ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത് (MJYR090)
ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത്
- അതല്ലേ ജീസസ് യൂത്തിന്റെ സുന്ദരപാത?
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
കഴിഞ്ഞ ആഴ്‌ച അസാധാരണമായ ഒരു ധ്യാനം നടക്കുന്നത് കാണാൻ ഇടയായി. "റേച്ചൽസ് വിനിയാർഡ്" എന്ന ഒരു പ്രസ്ഥാനമായിരുന്നു അതിന്റെ സംഘാടകർ. ഈ ആഗോള മുന്നേറ്റത്തിന്റെ ശുശ്രൂഷാ ദൗത്യ൦ ഇതാണ്, "ഗർഭച്ഛിദ്രത്താൽ തകർന്ന ഹൃദയങ്ങളെ നവീകരിക്കാനും പുനർനിർമ്മിക്കാനും വീണ്ടെടുക്കാനും". ഒരു വൈദികനും സെമിനാരിക്കാരനും ഏതാനും സ്ത്രീപുരുഷന്മാരും അടങ്ങുന്ന ഒരു ടീമാണ് എല്ലാം ഒരുക്കിയത്. അവരിൽ ചിലർ സ്ഥലമൊരുക്കാൻ നേരത്തെ തന്നെ എത്തി. മീറ്റിംഗ് ഹാളും ഭക്ഷണ മുറിയും പള്ളിയും പരിസരവും എല്ലാം അവർ തയ്യാറാക്കിയ രീതി ഞങ്ങളെയെല്ലാം ഏറെ അത്ഭുതപ്പെടുത്തി. മികച്ച പരവതാനികൾ, പൂക്കൾ, മനോഹരമായ ചിത്രങ്ങൾ, അങ്ങനെ മറ്റു പലതും ഏറെ ശ്രദ്ധയോടെ അവർ ക്രമീകരിച്ചു. പ്രകടമായ ഈ സ്നേഹത്തിനു പിന്നിലെ അനുകമ്പയും കരുതലും ഏറെ വ്യക്തമായിരുന്നു.
അതിന്റെയെല്ലാം തുടർച്ചയായിരുന്നു ധ്യാന ദിവസങ്ങൾ. അതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നിരവധി ഗർഭച്ഛിദ്രങ്ങളുടെ പിടിച്ചുകുലുക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയവരായിരുന്നു. അവരെ യേശുവിന്റെ സൗഖ്യദായക സ്നേഹവുമായി ബന്ധപ്പെടുത്തുന്ന രീതികൾ എടുത്തു പറയേണ്ടതുതന്നെ. ഏറെ കരുതലോടും ശ്രദ്ധയോടും കൂടെ അവർ എല്ലാം ഒരുക്കി. പുഞ്ചിരിക്കുന്ന മുഖങ്ങളും, ദയയൂറുന്ന വാക്കുകളും, സർഗ്ഗാത്മകത നിറയുന്ന സജ്ജീകരണങ്ങളും, മദ്ധ്യസ്ഥതയിൽ ചെലവഴിച്ച സമയവും എല്ലാം ഹൃദയസ്പർശിയായ അവരുടെ സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു.“ഇത്ര ഭംഗിയായി നിങ്ങൾ എല്ലാം ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്,” അവരിൽ ഒരാളോട് ഞാൻ സൂചിപ്പിച്ചു. “ഇവരെല്ലാം ജീവിതത്തിൽ വളരെയധികം വേദനയും തിരസ്‌കരണവും അനുഭവിച്ചവരാണ്. നിരുപാധികമായി സ്നേഹവും അംഗീകാരവും അവർക്ക് അനുഭവേദ്യമാകാൻ നമ്മളാൽ ആവുന്നതെല്ലാം നാം ചെയ്യേണ്ടേ?" ഏറെ ആത്മാർത്ഥത നിറയുന്നതായിരുന്നു ആ സ്ത്രീയുടെ പ്രതികരണം.
ദൈവം കല്പിക്കുന്നതും നമ്മൾ ആഗ്രഹിക്കുന്നതും
ആ നല്ല മനുഷ്യർ തങ്ങളുടെ ആഴമുള്ള സ്നേഹം നൽകി ആ കുത്തഴിഞ്ഞ ജീവിതങ്ങളെ മാറ്റി മറിക്കുന്നത് കണ്ടപ്പോൾ യേശുവിന്റെ പ്രവർത്തന ശൈലി മനസ്സിൽ ഓടിയെത്തി. യേശുവിന്റെ അഗാധ സ്നേഹത്തിലൂടെ പിതാവിന്റെ സ്നേഹരൂപം കാണാനും അനുഭവിക്കാനും ശിഷ്യന്മാർക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ അവർ “കേട്ടതും കണ്ണുകൊണ്ട് കണ്ടതും കൈകൊണ്ട് സ്പർശിച്ചതും” ആയ വലിയ സ്നേഹത്തെക്കുറിച്ച് എഴുതാൻ യോഹന്നാന് ഒരു പ്രയാസവും ഉണ്ടായില്ല.
