ജീസസ് യൂത്തിലെ സ്ത്രീ സാന്നിദ്ധ്യം (MJYR092)

 ജീസസ് യൂത്തിലെ സ്ത്രീ സാന്നിദ്ധ്യം 

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

"സ്ത്രീകൾക്ക് തനതായ രീതിയിൽ വളരാൻ പറ്റിയ അന്തരീക്ഷം ഒരുക്കുന്ന ചുരുക്കം ചില കത്തോലിക്കാ വേദികളിൽ ഒന്നാണ് ജീസസ് യൂത്ത്." സിമി പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് എന്ന് ഞാൻ സമ്മതിച്ചു.  പക്ഷേ നമ്മുടെ മുന്നേറ്റം ഇക്കാര്യത്തിൽ ഇനിയും  എത്രയോ മുന്നോട്ടു പോകേണ്ടതുണ്ട്!

ജീസസ് യൂത്തിൽ വിവിധ കാലങ്ങളിലും രാജ്യങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിച്ച പല  സ്ത്രീകളേയും ഞാൻ ഓർത്തു. തങ്ങളുടേതായ രീതിയിൽ, ആളുകളെ യേശുവുമായി ഒരു പുതിയ ബന്ധത്തിലേക്ക് കൊണ്ടുവരുന്ന, കൂട്ടായ്മകളെ  ഒരുമിച്ചു നിർത്തുന്ന, ദൗത്യങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന, സഭയിലും  സമൂഹത്തിലും ജെ-വൈ സാന്നിദ്ധ്യം വളർത്തുന്ന പെണ്ണുങ്ങൾ  പലരുമുണ്ട്.

ഒരു സാമ്പിളായി തെരേസ എന്നോട് പറഞ്ഞത് ഞാൻ സൂചിപ്പിച്ചു,  “ഞാൻ ഒരു വിദ്യാർത്ഥിയായി ജർമ്മനിയിൽ എത്തിയപ്പോൾ എനിക്ക് അവിടെ ആരേയും അറിയില്ലായിരുന്നു.  ആദ്യ ദിവസം തന്നെ മിന്ന ചേച്ചിയുടെ വിളി വന്നു. എന്റെ നമ്പർ ആരോ ചേച്ചിക്ക് കൊടുത്തിരുന്നു. ‘ഞാനൊരു ജീസസ് യൂത്ത് ആണ്, വീട്ടിലേക്ക് വരുന്നോ?’ ഇന്ത്യയിൽ വച്ച് ജെ-വൈയെ എനിക്ക് പരിചയമായിരുന്നു, പക്ഷേ ഈ പുതിയ ഘട്ടത്തിൽ അത് തുടരാൻ എനിക്ക് ഒരു പ്ലാനും ഇല്ലായിരുന്നു. എന്നാൽ ഈ വിളി എല്ലാം മാറ്റിമറിച്ചു. അടുത്ത ദിവസം തന്നെ ഞാൻ അവിടെ ചെന്നു. ചേച്ചിയുടെ വീട് എനിക്ക് സ്വന്ത വീടു പോലെയായി, പലരെയും കണ്ടുമുട്ടാനും ഞങ്ങൾക്കെല്ലാം ജീവിത രൂപീകരണം ലഭിക്കാനും ഒക്കെയുള്ള വേദിയും ആയി."

