യുവാക്കളെ ശ്രവിക്കുക! അതൊരുകലയാണ്, ഒപ്പം ദൗത്യവും. (MJYR097)

 യുവാക്കളെ  ശ്രവിക്കുക! അതൊരുകലയാണ്, ഒപ്പം ദൗത്യവും.

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

"ഞാൻ പറയുന്നത് ഒന്ന് കേൾക്ക്!” എന്റെ  മകളുടെ പ്രതിഷേധം കുറച്ച് ഉറക്കെയായിരുന്നു.  പരീക്ഷാഫലം വന്നപ്പോൾ ഒരു വിഷയത്തിൽ അവൾ പിന്നോട്ടായിരുന്നു. വീട്ടിൽ ചർച്ചയ്ക്കിടെ ഞാൻ വിശദാംശങ്ങൾ ചോദിക്കാൻ തുടങ്ങിതിനിടെ, ഭാര്യ അവളുടെ  ക്ലാസ് ടീച്ചർ പരാതിപ്പെട്ടതിനെകുറിച്ചു പറയാൻ തുടങ്ങി. ഏതായാലും രംഗം കുറച്ച് പ്രക്ഷുബ്ധമായി. എന്റെ മകൾ മുൻപ് സൂചിപ്പിച്ചതുപോലെ പൊട്ടിത്തെറിച്ചപ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി. ഈ ചർച്ച ഒരിടത്തും എത്താൻ ഇടയില്ല. ഞങ്ങൾ കൂടുതൽ തർക്കത്തിലേയ്ക്കാണ് നീങ്ങുന്നത്. ഒന്ന് ശാന്തമാകണം. അങ്ങനെ ഞങ്ങൾ മൂന്നുപേരും ഒന്ന് സ്വസ്ഥമായി, പിന്നെ പരസ്പരം ശ്രവിക്കാൻ ആരംഭിച്ചു.

"നിങ്ങൾ മൂത്തവരെ കേൾക്കണം" എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. അങ്ങനെ നമുക്കെല്ലാം ഒരു കാര്യത്തിൽ വ്യക്തതയുണ്ട്, ആര് സംസാരിക്കണം ആര് അവരെ കേൾക്കണം. മാതാപിതാക്കളും  അധ്യാപകരും സംസാരിക്കണം, കുട്ടികൾ ശ്രവിക്കണം. പിന്നെ പുരോഹിതരും നേതാക്കളും പ്രസംഗിക്കണം മറ്റുള്ളവരെല്ലാം അത് ചെവിയോർത്ത് അനുസരിക്കണം. എന്നാൽ അത് എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കണമോ? കാര്യങ്ങൾ ഒന്ന് തലകീഴേ മറിച്ചാൽ എങ്ങനെയായിരിക്കും? മാതാപിതാക്കളും അധ്യാപകരും, നേതാക്കളും, സഭയിലെ ഉന്നതസ്ഥാനീയരും ഒക്കെ അവരുടെ കീഴിലുള്ളവരെ ഒന്ന് കേൾക്കാൻ തുടങ്ങിയാൽ കുടുംബത്തിലൂം സമൂഹത്തിലും എന്ത് മാറ്റങ്ങൾ ഉണ്ടാകും?

ശ്രവിക്കുന്നതിനെ സംബന്ധിച്ച് ഒരു പഠനം 

ജീസസ് യൂത്ത് സെമിനാരിയൻ ഡോ. ആന്റണി ഒരു നിർദേശം മുന്നോട്ടു വച്ചു, കേൾവിയെക്കുറിച്ച് (listening) ഒരു പഠനം നടത്തിയാലോ? ഞങ്ങൾ എട്ട് ഗവേഷകർ ചേർന്ന് ആറ് മാസത്തോളം നീണ്ട പഠനം നടത്തി. കേൾവിയുടെ പല  വശങ്ങളിലേക്ക് വായനയും, പിന്നെ ഒത്തുവരവും ചർച്ചയും. ഇതിൽ നിന്നെല്ലാം മനോഹരമായ കണ്ടെത്തലുകൾ ഉരുത്തിരിഞ്ഞു. 

