കരുണാർദ്രമായ "കുത്തഴിഞ്ഞ" ഇടങ്ങളിലേ കൂട്ടായ്മ വളരൂ (MJYR089)

 കരുണാർദ്രമായ  "കുത്തഴിഞ്ഞ" ഇടങ്ങളിലേ കൂട്ടായ്മ വളരൂ

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

ഒരു ഭവന സന്ദർശനം ഓർക്കുന്നു. വീട് ഏറെ ഭംഗിയായി ക്രമീകരിച്ചിരുന്നു. എന്റെ പ്രശംസ ഞാൻ അറിയീക്കുകയും ചെയ്തു, “എത്ര  മനോഹരം! ആകെ നന്നായിരിക്കുന്നു.” പക്ഷെ  സ്വന്തം വീടിനെക്കുറിച്ച്  ശാലിനിയുടെ പ്രതികരണം മറ്റൊന്നായിരുന്നു, "ഇത്രയും ചിട്ടയുള്ള ഒരു വീട്ടിൽ വളരുന്നതിന്റെ ഗതികേട് ഒന്നാലോചിച്ചേ!" അമിതമായ ക്രമം സ്വാതന്ത്ര്യവും സ്നേഹവും വളർച്ചയും കെടുത്തി കളയുമോ?

യേശുവിന് തുറസ്സായ ഇടങ്ങൾ ഇഷ്ടമായിരു ന്നെന്നുതോന്നുന്നു. ചിലപ്പോഴെങ്കിലും  സിനഗോഗുകളിൽ യേശു പഠിപ്പിച്ചിരുന്നു. എന്നാലും  അവിടുത്തെ ഏറെ പ്രവർത്തനങ്ങളും കടൽത്തീരത്തോ മലമ്പ്രദേശത്തോ  തിരക്കേറിയ ഇടങ്ങളിലോ സാധാരണ വീടുകളിലോ ഒക്കെ ആയിരുന്നു. അത് ഏറെ അസാധാരണമായിരുന്നിരിക്കണം. ഇന്നും ആളുകൾ പ്രധാനപ്പെട്ട ക്ളാസ്സുകൾക്കായി അത്തരം സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കില്ല. എനിക്ക് തോന്നുന്നു, കർത്താവ് തന്റെ ജനനത്തിനും മരണത്തിനും പോലും ഏറെ അലങ്കോലമായ ഇടങ്ങൾ തിരഞ്ഞെടുത്തത്തിനു കാരണം അത് മിക്ക ആളുകളുടെയും യഥാർത്ഥ ജീവിതത്തോട് സമാനമായത് കൊണ്ടാകണം. അവ പലപ്പോഴും ക്രമരഹിതവും വികലവുമായ ഇടങ്ങളായിരുന്നു, പക്ഷേ അവന്റെ സ്നേഹവും കരുണയും ദൈവിക സാന്നിധ്യവും അവിടെ  അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കി.

ക്രമരാഹിത്യത്തെ നമുക്ക് ഭയമാണോ?

ജീസസ് യൂത്തിന്റെ ആദ്യ നാളുകൾ മുതൽ, പരിപാടികൾ തുടങ്ങുന്നത് ഒരു ഐസ്ബ്രേക്കിംഗ് സെഷനോടെ ആകണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.  എന്റെ ആദ്യത്തെ നവീകരണ അനുഭവവും അതിനു സഹായിച്ചു. അന്ന്  വേദിയിൽ ഫാ. ഫിയോയും റൂഫസും ചിരിച്ചും, പരസ്പരം കളിയാക്കിയും, ചില കോമാളി പാട്ടുകൾ പാടിയും മുഴുവൻ പേരെയും പൊട്ടിചിരിപ്പിച്ചത് ഓർക്കുന്നു. പിന്നീട് ഞങ്ങൾ പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കുമ്പോഴും  പരിശീലനങ്ങൾക്കിടയിലും  ഒക്കെ ഇതേ മാതൃകയാണ് പിന്തുടർന്നത്. എല്ലാവരും സ്വസ്ഥമാകാനും തനതു രീതികളിലേക്ക് വരാനും ഒക്കെ ഇത് സഹായകരമാകുന്നു  എന്ന്  ഞങ്ങൾ അറിഞ്ഞു. ഒരു പ്രാർത്ഥനാ സമയം ആരംഭിക്കുന്നതുപോലും  ഒന്ന് കുശലം പറഞ്ഞും  ഒരു തമാശ പാട്ടു പാടിയും ഒക്കെ വേണം എന്ന് നിർബന്ധം പിടിക്കാനും തുടങ്ങി. 

