പ്രകാശം പരത്തുന്ന കൂട്ടായ്മകൾ വളർത്തുക. ഇതാണ് ജീസസ് യൂത്ത് ദൗത്യം (MJYR095)
പ്രകാശം പരത്തുന്ന കൂട്ടായ്മകൾ വളർത്തുക. ഇതാണ് ജീസസ് യൂത്ത് ദൗത്യം
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
ആഴ്ചതോറും രണ്ട് പ്രാർത്ഥനാ കൂട്ടായ്മകളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ബുധനാഴ്ചയാണ് എന്റെ പണ്ടുമുതലേയുള്ള ഗ്രൂപ്പ്. ഇപ്പോഴത് ഓൺലൈനാണ്. അത് നന്നായി പോകുന്നു. ഇവിടത്തെ കൂട്ടായ്‌മ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ്. പക്ഷെ എന്തെങ്കിലും ചെറിയ ഒരു കാര്യം മതി ഇവർ മീറ്റിങ് വേണ്ടെന്നു വയ്ക്കും. എന്തെങ്കിലും പരിശീലനങ്ങളോ മറ്റ് ആഘോഷങ്ങളോ ഒക്കെ വന്നാൽ എളുപ്പത്തിൽ കൂട്ടായ്മ റദ്ദാക്കും.
ഏതു നല്ല ശീലവും ശ്രദ്ധയോടെ വളർത്തിയെടുക്കണം. കൂട്ടായ്മയിൽ വളരുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ ക്രമവും തുടർച്ചയും പല അംഗങ്ങളും സാവധാനം കൂട്ടായ്മയിൽ നിന്ന് പിൻവലിയും. പിന്നീട് അവരെ കാണാതാവുകയും ചെയ്യും. ഹെബ്രായർക്ക് എഴുതിയ ലേഖനത്തിലെ സൂചനയും ഇത് തന്നെ, "സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങൾ ചെയ്യുന്നതിനും പരസ്പരം പ്രോൽസാഹിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. ചിലർ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങൾ നാം ഉപേക്ഷിക്കരുത്." (10:24,25) ഏതായാലും ഒരു കാര്യം തീർച്ച, കൂട്ടായ്മയിൽ നിന്ന് പിന്തിരിയുന്നവർ അന്നും ഉണ്ടായിരുന്നു.അങ്ങനെ ഒരു ഞായറാഴ്ച ഈ വിഷയം ഞാൻ ചർച്ചയ്ക്കായി അവതരിപ്പിച്ചു. "ഇങ്ങനെ കൂട്ടായ്മ വേണ്ടെന്നു വച്ചാൽ ശരിയാകുമോ?" ചർച്ചയിൽ ഒരു കാര്യം വ്യക്തമായി, നേതൃത്വത്തിലുള്ള കുറച്ചുപേർക്കാണ് തിരക്ക്. മറ്റുള്ളവർക്ക് മുടങ്ങാതെ ഒന്നിച്ചുകൂടാനാണ് ഇഷ്‌ടം. "എല്ലാ ആഴ്ചയിലും ഞാൻ വരാം." ഞാനിതു പറഞ്ഞപ്പോൾ പലരും വരാൻ തയ്യാറാണെന്ന് അറിയീച്ചു. ഏതായാലും അതൊരു പ്രധാന കാൽവയ്പായി.
ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ
കോളേജിൽ ചേരുന്നതിന് തൊട്ടുമുൻപാണ് ഞാൻ ഒരു പ്രാർത്ഥനാ ഗ്രൂപ്പിന്റെ ഭാഗമായത്. "എന്ത് വന്നാലും ഗ്രൂപ്പ് മുടക്കരുത്" എന്നൊരു ചിന്ത ആദ്യം മുതലേ ഉണ്ടായിരുന്നു. അതേതായാലും ഏറെ ഗുണം ചെയ്തു. എന്റെ വളർച്ചയെ ഏറെ സഹായിച്ച ഒരു കാര്യമായിത്തീർന്നു ഒട്ടും തന്നെ മുടങ്ങാത്ത എന്റെ ആ പങ്കാളിത്തം. ചിലപ്പോൾ വലിയ മഴയും നാട്ടിലെ ബന്ദും ഒക്കെ വരുമ്പോൾ ഞാനത് ഒരു വെല്ലുവിളിയായി അതിനെ നേരിട്ടു, എത്ര ബുദ്ധിമുട്ടിയും അവിടെ എത്തുമായിരുന്നു. എന്തായാലും ഒരാളെങ്കിലും എത്തും എന്നുവന്നാൽ പിന്നെ പലരും വരാൻ തീരുമാനിക്കും. അങ്ങനെ, വളരെ സ്ഥിരതയുള്ള കുറച്ചുപേരുമായി ഒരു നല്ല സമൂഹം വളർന്നു വന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ പക്വതയും പ്രതിബദ്ധതയുമുള്ള നിരവധി നേതാക്കൾ അവിടെ രൂപപ്പെട്ടു. സ്ഥിരതയുള്ള വിശ്വസ്തരായ കുറച്ച് വ്യക്തികളാണ് ഒരു നല്ല ക്രിസ്തീയ സമൂഹത്തിന്റെ അടിത്തറ.
ജീസസ് യൂത്തിന്റെ വളർച്ചയിലും ഇവർക്ക് വലിയൊരു പങ്കുണ്ടായിരുന്നു. 1978 ൽ ഒരാദ്യ സമ്മേളനം എല്ലാവരെയും ഒന്നിച്ചുകൊണ്ടുവന്നെങ്കിലും 1982 മുതലാണ് ഫസ്റ്റ് ലൈൻ എന്ന പേരിൽ എല്ലാ സോണുകളിലും നിന്നുള്ള നേതാക്കൾ എല്ലാ മാസവും ഒന്നിച്ചു ചേരാൻ തുടങ്ങിയത്. ഞങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്‌മ അതിന് നല്ല സഹായമായി. അവിടെ നിന്നുള്ള പല നേതാക്കളും അതിനായി സ്ഥിരമായി പ്രവർത്തിച്ചതു കൊണ്ടാണ് കൃത്യതയോടെ ഫസ്റ്റ് ലൈൻ കൂടാനും വർഷങ്ങളിലൂടെ വളരാനും ഇടയായത്. ഒരു നല്ല സമൂഹത്തിനു മാത്രമേ മറ്റ് സമൂഹങ്ങളെ കെട്ടിപ്പടുക്കാൻ കഴിയൂ.
“ജീസസ് യൂത്തിനെ ഏറെ വ്യത്യസ്തമാക്കുന്നത് എന്താണ്?” പല ഗ്രൂപ്പുകളോടും ഞാൻ ചോദിക്കുന്ന ഒരു ചോദ്യമാണത്. അവിടെ കാണുന്ന വ്യത്യസ്തതയുള്ള സ്നേഹം, പങ്കിടൽ, കരുതൽ, കൂട്ടായ്മ എന്നൊക്കെ ഉത്തരം ലഭിക്കും. തീർച്ചയായും ഇതാണ് ജീസസ് യൂത്തിന്റെ പ്രധാന ആകർഷണം. പിന്നെ, ഓരോ സ്ഥലങ്ങളിലും മുന്നേറ്റം എങ്ങനെയാണ് ആരംഭിച്ച് വളരുന്നത് എന്നത് ശ്രദ്ധിച്ചാലും ഇതുതന്നെ കാണാം. ഒരു സ്ഥലത്ത് തീക്ഷ്ണതയുള്ള ഒരു ജീസസ് യൂത്തെങ്കിലും ഉണ്ടെങ്കിൽ അവിടെ മുന്നേറ്റത്തിന് തുടക്കമാകും. ആദ്യപടി താത്‌പര്യമുള്ള കുറച്ച് ആളുകളെ കണ്ടെത്തുക എന്നതാണ്. പിന്നെ അവർ ഒന്നിച്ചുവരാനും പ്രാർത്ഥിക്കാനും പങ്കുവെക്കാനും അങ്ങനെ കൃത്യതയോടെ വളരാനും തുടങ്ങും. അവിടെനിന്ന് മുന്നേറ്റം വേരുപാകി പടരും.
