ആഗോള യുവജന വൈവിധ്യത്തിൻറെ നിറപകിട്ടാർന്ന സാക്ഷ്യം (MJYR094)

 ആഗോള യുവജന വൈവിധ്യത്തിൻറെ നിറപകിട്ടാർന്ന സാക്ഷ്യം

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

ആഗോള യുവജന ദിന സമ്മേളങ്ങൾ തുടങ്ങിയത് 1980 കളിൽ ആയിരുന്നു. അന്ന് നാട്ടിലെ ഒരു പ്രധാന കത്തോലിക്കാ യുവനേതാവ് ആ സമ്മേളനത്തിൽ പങ്കെടുക്കാൻ കിട്ടിയ അസുലഭ അവസരം വേണ്ടന്നുവച്ചത് ഞാൻ ഓർക്കുന്നു. കാരണം?  "ഇത്തരം ധൂർത്തിനായി ഞാൻ പോകില്ല" എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. "ലക്ഷക്കണക്കിന് യുവാക്കൾ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും യാത്രചെയ്തു വന്ന് എട്ടു പത്തു ദിവസം കഴിച്ചുകൂട്ടുന്നതിന്റെ പരിശ്രമവും മറ്റ് ഒരുക്കങ്ങളും എന്തൊരു ധൂർത്താണ്! (ലാളിത്യത്തിന്റെ മാതൃകയായ എന്റെ ആ നല്ല സ്നേഹിതന്റെ ഉറച്ച ബോധ്യത്തെ ഞാൻ ഏറെ മാനിക്കുന്നു.) 

മറ്റൊരഭിപ്രായം ഞാൻ കേട്ടത് എനിക്ക് അടുത്തറിയാവുന്ന സ്റ്റീഫനിൽ നിന്നാണ്. "വേൾഡ് യൂത്ത് ഡേയെ പറ്റി കേട്ട കാര്യങ്ങൾ ആദ്യമെല്ലാം എനിക്ക് ഒട്ടും ആകർഷകമായി തോന്നിയില്ല. കുറെ ബഹളങ്ങളും ആഘോഷങ്ങളും പിന്നെ  നീണ്ട നടപ്പും. ഇത് ഈ തലമുറയ്ക്ക് എന്ത് ആധ്യാത്മിക അനുഭവമാണ് കൊടുക്കാൻ പോകുന്നത്? ഇതായിരുന്നു എന്റെ ചിന്ത." എന്നാൽ ഇരുപതു വർഷം മുൻപ് കൂട്ടുകാർ പലരും പോയ ഒരു സാഹചര്യത്തിൽ സ്റ്റീഫനും ഈ അന്തർദ്ദേശീയ സമ്മേളനത്തിൽ പങ്കെടുത്തു. അത് സ്റ്റീഫന്റെ ചിന്താഗതി ആകെ മാറ്റി. തുടർന്ന് മറ്റു മൂന്ന് സമ്മേളനങ്ങളി ൽ കൂടെ അദ്ദേഹം പങ്കെടുത്തു. "ഇന്ന് എന്റെ ചിന്താഗതി പാടേ മാറിയിരിക്കുന്നു. സഭയിലും ആഗോള യുവലോകത്തിലും ഈ സമ്മേളനങ്ങൾ ഉണ്ടാക്കുന്ന പുതുചലനങ്ങളും സ്ഥായിയായ ഫലങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ സമ്മേളനങ്ങൾക്ക് ചില സുപ്രധാന ചേരുവകൾ സഭാ നേതൃത്വം കണ്ടെത്തി ഒരുക്കുന്നുണ്ട്. അവയോരോന്നും ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാലഘട്ടത്തിന് യോജിച്ച ദൈവാത്മാവിന്റെ വലിയ പ്രവർത്തനം ഇതിൽ ഞാൻ കാണുന്നു." ഇന്ന് അദ്ദേഹം മക്കളെയും മറ്റ് അനേകരെയും അതിനായി ഒരുക്കി അയക്കുന്നു.

