ജെവൈ ജീവിതവും ദൗത്യവും മാറ്റിമറിക്കുന്ന ദിവ്യബലി (MJYR093)

 ജെവൈ ജീവിതവും ദൗത്യവും മാറ്റിമറിക്കുന്ന ദിവ്യബലി 

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

ഇടവ യുവജന ഔട്ടറീച്ചുകൾ ഏറെ രസകരമാണ്. "ഞങ്ങളുടെ യുവാക്കളെ ഒന്നിച്ചുകൂട്ടാൻ ഒരു പ്ലാനുണ്ട്. ഒന്ന് സഹായിക്കാമോ?" അങ്ങനെ ഒരു ഫോൺ വിളിയിലാകും തുടക്കം. ഓരോ സ്ഥലത്തും തനതായ പ്രശ്നങ്ങളും വെല്ലുവിളികളും ഒക്കെ ഉണ്ടാകും. അതിനാൽ തന്നെ ആ ഓരോ യുവജന പരിപാടിയും വ്യത്യസ്തമായിരിക്കുകയും ചെയ്യും. 

പരിപാടികൾക്കുള്ള ഒരുക്കം എപ്പോഴും ഒരു ചെറിയ ഗ്രൂപ്പിനൊപ്പം ഇരുന്ന് സാദ്ധ്യതകൾ പങ്കുവെച്ചുകൊണ്ടാണ്. അങ്ങനെ ഒരു പ്ലാൻ തയ്യാറാകും. പക്ഷെ എന്റെ അനുഭവത്തിൽ ഈ യുവജന പരിപാടികളിൽ ഒഴിവാക്കാനാവാത്ത ചില അവശ്യ ഘടകങ്ങളുണ്ട്, ആദ്യമേ യുവാക്കളുമായി ഒരു ബന്ധം ഉണ്ടാക്കണം, തുടർന്ന് ഒരു സൗഹൃദാന്തരീക്ഷത്തിൽ ആ ചങ്ങാത്തം വളർത്തണം, ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അവസരം ഉണ്ടാകണം, വി. കുര്ബാനയിലെ യേശുവിന്റെ അടുത്തേയ്ക്ക് അവരെ കൊണ്ടുവരണം, അവസാനമായി ഫലമാണിയാനുള്ള വെല്ലുവിളി ശ്രവിച്ചുകൊണ്ടുവേണം അവർ അവിടെ നിന്ന് പോകാൻ. ഈ അഞ്ചു ചേരുവകളിൽ വഴിത്തിരിവാകുന്നത് തീർച്ചയായും ദിവ്യകാരുണ്യ നിമിഷങ്ങളാണ്. മറ്റെല്ലാം അതിലേയ്ക്ക് നയിക്കുകയും അതിൽനിന്ന് പുറപ്പെടുകയും ചെയ്യും. 

ഈ യുവജന പരിപാടികൾ അത്ഭുതകരമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നത് കണ്ടിട്ടുണ്ട്. അതിന് കാരണമായി ഞാൻ മനസിലാക്കുന്നത് ഈ സൂചിപ്പിച്ച ഊന്നൽ തന്നെയാണ്.ഈ പ്രോഗ്രാമുകളുടെ വിലയിരുത്തലിൽ കുർബാനയുടെ അല്ലെങ്കിൽ ആരാധനയുടെ സമയമാണ് ഏറ്റം അനുഭവേദ്യമായതെന്ന് അവർ പറയാറുമുണ്ട്. ആ സമയത്ത് അവരുടെ ജീവിതത്തിൽ പ്രത്യേകമായ എന്തെങ്കിലും സംഭവിക്കുന്നു, വലിയൊരു സ്പർശനം ലഭിക്കുന്നു. തീർച്ചയായും വി.കുർബാനയുടെ അത്ഭുതം എന്നും തുടരുന്നു.