എന്നാൽ മിക്കവരും ഈ ക്രമക്കേടിനെ ഭയപ്പെടുന്നുണ്ടോ?  ആളുകൾ കൃത്യസമയത്ത് എത്താനും കൃത്യമായ രീതിയിൽ ഇരിക്കാനും എല്ലാം ഒരേപോലെ ചെയ്യാനും ഒക്കെ നിർബ്ബന്ധം കൂടുന്നു. ആരെങ്കിലും ആൾക്കൂട്ടത്തെ പിന്തുടരാൻ മടികാണിച്ചാൽ അസഹിഷ്ണുത പ്രകടമാക്കുന്നു. പല ഗ്രൂപ്പുകളിലും ഐസ്ബ്രേക്കിംഗ് സെഷനു൦ ആക്ഷൻസോങ്ങും  ഒരു പരിപാടിയായി കർശനമായി നടപ്പിലാക്കുന്നു, അവ തുടങ്ങാനുണ്ടായ പശ്ചാത്തലം മറക്കുകയും ചെയ്യുന്നു.

ബന്ധുക്കൾ ഒത്തുകൂടുമ്പോൾ ആരെങ്കിലും വൈകി എത്തിയാൽ ഏറെ ദേഷ്യപ്പെടുന്ന ഒരു കാരണവർ ഞങ്ങൾക്കുണ്ടായിരുന്നു. ആ സൗഹൃദ വേദികളിൽ കൃത്യനിഷ്ഠയും ക്രമവും സംബന്ധിച്ച അദ്ദേഹത്തിന്റെ വഴക്കുപറച്ചിൽ ഒത്തുചേരലിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കുമായിരുന്നു. ഞാൻ പറയാൻശ്രമിക്കും, "ചേട്ടാ, താമസിച്ചാണെങ്കിലും ബുദ്ധിമുട്ടി അവർ എത്തുന്നുണ്ടല്ലോ" പക്ഷെ അദ്ദേഹം സമ്മതിക്കില്ല, "അവർ വരാനാണെങ്കിൽ കൃത്യസമയത്ത് വരട്ടെ, അല്ലെങ്കിൽ വരേണ്ട." ഞങ്ങളുടെ മീറ്റിംഗുകളിൽ ഈ കസിൻ വരാതിരുന്നാൽ എല്ലാവർക്കുമുള്ള  സന്തോഷവും ആശ്വാസവും കാണണമായിരുന്നു.