"ഈ യുവജന സമ്മേളനത്തിനിടെ കണ്ട അദ്ഭുതകരമായ ദൃശ്യങ്ങൾ എന്തുമാത്രം പ്രതീക്ഷ നൽകുന്നു." പോർച്ചുഗലിലെ സമ്മേളന വേദിയിൽനിന്ന് സുമയും ബെൻസനും വിളിച്ച് സംസാരിക്കുകയായിരുന്നു. "പുതു തലമുറയെക്കുറിച്ച്, പ്രത്യേകിച്ച് യൂറോപ്പിലെ യുവാക്കളെ പറ്റി മോശം കാര്യങ്ങൾ മാത്രമേ കേട്ടിരുന്നുള്ളൂ. എന്നാൽ ഇവിടെ ആ ഓരോ രാജ്യങ്ങളിൽ നിന്നും എത്രയോ പതിനായിരങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. അതിനും അപ്പുറം അവരുടെ വിശ്വാസ തീക്ഷ്ണത എത്രയോ അതിശയകരവും വലിയ പ്രചോദനം നൽകുന്നതുമാണ്!"

യുവജന പ്രസരിപ്പിന്റെ വലിയ ആഘോഷം 

യുട്യൂബ്, ടിവി, പത്രമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം ലോകായുവജന സമ്മേളന ദൃശ്യങ്ങൾ ഇന്ന് ഏവർക്കും സുപരിചിതമാണ്.  ഏതാണ്ട് മൂന്നു വർഷത്തിലൊരിക്കൽ ഏതെങ്കിലും വലിയ നഗരത്തിൽ വച്ചാണ് കത്തോലിക്കാ സഭാ ഈ യുവജന കൂട്ടായ്‍മ ഒരുക്കുക. യുവജനങ്ങളുടെ സ്വന്തം പാപ്പ എന്നറിയപ്പെട്ടിരുന്ന ജോൺ പോൾ രണ്ടാമന്റെ സ്വപ്ന പദ്ധതി. 1984, 85 വര്ഷങ്ങളിൽ റോമിലെ രണ്ടു ഒരുക്ക സമ്മേളനങ്ങളെ തുടർന്ന് 1986 ൽ പ്രഥമ ആഗോള സംഗമം ഒരുങ്ങി. പാപ്പായുടെ ക്ഷണം സ്വീകരിച്ച് യുവജനങ്ങൾ പാപ്പായ്‌ക്കൊപ്പം ഒത്തുചേരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തുടർന്നു വന്ന പാപ്പാമാർ ഏറെ താല്പര്യത്തോടെ ഇത് തുടരുന്നു. പാപ്പയുടെ ക്ഷണത്തിന് യുവജനങ്ങൾ നൽകുന്ന പ്രത്യുത്തരം എൺപതുകളിൽ എന്നപോലെ ഇന്നും ഏറെ ആവേശത്തോടെയാണ് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. 

ഓരോ സമ്മേളനത്തിനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഒത്തുചേരുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കൾ തന്നെയാണ് ഈ നിറവാർന്ന പ്രത്യുത്തരത്തിന്റെ വലിയ തെളിവ്. യുവത്വത്തിന്റെ കരുത്തും നിറപ്പകിട്ടും വൈവിധ്യവും ഇത്രമാത്രം ഒത്തുവരുന്ന മറ്റൊരു വേദി സാധ്യമാണോ എന്നറിയില്ല. എന്തായാലും വ്യത്യസ്ഥ സംസ്കാരങ്ങളുടെയും  വർണ വംശ വൈവിധ്യങ്ങളുടെയും ഏറ്റവും സുന്ദരമായ സംഗമ വേദിയായി തീരുന്നു ഓരോ ആഗോള യുവജന സമ്മേളനവും. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ "കാത്തോലികം" എന്നാൽ സാർവ്വലൗകീകം അല്ലെങ്കിൽ എല്ലാ വൈവിധ്യങ്ങൾക്കും ഇടം നൽകുന്നത് എന്നാണെന്ന് നമുക്കറിയാം. സഭയുടെ ഈ സാർവ്വ ലൗകിക സ്വഭാവത്തിന്റെ നേർക്കാഴ്ച വളരുന്ന തലമുറയ്ക്ക് മുന്നിൽ തെളിയുന്ന ഏറ്റം സുന്ദരവേദിയാണ് ഈ സമ്മേളനങ്ങൾ. 