എന്നാൽ മറ്റൊരു രീതിയും നമുക്ക് കാണാനാകും. വർഷാവർഷം നിരവധി ധ്യാനങ്ങളും പരിശീലനങ്ങളും നടക്കുന്ന ചില സ്ഥലങ്ങളുണ്ട്, പക്ഷേ ഒന്നും സംഭവിക്കാതെ പോകുന്ന ഇടങ്ങൾ. എന്നാൽ അവിടെ ഒരു വ്യക്തി കൂട്ടായ്മ വളർത്താൻ ബോധ്യത്തോടെ മുന്നോട്ടു വരുമ്പോൾ മാറ്റം ആരംഭിക്കും. ഒരു സ്നേഹ സമൂഹം രൂപപ്പെടും, അവിടെ അത്ഭുതങ്ങൾക്ക് തുടക്കമാകുകയും ചെയ്യും.
നമ്മുടെ അഭിവാഞ്ഛകൾ സുന്ദര ദൈവീകപദ്ധതിയും കൂടെയാണ്
വാശിയോടെ ഒരുവൻ പറഞ്ഞത് ഞാൻ ഓർക്കാറുണ്ട്, “പുകവലിയും ലഹരിയും ഉപയോഗിക്കുന്ന ആ സ്നേഹിതരുമായുള്ള കൂട്ടുകെട്ട് നിർത്തണമെന്ന് എന്റെ ചേട്ടൻ പറയുന്നു. പക്ഷേ ഞങ്ങളുടെ ഈ സ്നേഹവും സൗഹൃദവും മറ്റൊരിടത്തും കാണില്ല. ഞാൻ അവരെ ഒരിക്കലും ഉപേക്ഷിക്കില്ല.” സൗഹൃദവും കൂട്ടായ്മയും ഏറെ ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. കാരണം കൂട്ടായ്മയായ ദൈവത്തിന്റെ പ്രതിച്ഛായയിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂട്ടായ്മ നൽകാൻ ക്രിസ്ത്യാനികളായ നമ്മൾ പരാജയപ്പെടുമ്പോൾ, മറ്റുള്ളവർ അത് നൽകുകയും മോശമായ ഉദ്ദേശ്യത്തോടെ പോലും ആളുകളെ അതിലേയ്ക്ക് ആകർഷിക്കുകയും ചെയ്യും.
ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ശക്തമായ വാക്കുകൾ, “നാം നേരിടുന്ന വലിയ വെല്ലുവിളി ഇതാണ്, ദൈവത്തിന്റെ പദ്ധതിയോട് വിശ്വസ്തരായിരിക്കാനും ലോകത്തിന്റെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങളോട് പ്രതികരിക്കാനും നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, സഭയെ കൂട്ടായ്മയുടെ ഭവനവും വിദ്യാലയവുമാക്കുക.” (മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക്, 43.) എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് എന്താണ്? ഒന്നിച്ചു കൂടാനും ആഘോഷിക്കാനും സന്തോഷത്തിന്റെ കുറേ അവസരങ്ങൾ ഉണ്ടാകാനും. ദൈവത്തിന്റെ ആഗ്രഹവും അത് തന്നെ. ത്രിത്വയ്ക ദൈവം ഒരു സുന്ദര സുഹൃദ് വലയം ആയിരിക്കുന്നതുപോലെ നമ്മളും ആകണം.