കോളേജിൽ വിദ്യാർത്ഥികളെ അവരുടെ കർക്കശമായ ചിട്ടയുടെ മുഖംമൂടിയിൽ നിന്ന് പുറത്തുകൊണ്ടുവന്ന്  ഒന്ന് സ്വസ്ഥമാക്കാനും തനതായ സ്വാതന്ത്ര്യത്തോടെ ക്ലാസ്സിൽ ഇടപഴകുന്നവരാക്കാനും ഞാൻ ഏറെ പാടുപെടാറുണ്ട്. സ്വതസിദ്ധമായ രീതികളിലേയ്ക്കു  വരാൻ അവർക്ക് ഭയമാണ്. ക്ലാസിലെ മരവിച്ച നിശബ്ദത അവരുടെ യഥാർത്ഥ വ്യക്തിത്വത്തെ മറയ്ക്കാനുള്ള നല്ലൊരു മാർഗമായി തീരുന്നു. ഇത് അപരിചിതത്വത്തെ സംബന്ധിക്കുന്ന ഭയമാണോ, സാമൂഹിക സമ്മർദ്ദമാണോ അല്ലെങ്കിൽ പെർഫെക്ക്ഷനിസത്തിന് അടിമപ്പെട്ട ആളുകളുടെ അമിത സ്വാധീനമാണോ? പക്ഷേ, എന്തായാലും, ക്ലാസിൽ സ്വസ്ഥമായി ഇടപഴകാനും തനതായ സ്വാതന്ത്രം കാണിക്കാനും ബഹളം കൂട്ടാനും എന്നോടു തർക്കിക്കാനും ഒക്കെ എന്റെ വിദ്യാർത്ഥികളെ ഞാൻ പരിശീലിപ്പിച്ചെടുക്കാറുണ്ട്.  അവരിൽ ഭൂരിഭാഗം പേർക്കും ഇത് അത്ര എളുപ്പമല്ല, കാരണം വീട്ടിലും ചെറിയ ക്ലാസുകളിൽ നിന്നുതുടങ്ങിയും ഒക്കെ അച്ചടക്കവും ചിട്ടയും നിർബന്ധപൂർവ്വം അനുഷ്‌ടിക്കുന്നവരാണ് അവരെല്ലാം. എന്നാൽ അതു  പലപ്പോഴും സ്വാതന്ത്രവും സ്വന്ത വളർച്ചയും ബാലികഴിച്ചു കൊണ്ടായിരിക്കും എന്നുമാത്രം.

കാർക്കശ്യത്തെയാണോ നാം ആത്മീയത എന്ന്  വിളിക്കുന്നത്? 

ആത്മീയതയുടെ രണ്ട് ശൈലികൾ ഉണ്ടാകാം. ആദ്യത്തേതിന്റെ കാമ്പ് അച്ചടക്കവും കാർക്കശ്യവും രണ്ടാമത്തേത് എല്ലാം സന്തോഷത്തിനും  കരുണ്യത്തിനും സ്നേഹത്തിനും വഴിതെളിക്കണമെന്ന് നിർബന്ധിക്കു ന്നതും. ഒരു സമതുലിത വളർച്ചയ്ക്ക് രണ്ട് ഗുണങ്ങളും കൈകോർ ക്കുന്നത് നന്നായിരിക്കും. എന്നാൽ ഒരു  പ്രശ്‌നം ഇതാണ്, പലപ്പോഴും പക്വതയുള്ള മാർഗമായി കാണപ്പെടുന്നത് കടുംപിടിത്തവും കാർക്കശവുമാണ്. കൂട്ടായ്മ വളർത്തിയേക്കാവുന്ന അലങ്കോലപ്പെട്ടതെന്നു തോന്നിക്കുന്ന രീതികൾ പൊതുവെ തിരസ്കരിക്കപ്പെടും.   കർക്കശ്യ പൂർവ്വം നടപ്പാക്കപ്പെടുന്ന  സ്ഥാപനവൽക്കരണം, കൃത്യതയോടെ നടപ്പിലാക്കിയാൽ, കൂട്ടായ്മയോ പ്രോഗ്രാ മുകളോ ഒക്കെ ഏറെ വ്യക്തതയുള്ളതും ഉദ്ദേശിച്ച  രീതിയിൽ മുന്നേറുന്നതും ഒക്കെ ആകും, പക്ഷെ ആ കൃത്യത സാവധാനത്തിൽ  ചൈതന്യവും വളർച്ചയും ഇല്ലാതാക്കാനും  ഇടവരുത്തും.