 നിർഭാഗ്യവശാൽ ഇക്കാലത്ത് ഏറെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു തെറ്റിദ്ധാരണ ഇതാണ്, വിശ്വാസ ജീവിതം വിരസമാണ്; അത്  അധോ മുഖർക്ക് മാത്രം ഉള്ളതാണ്; സന്തോഷിക്കണമെങ്കിൽ, ജീവിതം ആഘോഷിക്കണമെങ്കിൽ സഭയിൽ നിന്നും വിശ്വാസത്തിൽ നിന്നും ഓടിയകലണം; സന്തോഷവും ആഘോഷവും സഭയിൽ സാധ്യമല്ല, അത് ലോകത്തിലേ ഉള്ളൂ. എന്നാൽ ലോകയുവജന സമ്മേളനം അനേക യുവജനങ്ങൾക്ക് ഒരു പുതിയ വെളിപാട് ആയിത്തീരുന്നു. സഭ ആഘോഷത്തിന് വേദിയാണ്; വിശ്വാസം ഏറെ സന്തോഷവും ജീവിതത്തിന് അർത്ഥവും നൽകുന്ന സുന്ദര  അനുഭവമാണ്. ഇവിടെ എല്ലാ രീതിയിലുള്ളവർ ഒന്നിച്ചു ചേരുന്നു. ഭാഷയ്ക്കും നിറത്തിനും രീതികൾക്കും ഒക്കെ അതീതമായി ഇവിടെ നന്മയെ ആഗ്രഹിക്കുന്നവരും സന്തോഷം മുന്നിൽ കാണുന്നവരും യേശുവിൽ ഒന്നിച്ചു വരുന്നത് കണ്ടനുഭവിക്കാനുള്ള അപൂർവ്വം വേദികളിൽ ഒന്നാണ് ഇത്.

ലോക യുവജന ദിനത്തിന്റെ പ്രധാന ഊന്നലുകൾ 

വിശ്വാസ വളർച്ചയും ആത്മീയതയിൽ ആഴപ്പെടലും ലക്ഷ്യമാക്കിയാണ് ഈ സമ്മേളനങ്ങൾ ഒരുങ്ങുക. യുവജനങ്ങൾക്ക് ഒത്തുകൂടാനും പ്രാർത്ഥിക്കാനും ദൈവവുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും ഇത് അവസരം നൽകുന്നു. പല രുപതകളും മുന്നേറ്റങ്ങളും ഇതിനായി ഏറെ മുൻപേ യുവാക്കളെ ഒരുക്കാൻ ആരംഭിക്കും.

തീർത്ഥാടനവും കൂട്ടായ്മയും: ഓരോ തവണയും വ്യത്യസ്ത ആതിഥേയ നഗരങ്ങളിൽ നടത്തപ്പെടുന്ന ഈ സമ്മേളനങ്ങൾ ഒരു തീർത്ഥാടനത്തിന്റെ ചൈതന്യത്തിലാണ് ഒരുങ്ങുക. ഇതിനോടനുബന്ധമായി അനേക തീർത്ഥാടന സാദ്ധ്യതകളും ഒരുക്കപ്പെടുന്നു. ഒപ്പം സഭയുടെ ഐക്യം മുന്നിൽ കണ്ട് മറ്റ് വിശ്വാസികളും വിശ്വാസ സമൂഹങ്ങളും സംസ്കാരങ്ങളും ഒക്കെയായി ഇടപഴകാനും ഏറെ അവസരങ്ങൾ ഇവിടെ ഒരുങ്ങുന്നു.

പാപ്പയുമായുള്ള കണ്ടുമുട്ടൽ: ലോക യുവജന ദിനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് മാർപ്പാപ്പയുടെ സാന്നിധ്യമാണ്, സാധാരണയായി സമ്മേളന സമയത്ത് പ്രധാന പരിപാടികൾക്ക് പാപ്പാ നേതൃത്വം നൽകും. യുവജനങ്ങൾക്ക് പരിശുദ്ധ പിതാവിനെ കാണാനും കേൾക്കാനും ഇടപഴകാനും അവസരമുണ്ട്, ഇത് സാർവത്രിക സഭയുമായി ഒരു അടുത്ത ബന്ധം വളർത്തുന്നു.