ആകർഷണീയത സ്വാധീനശക്തി തുടങ്ങിയവയെല്ലാം സ്ത്രീയുടെ ജന്മ വാസനയാണ്. ദൈവരാജ്യം കെട്ടിപ്പടുക്കാൻ അവർ അത് കാര്യക്ഷമമായി  ഉപയോഗിക്കുമ്പോൾ നമുക്കെല്ലാം അത് ഏറെ ആശ്ചര്യകരമാകും. തെരേസ സൂചിപ്പിച്ചപോലെ മിന്നയുടെ വീട് ഏറെ യുവജനങ്ങൾക്ക് കൂട്ടായ്മ വേദിയാണ്. മിക്കവാറും പഠനത്തിനെത്തിയ പ്രവാസികൾ.  വളരുന്ന അഞ്ച് കുട്ടികളും തിരക്കുള്ള ഭർത്താവും ഒക്കെയായി ആ വീട്ടമ്മയുടെ തിരക്ക് ഏറെയാണ്. "ഇതിനെല്ലാം ഇടക്കുകൂടെ വീടുനിറ യെ ഒത്തുചേരുന്ന ഈ യുവാക്കൾക്ക് വെച്ചുവിളമ്പാനും അവർക്ക് മാർഗ്ഗനിർദ്ദേശം കൊടുക്കാനും എങ്ങനെ സാധിക്കുന്നു?" എന്റെ ചോദ്യത്തിനുള്ള അവളുടെ മറുപടി നല്ലൊരു പുഞ്ചിരിയായിരുന്നു.

മറിയത്തിന്റെ ചുറ്റുംകൂടിയാണ്  സഭ രൂപംകൊണ്ടത്

ഒരു നല്ല കുടുംബം കെട്ടിപ്പടുക്കുന്നതിന്  സ്‌നേഹസമ്പന്നയായ സ്‌ത്രീയോ സ്ത്രീ  ഹൃദയമുള്ള പുരുഷനോ അത്യാവശ്യമാണ്. ഒരു കൂട്ടായ്മ രൂപപ്പെടുന്നതും അങ്ങനെ തന്നെ. പാചകം ചെയ്യുന്ന സേവന സന്നദ്ധനായ യേശു അതിന്റെ ഉത്തമ മാതൃകയാണ്. മറിയവും  ധൂർത്തപുത്രന്റെ പിതാവും ഒക്കെ നല്ല പ്രതിഛായകൾ. ജീസസ് യൂത്തിന്റെ ആദ്യകാലം മുതൽതന്നെ കൂട്ടായ്മ കെട്ടിപ്പടുക്കാനും പുതു രീതിയിൽ കാര്യങ്ങൾ കാണാനുമുള്ള സ്ത്രീ സാമർത്ഥ്യം തിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിച്ചു. 

1976-ൽ ഞങ്ങൾ ഒന്നിച്ചു പങ്കെടുത്ത ആദ്യ നവീകരണ സെമിനാറിനിടയിലെ  ആലീസ്കുട്ടിയുമായുള്ള എന്റെ ആദ്യ സംഭാഷണം ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.  അതിനു മുമ്പേ ഒരു കത്തോലിക്കാ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഞാൻ സജീവ അംഗമായിരുന്നു. എന്നാൽ ആ സംഭാഷണവും തുടർന്നുള്ള ഇടപെടലുകളും ഒരു പുതിയ പ്രവർത്തന ശൈലി കണ്ടറിയാൻ എന്നെ സഹായിച്ചു. രണ്ട് വർഷത്തിന് ശേഷം, ആദ്യത്തെ യൂത്ത് ടീം രൂപീകരിച്ചപ്പോൾ, ഞങ്ങൾ അതിൽ  ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. വ്യത്യസ്ത സമീപനങ്ങളോടെ  എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കാം എന്നതിനുള്ള നല്ല പരിശീലനവുമായി തുടർന്നുള്ള നീണ്ട വർഷങ്ങൾ.

