ചേരാൻ വേണ്ടത്ര പേരെ കിട്ടുന്നതു പോലും ഇന്ന് പ്രയാസമായി വരുകയാണ്.”ഇന്നത്തെ ക്രിസ്ത്യൻ നേതൃത്വത്തെക്കുറിച്ചുള്ള മുറുമുറുപ്പ് തുടർന്നു. അവരുടെ ഇടയിൽ ഇരുന്നുകൊണ്ട് ഞാൻ ഓർത്തുപോയത് മോശവും കൂട്ടരും ഈജിപ്തിൽ നിന്ന് പാലായനം ചെയ്യുന്നതിനിടെ നിരുത്തരവാദപരമായി പെരുമാറുന്ന നേതാക്കളെക്കുറിച്ച് മോശ ദൈവത്തോട് പരാതി പറഞ്ഞതിനെക്കുറിച്ചായിരുന്നു. സംഖ്യ 11-ൽ തന്റെ ഏകാന്തതയുടെയും അസ്വസ്ഥതയുടെയും മൂർദ്ധന്യതയിൽ യഹോവയോട് കയർക്കുന്നത് നാം കാണുന്നു, ‘ഇതുപോലെ തുടരുകയാണെങ്കിൽ, നീ എന്നെ കൊല്ലുന്നതാണ് നല്ലത്’ (വാക്യം 15). നേതാക്കളുടെ സഹകരണമില്ലായ്മ അന്നും ഇന്നും പ്രശ്നം തന്നെ.
പ്രതീക്ഷ നിറയുന്ന തുടക്കങ്ങൾ
ഈ വർഷാരംഭത്തിൽ ഗ്രൂപ്പിൽ ലഭിച്ച സന്ദേശങ്ങൾ ഏറെ പ്രചോദനം നൽകുന്നതായിരുന്നു. കർത്താവ് ചില പുതു കാര്യങ്ങൾ ആരംഭിക്കുന്നു. ചില നവ ദൗത്യങ്ങൾ നൽകി അവിടുന്ന് അയക്കുന്നു. ഒരു ചെറിയ ഉറവ ഒഴുകി വിസ്തൃതമാകുന്ന ചിത്രം ഒരാൾ പങ്കുവച്ചു, എസെക്കിയേൽ 47 ലെ പോലെ. "ജീവന്റെ അരുവികൾ നിങ്ങളിൽ നിന്ന് ഒഴുകട്ടെ, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും പരിവർത്തനം ചെയ്യട്ടെ."
ഗ്രൂപ്പിലെ അംഗം സംഗീതയുടെ തുടർചിന്ത, “എന്നെ സംബന്ധിച്ചിടത്തോളം, നമ്മളൊക്കെ ഒത്തുകൂടി സംസാരിക്കുമ്പോഴാണ് പല നല്ല പ്രചോദനങ്ങളും ഉദിക്കുന്നത്. അങ്ങനെ പലപ്പോഴും വലിയ ആവേശത്തോടെ ഞാൻ ഇറങ്ങി പുറപ്പെടും. പക്ഷേ ഏറെ താമസിയാതെ ആ ആവേശമൊക്കെ പോയി എല്ലാം പഴയപോലെ ആകും. അതാണ് പ്രശ്നം.”
എന്റെ ഉള്ളിലുണർന്ന ഒരു ചിന്ത ഇതായിരുന്നു: നമ്മുടെ നേതൃത്വ യാത്രയുടെ രണ്ടു പടികളുണ്ടോ? യുവസഹചമായ ഉത്സാഹത്തോടും ജ്വലനത്തോടും കൂടെ ഇറങ്ങി പുറപ്പെടുന്ന ഒരു ഘട്ടം. പിന്നെ കുറച്ചെല്ലാം സ്വയം പിൻവലിയുന്ന പിന്നെ കാര്യങ്ങൾ ചട്ടപ്പടി ആകുന്ന അടുത്തൊരു സമയം. ഈ പിൻവലിയൽ കുറേപേർക്ക് വീഴ്ചയുടെയും ആദ്യ സ്നേഹം കൈവിട്ടുപോകുന്ന ഒരനുഭവമാക്കുകയും ചെയ്യും.