നല്ല ശ്രവണം വളർത്തിയെടുക്കേണ്ട ഒരു കഴിവാണ്, ഒരു ഉത്തമ മനോഭാവവുമാണ്. ഞങ്ങളുടെ പഠനത്തിൽ ഒരു പ്രത്യേക ശ്രദ്ധ യുവാക്കളുടെ ജീവിതവും നമ്മൾ അവരെ എങ്ങനെ ശ്രവിക്കുന്നു എന്നുള്ളതും ആയിരുന്നു. വേണ്ടവിധത്തിൽ അവരെ കേൾക്കണമെങ്കിൽ യുവജനങ്ങളുടെ പ്രത്യേകൾ നാം തിരിച്ചറിയണം. അതുകൊണ്ട് അവരുടെ പ്രത്യേകതകളെ കുറിച്ച് പഠിക്കുന്നതിനൊപ്പം അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും നടപടികൾ ഉണ്ടായി. നൂറുകണക്കിന് യുവാക്കൾ ഒരു സർവേയോട് പ്രതികരിച്ചു. അവരിൽ ചിലരുമായി അഭിമുഖം നടത്തി. ഇതെല്ലാം ഏറെ രസകരവും ഒപ്പം ഉപയോഗപ്രദവുമായിരുന്നു. 

തീർച്ചയായും, മിക്ക മുതിർന്നവരും അധ്യാപകരും ചെയ്യുന്ന ഒരു തെറ്റ്, “ഞാനും ഒരു യുവാവായിരുന്നു, എനിക്കവരെ നന്നായി അറിയാമല്ലോ” എന്ന് സ്വയം പറയുന്നതാണ്. നമുക്ക് പഠിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നല്ല ശ്രവണം ഉണ്ടാകില്ല. കേൾക്കുന്നതിന്, നമുക്കൊരു ആന്തരിക പരിവർത്തനം ആവശ്യമാണ്. എന്നിട്ട് ഇപ്രകാരം സ്വയം പറയാനാകണം, “എനിക്ക് എല്ലാമൊന്നും അറിയില്ല. ഈ വ്യക്തിയിൽ നിന്ന് എനിക്ക് ചിലതെങ്കിലും അറിയാൻ കഴിയും.” ഈ ഒരു സമീപനം മുൻവിധിയിൽ നിന്നും കോപത്തിൽ നിന്നും ഒക്കെ പുറത്തുവരാനും സഹായിക്കും. എന്റെ മകളുമായുള്ള ചർച്ചയിക്കിടെ ഞാൻ ചെയ്തപോലെ, വഴക്കിനും തർക്കത്തിനുമിടയിൽ സ്വയം ശാന്തമാക്കി മറ്റൊരാളെ ശ്രദ്ധിക്കാൻ തീരുമാനിക്കുകയും വേണ്ടിവന്നാൽ സ്വന്ത നിലപാട് മാറ്റുകയുമാണ് ബന്ധങ്ങളും കൂട്ടായ്മയും വളർത്തുന്നതിനുള്ള നല്ല വഴി. 

മുൻപേ സൂചിപ്പിച്ച ഗവേഷണത്തിലൂടെ ഒരു പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും ഇടയായി. The Art of Listening to Young People എന്ന പേരിൽ യുവജനങ്ങളെ വേണ്ട രീതിയിൽ കേൾക്കുന്നതിനുള്ള ഒരു നല്ല കൈപ്പുസ്തകം. ഇതിൽ ചർച്ച ചെയ്യുന്ന വിവിധ വിഷയങ്ങളിൽ ആദ്യത്തേത് കേൾക്കുക എന്ന ശുശ്രൂഷയെ സംബന്ധിച്ചാണ്.  ദൈവം നമ്മെ ഓരോരുത്തരെയും കേൾക്കുന്നു. നമ്മുടെ വിളിയും അതിലേയ്ക്ക് തന്നെ. തുടർന്ന് ഇന്നത്തെ യുവാക്കളെയും അവരുടെ പ്രത്യേകതകളെയും കുറിച്ച് വിവരിക്കുന്നു. ശ്രവണത്തിന്റെ വ്യത്യസ്ത തരംതിരിവുകളെക്കുറിച്ച് അടുത്തൊരു ഭാഗം. തുടർന്ന് നന്നായി ശ്രവിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളും അതിന് സഹായകരമായ സമീപനങ്ങളും വിവരിക്കുന്നു. കൂട്ടത്തിൽ ശ്രവണത്തിന്റെ വിവിധ തലങ്ങളും സഹായക നിർദ്ദേശങ്ങളും ഒക്കെ ഇതിൽ ഉൾക്കൊള്ളുന്നു.

ഈ ഗവേഷണത്തിന്റെയും ഗ്രന്ഥനിർമിതിയുടേയും സന്തോഷകരമായ ഒരു പരിണിതഫലം അതിനെ തുടർന്നു നടത്തിയ ചില പരിശീലന പരിപാടികളാണ്. ആദ്യത്തേതിന്, നൂറോളം ജീസസ് യൂത്ത് നേതാക്കളും ആനിമേറ്റർമാരും ഒരു വാരാന്ത്യ പരിശീലനത്തിനായി ഒത്തുചേർന്നു. "യുവജനങ്ങളെ എങ്ങനെ നന്നായി കേൾക്കാം" എന്നതായിരുന്നു ചർച്ചാവിഷയം. തങ്ങൾ നല്ല ശ്രോതാക്കളാണെന്നാണ്  മിക്ക ആളുകളും കരുതിയത്, പക്ഷേ പുതിയ ഉൾക്കാഴ്ചകൾ അവരെ പുതിയ വെല്ലുവിളികളിലേയ്ക്കും സാധ്യതകളിലേക്കും നയിച്ചു. 