സ്ത്രീകളും പുരുഷന്മാരും മിക്കവാറും  ഏറെ വ്യത്യസ്തരായാണ്  ചിന്തയിലും പ്രവർത്തിയിലും. ഒരു പുരുഷന് സ്ത്രീകളുടെ വഴികൾ തികച്ചും വിചിത്രമായി തോന്നും. അതുകൊണ്ടുതന്നെ ഇരുപക്ഷവും വഴങ്ങാൻ മടിക്കുകയും എതിർ പക്ഷത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്താൽ, സമൂഹ നിർമിതി അലങ്കോലപ്പെടുകയും അത് ഏകപക്ഷീയമാവുകയും ചെയ്യും. ഇതിനുള്ള പരിഹാരമോ? മുൻപറഞ്ഞ  ലോകത്തിന്റേതായ സമീപനങ്ങൾ തിരുത്താൻ തയ്യാറായി ശ്രദ്ധയോടെ ശ്രവിച്ച്  ആഴത്തിൽ പങ്കുവച്ച് സ്നേഹ സംഭാഷണത്തിലൂടെ ഉപാധികളില്ലാതെ പരസ്പര സ്വീകാര്യത വളർത്തുന്ന എളിയ വഴികൾ പഠിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇത് തീർച്ചയായും പക്വമായ തീരുമാനങ്ങളെടുത്ത്  ഒരുമിച്ച് പ്രവർത്തിക്കുന്ന പുതു പന്ഥാവിലേയ്ക് കുടുംബങ്ങളെയും കൂട്ടായ്മകളെയും വളർത്തുകയും ചെയ്യും.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ശൈലികൾ രൂപപ്പെട്ട ഫസ്റ്റ് ലൈൻ ഗ്രൂപ്പിനെ ഇവിടെ ഓർക്കേണ്ടതുണ്ട്. വർഷങ്ങളോളം ഒത്തുചേരുമായിരുന്ന ആ കൂട്ടായ്മയിൽ  ഞങ്ങളുടെ ആദ്യകാല തീരുമാനങ്ങളിൽ ഒന്ന് ഇതായിരുന്നു, ഞങ്ങളുടെ പ്രതിമാസ വാരാന്ത്യ മീറ്റിംഗുകളിൽ ക്ളാസുകളും പരിശീലനവും നടത്തേണ്ടതില്ല. പകരം പരസ്പരം  പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിൽ വളരുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കണം. അവിടെയാണ് ഞങ്ങളിൽ പലരും പരസ്പരം സംസാരിക്കാനും കേൾക്കാനും പഠിച്ചത്. ഒരുപക്ഷേ അത്തരം ഒരു ക്രമീകരണത്തിൽ മാത്രമേ സ്ത്രീകൾക്ക് ഉണരാനും വളരാനും പറ്റുകയുള്ളൂ. എന്നാൽ നിർഭാഗ്യവശാൽ, മിക്ക പുരുഷന്മാർക്കും "ഈ അർത്ഥശൂന്യമായ സംസാരം കേട്ടിരിക്കാൻ" ക്ഷമയുണ്ടാകില്ല. ആണുങ്ങൾക്ക് ഉത്സാഹം കാര്യക്ഷമമായ പ്രവർത്തനത്തിനാണ്. അവർ ഉടൻ പ്ലാനുകൾ ഇടാനും അതിനുള്ള ചർച്ചകൾ നടത്താനും ആരംഭിക്കും.  അതിശയകരമെന്നു പറയട്ടെ, ഫസ്റ്റ് ലൈൻ ഗ്രൂപ്പ് നമ്മുടെ മുന്നേറ്റം കെട്ടിപ്പടുക്കുന്നതിനുള്ള സ്ത്രീ സമീപനം പലരെയും പഠിപ്പിച്ചു.

മരിയൻ ശൈലികളും ജീസസ് യൂത്ത് വളർച്ചയും

സ്ത്രീകളിൽ അനുഗ്രഹീതയായ മറിയത്തിന്റെ രീതികൾ എന്തെല്ലാമായിരുന്നു? അവ ചിരിച്ചറിയുന്നത് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തനിമ കണ്ടെത്താനും ആ വഴിയേ മുന്നേറാനും ഏറെ സഹായകരമാകും.

വ്യക്തികളെ ഹൃദയത്തിൽ സൂക്ഷിക്കുക: മറിയം എല്ലാ കാര്യങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു (ലൂക്കാ 2:19). സ്ത്രീകൾ പലതും മറക്കില്ല, പ്രത്യേകിച്ച് വ്യക്തികളേയും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളേയും. ചിലർ അത്തരം ഓർമ്മകൾ ഏറ്റുമുട്ടാനായി ഉപയോഗിച്ചേക്കാം.  എന്നാൽ നന്നായി ഉപയോഗിച്ചാൽ, അത് വിശ്വാസ ദൃഢതയ്ക്കും ആഴമുള്ള സ്നേഹത്തിൽ വളരുന്നതിനും ഏറെ സഹായകമാകും.