അതിനാൽ തന്നെ യേശുവിന്റെ ശൈലിയിൽ നിന്ന് ശിഷ്യന്മാർ പകർത്തിയ ഏറ്റം പ്രധാന ഗുണപാഠം സുന്ദരമായ സ്നേഹപ്രകടനമായിരുന്നു. അപ്പസ്തോല പ്രവർത്തികൾ കവിഞ്ഞൊഴുകുന്ന ഈ സ്നേഹത്തിന്റെ അനേക ചിത്രങ്ങൾ നമുക്കു മുൻപിൽ തെളിവോടെ അവതരിപ്പിക്കുന്നു. ശിഷ്യരുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ളവർ അത് കണ്ട് തീർച്ചയായും അമ്പരന്നുകാണും. ആദ്യകാല എഴുത്തുകാരനായ തെർത്തുല്യൻ അത് വിവരിക്കുന്നുണ്ട്, “ഏറെ ഉദാത്തമായ നമ്മുടെ സ്നേഹ പ്രവർത്തികളാണ് പ്രധാനമായും പലരുടെയും ദൃഷ്ടിയിൽ നമ്മെ തിരിച്ചറിയുന്നതിനുള്ള അടയാളമായി മാറുന്നത്. ‘അവർ പരസ്‌പരം സ്‌നേഹിക്കുന്നതെങ്ങനെയെന്ന് നോക്കൂ,’ എന്നാണ് അവർ പറയുന്നത്” (ദ അപ്പോളോജി, 39).
അടുത്തോരു സുഹൃത്തിന്റ സ്നേഹപൂർവമായ ക്ഷണമാണെന്ന് തങ്ങളെ ജീസസ് യൂത്തിലേക്കെത്തിച്ചത് എന്ന് യുവാക്കൾ പറയുന്നത് പലതവണ കേട്ടിട്ടുണ്ട്. അതിലുമുപരി, ജീസസ് യൂത്ത് ഗ്രൂപ്പുകളിൽ അവർ ഇഷ്ടപ്പെടുന്നത്, ആ ഗ്രൂപ്പുകളിൽ കരുതലും പങ്കിവയ്ക്കലും നിറയുന്ന സ്നേഹമുണ്ട് എന്നതാണ്.
ഈ സ്നേഹം ഇല്ലാതാക്കുന്നത് എന്താണ്?
വഴിതെറ്റിയവരെ കണ്ടെത്തി കുറ്റം പറയാനും അവരെ അകറ്റി നിർത്താനുമുള്ള കാര്യക്ഷമമായ ഒരു മാർഗമായി ആദ്ധ്യാത്മികതയെ മാറ്റാൻ നമുക്ക് സാധിക്കും. അതുവഴി ഒരു കൂട്ടായ്മയിൽ ഉള്ളവർക്ക് ഒരു മനസുഖം ലഭിക്കും. യേശു തന്റെ കാലത്തെ മതനേതാക്കളെ ഈ വിധത്തിൽ കണ്ടു, അവരെ ശകാരിക്കുകയും ചെയ്തു. ചിലപ്പോൾ നമ്മളും ആ ഗണത്തിൽ പെടാറുണ്ടോ?
ഹൃദയശൂന്യമായ ഉരുവിടലുകളും , പതിവ് പ്രാർത്ഥനകളും, കുറേ ക്ലീഷേ ആചാരങ്ങളും, പിന്നെ കർക്കശമായ ഒരു ജീവിത ക്രമവും എല്ലാം ഒത്തുചേർന്നാൽ മത ജീവിതം പൂർണമായി എന്ന ചിന്ത അഗാധമായ സ്നേഹത്തിനായുള്ള ദൈവത്തിന്റെ പദ്ധതിയെ നശിപ്പിക്കും. തീർച്ചയായും, നമ്മുടെ ജീവിതശൈലി പുനഃപരിശോധിക്കുകയും അതിൽ മാറ്റം വരുത്തുകയും വേണം. ആവശ്യക്കാരുടെ സഹായത്തിനെത്തുന്ന നമ്മുടെ ക്രൈസ്തവശുശ്രൂഷയിൽ, സ്നേഹത്തിന്റെ കാതലായ വിഷയം നാം മറന്നു പോകുന്നുണ്ടോ?