ചുറ്റുപാടും നോക്കുമ്പോൾ ഒരു കാര്യം നമ്മെ അസ്വസ്ഥരാക്കും, ആത്മാർത്ഥതയും സ്‌നേഹവുമുള്ള സമൂഹങ്ങളുടെ അഭാവം. അങ്ങനെയെങ്കിൽ നാം ചെയ്യുന്നതെല്ലാം നയിക്കേണ്ടത് എന്തിലേക്കാണ്? നമ്മുടെ എല്ലാ പരിശ്രമങ്ങളും സ്നേഹകൂട്ടായ്മകൾ വളർത്താനാകണം. അത് യേശുവിൽ മാത്രമേ സാദ്ധ്യമാകൂ എന്നും നമുക്കറിയാം.
കൂട്ടായ്മകളെ ഇല്ലാതാക്കുന്നത് എന്താണ്?
ഭൗതികമായ ആത്മീയത: പലരും കർത്താവിന്റെ പക്കലും ഗ്രൂപ്പിലും ഒക്കെ വരുന്നത് ചില ഭൗതീക കാര്യങ്ങൾ കിട്ടാനാണ്. തുടക്കത്തിൽ അങ്ങനെ ആയേക്കാം. എന്നാൽ ഒരു ഗ്രൂപ്പ് കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിലേയ്ക്ക് മുന്നേറുന്നില്ലെങ്കിൽ സാവധാനം അതിന് ജീവനില്ലാതെയാകും.
പ്രോജക്റ്റ് ചിന്താഗതി: മാർത്തയെപ്പോലെ, ആത്മീയത, ചിലർക്ക്, കുറെ പ്രവർത്തനങ്ങളാണ്. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ മനോഹാരിതയെ ഇവർ വിലമതിക്കാതെ പോകുന്നു.
വേരുകൾ മറക്കുന്നു: പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ സ്നേഹം മറന്നാൽ എല്ലാം ശൂന്യമാണ്. (1 കൊറി 13:1) പല ഗ്രൂപ്പുകളും ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ മറക്കുകയും പഠനത്തിലോ പ്രാർത്ഥനയിലോ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു.
മതിലുകൾ ഉയർത്തുക: സ്വാർത്ഥത വ്യത്യസ്ത മായ രീതികളിൽ ഉയർന്നുവരാം. ചിലർ ഒരു ഗ്രൂപ്പിലേക്കും പോകാറില്ല. ഒരു ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷവും, മറ്റേതെങ്കിലും ഗ്രൂപ്പുമായി ബന്ധപ്പെടാൻ പലരും ആഗ്രഹിക്കുന്നില്ല. ജീസസ് യൂത്തിൽ, ഗ്രൂപ്പുകളും ശുശ്രൂഷകളും തമ്മിൽ ബന്ധങ്ങളിൽ വളരാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്.
വളരാൻ മറക്കുന്നവർ: വ്യക്തികളുടെ വളർച്ചയുടെ പടികൾ ഉള്ളതുപോലെ ഗ്രൂപ്പുകളുടെ വളർച്ചയ്‌ക്കും വിവിധ ഘട്ടങ്ങളുണ്ട്. ആത്മാവിനെ ശ്രവിക്കുകയും മാറ്റങ്ങൾ തിരിച്ചറിയുകയും വിവേചനത്തോടെ മുന്നോട്ട് പോകുകയും ചെയ്തുകൊണ്ടാണ് ഒരു കൂട്ടായ്‌മ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നത്.
ഒരു നല്ല ജീസസ് യൂത്ത് കൂട്ടായ്മയുടെ അവശ്യഘടകങ്ങൾ
ദൈവസ്നേഹവും പരസ്പര സ്നേഹവും ഒന്നുചേരുമ്പോഴാണ് ഒരു കൂട്ടായ്‌മ വളരുന്നത്. ഒരു നല്ല ജെ-വൈ ഗ്രൂപ്പിന് ത്രിവിധ ഊന്നലുകൾ ഉണ്ട്. 1) ഓരോ വ്യക്തിയുടെ വിശ്വാസ യാത്രയിൽ പ്രോത്സാഹനം നൽകുക, 2) കരുതലും ഉൾച്ചേരലും പങ്കുവയ്ക്കലും എല്ലാമുള്ള ഒരു കൂട്ടായ്‌മ സംസ്കാരം കെട്ടിപ്പടുക്കുക, 3) ദൗത്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.