ഉള്ളുതുറന്ന് സംസാരിക്കുക: ഉള്ളിൽ ഉദിച്ച ചോദ്യങ്ങൾ മാലാഖയോടും യേശുവിനോടും ഒക്കെ  ചോദിക്കാൻ മറിയം മടിച്ചില്ല. ഒന്നിച്ചുകൂടുമ്പോൾ സ്ത്രീകളുടെ പരാമശങ്ങൾ പുരുഷന്മാർക്ക് പലപ്പോഴും അപ്രസക്തം എന്നു തോന്നുകയും അവരെ പൊതുവേ അവഗണിക്കുകയും ചെയ്യാറുണ്ട്. അവർ സംസാരിക്കുകയും  മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും വേണം. ഇതിലൂടെ ആരംഭിക്കുന്ന ആഴത്തിലുള്ള പങ്കാളിത്തം ഒരു മനസ്സോടെ ആത്മാവിന്റെ വഴികൾ വിവേചിച്ചറിയുന്നതിന് ഏറെ സഹായിക്കും.

സന്ദർശനങ്ങൾ: ഏലീശ്വായുടെ ഭവനത്തിലെത്തിയ മറിയത്തിന്റെ രീതി ഏതാണ്ടെല്ലാ സ്ത്രീകളുടെയും സ്വന്ത ശൈലിയാണ്. പ്രത്യേകിച്ച് ആവശ്യത്തിൽ ആയിരിക്കുന്നവരുടെ അടുത്തേയ്ക്ക് കടന്നു ചെല്ലുമ്പോഴാണ് ബന്ധങ്ങൾ വളരുന്നതും കൂട്ടായ്മ രൂപപ്പെടുന്നതും.

സ്വയം ചെറുതെന്ന് കരുതുക:  മറ്റുള്ളവർക്ക് പ്രാധാന്യം കൊടുത്ത് അവരുടെ സന്തോഷം ഉറപ്പുവരുത്തുന്നതാണ് സ്ത്രീത്വത്തിന്റെ ഉദാത്തമായ എളിയ മനോഭാവം.  നമ്മുടെ നേതാക്കൾക്കും സ്ത്രീകളെപ്പോലെ ‘അപ്രത്യക്ഷരാകാൻ' കഴിഞ്ഞിരുന്നെങ്കിൽ! വ്യത്യസ്‌തരായ ആളുകളെ അവർ ആയിരിക്കുന്ന അവസ്ഥകളിൽ സ്വീകരിച്ച്, അവരുടെ വളർച്ചയിൽ താല്പര്യമെടുത്ത്, അവരുടെ നേട്ടങ്ങൾ നമുക്ക് ആഘോഷിക്കാനാകുന്നതാണ് ഈ ചെറുതാകൽ.

സഹായതിനെത്തുന്ന കണ്ണുകളും കരങ്ങളും: ചെറിയ കാര്യങ്ങൾ കാണുന്നതും വിശദാംശങ്ങളിൽ ശ്രദ്ധിക്കുന്നതും സ്ത്രീത്വ ശക്തിയാണ്.  മറ്റുള്ളവർ 'പരിഭ്രാന്തരും നിസ്സഹായരും' ആകുമ്പോൾ (മത്താ. 9:36) ആ കണ്ണുകൾ അത് പെട്ടെന്ന് കാണും.  ആ ശ്രദ്ധ കാനായിലെ വിരുന്നിനിടയിലേതു  പോലെ സേവന സംരംഭങ്ങൾക്ക് തുടക്കമാകുകയും ചെയ്യും.