ദൗത്യാഭിഷേകം ലഭിക്കുന്നത് അവിടെയാണ് 

ഞങ്ങളുടെ ബുധനാഴ്ച കൂട്ടായ്മയുടെ ആദ്യ കാലങ്ങളിൽ, ഒരു ഘട്ടത്തിൽ, ഫലമണിയേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ പതിവായി കിട്ടികൊണ്ടിരുന്നു. സന്ദേശങ്ങൾ എന്താണ് ആവശ്യപ്പെടുന്നത് എന്ന് വിവേചിച്ച് തീരുമാനമെടുക്കാൻ നേതൃത്വം ഒന്നിച്ചിരിക്കണമല്ലോ. അങ്ങനെ ഞങ്ങൾ ഒത്തുകൂടി. മൂന്ന് വ്യത്യസ്ത കാര്യങ്ങളാണ് അവിടെ ഉയർന്നുവന്നത്: ചൊവ്വാഴ്ച ഒരു കമ്മിറ്റഡ് ഗ്രൂപ്പ്, ശനിയാഴ്ച ദിവ്യകാരുണ്യ ആരാധന, ഞായറാഴ്ച പാവങ്ങളുടെ അടുത്തേയ്ക്ക് പോകുന്ന  കോളനി സന്ദർശനം. 

ചൊവ്വാഴ്ചകളിൽ ഞങ്ങൾ ഒരു വീട്ടിൽ ഒത്തുകൂടാൻ തുടങ്ങി. ഏറെ സന്തോഷകരമായ വളർച്ചയുടെ ഇടമായിരുന്നു അത്. യുവത്വത്തിന്റെ പ്രസരിപ്പും ഹൃദ്യമായ ഇടപെടലുകളും തുറവുള്ള ചിന്തകളും ആ ഗ്രൂപ്പിനെ ഏറെ വ്യത്യസ്ഥമാക്കി.  ഓരോരുത്തരും സ്വപ്നങ്ങളും ആത്മ പ്രേരണകളും പങ്കുവെക്കുന്ന ഒരിടം കൂടിയായിരുന്നു അത്. യുവഹൃദയങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്,  സ്നേഹ സാമീപ്യവും ഒപ്പം കാരുണ്യ പ്രവർത്തികളും ആഗ്രഹിക്കുന്നു..  ക്രമേണ ഈ ഗ്രൂപ്പിൽ നിന്ന്, ദരിദ്രരുടെ പക്കലേയ്ക്കു പോകാനും  ആഴ്ചതോറുമുള്ള ദിവ്യകാരുണ്യ ആരാധന തുടങ്ങാനും തീരുമാനമായി.  

അടുത്തുള്ള ഉണ്ണിമിശിഹാ പള്ളിയിൽ ശനിയാഴ്ച വൈകുന്നേരങ്ങൾ ഏറെ ശാന്തമാണ്. അങ്ങനെ എല്ലാ ആഴ്ചയും അവിടെ കൂടാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന കർത്താവിന്റെ സാമീപ്യം അനുഭവിക്കാനും അവിടത്തെ ശ്രവിച്ച് നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാനും ഉള്ള സുന്ദര സമയമായി. ഇതിനെ സംബന്ധിച്ചുള്ള നല്ല ഓർമയിൽ ആ സൗഹൃദാന്തരീക്ഷവും പരസ്പര പിന്തുണയും മാത്രമല്ല അതിനുശേഷമുള്ള ചായ കുടിയും സൊറപറച്ചിലും ഒക്കെയുണ്ട്. 

ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യത്തിൽ ഹൃദയ ഐക്യത്തോടെ ഒത്തുചേരുന്നത് ഏറെ സുന്ദരമാണ്. അവിടെ തികഞ്ഞ സുതാര്യതയും അടുപ്പവും അനുഭവപ്പെടുന്നു. ഞായറാഴ്ചത്തെ ഞങ്ങളുടെ  ചേരി സന്ദർശനങ്ങൾക്കായി പ്രാർത്ഥിക്കാനാണ് ഈ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചതെങ്കിലും മറ്റെല്ലാ നിയോഗങ്ങളും ഞങ്ങളുടെ കൂട്ടായ്മയുടെ എല്ലാ വിശേഷങ്ങളും  അവിടെ ഉയരുമായിരുന്നു. സ്വാഭാവികമായും, ഇത് ഓരോരുത്തരുടെയും ജീവിതത്തിനും യാത്രയ്ക്കും, ഞങ്ങളുടെ മുഴുവൻ കൂട്ടായ്മയ്ക്കും മാത്രമല്ല, ദരിദ്രരിലേക്ക് പോകാനുള്ള ഞങ്ങളുടെ എല്ലാ സംരംഭങ്ങൾക്കും ശക്തമായ പിന്തുണായായി മാറി. തീർച്ചയായും ജീസസ് യൂത്തിത്തിൽ  കുർബാനയും ദൗത്യവും കൈകോർത്താണ് മുന്നേറേണ്ടത്. 