പ്രാർത്ഥനാ യോഗങ്ങളും മറ്റ് ഒത്തുചേരലുളും ഒക്കെ എളുപ്പത്തിൽ ഇത്തരം കർക്കശ്യ ക്രമത്തിന്റെ ഇരകളായിത്തീരാറുണ്ട്. പലരും ചോദിക്കും, "ഒരു പ്രാർത്ഥനായോഗം എങ്ങനെ ആകണം?" എന്റെ മറുപടി, “സന്തോഷം നിറയുന്ന ഒന്നോ രണ്ടോ ഗാനങ്ങളുമായി തുടങ്ങുക, പിന്നെ കർത്താവിനെ സ്തുതിക്കാനും നന്ദി പറയാനുമുള്ള  സമയമാണ്  . . . . ". എന്റെ നിർദ്ദേശങ്ങൾ അങ്ങനെ  തുടരും.  പക്ഷേ, ഒരു  ദുരന്തം ഇതാണ്, ആളുകൾ എന്റെ നിർദ്ദേശങ്ങൾ ആഴ്ചതോറും വിശ്വസ്തതയോടെ പാലിക്കുകയാണെങ്കിൽ, ആ ഗ്രൂപ്പ് തീർച്ചയായും മരിക്കും. കാരണം, ഏത് ചിട്ടയും കർശനമായി പാലിക്കുന്നത് വളർച്ചയെ തടസ്സപ്പെടുത്തും.

അങ്ങനെയെങ്കിൽ, ഒരു നല്ല കൂട്ടായ്മ വളർത്താനുള്ള കുറിപ്പടി എന്താകണം? കൂട്ടായ്മയുടെ ചേരുവകൾ നന്നായി അറിയുക, എന്നാൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സ്വാഗതം ചെയ്യുക.  തനിയെ അമിതമായി നിയന്ത്രിക്കാൻ ശ്രമികാത്തിരിക്കുക. പകരം  കൂട്ടായ്മയെ ശ്രദ്ധിക്കുക, ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾക്ക്  ചെവിയോർക്കുക,  ചിന്താതീതമായ രീതിയിൽ കാര്യങ്ങൾ പുരോഗമിക്കാൻ അനുവദിക്കുക. ആശയക്കുഴപ്പങ്ങൾ ഉണ്ടാകും; പരിഭ്രമിക്കാതിരിക്കുക. എന്നാൽ കർത്താവ് വരയ്ക്കുന്ന മനോഹരമായ ചിത്രം കാണാൻ കണ്ണും കാതും ഹൃദയവും തുറക്കുക. എന്റെ പരിശ്രമങ്ങൾ വൃഥാവിൽ  ആകും എന്ന ആശങ്ക വെടിയുക, മറിച്ച് കൂട്ടായ്മ യിൽ ഉള്ളവർക്ക് പരസ്പരം  ഇടപഴകാനും വളരാനും വേദിയൊരുക്കുക.

സ്വാതന്ത്രാഭിവാഞ്ച വളരുകയാണ് 

എന്തുകൊണ്ടാണ് ഇന്നത്തെ തലമുറ വിശ്വാസത്തിൽ നിന്നും ആത്മീയതയിൽ നിന്നും ഓടിയൊളിക്കുന്നത്? മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നത്, പ്രത്യേകിച്ച്  മുതിർന്ന നേതാക്കൾ അവരെ നിർബന്ധിക്കുന്നത് അവർ വെറുക്കുന്നു. മുതിർന്നവർ യുവാക്കളോട് പറയുമായിരിക്കും, “വിനോദത്തിനും സന്തോഷത്തിനുമുള്ള നിങ്ങളുടെ ആഗ്രഹം വളരെ മോശമാണ്. ഇതാ ഈ വഴിയേ വരൂ." പക്ഷേ അവർ ഓടിരക്ഷപെടുന്നു. എന്നാൽ ഇതിന് മറ്റൊരു വശമുണ്ട്,, മിക്കവരും നല്ല സ്നേഹകൂട്ടായ്മകൾ  തേടുന്നു, യേശുവിനെ അടുത്തറിയാനും നല്ല വഴിയേ നടക്കാനും പലരും ആഗ്രഹിക്കുന്നു. പക്ഷെ നീണ്ട പ്രസംഗങ്ങൾക്കോ ആവർത്തന വിരസമായ ഉപദേശങ്ങൾക്കോ ചെവി കൊടുക്കാൻ അവരെ കിട്ടില്ല. ചെറുപ്പക്കാർ ആഗ്രഹിക്കുന്ന ആദ്ധ്യാത്മികത  എന്താണ്? സന്തോഷത്തിലും സ്നേഹത്തിലും ക്രിസ്തുവിന്റെ പഠനങ്ങൾ പിൻചെല്ലുന്നവരെ കാണാൻ അവർ ആഗ്രഹിക്കുന്നു. അത് കാർക്കശ്യമില്ലാത്ത ഒരു ചുറ്റുപാടിൽ ദർശിക്കുകയാണെങ്കിൽ അതിനെ പിൻചെല്ലാൻ അവർക്ക് ഏറെ എളുപ്പമാകും. 