എല്ലാവര്ക്കും ഒപ്പം ഒരു കുടുംബമായി: ഏറെ വ്യത്യസ്തരായവർ ഒരു ഭവനത്തിലെന്നപോലെ  ഒരുമിച്ച് ഓരോരുത്തർക്കും ആഴത്തിൽ ഭാഗഭാഗിത്വം അനുഭവിക്കാൻ ആവുന്നതാണ് ഒരു നല്ല  കൂട്ടായ്മ. സ്നേഹവും സൗമ്യതയും നിറയുന്ന ഒരു കരവിയരുത് ഉണ്ടെങ്കിൽ മാത്രമേ ഈ അത്ഭുതം സാധ്യമാകൂ. ഇന്ന് എവിടെയും ഏറ്റവും ആവശ്യമായിരിക്കുന്നതും ഇതുതന്നെയല്ലേ?

കുരിശിനടുത്തും അതിനപ്പുറവും: ധൈര്യശാലികളായ പുരുഷന്മാരൊക്കെ ഓടിയൊളിച്ചപ്പോൾ കാൽവരി വരെ അനുഗമിക്കാൻ കുറെ സ്ത്രീകളാണ് ഉണ്ടായിരുന്നത്. വലുതും അപ്രതീക്ഷിതവുമായ മാറ്റങ്ങളാണല്ലോ വലിയ സഹനങ്ങൾ. വ്യക്തികളുടെയും കൂട്ടായ്മയുടെയും വലിയ മാറ്റങ്ങളുടെ വഴിത്തിരിവിൽ സ്ത്രീ സാന്നിദ്ധ്യം ഏറെ പ്രധാനമാണ്.   അങ്ങനെ "ഈ ലോകത്തിന്റെ രുപഭാവങ്ങൾ മാറിമറിയുമ്പോൾ" സ്നേഹം മാത്രം മുറുകെപ്പിടിക്കുന്ന സ്ത്രീയുടെ ധൈര്യം ഏറെ പ്രധാനമാകും.

സ്ത്രീകൾ മുന്നിലേയ്ക്കു വരേണ്ടതുണ്ട്, ഒപ്പം പെൺവഴികളും  

പുരുഷന്മാർക്ക് ദൂരങ്ങൾ താണ്ടാനാകും, സ്ത്രീകൾക്ക് ആഴങ്ങളും.  ബെനഡിക്ട് പതിനാറാമൻ പാപ്പാ മരിയൻ ധ്യാനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “നമ്മുടെ പ്രവർത്തനാധിഷ്‌ഠിത, പുരുഷന്റെ രീതികൾക്ക് മാത്രം ഊന്നൽ നൽകുന്ന,   പാശ്ചാത്യ ക്രിസ്തീയതയിൽ, വിചിന്തനത്തിന്റെ സമീപനം ഏറെ അവഗണിക്കപ്പെടുന്നു. . . പ്രഥമത പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ നാം ക്രിസ്തുമതത്തെ അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യൂന്നു." കുറെ ബാഹ്യ പ്രവർത്തനങ്ങളുടെ കെണിയിൽ വീഴുക എന്ന  അപകടം നമ്മുടെ മുന്നേറ്റത്തിനും ഉണ്ട്. "ആയിരിക്കുന്നതിനു പകരം ചെയ്തു കൂട്ടുക." ആഴമുള്ള  ആന്തരികതയും സ്നേഹസമൂഹത്തിലെ ഭാഗഭാഗിത്വവും മറന്ന് പാഞ്ഞുനടക്കുക. ഇവിടെയാണ് കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരേണ്ടതിന്റെയും അവരുടെ പ്രത്യേക വരങ്ങളും ഇഷ്‌ടങ്ങളും തിരിച്ചറിഞ്ഞു ജീസസ് യൂത്തിനെ സ്നേഹത്തിന്റെയും സേവനത്തിന്റെയും കൂട്ടായ്മയുടെയും ഇടമാക്കേണ്ടതിന്റെയും ആവശ്യകത. പരിശുദ്ധാത്മാവ്  ആദ്യം മുതലേ ഈ പെൺവഴികളിൽ  മുന്നേറ്റത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നേതൃത്വവും കൂട്ടായ്മകളും ഒരിക്കൽ കൂടെ പരിചയം പുതുക്കി ആ വഴികളിൽ ചരിക്കേണ്ടതാണ് ഇന്നത്തെ പ്രധാന ആവശ്യം.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)