ശരിയായ ശ്രവണമാണ് നല്ല കുടുംബബന്ധങ്ങളുടെ അടിത്തറ. ജീസസ് യൂത്ത് പ്രസ്ഥാനത്തിലും യുവാക്കളെ സഹായിക്കുന്നതിനും ശ്രവിക്കുന്ന ഒരു സമീപനം ഏറെ പ്രധാനമാണ്.

ഇന്ന് ശ്രവണത്തിന് ഏറെ പ്രാധാന്യമുണ്ട്. 

ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ശ്രവിക്കുന്നതിന്റെ ആവശ്യകതയെ ഊന്നി പറയാറുണ്ട്. ഇത് ദൈവത്തിന്റെ എളിയ ശൈലിയോട് ഒത്തുപോകുന്നതാണ്. ഇന്ന് പരസ്പരം കേൾക്കുക എന്നത് ഏവരുടെയും  ആവശ്യമാണ്. പാപ്പായുടെ വാക്കുകളിൽ, ആളുകളെ ശ്രവിക്കാൻ താൽപര്യപൂർവ്വം സമയം നൽകുന്നത് ജീവകാരുണ്യത്തിന്റെ ആദ്യ പടിയാണ്. ആത്മാർത്ഥതയുള്ള ശ്രവണമാണ് യഥാർത്ഥ ബന്ധങ്ങളുടെ അടിത്തറ. 

ഞാൻ പൊതുവേ ഉപയോഗിക്കുന്ന ലളിതമായ ചില രീതികളുണ്ട്. ക്ലാസുകൾക്ക് പോകുമ്പോൾ, ഞാൻ മിക്കവാറും സെഷൻ ആരംഭിക്കുന്നത് അവരെ ഒന്ന് കേൾക്കാൻ സമയമെടുത്തുകൊണ്ടാണ്. ചിലപ്പോൾ ഒരു ഇടവകയിലെ അമ്പതോ അറുപതോ യുവാക്കളുടെ ഒരു ഗ്രൂപ്പാകും എന്റെ ശ്രോതാക്കൾ. ആദ്യത്തെ സ്വാഗതവും പരിചയപ്പെടുത്തലും ഒക്കെ കഴിഞ്ഞാൽ പിന്നെ  അവരുടെ പിരിമുറുക്കമെല്ലാം മാറ്റാനാക്കും എന്റെ ശ്രദ്ധ. അതിനായി  എന്തെങ്കിലും കളിതാമാശകൾ ഉപയോഗിക്കും. പിന്നെ അവർക്കൊന്ന് സംസാരിക്കാനും അഭിപ്രായങ്ങൾ പറയാനും ഉതകുന്ന ചിലചോദ്യങ്ങൾ ഗ്രൂപ്പിനോട് ചോദിക്കും. അവർ ചിലരെങ്കിലും പൊതുവിൽ സംസാരിക്കാൻ ആരംഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഗ്രൂപ്പിനെ ഒന്ന് സ്വസ്ഥമാകാനും അങ്ങനെ അവരുടെ സ്വാഭാവിക പശ്ചാത്തലത്തിൽ അവരെ നേരിട്ട് അറിയാനുള്ള അവസരവുമാണ്. എനിക്ക് വേണ്ടത് എന്നെ കേട്ടിരിക്കുന്ന ഒരു ജനക്കൂട്ടത്തെയല്ല, മറിച്ച് സൗഹൃദപരമായ കൈമാറ്റത്തിന് ഒരുക്കമുള്ള കുറെ സുഹൃത്തുക്കളെയാണ്. 

ആരെങ്കിലും എന്നോട് സംസാരിക്കാൻ വരുമ്പോഴും ഞാൻ  സമാന പടികൾ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഒരാൾ അല്ലെങ്കിൽ യുവാക്കളുടെ ഒരു ചെറിയ ടീമായിരിക്കാം വരുന്നത്. വീട്ടിലാണെങ്കിൽ ഞങ്ങൾ ഒരുമിച്ച് എന്തെങ്കിലും കഴിക്കും. ഇത് പരസ്പരം അറിയുന്നതിനുള്ള സമയമാണ്. ഞങ്ങൾ പരസ്പരം കൊച്ചുകൊച്ചു കാര്യങ്ങൾ പങ്കുവെക്കും. തുടർന്ന്, ക്രമേണ കൂടുതൽ കാമ്പുള്ള വിഷയങ്ങളിലേക്ക് കടക്കും. സൗഹൃദ അന്തരീക്ഷത്തിലെ ഇത്തരം ശ്രവണമാണ് ഒരുമിച്ചുള്ള ഏതൊരു യാത്രയുടേയും അടിത്തറ.  