തീക്ഷ്ണതയെ കൊല്ലുന്നതെന്താണ്?
വിത്തുകളുടെ ഉപമയിലെന്നപോലെയാണ് നമ്മുടെ ഈ യാത്ര. മിക്കവാറും വിത്തുകൾ ആവേശത്തോടെ തുടങ്ങും. പക്ഷേ ചിലതു മാത്രമേ നിലനിൽക്കൂ. നമ്മുടെ തീക്ഷ്ണതയെ ഇല്ലാതാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.
ദിനങ്ങൾ കടന്നുപോകുമ്പോൾ: "എന്താണ് നിങ്ങളുടെ പുതുവത്സര തീരുമാനം?" ബിനുവിന്റെ പ്രതികരണം, “ഒന്നും വേണ്ട എന്നാണ്” എന്നിട്ട് എന്നോട് പറഞ്ഞു, "ഒരാഴ്ചത്തേയ്ക്ക് മാത്രമേ അതുണ്ടാകൂ എന്നെനിറിയാം” വളർച്ചയില്ലാതെ കടന്നുപോകുന്ന സമയം ഉത്സാഹം തണുപ്പിക്കും.
ആകുലതയും ലൗകിക വ്യഗ്രതയും: “കർത്താവിനോടൊപ്പം ഞാൻ ആ ആദ്യപടി വെച്ചപ്പോൾ, ഞാൻ പഠിക്കുകയായിരുന്നു. പിന്നീട്, ഒരു പുതിയ ജോലിയായി, കുടുംബമായി പിന്നെ കുട്ടികൾ. ഇതെല്ലാം ഏറെ ആവശ്യങ്ങളും ജീവിത വ്യഗ്രതകളും ഉയർത്തി. ദൈവരാജ്യ പ്രവർത്തനമെല്ലാം മറന്ന് അവയുടെ പിന്നാലെയായി എന്റെ ഓട്ടം. അതിനേക്കാളും കഷ്ടം എന്റെ പ്രാർത്ഥനയുടെ കേന്ദ്രം ഈ ആകുലതകളായി.
മുൻ പാപങ്ങൾ പുതു രൂപത്തിൽ തിരിച്ചുവരും: ഒരു ചെറുപ്പക്കാരന്റെ വലിയ പ്രശ്നം പിതാവുമായുള്ള വഴക്കായിരുന്നു. ഒരു ജെവൈ ക്യാമ്പിൽ എല്ലാം മാറി. അച്ഛനോട് ക്ഷമിക്കാനും എല്ലാവരേയും സ്നേഹിക്കാനും അവനു കഴിഞ്ഞു. പിന്നെ അവൻ നല്ലൊരു ജെവൈ അംഗമായി. കുറെ കഴിഞ്ഞപ്പോൾ പ്രധാന നേതാക്കളുമായി പല പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി. “ആ പഴയ പ്രശ്നങ്ങൾ പുതു രീതിയിൽ തലപൊക്കുകയല്ലേ?” ഒരു സമയം കിട്ടിയപ്പോൾ ഞാൻ അവനോട് ചോദിച്ചു.
സംഘർഷങ്ങൾ ആന്തരിക ക്ഷതങ്ങൾ: റിനിക്ക് ഏറെ വേദനയായത് തന്റെ കൂട്ടുകാരി മറ്റുള്ളവരുമായി പ്രശ്നത്തിലായതാണ്. തന്റെ സജീവ പ്രവർത്തനമെല്ലാം അവൾ പെട്ടെന്ന് എല്ലാം നിർത്തി. വീട്ടിൽ ഒതുങ്ങി. അവളുടെ വിശ്വാസ ജീവിതം പോലും താറുമാറായി. ഇങ്ങനെയാണ് അനേക നല്ല പ്രവർത്തകർ തണുത്തുപോകുന്നത്.
