അമ്മമാരാണ്, കാര്യസ്ഥരല്ല, കൂട്ടായ്മ വളർത്തുന്നത്; അത് വളരുന്നത് ക്ലാസ് മുറികളിലുമല്ല (MJYR096)

 അമ്മമാരാണ്, കാര്യസ്ഥരല്ല, കൂട്ടായ്മ വളർത്തുന്നത്; അത് വളരുന്നത് ക്ലാസ് മുറികളിലുമല്ല 

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

നാൽപ്പത് വർഷത്തെ അധ്യാപന ജീവിതം എന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിച്ചു. അതിലൊന്ന് ഇതാണ്: അറിഞ്ഞുവളരുന്നതിന് ഏറ്റവും വലിയ തടസ്സം ക്ലാസ് മുറിയാണ്. അവിടെ, വിദ്യാർത്ഥികളുടെ ഉത്സാഹം തണുക്കുന്നു. കുട്ടികളെ ഒരു തരം മന്ദത ബാധിക്കുന്നു അതുമാത്രമല്ല, അവിടെ അവർ ഒരുതരം മുഖംമൂടി ധരിക്കാനും മറ്റെന്തൊക്കെയോ ആയി നടിക്കാനും ഒക്കെ പഠിക്കുന്നു.

എങ്കിലും ക്ലാസ് മുറികൾ എവിടെയുമുണ്ട്, എഴുന്നേറ്റുനിൽക്കുന്ന അധ്യാപകനും നിഷ്ക്രിയരായി നോക്കിയിരിക്കുന്ന കുട്ടികളും. ഇത്തരം ഒരു സാഹചര്യവും കുട്ടികളെ സഹായിക്കില്ലെന്ന് ഞാൻ സാവധാനം മനസ്സിലാക്കി. മെല്ലെമെല്ലെ ഈ ക്രമീകരണം കീഴ്‌മേൽ മറിക്കാനും എന്റെ അദ്ധ്യാപനത്തിന്റെ സമീപനവും ഭാവവും മാറ്റാനും ഞാൻ പഠിച്ചു. അങ്ങനെ എന്റെ കുട്ടികളും ഒപ്പം ഞാനും ആസ്വാദ്യകരമായ ആ ഒത്തുവരവുകൾ താല്പര്യപൂർവ്വം കാത്തിരിക്കാനും  തുടങ്ങി.

പക്ഷെ, ഇതും ജീസസ് യൂത്തും ആയി എന്ത് ബന്ധം?

തുടക്കത്തിൽ യുവജന ഗ്രൂപ്പുകൾ കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ, ഒരു ചോദ്യം ഉയർന്നു,  നേതൃത്വത്തിലിരിക്കുന്ന വ്യക്തികളെ എങ്ങനെ വിളിക്കണം? ഇതിനുമുമ്പ്, മറ്റൊരു യുവജന ഗ്രൂപ്പിൽ ഞാൻ സജീവമായിരുന്നു. അവിടെ മുൻനിര പ്രവർത്തകനെ  പ്രസിഡന്റ്, ലീഡർ എന്നൊക്ക വിളിച്ചിരുന്നു.  1978, യുവാക്കളെ ഒന്നിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ 'കൺവീനർ' എന്ന സ്ഥാനപ്പേര് ഞാൻ ഉപയോഗിക്കാൻ തുടങ്ങി. നിഘണ്ടുവിൽ അതിനർത്ഥം "ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നയാൾ" എന്നാണ്.  

പേരല്ല പ്രധാന പ്രശ്നം എന്ന് നമുക്കറിയാം, മറിച്ച് ഒരു ഗ്രൂപ്പിൽ എന്ത് സംഭവിക്കുന്നു എന്നതാണ്. അതിലും പ്രധാനം നേതൃത്വത്തിലുള്ളവർ എന്ത് ദര്ശനത്തോടെ പ്രവർത്തിക്കുന്നു എന്നതാണ്., ഒരു ഗ്രൂപ്പിന് ഒരു നാണയത്തിനെന്ന പോലെ രണ്ടു മുഖങ്ങളുണ്ട്. വ്യക്തികളും ദൗത്യങ്ങളും. പ്രവർത്തനങ്ങളിലും നേട്ടങ്ങളിലുമല്ല  കൂട്ടായ്മയിലെ ആളുകളിലാകണം ശ്രദ്ധ എന്നൊരു ചിന്ത ഞങ്ങളിൽ വളർന്നു. തീർച്ചയായും ഇവ രണ്ടും തമ്മിലുള്ള ഒരു നല്ല ബാലൻസ് അത്യാവശ്യമാണ്. എങ്കിലും ക്രിസ്‌തുവിന്റെ വഴിയിൽ ചരിക്കുന്ന നമുക്ക് ശ്രദ്ധ കാരുണ്യത്തിലും സ്നേഹ സാമ്രാജ്യത്തിലും ആണല്ലോ. അതിനാൽ തന്നെ വ്യക്തികൾക്ക് ഒരു പടി കൂടുതൽ ശ്രദ്ധ കൊടുക്കണമല്ലോ.  