"ക്രിസ്തു ജീവിക്കുന്നു" എന്ന യുവാക്കളെ സംബന്ധിക്കുന്ന പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ഇത് വളരെ നന്നായി പ്രതിപാദിക്കുന്നു. "യുവാക്കളുടെ സ്വാതന്ത്ര്യത്തെ നാം ആദരവോടെ കാണണം, അതോടൊപ്പം നാം അവരുടെ സഹയാത്രീകരും ആകണം" (242). ഈ സ്വാതന്ത്രാഭിവാഞ്ചയെ മാനിക്കുന്നതിനുള്ള ചില പ്രായോഗിക നുറുങ്ങുകളും അദ്ദേഹം നൽകുന്നു. “ഒത്തുചേരാനുള്ള  സുന്ദരമാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് എങ്ങനെയെന്ന്  ചെറുപ്പക്കാർക്ക് തന്നെ അറിയാമെന്ന് ഞാൻ കരുതുന്നു. പരിപാടികൾ നടത്താനും, കായിക മത്സരങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സുവിശേഷവൽക്കരണം നടത്താനും അതിനായി  ടെക്സ്റ്റ്  മെസ്സേജുകൾ, ഗാനങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഉപയോഗിക്കാനും ഒക്കെ അവർക്കറിയാം. നാം ഇതേ ചെയ്യേണ്ടതുള്ളൂ,  യുവജനങ്ങളെ എവിടെ കണ്ടാലും അവരെ സുവിശേഷവൽക്കരിക്കുന്നതിൽ   ആവേശഭരിതരാകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സ്വാതന്ത്ര്യം പകരുകയും ചെയ്യുക.” (210)

സജീവ ജീസസ് യൂത്ത് സംവിധാനങ്ങൾ ഫ്രാൻസിസ് പാപ്പയുടെ ഈ കുറിപ്പടികൾ നന്നായി പിന്തുടരുന്നവയാണ്. അവയിൽ ചില നല്ല കാര്യങ്ങൾ എടുത്തുപറയട്ടെ. 

i. യുവാക്കളെ അവർ ആയിരിക്കുന്ന രീതിയിലും ഇടങ്ങളിലും കണ്ടുമുട്ടുക.

ii അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുക, നിർബന്ധിച്ചു നന്നാക്കാതിരിക്കുക 

iii. അവരുടെ സുന്ദര വഴികൾ തിരിച്ചറിയൂകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്യുക.

iv. അവരുടെ സഹയാത്രികരാകുക, ഉപദേശങ്ങളെക്കാളുപരി  കേൾക്കാനും  പിന്തുണയ്ക്കാനും ശ്രമിക്കുക

v. നന്മ ചെയ്യാനും സുഹൃത്തുക്കളെ സുവിശേഷവൽക്കരിക്കാനുമുള്ള അവരുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുക.

അകലെ നിന്ന് നോക്കുമ്പോൾ ഇത് കുറെ "കുത്തഴിഞ്ഞതാണ്”  എന്ന് തോന്നാം. എന്നാൽ ഈ ഒരു സമീപനം സ്നേഹവും കൂട്ടായ്മയും വളർത്തും, കർത്താവുമായും ഒപ്പം അവരുടെ ഇടയിലും.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)