ഇതാ പുതിയ മഹാമാരി! എന്നാൽ അതിനുള്ള മറുമരുന്ന് ജീസസ് യൂത്തിനുണ്ട് (MJYR091)
ഇതാ പുതിയ മഹാമാരി! എന്നാൽ അതിനുള്ള മറുമരുന്ന് ജീസസ് യൂത്തിനുണ്ട്
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയോ? അമേരിക്കയുടെ സർജൻ ജനറലിന്റെ പ്രഖ്യാപനം അടുത്തിടെയാണ് വന്നത്. ഉടൻ തന്നെ എല്ലാ മാധ്യമങ്ങളും അത് ഏറ്റെടുത്തു. പത്രങ്ങളും വാർത്താ പോർട്ടലുകളും അവരുടെ പ്രധാന വാർത്തയാക്കുകയും ചെയ്തു. ഏകാന്തതയും ഒറ്റപ്പെടലും മനുഷ്യരെ അടിപ്പെടുത്തുന്നു. ഈ രോഗം വ്യാപകമാണ്, അത് മാരകമായേക്കാം.
അമേരിക്കൻ സർക്കാരിന്റെ ആരോഗ്യവിഭാഗം മേധാവി ഡോ. വിവേക് മൂർത്തി 81 പേജുള്ള രേഖ പുറത്തിറക്കിക്കൊണ്ട് പറഞ്ഞത് "സമൂഹത്തിൽ, 58% ആളുകളും തങ്ങൾ ഉപേക്ഷിക്കപ്പെട്ടരാണ് എന്ന തോന്നലിലാണ്". മതിയായ സ്ഥിതിവിവരക്കണക്കുകളുടെയും ഗവേഷണ കണ്ടെത്തലുകളുടെയും പിന്തുണയോടെയാണ് അദ്ദേഹം ഇന്നത്തെ സ്ഥിതിഗതിയുടെ ഗൗരവം അവതരിപ്പിക്കുന്നത്. “ഇപ്പറയുന്ന ഏകാന്തത ഒരു മോശം തോന്നൽ മാത്രമല്ല. വ്യക്തികളുടെയും സാമൂഹത്തിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണത്. ഇത് ഹൃദയരോഗം, ഡിമെൻഷ്യ, സ്ട്രോക്ക്, വിഷാദം, ഉത്കണ്ഠ, അകാല മരണം എന്നിവയ്ക്കെല്ലാം വഴിവെയ്ക്കുന്നതാണ്." ഒരു ചോദ്യം: കൊവിഡോ മറ്റ് പകർച്ചവ്യാധികളോ പോലെ ഇത് മരണ കാരണമാകുമോ? അതെ എന്നാണു അദ്ദേഹം പറയുന്നത്. "ഏകാന്തത വരുത്തിവയ്ക്കുന്ന മരണത്തിന്റെ നിരക്ക് ഒരു ദിവസം 15 സിഗരറ്റുകൾ വലിക്കുന്നതിലൂടെ ഉണ്ടാകുന്നതിന് സമാനമാണ്, അത് അമിതവണ്ണമോ ശാരീരിക നിഷ്ക്രിയത്വമോ മൂലം ഉണ്ടാകുന്ന മരണത്തെക്കാൾ അധികവുമാണ്." എന്തിനധികം, അതിന്റെ ദോഷ ഫലങ്ങൾ സമൂഹത്തെയാകെ ബാധിക്കാൻ പോകുന്നു. സാമൂഹിക ബന്ധത്തിന്റെ അഭാവം "നമ്മുടെ സ്‌കൂളുകൾ, ജോലിസ്ഥലങ്ങൾ, പൊതു സംവിധാനങ്ങൾ എന്നിവയുടെയെല്ലാം കാര്യക്ഷമത, ഉൽപ്പാദനം, ബന്ധങ്ങൾ എന്നിവയെ സാരമായി ബാധിക്കും."ഇതിന്റെ മറുമരുന്ന് - അടുത്ത ബന്ധങ്ങൾ
ഡോ മൂർത്തി എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ആ രേഖയിൽ വിശദമാക്കുന്നുണ്ട്. ഇതിന്റെ പരിഹാരം, സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഏകാന്തതയും ഒറ്റപ്പെടലും തീർച്ചയായും വ്യക്തിയിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, എന്നാൽ അതിനു പരിഹാരമാകേണ്ട ഏറെ എളുപ്പമുള്ള മറുമരുന്ന് മിക്കവരുടെയും കണ്ണിൽ പെടാതെപോകുന്നു: അതായത് സാമൂഹ്യ ബന്ധങ്ങൾ. ഏകാന്തതയ്ക്കുള്ള പ്രതിവിധി അടുത്ത സൗഹൃദം തന്നെ. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, 2021-ൽ, 49% പേർ തങ്ങൾക്ക് മൂന്നിൽ താഴെ സുഹൃത്തുക്കൾ മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിച്ചു. മറിച്ച്, പല പഠനങ്ങളും കാണിക്കുന്ന ഒരു നല്ലകാര്യം സുഹൃത്തുക്കളുള്ളവരും അവരുമായി അടുത്ത് ഇടപഴകുന്നവരും തീർച്ചയായും ആരോഗ്യമുള്ളവരും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കാലം ജീവിക്കുന്നവരും ആകുന്നു എന്നതാണ്. ഹൃദ്രോഗം, പക്ഷാഘാതം, ഡിമെൻഷ്യ, വിഷാദം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ നല്ല ബന്ധങ്ങൾ ഉപകരിക്കുമത്രേ.