കത്തോലിക്കാ മൂല്യങ്ങളുടെ ആഘോഷം: അനുകമ്പ, ഐക്യദാർഢ്യം, സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കത്തോലിക്കാ പഠനങ്ങളും മൂല്യങ്ങളും യുവാക്കൾക്കിടയിൽ വളരാൻ ഊന്നൽ നൽകുന്നു.

സുവിശേഷവൽക്കരണവും ദൗത്യവും: സമ്മേളന സമയത്തും അവരുടെ ദൈനംദിന ജീവിതത്തിലും മിഷനറി ശിഷ്യന്മാർ എന്ന നിലയിലുള്ള തങ്ങളുടെ ദൗത്യം സ്വീകരിക്കാനും മറ്റുള്ളവരുമായി അവരുടെ വിശ്വാസം സജീവമായി പങ്കിടാനും യുവ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു.

സാംസ്കാരിക വിനിമയവും വൈവിധ്യവും: ലോക യുവജന ദിനം കത്തോലിക്കാ സഭയ്ക്കുള്ളിലെ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യത്തെ ആഘോഷിക്കുന്നു, ഇത് ആഗോള സമൂഹമെന്ന ബോധവും പങ്കാളികൾക്കിടയിൽ വളർത്തുന്നു.

യുവാക്കളുടെ ഇടപഴകലും ശാക്തീകരണവും: യുവാക്കൾ സഭയുടെ ഭാവിയാണ് ഊർജ്ജവും പ്രതീക്ഷയുമാണ് എന്നെല്ലാം നാം കേൾക്കാറുണ്ട്. ഇത് കാണാനും അനുഭവിച്ച് മുന്നേറാനുമുള്ള ഒരു പ്രായോഗിക വേദി കൂടെയാണ് ഈ സമ്മേളനങ്ങൾ.

ഈ സമ്മേളനങ്ങളിലെ  പ്രധാന സംഭവങ്ങൾ

വിവിധ പ്രവർത്തനങ്ങളും പരിപാടികളും എല്ലാം ഒരുമിക്കുന്ന ഒരാഴ്ചയോളം നീളുന്ന ഒരു സംഭവ പരമ്പര തന്നെയാണ് ലോക യുവജനദിന ആഘോഷങ്ങൾ. അതിനു മുൻപുള്ള കുറച്ചു ദിവസങ്ങൾ പ്രാദേശീക രൂപതകളിൽ ഒത്തുചേരാനുള്ള സമയമാണ്. അതിനു മുൻപും പിൻപുമായി മറ്റു തീർഥാടനങ്ങളും. പ്രധാന സമ്മേളനത്തിലെ കാര്യപരിപാടികളിൽ മുഖ്യമായവ താഴെ പറയുന്നവയാണ്. 

ഉദ്ഘാടന കുർബാന: പ്രാദേശിക ബിഷപ്പോ കർദ്ദിനാളോ ആഘോഷിക്കുന്ന ഉദ്ഘാടന കുർബാനയോടെയാണ് പരിപാടികൾ ഔദ്യോഗികമായി തുടങ്ങുന്നത്. 

വിശ്വാസ രുപീകരണ  ക്ലാസുകൾ: പരിപാടിയിലുടനീളം, പ്രധാനമായും മെത്രാന്മാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളിൽ മതബോധന  സെഷനുകൾ ഉണ്ട്. സഭാ സമൂഹത്തിന്റെ തലവന്മാരായ മെത്രാന്മാരുമായി അടുത്തിടപഴകാൻ വേണ്ടി കൂടെയാണ്  ഇത്.

യുവജനോത്സവങ്ങൾ: ലോക യുവജന ദിനത്തിൽ പലപ്പോഴും വിവിധ രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള സാംസ്കാരിക പ്രകടനങ്ങൾ, സംഗീതം, നൃത്തം, കലാപരമായ പ്രകടനങ്ങൾ എന്നിവ അവതരിപ്പിക്കുന്ന  വിവിധ വേദികളുണ്ട്.