കുർബാന ഒരു ജീവിത ക്രമം സാധ്യമാക്കുന്നു .

കഴിഞ്ഞ ദിവസം കാമ്പസ് മിനിസ്ട്രി ജീസസ് യൂത്ത് വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു സർവേ ഫലങ്ങൾ എനിക്ക് കൈമാറി. അതിൽ ഒരു ചോദ്യം  ദിവ്യബലിയിൽ അവരുടെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു. അവരിൽ  പകുതിയോളം പേരും ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു. തീർച്ചയായും അതൊരു ചെറിയ കാര്യമല്ല. ഈ കോളേജ് കുട്ടികൾ തിരക്കേറിയ ജീവിതമുള്ളവരാണെന്ന് നമുക്കറിയാം. ഇതിനിടയിൽ, ദിവസേന കുർബാനയ്ക്ക്  സമയം കണ്ടെത്തുന്നത് ഒട്ടും എളുപ്പമല്ല. എങ്കിലും ആശ്ചര്യകരമെന്നു പറയട്ടെ, ഇവരെ  പോലെ നല്ലൊരു ഭാഗം ജീസസ് യൂത്ത് നേതാക്കളും ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു!

വളർന്നുവരുന്ന ഒരു ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം, കുർബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം അപാരമായ ഒരു ഉൾക്കരുത്തും  ദിശാബോധവും പ്രദാനംചെയ്യുന്നു. ഒന്നു  ചിന്തിച്ചാൽ , ദിവ്യകാരുണ്യ  കേന്ദ്രീകൃതമായ ജീവിതം പ്രവർത്തിക്കുന്ന വിവിധ തലങ്ങളും ഘടകങ്ങളുമുണ്ട്.

1. ദിവ്യബലിവേദിയിൽ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ പുത്തനാനുഭവം വഴി രക്ഷയുടെ രഹസ്യങ്ങൾ നമ്മുടെ ജീവിതത്തിൽ സജീവമാകുന്നു.  അവിടെ നമ്മൾ മറ്റ് വിശ്വാസികളെ കാണാനും അവരുമായി സംസാരിക്കാനും അവസരം ലഭിക്കുക വഴി ക്രിസ്തുവിന്റെ ജീവനുള്ള ശരീരവുമായി നേരേ ബന്ധപ്പെടാൻ സാധിക്കുന്നു. പല ജീസസ് യൂത്തും അവരുടെ ദൗത്യം ആരംഭിച്ചത് ഒരു ദിവ്യകാരുണ്യ  സമൂഹവുമായി ബന്ധിപെടുക വഴിയാണ്. 

2. ആരാധനാ വർഷത്തിലൂടെയുള്ള സജീവ യാത്ര വചന പഠനം, കർത്താവിന്റെ ജീവിതത്തെക്കുറിച്ചുള്ള തുടർ വിചിന്തനം വിശുദ്ധരുടെ മാതൃക പിൻചെല്ലൽ തുടങ്ങി വിശ്വാസ പക്വതയിലേക്കുള്ള പ്രയാണത്തിന് എല്ലാ രീതിയിലും സഹായമരുളുന്നതാണ്. ഏറ്റം ഉത്തമവും സന്തുലിതവുമായ ക്രിസ്തീയ പരിശീലന പാതയാണ് സഭാ ജീവിതത്തിലുള്ള ഈ സജീവ പങ്കാളിത്തം. 

3. കുർബാന സ്വീകരണം ക്രിസ്തുവിനെ സ്വീകരിക്കാനും അങ്ങനെ എന്റെ ശരീരവും മനസ്സും ആത്മാവും അവിടത്തെ സൗഖ്യവും ശക്തിയും കൊണ്ട് നിറയാനും ഉള്ള അതുല്യമായ അവസരമാണ്. യേശുവിന്റെ സാരൂപ്യത്തിലേയ്ക്ക് വളരാനുള്ള ഏറ്റം യോജിച്ച വഴി. കർത്താവുമായി ആഴത്തിലുള്ള ഒരു വ്യക്തിബന്ധം കെട്ടിപ്പടുക്കാൻ ഇതിലൂടെ നമുക്ക് സാധിക്കുന്നു. 