ഇത് ഈ പ്രമുഖ ഡോക്ടർ പറയുന്നത് മാത്രമല്ല. സമീപകാലത്ത്, മനഃശാസ്ത്രം, മെഡിസിൻ, സോഷ്യോളജി, തത്വശാസ്ത്രം തുടങ്ങി വിവിധ വിജ്ഞാന മേഖലകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു: നിറവോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ, നമുക്ക് അടുത്ത ബന്ധങ്ങൾ ആവശ്യമാണ്. മറ്റൊരു കാര്യവും നമുക്കോർക്കാം, നമ്മുടെ വിശ്വാസവും ഇതിലേയ്ക്ക് തന്നെയെല്ലേ വിരൽ ചൂണ്ടുന്നത്, “മനുഷ്യനെ സ്നേഹത്തിൽ സൃഷ്ടിച്ച ദൈവം സ്നേഹിക്കാനായി അവനെ വിളിക്കുന്നു - അതാണ് ഓരോരുത്തരുടെയും അടിസ്ഥാനപരവും സഹജവുമായ വിളി. എന്തെന്നാൽ, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹം തന്നെയായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്.” (കത്തോ. വേദോ. 1604) സ്നേഹിക്കാൻ മറന്നാൽ നമ്മൾ രോഗഗ്രസ്ഥരാകുന്നതിൽ അതിശയിക്കാനില്ല. മറുവശത്ത്, നല്ല ബന്ധങ്ങൾ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സുഖപ്പെടുത്തുകയും ചെയ്യും.
ഡോ. മൂർത്തിയുടെ മുൻപറഞ്ഞ സൂചന വ്യാപകമായ ചർച്ചയ്ക്ക് കാരണമായി. എന്നാൽ എന്റെ ചിന്ത ഇതായിരുന്നു, ദൈവത്തിന് നന്ദി! യേശുവിന്റെ ഈ കാതലായ കൽപ്പന എങ്ങനെ ജീവിതത്തിൽ പകർത്താമെന്ന് ജീസസ് യൂത്ത് മുന്നേറ്റത്തെ ദൈവാദ്ധാത്മാവ് പഠിപ്പിച്ചു. മുന്നേറ്റ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ ഔഷധം നന്നായി സേവിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ വികസിപ്പിക്കാൻ നമ്മെ സഹായിക്കുകയും ചെയ്തു.
പരിപാടികളിൽ നിന്ന് ജീവിതശൈലിയിലേയ്യ് ഒരു മാറ്റം വേണ്ടേ?
സമൂഹ ജീവിതത്തിൽ ഇന്ന് പിരിമുറുക്കം വർദ്ധിച്ചിരിക്കുന്നു. തിര ക്ക് ഏറെ ഉള്ളവരെ പോലും ഏകാന്തത വേട്ടയാടുന്നു. പലരും ആൾക്കൂട്ടത്തിൽ തനിയെയാണ്. സ്നേഹകൂട്ടായ്മയുടെ മാതൃകയാക്കേണ്ട സഭാസമൂഹത്തിലും കാര്യങ്ങൾ വ്യത്യസ്ഥമല്ലല്ലോ. ജീസസ് യൂത്തിലോ? അനേകർ ഇവിടെയും വിഷാദമൂകർ തന്നെ. ഊഷ്മളതയും സന്തോഷവും കൈവിട്ട് നമ്മളൊക്കെ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നവരും ചട്ടപ്പടി മുന്നേറുന്ന യന്ത്രങ്ങളും ഒക്കെ ആയിത്തീരുന്നു. യേശു പറഞ്ഞുവച്ച ആത്മാവു നയിക്കുന്ന ജീവിതശൈലിയിൽ നിന്ന് ഏറെ അകലെ ആകുകയും ചെയ്യുന്നു.
വീണ്ടും ഒരു പുനർ വിചിന്തനത്തിനും വഴിമാറ്റത്തിനും സമയമായോ? അങ്ങനെയെങ്കിൽ, ഏകാന്തതയ്ക്കു മറുമരുന്നായി സ്വന്ത ജീവിതത്തിൽ ഉണ്ടാകണമെന്ന് ജീസസ് യൂത്ത് നിബ്ബന്ധം പിടിക്കേണ്ട പ്രധാന ശീലങ്ങൾ എന്തൊക്കെയാണ്?