ജീസസ് യൂത്തിൽ നാം എടുത്തുപറയുന്ന ആറു പില്ലറുകൾ കൂട്ടായ്മ വളർച്ചയിലും സുപ്രധാനമാണ്.
1. ആദ്യമായി തന്നെ പ്രാർത്ഥനയും ആരാധനാ നിമിഷങ്ങളും കൂട്ടായ്മയുടെ യാത്രയിൽ ഉണ്ടാകണം
2. ദൈവ വചന പഠനവും വിചിന്തനവും കൂട്ടായ്മയുടെ ഇന്ധനമാണ്
3. കൂദാശാ ജീവിതവും ഇടവക പങ്കാളിത്തവും മിഷനറി സംരംഭങ്ങളുടെ ആദ്യ പടിയും കൂടെയാണ്
4. പരസ്പര വിനിമയവും, കരുതലും, നർമഭാഷണവും, ഭക്ഷണവും ആഘോഷങ്ങളും ഒക്കെയാണ് കൂട്ടായ്മ വളർത്തുന്നത്
5. ജീവിത സാഹചര്യങ്ങളിൽ സുവിശേഷ സാക്ഷികളാകാൻ കൂട്ടായ്മ ഓരോരുത്തരെയും വെല്ലുവിളിക്കും
6. ദരിദ്രരിൽ യേശുവിന്റെ വിശേഷ സാന്നിദ്ധ്യമുണ്ട്. കൂട്ടായ്‌മ അവരുടെ സേവനത്തിലേയ്ക്ക് നയിക്കണം.
ജീസസ് യൂത്തിനെ കുറിച്ച് ഒരിക്കൽ ആർച്ച്ബിഷപ്പ് തോമസ് മേനാംപറബിൽ സൂചിപ്പിച്ച രണ്ട് സ്വഭാവവിശേഷങ്ങൾ ശ്രദ്ധേയമാണ്, "മത്സരിക്കാത്ത നേതൃത്വം", "ഭീഷണിയുയർത്താത്ത സുവിശേഷവൽക്കരണം." മുന്നേറ്റത്തിലെ ശൈലികളുടെ പ്രത്യേകതയും ഇതാണ്. അതുകൊണ്ടുതന്നെ പലപ്പോഴും വിദഗ്ധർ കൂട്ടായ്മ കെട്ടിപ്പടുക്കുക്കാൻ പരാജയപ്പെടുമ്പോഴും എളിമയും ലാളിത്യവുമുള്ളവർ അതിൽ വിജയിക്കുന്നു. കൂട്ടായ്മാ വളർച്ചയുടെ വലിയ ശത്രു അഹംഭാവവും എളിമപ്പെടാനുള്ള വിമുഖതയുമാണ്. വിശുദ്ധിയുടെ വലിയ തടസ്സവും മറ്റൊന്നുമല്ലല്ലോ. കൂട്ടായ്മ നമ്മെ സ്നേഹത്തിലും വിനയത്തിലും രൂപപ്പെടുത്തുന്നു. ക്രമേണ, ഈ എളിമയും സേവന സന്നദ്ധതയും കൈമുതലായി ഒരു നല്ല ജീസസ് യൂത്ത് മറ്റുള്ളവരെ യേശുവിൽ ഒന്നിച്ചു വളരാൻ ക്ഷണിക്കുന്നു. ഇതാണ് പക്വതയാർന്ന ജീസസ് യൂത്ത് സുവിശേഷവൽക്കരണ രീതി. ഇത് ഏറെ ലളിതമാണ്, എന്നാൽ സംശയിക്കേണ്ട, ഈ സമീപനം ഏറ്റം ഫലപ്രദവുമാണ്.
Comments
Post a Comment