കുരിശിന്റെ വഴി : ഈ ദിനത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ഓർമ്മിക്കുന്ന കുരിശിന്റെ വഴിയാണ്.

ജാഗരണവും  രാത്രി പ്രാർത്ഥനയും: ആ ഒരു രാത്രി പങ്കെടുക്കുന്നവർ എല്ലാം വെളിയിൽ ചെലവഴിച്ച് ഒന്നിച്ചുള്ള പ്രാർത്ഥനയിലും ആരാധനയിലും പങ്കുകൊള്ളുന്നു. പിറ്റേന്ന് രാവിലെ അവസാന കുർബാനയോടെ  ജാഗരണം അവസാനിക്കുന്നു.

സമാപന കുർബാന: സാധാരണയായി മാർപാപ്പയുടെ നേതൃത്വത്തിലാണ് ഈ ഗ്രാൻഡ് ഫിനാലെ. മിക്കവാറും ദശലക്ഷങ്ങൾ ഒന്നിച്ചുവരുന്ന ഈ അവസരം തന്നെയാണ് ഏറ്റവും കൂടുതൽ പേർ ഒത്തുചേരുന്ന സമയം. മാർപ്പാപ്പ യുവജനങ്ങളെ  ലോകമാസക്കാലം വിശ്വാസത്തിന്റെ സാക്ഷികളാകാൻ അയയ്ക്കുന്ന വേളയും ഇതു തന്നെ. 

മാർപാപ്പയുമായുള്ള കൂടിക്കാഴ്ച: പങ്കെടുക്കുന്നവർ ഏറ്റവും പ്രതീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒന്ന് മാർപ്പാപ്പയെ കാണാനും കേൾക്കാനുമുള്ള അവസരമാണ്. ചോദ്യോത്തര സെഷനുകളും വ്യക്തിഗത ഇടപെടലുകളും ഉൾപ്പെടെ, ചടങ്ങിനിടെ യുവജനങ്ങളുമായി മാർപാപ്പ പലപ്പോഴും നിരവധി കൂടിക്കാഴ്ചകൾ നടത്താറുണ്ട്.

കാരുണ്യ കേന്ദ്രം: ചില ലോക യുവജന ദിനങ്ങളിൽ, അനുരഞ്ജനത്തിന്റെ കൂദാശയ്ക്കും  വ്യക്തിപരമായ പ്രാർത്ഥനയ്ക്കും വിചിന്തനത്തിനുമുള്ള ഒരു കാരുണ്യ കേന്ദ്രം അനേക യുവാക്കൾക്ക് പുതു വഴി തുറക്കുന്നു.

യൂത്ത് ഫെസ്റ്റിവൽ ഓഫ് നേഷൻസ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ അവരുടെ സംസ്കാരം, ഭക്ഷണം, പാരമ്പര്യം എന്നിവ മറ്റ് പങ്കാളികളുമായി പങ്കിടാൻ ബൂത്തുകൾ സ്ഥാപിക്കാറുണ്ട്. 

സോഷ്യൽ ഔട്ട്‌റീച്ചും സേവന പദ്ധതികളും: പങ്കാളികൾ ആതിഥേയ നഗരത്തിൽ സാമൂഹിക സേവന പദ്ധതികളിലും ഏർപ്പെടുന്നു, അങ്ങനെ ഐക്യദാർഢ്യവും അനുകമ്പയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യൂന്നു.