1. സ്വകാര്യ സമയം: ഇത് ഏകാന്തതയല്ല, മറിച്ച് മനഃപൂർവ്വം തനിയെ സമയം കണ്ടെത്തലാണ്. എറിക് ഫ്രോമിന്റെ വാക്കുകൾ എനിക്കിഷ്ടമാണ്, "വിരോധാഭാസമെന്നു പറയട്ടെ, തനിച്ചായിരിക്കാൻ കഴിയുക എന്നത് സ്നേഹിക്കാൻ സാധിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ്." ഒരു ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം ഈ സമയം സ്വസ്ഥമാകാനും സ്വന്ത ജീവിതം, ചിന്തകൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വിചിന്തനം ചെയ്യാനും എന്നിൽ വസിക്കുന്ന ത്രിയേക ദൈവവുമായി ബന്ധപ്പെടാനും വേണ്ടിയുള്ളതാണ്.
2. ഒരു സുഹൃദ് ഗണത്തിന്റെ ഭാഗമാക്കുക. 1985-ലെ കോൺഫറൻസിനായി തയ്യാറെടുക്കുമ്പോൾ, ഞങ്ങൾ സ്വപ്നം കണ്ടത് ഓരോരുത്തരും ഒരു സെല്ലിന്റെ ഭാഗമാകണമെന്നും മുന്നേറ്റം അത്തരം സെല്ലുകളുടെ ഒരു ശൃംഖലയായിരിക്കുമെന്നും ഒക്കെയാണ്. അതത്രത്ര എളുപ്പമല്ല. എങ്കിലും ഒരു നല്ല ജെ-വൈ, സ്നേഹ വലയങ്ങൾ തീർക്കുന്നവനും സജീവമായി കൂട്ടായ്മയുടെ ഭാഗമാകേണ്ടവനും ആണ്.
3. വ്യക്തിപരമായ സഹയാത്ര: യുവാക്കൾക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശുപാർശ ഇതാണ്, ജീവിതത്തിൽ അടുപ്പമുള്ള സഹയാത്രികർ ഉണ്ടാകുക. നമ്മൾ അതിനെ എൽഡറിംഗ്, പാസ്റ്ററിംഗ്, എമ്മാവൂസ്-യാത്ര എന്നൊക്ക വിളിച്ചു. അത്തരമൊരു ബന്ധവും നല്ല പിന്തുണയും ജീവിതത്തിൽ വലിയ ചലനം വരുത്തും.
4. കഴിവുകൾ കണ്ടെത്തി ദൗത്യ പ്രതിബദ്ധത്തിൽ വളരുക: ഒരു പ്രധാന ജെ-വൈ ചിന്ത, ആത്മീയ യാത്ര ജീവനുള്ളതാകാൻ ഒരാൾ സ്വയ-അവബോധത്തിൽ മുന്നേറണം. അങ്ങനെ, ഞാൻ വ്യത്യസ്തനാണെന്നും എനിക്ക് പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്നും അംഗീകരിക്കാൻ ഞാൻ പഠിക്കുന്നു. സാവധാനം, ഈ ലോകത്ത് പ്രത്യേകമായ എന്തെങ്കിലും ചെയ്യാൻ ദൈവം എന്നെ സൃഷ്ടിക്കുകയും വിളിക്കുകയും ചെയ്തിരിക്കുന്നു എന്ന ബോധ്യം വളരുകയും ചെയ്യുന്നു.
5. സഭാജീവിത പങ്കാളിത്തം: ഈ ഡോക്‌ടർ ചൂണ്ടിക്കാണിക്കുന്ന ഒരു വലിയ പ്രശ്‌നം, ഏറെ ആളുകൾ ഇന്ന് സഭയിൽ നിന്നും മറ്റ് മതവിഭാഗങ്ങളിൽ നിന്നും വിട്ടുപോകുന്നു എന്നതാണ്. ജീസസ് യൂത്തിൽ, ഇടവക ജീവിതത്തിൽ സജീവമായിത്തീരാൻ ഏറെ പ്രോത്സാഹനം നൽകാറുണ്ട്. അങ്ങനെ, വ്യക്തികളെ വേരൂന്നി ശാഖപടർത്തി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
6. സേവനം: കൊടുക്കുന്നതിന്റെയും സേവനം നൽകുന്നതിന്റെയും സന്തോഷം ആളുകളെ പഠിപ്പിക്കുക എന്നത് ജീസസ് യൂ ത്തിൽ പ്രധാനപ്പെട്ടതാണ്. ഏകാന്തതയെ ചെറുക്കാനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഇത്രയും പറ്റിയ വേറെ മാർഗ്ഗവുമില്ല.
ജോൺ പോൾ രണ്ടാമന്റെ പ്രാവചകതുല്യ വചനങ്ങൾ നാമോർക്കണം. “ദൈവത്തിന്റെ പദ്ധതിയോട് വിശ്വസ്തരായിരിക്കാനും ലോകത്തിന്റെ അഭിവാഞ്ഛകളോട് പ്രതികരിക്കാനും നാം ആഗ്രഹിക്കുന്നെങ്കിൽ, ഇപ്പോൾ ആരംഭിക്കുന്ന സഹസ്രാബ്ദത്തിൽ നാം നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ഇതാണ്: സഭയെ കൂട്ടായ്മയുടെ ഭവനവും വിദ്യാലയവുമാക്കുക” (മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക്, 43.)
Comments
Post a Comment