നാട് നാറുമ്പോൾ ക്രൈസ്തവൻ എന്ത് ചെയ്യണം (MJYR088)
നാട് നാറുമ്പോൾ ക്രൈസ്തവൻ എന്ത് ചെയ്യണം
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
ഒരു യാത്രയ്ക്കിടെ സഹയാത്രികനായ സിബി ആ നാടിനെക്കുറിച്ച് എനിക്ക് ചില സൂചനകള്‍ തന്നു. “ഈ നാടിന്‍റെ അവസ്ഥ ഏറെ കഷ്ടമാണ്.” പട്ടണത്തിലെ യുവജനങ്ങളുടെ കാര്യമാണ് സിബി കൂടുതലും ചര്‍ച്ചചെയ്തത്. “മയക്കുമരുന്നും ലൈ൦ഗീക അരാജകത്വവും തകര്‍ന്ന കുടുംബങ്ങളും ഒക്കെയായി കാര്യങ്ങള്‍ ഏറെ മോശമാണ്.” ഏറെ ചര്‍ച്ചയ്ക്കു ശേഷം സിബി പറഞ്ഞവസാനിപ്പിച്ചു, “നമ്മൾ ധാരാളമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.” ഞാൻ തിരിച്ചു ചോദിച്ചു “നമ്മള്‍ പ്രാർത്ഥിച്ചാൽ മാത്രം മതിയോ?”
“കര്‍ത്താവേ, കര്‍ത്താവേ എന്ന്‍ വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവാനാണ്” എന്നു തുടങ്ങുന്ന വചന ഭാഗമാണ് എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞത്. അത് നീണ്ടൊരു ചര്‍ച്ചയ്ക്ക് തുടക്കമായി. ഞങ്ങളുടെ സംസാരം അടുത്ത ഗ്രൂപ്പിലും തുടര്‍ന്നു. സാമൂഹിക പ്രശ്നങ്ങളുടെ മുന്നില്‍ ക്രിസ്തീയ പ്രതികരണം എന്താകണം? ഒരു പടികൂടെ കടന്ന്‍, നാടിന്‍റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ സംവിധാനങ്ങളില്‍ ക്രൈസ്തവന്‍റെ ഇടപെടല്‍ എങ്ങനെയാകണം?തലയുയർത്തി നോക്കണം
“പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം?” പളളിയില്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇടയലേഖനം വായിച്ചുകേട്ടപ്പോള്‍ എന്‍റെ സ്നേഹിതന്‍ ഏറെ അസ്വസ്ഥനായി. “സഭ ആദ്ധ്യാത്മീക കാര്യങ്ങള്‍ നോക്കിയാല്‍ പോരെ? എന്തിനാണ് നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത്?” ഞാന്‍ മറുപടി പറഞ്ഞു, കത്തോലിക്ക മറ്റു മതങ്ങളില്‍ നിന്ന്‍ ഏറെ വ്യത്യസ്ഥമാണ്. നീതിയും സമാധാനവും വളരുന്ന ഒരു സാമൂഹിക സംവിധാനം സഭയുടെ സുപ്രധാന താല്പര്യമാണ്. ദൈവത്തിന്‍റെ രാജ്യം വരാനാണ് സഭ പ്രാര്‍ഥിക്കുന്നതും പരിശ്രമിക്കുന്നതും.
ഒന്ന് ചുറ്റുപാടും നോക്കിയാലോ? ഇത് ഏറെ അസ്വസ്ഥതയുടെ കാലം. മധ്യകേരളത്തിൽ മാലിന്യം പുകയുന്നു. അങ്ങ് തെക്കോട്ട് മാറി അഴിമതി വിളയുന്നു. മറ്റു ഭാഗങ്ങളിൽ മതതീവ്രവാദം പൂത്തുലയുന്നു. രാഷ്ട്രീയവും മതവും ഫാസിസ്റ്റ് ചിന്താഗതിയും ഒക്കെ കൂട്ടിക്കുഴച്ച് രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഭാവിയും ഒക്കെ ഇരുളിൽ ആകുന്ന ഒരു അവസ്ഥയിൽ നാം എത്തി നിൽക്കുന്നു. ഇതിനിടെ യുവാക്കളുടെ ഒന്നിച്ചുള്ള നാടുവിടൽ എന്തിന്‍റെയോക്കയോ വലിയ ദുസൂചനയാകുന്നു. എല്ലാം ക്രമീകരിക്കേണ്ട ഭരണ സംവിധാനങ്ങള്‍ അത്യന്തികമായി കുറേപേരുടെ പോക്കറ്റ് വീർപ്പിക്കുന്നതിനുള്ള വഴിയാണ് എന്നറിയുമ്പോൾ പൊതു ഇടം എത്രമാത്രം ജീർണതയിലാണ് എന്ന്‍ നാം തിരിച്ചറിയുന്നു.
ഇവിടെ ഒരു നല്ല ക്രിസ്ത്യാനിയുടെ പ്രതികരണം എന്താകണം? ഞാൻ വാളെടുക്കണമോ, മണ്ണിൽ തല പൂഴ്ത്തണമോ അതോ കാര്യങ്ങളെ അഭിമുഖീകരിക്കണമോ?