വ്യക്തി വളർച്ചയ്ക്കും സമൂഹ നിർമിതിക്കും  ദൗത്യഉത്തേജനത്തിനും. 

ബോധപൂർവ്വമായ ശ്രവിക്കൽ എല്ലാ ജീവിത മേഖലകളിലും ആവശ്യമാണ്. 

I. പ്രാർത്ഥ തുടങ്ങേണ്ടതും തുടരേണ്ടതും ദൈവ സാന്നിധ്യം ശ്രവിച്ചുകൊണ്ടും എന്റെ ആന്തരീക ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ടും വേണം. 

II. വചനം വായിക്കുമ്പോൾ, ആത്മപ്രചോദങ്ങൾ ശ്രവിക്കണം. 

III. ഉത്കണ്ഠയും ഭയവും മനസ്സ് മഥിക്കുമ്പോൾ അത് പ്രത്യേക ശ്രവണത്തിന്റെ അവസരമാക്കണം, ഒരു പാട്ടോ പ്രാർത്ഥനയോ ഉപയോഗിച്ച് അതിന് പശ്ചാത്തലം ഒരുക്കണം. 

IV. മറ്റുള്ളവരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുമ്പോൾ, അവരിലെ ദൈവ പ്രതിച്ഛായയെ ശ്രദ്ധിക്കണം. 

V. ആരെങ്കിലും ഭാരവും മുറിവുമായി സമീപിക്കുമ്പോൾ എന്റെ പൂർണ്ണ സാന്നിദ്ധ്യം ഉറപ്പുവരുത്തുക. അവരെ ഹൃദയപൂർവ്വം ശ്രവിക്കുക. 

VI. ഒരു നല്ല ആശയമോ സ്വപ്നമോ ഒക്കെയായി ആരെങ്കിലും സമീപിച്ചാൽ തുറവിയോടെ കേട്ട് കർത്താവ് എന്തുപറയുന്നു എന്ന് തിരിച്ചറിയുക. 

VII. കേൾവിയുടെ ഒരു സമഗ്ര തീർത്ഥാടനമാണ് നല്ല കൂട്ടായ്മ രൂപപ്പെടുത്തുന്നത്. അങ്ങനെ ക്രിസ്തു ശരീരത്തിന്റെ അനേക അവയവങ്ങളെ കണ്ട്, ശ്രവിച്ച് ഐക്യം വളർത്തണം. 

VIII. സംഘർഷം തർക്കം എന്നിവയ്ക്ക് നടുവിൽ ആരാണ് ശരിയെന്ന് വിധിക്കുന്നതിലുപരി പ്രധാന ലക്ഷ്യങ്ങൾ മറക്കാതെ ഐക്യ സാദ്ധ്യത ശ്രദ്ധിക്കുക. 

IX. ദരിദ്രരും ആവശ്യക്കാരും സമീപിക്കുമ്പോൾ ക്രിസ്തു സാന്നിധ്യം ശ്രവിച്ച് പ്രതികരിക്കുക. 

X. മുന്നിൽ വെല്ലുവിളികൾ ഉയരുമ്പോൾ ഒത്തുകൂടി പരസ്പരം കേൾക്കുന്ന സിനഡൽ പാത സ്വീകരിച്ച് കൂട്ടായ്മയെ ദൗത്യ പാതയിൽ നയിക്കപ്പെടാൻ ദൈവാത്മാവുമായി സഹകരിക്കുക.  

തുടക്കത്തിലേ എന്റെ  വീട്ടിലെ ഒരു സംഘർഷം ഞാൻ സൂചിപ്പിച്ചു. സ്വയം ഒന്ന് ശാന്തമാക്കി കേൾക്കാൻ തീരുമാനിച്ചപ്പോൾ, അതൊരു നല്ല മാറ്റത്തിന്റെ തുടക്കമായി. വേണ്ടരീതിയിൽ കേൾക്കുക എന്നത് നാമെല്ലാം വളർത്തേണ്ട ഒരു സുപ്രധാന ശീലമാണ്. ഓരോ ജീസസ് യൂത്തിനും അവരുടെ വ്യക്തിഗത യാത്രയിലും കൂട്ടായ്മാ ജീവിതത്തിലും ദൗത്യ മേഖലയിലും  ദൈവരാജ്യം വളർത്താൻ ഏറ്റം വലിയ സഹായി ഈ ശ്രവണ മനോഭാവം തന്നെയാകും. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)