യേശു ഏറ്റെടുത്ത വെല്ലുവിളി 'അത്ര ശരിയല്ലാത്തവരുടെ' അടുത്തേക്ക് പോകാനായിരുന്നു. "ജനക്കൂട്ടത്തെ കണ്ടപ്പോൾ അവന് അവരോട് അനുകമ്പ തോന്നി, കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു." (മത്തായി 9:36) നമ്മുടെ ദൗത്യവും അതുതന്നെയാണ്.
ഹൃദയാദ്ര സ്നേഹത്തിന്റെ നവീകരണം
കേരള നവീകരണ മുന്നേറ്റം 1978-ൽ എറണാകുളത്ത് ഒരു വലിയ രോഗശാന്തി ശുശ്രൂഷ സംഘടിപ്പിച്ചു. ക്രിസ്തീയ സൗഖ്യത്തെപ്പറ്റി അമേരിക്കയിൽ നിന്നുള്ള ഒരു ടീം ഇന്ത്യയിലെ മെത്രാന്മാര്ക്കും വൈദികർക്കുമായി ആലുവയിൽ വച്ച് നടത്തിയ ഒരു പരിശീലനത്തിന്റെ തുടർച്ചയായിരുന്നു അത്. ഞാൻ അന്ന് കോളേജിൽ പഠിക്കുന്നു. ആ ഗ്രൂപ്പ് നയിച്ച പ്രശസ്തനായ വൈദികനെ അടുത്തുനിന്ന് സഹായിക്കലായിരുന്നു അന്നത്തെ എന്റെ ദൗത്യം. മറൈൻ ഡ്രൈവ് വേദിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. രോഗശാന്തി ശുശ്രൂഷ അവസാനിച്ചപ്പോൾ ജനങ്ങൾ പ്രാർത്ഥനയ്ക്കായി അദ്ദേഹത്തിന്റെ അടുത്തേക്ക് ഒഴുകാൻ തുടങ്ങി. സഹായിയായി അടുത്തുതന്നെ ഞാനുണ്ട്. നീണ്ടസമയം ഒരു മടിയും കൂടാതെ അദ്ദേഹം ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കുറേ കഴിഞ്ഞപ്പോൾ സംഘാടകർ അസ്വസ്ഥരായി. ഞങ്ങളെ താമസസ്ഥലത്ത് എത്തിക്കണം. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു, “എന്റെ ഹൃദയം ഈ ആളുകളിലേക്ക് ഒഴുകുന്നത് പോലെ എനിക്ക് തോന്നുന്നു, കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാൻ രാത്രി മുഴുവൻ ഇവിടെ ആയിരിക്കാനാണ് എന്റെ ആഗ്രഹം. യേശുവിന് തോന്നിയതും അങ്ങനെ ആയിരിക്കെല്ലേ?”
ഒരു ആശയമെന്ന നിലയിൽ സ്നേഹം നമുക്ക് സുപരിചിതമാണ്, അതിനെക്കുറിച്ച് നാം ഏറെ സംസാരിക്കാറുമുണ്ട്. എന്നാൽ യോഹന്നാൻ പറയുന്നതു കേൾക്കൂ, “കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്. (1 യോഹ 3:18). അങ്ങനെയെങ്കിൽ എന്റെ ദൈനംദിന ജീവിതത്തിൽഗാഢസ്‌നേഹം എങ്ങനെ പരിശീലിക്കാം? സ്നേഹത്തിന്റെ അഞ്ച് സുന്ദര പ്രകടനങ്ങളെ കുറിച്ച് കേട്ടുകാണുമല്ലോ, സംസാരം, സമയം, സ്പർശനം, സേവനം, സമ്മാനങ്ങൾ.
1. സദ് വാക്ക്: അഭിനന്ദനത്തിന്റെ, പ്രോത്സാഹനത്തിന്റെ ഒരു വാക്ക് സ്നേഹത്തിന്റെ ആദ്യപടിയാണ്. തീർച്ചയായും, നമ്മളെല്ലാം ഏറെ സംസാരിക്കുന്നു, പക്ഷേ അവ വാർത്തകളോ ആശയങ്ങളോ പ്ലാനുകളോ അല്ലെങ്കിൽ തിരുത്തലുകളോ ഒക്കെയായി അവസാനിക്കുന്നു. പകരം, നമ്മുടെ വാക്കുകൾ എത്രത്തോളം വ്യക്തിപരമായ സ്നേഹ സൂചനകളാണ്?