വേറൊരാളുടെ കുപ്പായം എനിക്ക് പാകമാകില്ല: ബിജുവിന്റെ ഉത്സാഹവും ആത്മാർത്ഥതയും രണ്ടു വർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ ഉണ്ടായ പക്വതയോടെ എങ്ങനെയോ കൈമോശം വന്നു. എന്റെ ചോദ്യം ഇതായിരുന്നു, എങ്ങനെയായാണ് പലപ്പോഴും പരിശീലനം കഴിയുമ്പോൾ പലരെയും കാണാതാകുന്നത്? ഏറെ സഹായകരമാകും എന്ന് കുറച്ചുപേർ കരുതിയ കുറെ പരിശീലന പടികൾ ബിജുവിന്റെ തീക്ഷണത വളർത്തുന്നതിന് ഒട്ടും സഹായകരമായില്ല. അനേക നേതാക്കളുടെ തനതു തീക്ഷ്ണത കെടുത്തുന്നത് അടിച്ചേല്പിക്കപ്പെടുന്ന എന്തൊക്കെയോ ആണ്.
ഉത്സാഹം ഊതിക്കത്തിക്കാൻ
കൊല്ലന്റെ ആലയിലെ ഉലയുടെ പ്രവർത്തനമാണ് ഞങ്ങളുടെ ഗ്രൂപ്പിൽ അഗസ്റ്റിൻ എടുത്തു പറഞ്ഞത്. ബെല്ലോസും കൈപ്പിടിയുമുള്ള ഈ പരമ്പരാഗത ഉപകരണം ഉയർത്തുന്ന തീജ്വാല സ്വർണത്തിന് രൂപവും തിളക്കവും ഉണ്ടാക്കുന്നത് തുടരുന്ന ഒരു പ്രവർത്തനത്തിലൂടെയാണ്. ജ്വലനവും തുടർച്ചയും ഒന്നിക്കുന്നതാണ് പക്വമായ ആത്മീയ തീക്ഷ്ണതയുടെ രഹസ്യം.
എന്താണ് നമ്മുടെ മുന്നിലെ വെല്ലുവിളി? വൈവിധ്യമാർന്ന താൽപര്യങ്ങളുടെയും വളരുന്ന സ്വാർത്ഥതയുടെയും ഈ ലോകത്ത് മിഷനറി ആവേശത്തോടെ ജീവിതം തുടരുക. സന്തോഷ നിറവുള്ള സ്നേഹം ഇല്ലാതാക്കുന്ന ഒരു ആത്മീയത സൃഷ്ടിച്ചുകൊണ്ട് നമ്മളൊക്കെ തണുത്തുറഞ്ഞുപോകാൻ എല്ലാ സാധ്യതയുമുണ്ട്. കർത്താവ് പറഞ്ഞതുപോലെ, "അധർമം വർധിക്കുമ്പോൾ പലരുടെയും സ്നേഹം തണുത്തുപോകും" (മത്താ. 24:12). "ആദ്യസ്നേഹം കൈവെടിയുന്നു" (വെളി. 2:4) എന്നതാണ് നമ്മുടെ പ്രശ്നം. മറിച്ച്, അവിടന്ന് സമ്മാനിച്ചതിനെ "ഉജ്വലിപ്പിക്കുക" (2 തിമോ. 1:6).
സന്തോഷമുണർത്തുന്ന ഒരുകാര്യം ഇതാണ്, ഏറെ മാറ്റങ്ങളുടെയും തടസ്സങ്ങളുടെയുമുക്കെ നടുവിൽ ആത്മീയാവേശം നിലനിർത്തുന്ന അനേക നല്ല മാതൃകകളുള്ള ഒരു പച്ച തുരുത്താണ് ജീസസ് യൂത്ത്. അത്തരം ആളുകൾ അവർ എത്തുന്നിടതെല്ലാം ഒരു പ്രത്യേക സൌരഭ്യം പരത്തുന്നു, ക്രിസ്തുവിന്റെ പരിമളം (2 കോറി 2:15). ജെയിംസ് അത് ഞങ്ങളുടെ ഗ്രൂപ്പിൽ നന്നായി പറഞ്ഞുവച്ചു. “യേശുവിനെ അനുകരിച്ച് അവനെപ്പോലെ ആകേണ്ടിയിരിക്കുന്നു എന്ന് ഞാൻ എന്നോടുതന്നെ പറയാറുണ്ട്. വ്യത്യസ്തരായ ആളുകളേയും വിവിധ സാഹചര്യങ്ങളെയും അവിടുന്ന് അഭിമുഖീകരിച്ചു. പക്ഷേ അവിടെയെല്ലാം യേശു സംലഭ്യനും ഒപ്പം ക്രിയാത്മക പ്രതികരണം നൽകുന്നവനും ആയിരുന്നു. ഞാനും എവിടെയായിരുന്നാലും പൂർണ്ണമായി സന്നിഹിതനായിരിക്കണം, യേശുവിനെപ്പോലെ, കഴിയുന്നിടത്തോളം പൂർണ്ണമായി സേവനം നൽകാൻ സന്നദ്ധനും ആയിരിക്കണം.” എനിക്ക് തോന്നി, ഈ മനോഭാവമാണ് കൈവിടാത്ത സൗരഭം.