4. ദിവ്യകാരുണ്യ സാന്നിധ്യം  അവിടന്ന് ദൈവം നമ്മോടൊപ്പമുള്ള  ഇമ്മാനുവേൽ എന്ന അനുഭവമാണ്.  ജീസസ് യൂത്തിന്റെത്  ‘ആഹ്ലാദകരമായ ആത്മീയതയാണ്’ എന്ന് പറയാറുണ്ട്. ദിവ്യകാരുണ്യ പ്രഭയിലെ ശുദ്ധീകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അവിടെ ഭൂതകാല വേദനകൾ കൃതജ്ഞതയായി  രൂപാന്തരപ്പെടുന്നു, ഭാവിയെ പറ്റിയുള്ള ഭയങ്ങൾ പ്രത്യാശയായും പരിണമിക്കുന്നു. ആ സാന്നിദ്ധ്യം ഇന്ന് ഇവിടെ ആയിരുന്ന് ജീവിതം ആഘോഷിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു. 

5. കുർബാനയുടെ ശക്തിയിൽ ജീവിക്കുക എന്നതാണ് വിശുദ്ധിയും കൂട്ടായ്മയും ദൗത്യഫലവും നിറയുന്ന  യഥാർത്ഥ ജീസസ് യൂത്ത് പാത. "ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്റെയും ഫലം" നമ്മൾ  വിശുദ്ധ മേശയിലേക്ക് കൊണ്ടുവരുന്നു. അവിടെ നിന്ന്, നമ്മുടെ ജീവിതത്തിൽ മുന്നേറാനും  കഠിനാധ്വാനം ചെയ്യാനും വേണ്ട ശക്തി സംഭരിച്ച് നമ്മുടെ സമൂഹങ്ങളെയും ഭൂമിയെതന്നേയും മാറ്റിമറിക്കാൻ നാം അയയ്ക്കപ്പെടുന്നു. അങ്ങനെ, ദിവ്യബലി ഓരോ  ജീസസ് യൂത്തിനും വിശുദ്ധിക്കും ദൗത്യജീവിതത്തിനുമുള്ള ദൈനംദിന രുപീകരണ വേദിയായി മാറുന്നു.

1988-ൽ കോളേജ് വിദ്യാർത്ഥികളുടെ ആദ്യത്തെ വലിയ ജീസസ് യൂത്ത് സംഗമം നടന്നു, ക്യാമ്പസ് മീറ്റ് '88. എന്റെ കോളേജിൽ നിന്നും ഒരു വലിയ സംഘം ആ കോൺഫറൻസിൽ പങ്കെടുത്തു. അവരിൽ ഭൂരിഭാഗവും "ഒന്ന് ആഘോഷിക്കാൻ മാത്രം" പോയതായിരുന്നു. പക്ഷേ, അവർ തിരിച്ചെത്തിയതി വളരെ മാറ്റങ്ങളോടെയായിരുന്നു.  അവർ കോളേജിന്റെ മുഴുവൻ വിശ്വാസ അന്തരീക്ഷത്തെ ആകെ മാറ്റിമറിച്ചു. മുമ്പ് കുപ്രസിദ്ധരായ ചില യുവാക്കൾ പ്രതിവാര വിശുദ്ധ കുർബാന ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചപ്പോൾ, വൈദികരും പ്രൊഫസർമാരും ഏറെ സംശയം പ്രകടിപ്പിച്ചെങ്കിലും അത്തരമൊരു അപേക്ഷ നിരസിക്കാൻ അവർക്ക് സാധിച്ചില്ല.  എന്നാൽ ആദ്യ കുർബാന തന്നെ എല്ലാവരെയും ഞെട്ടിച്ചു. അപ്രതീക്ഷിതമായി വലിയ പങ്കാളിത്തത്തോടെയാണ് ആ പുത്തൻ ജീസസ് യൂത്ത് കോളേജിൽ ആദ്യമായി ഒരു കുർബാന സംഘടിപ്പിച്ചത്.  കാമ്പസ് മീറ്റിൽ ആദ്യമായി ഈ യുവാക്കൾ കുർബാനയുടെ സൗന്ദര്യവും പരിവർത്തന ശക്തിയും അനുഭവിച്ചറിഞ്ഞു എന്നതാണ് ഇതിന് പിന്നിലെ ഒരു വലിയ കാരണം. അന്നു തുടങ്ങിയ വിശുദ്ധ കുർബാന ആഴ്ചതോറും തുടർന്ന്. കോളേജിനെ അത് അടിമുടി മാറ്റിമറിച്ചു; അതോടൊപ്പം മറ്റനേക നൂതന ജീസസ് യൂത്ത് സംരംഭങ്ങളുടെ തുടക്കവുമായി.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)