2. സമയം, സാന്നിദ്ധ്യം: ഗുണസമ്പന്നമായ സമയമാണ് അടുത്തത്. പരസ്പരം പൂർണ്ണമായും സന്നിദ്ധ്യം നൽകുമ്പോൾ സമയം അർത്ഥപൂര്ണമാകും. നമുക്കൊപ്പം ആയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു, നമ്മുടെ സഹോദരങ്ങൾക്കൊപ്പം ആകാൻ നാമും സമയം കണ്ടെത്തേണ്ട?
3. സ്നേഹ സ്പർശം: മൂന്നാമത്തേത് സ്നേഹത്തിന്റെ ശാരീരിക പ്രകടനം. ഹൃദ്യമായ അഭിവാദ്യങ്ങൾ, സ്വാഗതമേകുന്ന പുഞ്ചിരി, പക്വമായ സ്‌നേഹ സ്പർശനം എന്നിവയെല്ലാം ജീവിതം സുന്ദരമാക്കുന്ന സ്നേഹ വഴികളാണ്.
4. സേവനം: സേവനത്തിന്റെ ഉദാത്ത മാതൃക യേശു നമുക്ക് നൽകി. ആ മാതൃക പകർത്താൻ അവൻ നമ്മെ വെല്ലുവിളിച്ചു. ക്രിസ്‌തീയ സ്‌നേഹത്തിന്റെ സമുന്നത പാതയാണ് സേവനം.
5. സമ്മാനങ്ങൾ: അവസാനമായി, സമ്മാനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് ക്രിസ്മസ് സമയത്തെയാണ്. എന്നാൽ കുടുംബങ്ങളിലും, സൗഹൃദ ബന്ധങ്ങളിലും അയൽപക്കത്തുമെല്ലാം ഉപഹാരങ്ങൾ നൽകാൻ എത്രയോ വഴികൾ.
ജെവൈ, സ്നേഹത്തിന്റെ ആഴങ്ങൾ തേടുന്ന നല്ല നഴ്സറി
എന്തിനാണ് നമുക്ക് ഗ്രൂപ്പുകളും ഒത്തുചേരലുകളും മറ്റു കൂട്ടായ്മ വേദികളും? നമ്മുടെ ഹൃദയങ്ങളെ സ്‌നേഹത്തിൽ ചലിപ്പിക്കാൻ കർത്താവ് അനുവദിച്ചു നൽകുന്ന ഓരോ പുത്തൻ അവസരങ്ങൾ. വിശാലമായ ലോകം പലപ്പോഴും ഭൗതിക സമ്പത്തിന്റെയും സ്വാർത്ഥതയുടെയും പുറകേയാണ്. അതിനായി പ്രാർത്ഥന പോലും ഉപയോഗിച്ചെന്നിരിക്കും. എന്നാൽ അതിനിടെ നമുക്ക് ബോധപൂർവ്വം സ്നേഹത്തിന്റെ ആഴങ്ങൾ പരിശീലിക്കാൻ തക്കതായ സുരക്ഷിത ഇടങ്ങൾ വേണം.
ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെട്ട് തുറവിയും പ്രതിബദ്ധതയുമുള്ള ആത്മാർത്ഥ പരിചരണം അനുഭവിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അനേക വൈദികർ, സന്യസ്തർ, കുടുംബങ്ങൾ, പല വ്യക്തികൾ, എന്തിനധികം, കുട്ടികൾ പോലും അഗാധമായ സ്‌നേഹത്തിന്റെ ചാലുകളായി. ഈ ഓരോ നിമിഷങ്ങളുമാണ് എന്നെ രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്തത്.
മദർ തെരേസ പറഞ്ഞത് എത്ര ശരിയാണ്, "നമുക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല, വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ മാത്രം ചെയ്യാനാകും." വലിയ നേതാക്കൾ ചെയ്യുന്ന വലിയ കാര്യങ്ങൾ കൊണ്ടല്ല, മറിച്ച് സാധാരണ മനുഷ്യരുടെ അഗാധ സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികൾ കൊണ്ടാണ് നമ്മുടെ ലോകം മുന്നേറുന്നത്. അപ്രകാരം തന്നെ, ജീസസ് യൂത്ത് മുന്നേറ്റം സജീവവും മനോഹരവുമായി മുന്നേറുന്നതും നിരവധി സുന്ദര ഹൃദയങ്ങളിൽ നിന്നുള്ള അഗാധമായ സ്നേഹത്തിന്റെ പ്രവാഹം കൊണ്ടുമാത്രമാണ്. എന്റെ ആത്മാർത്ഥമായ പ്രാർത്ഥന, "കർത്താവേ, ഞാനും അവരിൽ ഒരാളായി തുടരട്ടെ!"
Comments
Post a Comment