പ്രായോഗികമായി ഈ 'വ്യക്തി-ശ്രദ്ധ' എങ്ങനെയാകണം?

ഞങ്ങളുടെ ആദ്യസമയങ്ങളിൽ, തുടക്കക്കാർക്കുള്ള പരിപാടി സമാപിക്കുമ്പോൾ പരിശീലനത്തിനായി ഒരു മാതൃകാ കൂട്ടായ്മ ഒരുക്കുമായിരുന്നു.  ‘ആത്മാവിൽ ജീവിക്കാൻ, നിങ്ങൾ ഒരു കൂട്ടായ്മയുടെ ഭാഗമാകണം.’ തുടർന്നുള്ള പ്രായോഗിക  നിർദ്ദേശങ്ങളിൽ ഒന്ന്, ‘കൂട്ടായ്മ ഒരു ക്ലാസ് റൂം പോലെയാകരുത്, കഴിയുന്നതും ഒരു വൃത്താകൃതിയിൽ ഇരിക്കുക.’ പിന്നെ, കടന്നു വരുന്നവരെ ഹാർദ്ദമായി, പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക, കുശലാന്വേഷണം നടത്തുക. "സ്വസ്ഥമായി സ്നേഹ സാന്നിദ്ധ്യത്തിലേയ്ക്ക് വരാൻ അവരെ ഒരുക്കുക." 

വ്യക്തിപരമായി 1976 മുതൽ, ആഴ്ചതോറുമുള്ള പ്രാർത്ഥനാ കൂട്ടായ്മ എനിക്കൊരു നല്ല പരിശീലന വേദിയായി.  വരുന്ന എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കാനും അവരുടെ അപരിചിതത്വം അകറ്റാനും എന്ത് സമീപനം വേണം എന്ന് ഞാൻ സാവധാനം പഠിച്ചു. ഒപ്പം ഞങ്ങളെല്ലാം തുടരുന്ന ഒരു നല്ല കൂട്ടായ്മയുടെ ഊഷ്മളതയും ഇഴപൊരുത്തവും എന്തെന്ന് അടുത്തറിഞ്ഞു. അതോടൊപ്പം ഗ്രൂപ്പിൽ ഈ സ്നേഹവും സന്തോഷവും നിലനിറുത്താൻ നിരവധി പുതിയ വഴികളും പരീക്ഷിച്ചഞ്ഞു. കൂട്ടത്തിൽ പുതുമുഖങ്ങളെ എങ്ങനെ സ്വാഗതം ചെയ്യണമെന്നും അന്യതാബോധമില്ലാതെ അവരെ എങ്ങനെ ഒന്നായി കാണാനാകുമെന്നും ഒക്കെ മനസിലാക്കി.

പഠനവും പരിശീലനവും ആണ് ഇവിടെ ഒരു കീറാമുട്ടി. അത് ഒരു ഇരുതല വാൾ പോലെയാണ്. ഒരു ക്രിസ്തീയ കൂട്ടായ്മ വളരുന്നതിന് വിശ്വാസ രൂപീകരണവും പ്രബോധനവും അത്യാവശ്യമാണ് ആവശ്യമാണ്. ഈ യാത്രയിൽ ആളുകളെ ആഴങ്ങളിലേക്ക് വെല്ലുവിളിച്ചില്ലെങ്കിൽ, അവരുടെ സ്നേഹവും സന്തോഷവും ഉപരിപ്ലവമാകുകയും ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യും. ഇതിന്റെ മറുവശം ഒരു ക്ലാസ് റൂം മോഡൽ വിശ്വാസ പഠനം എങ്ങനെയോ കൂട്ടായ്മയുടെ വേരറുക്കും, അത് കാലക്രമത്തിൽ ഗ്രൂപ്പിനെ നശിപ്പിക്കുകയും ചെയ്യും.  അത് ഒരു ചെറിയ വിഭാഗത്തിനെ സഹായിക്കും, എന്നാൽ കൂടുതൽ പേർക്ക് ഇത് ഭാരമായി അനുഭവപ്പെടുകയും അവർ പൊഴിഞ്ഞു പോകുകയും ചെയ്യും. ചുരുക്കത്തിൽ, സാധാരണ വിശ്വാസ പരിശീലന രീതിയിൽ എന്തോ ഒരു ചേരുവയ്ക്ക് കൂട്ടായ്മയെ ഇല്ലാതാക്കാൻ കഴിയും.