വലിയ മാറ്റങ്ങളുടെ പ്രാരംഭവേദി

ധാരാളം മുൻവിധിയുടെ കെട്ടുകൾ അഴിയുന്ന, മുഖംമൂടികൾ താഴെ വീഴുന്നു ഒരു സുന്ദര വേദി കൂടിയാണ് ഈ യുവജന സമ്മേളനം. സഭയെക്കുറിച്ച് ഏറെ  മുൻവിധികൾ ഉള്ളവരാണ് യുവജനങ്ങൾ. ആധുനികതയുടെ നിറപ്പകിട്ടും ചടുലതയും തിരിച്ചറിയാതെ പഴമയിലും വിരസമായായ സ്ഥാപനപരതയിലും കെട്ടിക്കിടക്കുന്ന മൃതപ്രായമായ ഒരു സമൂഹമാണ് ഇത് എന്ന ചിന്ത  അനേക യുവജനങ്ങളെ സഭയിൽ നിന്ന് അകറ്റാറുണ്ട്.  അത് പലതും അവരുടെ പ്രാദേശിക അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിയുന്നതുമാണ്. ഒപ്പം ആദ്ധ്യാത്മികതയെ കുറിച്ച് ഏറെ തിക്താനുഭവങ്ങൾ ഉള്ളവരാണ് മിക്ക യുവാക്കളും. ഇങ്ങനെയുള്ളവർക്കെല്ലാം ഈ സമ്മേളനങ്ങൾ വലിയൊരു തുറവിയും പുത്തൻ അനുഭവവും നൽകുന്നു. സഭയെയും വിശ്വാസ ജീവിതത്തെയും സംബന്ധിച്ച് അടിമുടി മാറുന്ന അനുഭവങ്ങളുമായാണ് മിക്ക യുവാക്കളും ഈ സമ്മേളനങ്ങളിൽ നിന്ന് തിരിച്ചുപോകാറ്‌.

 വൈവിധ്യമാർന്ന രസങ്ങളെല്ലാം ഒത്തുചേരുന്ന വിഭവസമൃദ്ധമായ സദ്യയെ കുറിച്ച് നമ്മൾ പറയാറുണ്ട്. ആഗോള യുവജന സമ്മേളനങ്ങൾ ഏതാണ്ട് അതുപോലെയാണ്. വിവിധ സംഗീത ഗ്രൂപ്പുകൾ, മറ്റവതരണങ്ങൾ, ആഘോഷത്തിമർപ്പിനുള്ള അനേക അവസരങ്ങൾ കാണാനും പഠിക്കാനും അനേക വേദികൾ, വൈവിധ്യമാർന്ന ക്ളാസുകൾ, വിവിധ ആഗോള മുന്നേറ്റങ്ങളെ കണ്ടറിയാൻ സാധ്യതകൾ, ആരാധനയ്‌ക്കും പാപസങ്കീർത്തനത്തിനുമുള്ള നല്ല സൗകര്യങ്ങൾ  എന്നുതുടങ്ങി എല്ലാത്തരം യുവതീയുവാക്കൾക്കും അനേക പുത്തൻ വാതായനങ്ങൾ തുറക്കുന്ന സുന്ദര വേദിയാണ് അത്.

ഇതിനെല്ലാമപ്പുറം സ്ഥായിയായ അനേക തുടക്കങ്ങൾ ഇതിൽനിന്ന് ഉണ്ടാകാറുണ്ട്. ഓരോ സമ്മേളനത്തിനിടയിലും  വൈദിക സന്യസ്ത വിളികൾക്ക് ഉത്തരം നൽകുന്നവർ കുറച്ചൊന്നുമല്ല. ഇവിടെ വച്ച് നല്ല സാക്ഷ്യ ജീവിതം നയിക്കുന്ന കുടുംബം തുടങ്ങാൻ തീരുമാനിച്ച് മുന്നോട്ടു പോകുന്നവരും അനേകരാണ്. പല യുവജന മുന്നേറ്റങ്ങളും അവരുടെ ആരംഭത്തിന് ആഗോള യുവജന സമ്മേളനം കാരണമായി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതോടൊപ്പം എത്രയോ സുന്ദരമായ പദ്ധതികളും വിശ്വാസ പരിശീലന സമീപനങ്ങളും തുടങ്ങാൻ ഇത് കാരണമാകുന്നു. എല്ലാറ്റിലുമുപരി ക്രിസ്തുവിന്റെ പദ്ധതിയിൽ ഇന്നത്തെ യുവജങ്ങൾ ആരെന്നും അവർ എങ്ങനെ മുന്നേറണമെന്നും സഭയും യുവജനങ്ങളും കണ്ടെത്തുന്ന സുന്ദര വേദി കൂടെയാണ് അതിശയമുണർത്തുന്ന ഈ മഹാ യുവജന സമ്മേളനങ്ങൾ.



Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)