ജെവൈ തീക്ഷ്ണതയുടെ ആറ് തൂണുകൾ
എന്താണ് ആത്മീയതയുടെയും നേതൃത്വത്തിന്റെയും കാതൽ? ലോകത്തെയും ജീവിതത്തെയും എല്ലാവരും കാണുന്നതുപോലെ കാണാതെ ഒരു പുതു വീക്ഷണത്തിൽ നോക്കാനുള്ള കഴിവാണത്. ദൈവത്തിന് നമ്മിലൂടെ തൻറെ മഹത്വം പ്രകടമാക്കാനും (യോഹ. 9:3) അവന്റെ രാജ്യം കെട്ടിപ്പടുക്കാനുമുള്ള അവസരങ്ങളായി നമ്മുടെ ദൈനംദിന വെല്ലുവിളികളെ നാം നോക്കികാണുന്നു. ജീസസ് യൂത്തിൽ, ‘ആറ് പില്ലറുകൾ’ ഓരോരുത്തർക്കും എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ നല്ല ശീലങ്ങൾ വളർത്താൻ ഉദ്ദേശിച്ചുള്ളവായാണ്.
യുവസഹചവും ഉത്സാഹഭരിതവുമായ ഒരു നേതൃയാത്ര എനിക്ക് എങ്ങനെ നിലനിർത്താനാകും? എന്നിലെ പരിശുദ്ധാത്മാവിനെ “ഊതി ജ്വലിപ്പിച്ച്” ആദ്യ പ്രണയം, നിലനിർത്താൻ ഒരു പ്രശാന്ത സമയം ദിവസേന കാണണം. വചനത്തിന്റെ നവീന പ്രചോദനം ഈ ജ്വലനത്തെ സമ്പന്നമാക്കും. കൂദാശകളിലെ പങ്കാളിത്തവും സഭയുടെ ഓർമ്മകൾ ദിവസവും ഉണർത്തുന്നതും ദൈവ രാജ്യ യാത്രയിൽ ശ്രദ്ധയൂന്നാൻ എന്നെ സഹായിക്കും. എല്ലാ ദിവസവും, ഏതെങ്കിലും വിധത്തിൽ എന്റെ ജെ-വൈ കൂട്ടായ്മയുടെ സംസ്കാരവും ജീവിതവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും പ്രവർത്തനത്തിൽ ഞാൻ മുഴുകിയെങ്കിലേ തീക്ഷ്ണതയുടെ ഒരു പുതു ഡോസ് എനിക്ക് ലഭിക്കൂ. പിന്നെ എന്റെ സമയവും കഴിവും വിഭവങ്ങളും ദിനംതോറും ഏതെങ്കിലുമൊക്കെ ആവശ്യക്കാർക്കായി ഞാൻ നൽകണം. ഇങ്ങനെ ആത്മീയോത്സാഹത്തിന്റെ ആ സൗരഭ്യം വിടാതെ സൂക്ഷിക്കാനായെങ്കിലേ ജീസസ് യൂത്ത് എന്ന പേരിന് ഞാൻ യോഗ്യനാകൂ.
Comments
Post a Comment