ഏഴ് പഠന ശൈലികൾ

അടങ്ങിയിരുന്നു ക്ലാസ്സുകൾ കേൾക്കുക ഏറെ പേർക്കും അസഹ്യമാണ്. ഇത് കൂട്ടായ്മയിലോ ധ്യാനത്തിലോ ഒക്കെ ആകാം. പ്രാർത്ഥനാ സമ്മേളനങ്ങളിലെ നീണ്ട കുത്തിയിരിപ്പ് ഒരു ചെറിയ വിഭാഗത്തിനു  മാത്രമേ സഹിക്കാനാവൂ. "പ്രശ്നം അവരുടെതാണ് അവർ മാറിയേ പറ്റൂ" എന്നാണ് നമ്മിൽ പലരുടെയും ചിന്ത. എന്നാൽ ജീസസ് യൂത്തിൽ നാം ക്രമേണ വളർത്തിയെടുത്ത ഒരു സമീപനം ഇതാണ്, പ്രബോധന രീതികൾ മാറ്റുക എങ്കിൽ നിരവധി ആളുകൾക്ക് പങ്കാളിത്തം സാധ്യമാകും, അങ്ങനെ അവർ വിശ്വാസത്തിൽ വളരുകയും ചെയ്യും. പഠിതാക്കൾക്ക് പ്രാമുഖ്യം നൽകുന്ന, എല്ലാവരെയും ഉൾകൊള്ളാൻ വെമ്പുന്ന ഈ സമീപനം മുന്നേറ്റത്തെ ഏറെ വ്യത്യസ്ഥമാക്കുകയും ചെയ്തു.

ജീസസ് യൂത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വ്യത്യസ്തമായ പ്രബോധന മാർഗങ്ങൾ എന്തൊക്കെയാണ്? അനേകം യുവാക്കൾക്ക്, പാട്ടുകളാണ് മികച്ച അധ്യാപന രീതി. മറ്റുള്ളവർക്ക്, ഒരു സ്കിറ്റ് അല്ലെങ്കിൽ നാടകം ബോധ്യങ്ങൾ വളർത്തും. പലർക്കും ഒരു ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നതാണ് ഏറ്റവും സഹായകമായ പഠന വഴി.  ചില ആളുകൾക്ക്, എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ് ശ്രദ്ധിക്കാൻ സാധിക്കുക. അങ്ങനെ പട്ടിക നീളുന്നു. ഈ പുതു വഴിയിൽ ജീസസ് യൂത്ത് പരിപാടികൾ ഇടവകകളിലെ മതബോധന ക്ലാസുകളിൽ നിന്നും കരിസ്മാറ്റിക് ധ്യാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി. നമ്മൾ എല്ലാം പകർന്നു നൽകുന്ന വിശ്വാസ ഉള്ളടക്കം ഒന്നുതന്നെയാണ്, എന്നാൽ യുവാക്കൾ ജീസസ് യൂത്തിൽ പഠിക്കുന്ന വിധം തികച്ചും വ്യത്യസ്തമായി.

ജീസസ് യൂത്തിലെ ഈ അനുഭവം പിൻബലമായി,  ഏഴ് പഠന രീതികളെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ഏറെ ആവേശഭരിതനായി. നമ്മൾ മുന്നേറ്റത്തിൽ പ്രായോഗികമായി ചെയ്യുന്നത് ഇത് തന്നെയാണ്, അത് ആളുകളുടെ ജീവിതത്തെ മാറ്റുകയും ചെയ്യുന്നു.  വിദ്യാഭ്യാസ ചിന്തകർ പഠിക്കുന്ന പലരും സൂചിപ്പിക്കുന്നത് ആളുകൾ പഠിക്കുന്ന രീതിയിൽ വളരെ വ്യത്യസ്തരാണെന്നാണ്. കാണുക  (ദൃശ്യം), കേൾക്കുക (ശ്രവണ/സംഗീതം), ശാരീരികം (പ്രവർത്തനം), ഭാഷ (വാക്കുകൾ), യുക്തി (ഗണിതം), ബന്ധങ്ങൾ (സാമൂഹികം), ഏകാന്തത (ധ്യാനചിന്ത) എന്നിവയാണ് ഈ ഏഴ് വഴികൾ. നിർഭാഗ്യവശാൽ, പരമ്പരാഗത പഠിപ്പിക്കലിലൂടെ, അതായത് ഒരു ക്ലസ്സ്മുറി മോഡിൽ പഠിക്കാൻ പലപ്പോഴും നമ്മൾ ആളുകളെ നിർബന്ധിക്കുന്നു. അത് മിക്കവാറും ഭാഷയും യുക്തിയും മാത്രം ഉപയോഗിക്കുന്ന പഠനവുമാണ്. എന്നാൽ ശാരീരിക പഠന ശൈലിയുള്ള ഒരാൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ നല്ല പ്രവർത്തനം ആവശ്യമാണ്, 'വെറുതെ സംസാരിക്കുക' എന്നത് അവർക്ക് വിരസമാകും. ബന്ധങ്ങളുടെ ശൈലിയിലുള്ള ഒരു വ്യക്തി ചില ഗ്രൂപ്പ്ചർച്ചകൾ ആസ്വദിക്കും.

ഫലത്തിൽ നിന്ന് തിരിച്ചറിയും.

"ചികിത്സ കേമമായിരുന്നു പക്ഷെ ആളെ കിട്ടിയില്ല" എന്ന് നർമ്മഭാവത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. കൃത്യമായ വഴികൾ വേണ്ട സദ്ഫലങ്ങൾ പുറപ്പെടുവിക്കണം. എന്താണ് ഈ ഫലങ്ങൾ? ആളുകൾക്ക് ജീവന്റെ സമൃദ്ധി ഉണ്ടാകണം. അവർ ഏറിയ സന്തോഷവും സ്നേഹവും അനുഭവിക്കണം. ഊഷ്മളതയും ദൗത്യബോധവും പ്രസരിക്കുന്ന കൂട്ടായ്മകൾ വളരണം. എന്നാൽ ഇത് എങ്ങനെ സാധിക്കും?

"കൂട്ടായ്‌മ മെനയുന്നതാരാണ്?" ഒരു പഴയ ഇംഗ്ലീഷ് ഗാനം ആരംഭിക്കുന്നത് അങ്ങനെയാണ്. കഴിവും വൈദഗ്ധ്യം തികഞ്ഞവർ സ്നേഹ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ അമ്പേ പരാജയപ്പെടുപ്പോൾ എളിയ സാധാരണക്കാർ അതിൽ വിജയിക്കുന്നത് കണ്ടിട്ടുണ്ട്. അതിന്റെ മർമ്മം എവിടെയാണ്? യേശുവിനെയും ധൂർത്തപുത്രന്റെ പിതാവിനെയും പോലെ ഒരു 'അമ്മ-ഹൃദയം ഉള്ളവർക്കു മാത്രമേ എല്ലാതരക്കാരെയും ഒത്തുകൂട്ടാനും, ക്ഷമയോടെ കൂട്ടി വളർത്താനും സാധിക്കൂ.

 ഭവനം എന്നാൽ വലിയ നിർബന്ധങ്ങളില്ലാതെ എന്നെ അംഗീകരിക്കുന്ന ഇടം എന്നർത്ഥം. ആ സ്വീകരിക്കലിന്റെയും അംഗീകരിക്കലിന്റെയും പ്രധാന ഘടകം തീർച്ചയായും ഒരു മാതൃഹൃദയമാണ്. ജീസസ് യൂത്ത് മുന്നേറ്റത്തിൽ അത്തരം മനോഭാവമുള്ള അനേകരെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. അത്തരം ഒരാൾ ഒരു കൂട്ടായ്മയെ മുഴുവൻ ചേർത്തു നിർത്തും. ഓരോരുത്തരുടെയും ഇഷ്‌ടാനിഷ്ടങ്ങൾക്ക് ശ്രദ്ധിക്കും. അവരുടെ സന്തുഷ്‌ടി ഉറപ്പുവരുത്തും. അവിടെ വേറിട്ടുനിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകും. ഒരു കാര്യം തീർച്ച, ഇത്തരം ഒരു ആർദ്ര കടാക്ഷത്തിനു കീഴിലേ ഒരു കൂട്ടായ്മയിലെ എല്ലാവരും നന്നായി വളരൂ. ആ പാത ഏറെ സദ്ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)