എന്തിനോടുമുള്ള പ്രതികരണങ്ങൾ പൊതുവേ മൂന്നുതരം ആകാം എന്ന് പറയാറുണ്ടല്ലോ. അപക്വമായ ഏറ്റുമുട്ടൽ പ്രശ്നം പരിഹാരത്തിന് ഉതകാത്ത വൈകാരിക പ്രതികരണം മാത്രമാണ്. രണ്ടാമത്തെ മാർഗ്ഗമായ ഒളിച്ചോട്ടം ചിലപ്പോൾ അതിഭക്തിയുടെ രീതിയിലാകാം. അതല്ലെങ്കിൽ ഇതൊന്നും എന്നെ ബാധിക്കില്ല എന്ന രീതിയിൽ സ്വാർത്ഥതയിലും സ്വന്തകാര്യങ്ങളിലും മുഴുകുന്നതും ആകാം. എന്നാൽ മൂന്നാമത്തെ സമീപനം സാഹചര്യങ്ങളും പശ്ചാത്തലവും പരിഗണിച്ച് നീണ്ടുനിൽക്കുന്ന സല്‍ഫലങ്ങള്‍ മുന്നിൽകണ്ട് എന്‍റെ കഴിവുകളും മറ്റുള്ളവരുടെ സഹകരണവും ഉറപ്പുവരുത്തുന്ന പക്വമായ പ്രശ്ന പരിഹാര സമീപനമാണ്. ഒരു നല്ല ക്രൈസ്തവന്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ നിന്ന്‍ ഒളിച്ചോടാതെ ദൈവത്മ ചൈതന്യത്തില്‍ അവയെ അഭിമുഖീകരിക്കാന്‍ തയ്യാറാകണം.
സീസറിനും ദൈവത്തിനും
ഇവിടെ വലിയൊരു മനോഭാവ പ്രശ്നമുണ്ട്. ഇന്നത്തെ ഒരു സാധാരണ ക്രിസ്ത്യാനിയുടെ ചിന്ത എന്താണ്? നാട്ടിൽ വലിയ പ്രശ്നങ്ങളുണ്ട് ശരി. പക്ഷേ “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം?” ഞാൻ എൻറെ ജീവിതവും കുടുംബ കാര്യങ്ങളും ഒക്കെ നോക്കി ജീവിച്ചാൽ പോരെ? ഇനി കൂടിയാല്‍ ദൈവ കാര്യങ്ങൾക്കായി കുറച്ച് സമയവും സമ്പത്തും കൂടെ മാറ്റിവയ്ക്കാം. അത് പോരേ?
ഇക്കാര്യത്തിൽ സഭയുടെ പഠനങ്ങൾ വ്യക്തമാണ്. യേശുനാഥൻ “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും” നൽകാൻ പറയുമ്പോൾ അത് സമൂഹത്തിലുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചന തന്നെയാണ്. ഈ നാട്ടിലെ നാണയവും ഭരണ സാമൂഹിക സാമ്പത്തിക സംവിധാനങ്ങളും സൗകര്യങ്ങളും ഒക്കെ ഉപയോഗിച്ച് ഈ സമൂഹത്തിൽ ജീവിക്കുന്ന ഞാൻ എന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഞാൻ നല്‍കേണ്ട സാമൂഹിക നേതൃത്വത്തിൽനിന്നും ഒക്കെ ഒളിച്ചോടുക എന്നുള്ളത് ക്രൈസ്തവ ദൗത്യത്തിന് ചേരുന്നതല്ല. അങ്ങേ രാജ്യം വരണമേ എന്ന് ഞാൻ ഓരോ പ്രാവശ്യവും പ്രാർത്ഥിക്കുമ്പോൾ അത് സൂചിപ്പിക്കുന്നത് എന്‍റെ നാട്ടിലും അയൽപക്കത്തും ഈ രാജ്യത്തും ഒക്കെ ദൈവം ആഗ്രഹിക്കുന്ന ഒരു ഭരണ സംവിധാനവും ജനാധിപത്യ രീതിയും നീതിയും സമാധാനവും ഒക്കെ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുകയും അതിനായി ദൈവം ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാകുകയും ചെയ്യും എന്നു കൂടെയുമാണ്.
സ്വകാര്യ-പൊതു ഇടങ്ങൾ
ഈ ആധുനിക കാലത്ത് സ്വകാര്യ - പൊതു ഇടങ്ങളെക്കുറിച്ച് കുറെക്കൂടെ വ്യക്തമായ ധാരണകൾ വളർന്നു വന്നിട്ടുണ്ട്. ഒരുവശത്ത് എന്‍റെ വ്യക്തിപരമായ ജീവിത൦ കുടുംബ൦ അടുത്ത ബന്ധങ്ങള്‍ എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്വകാര്യ ഇടമുണ്ട്. ഇതിന്‍റെ തുടർച്ചയാണെങ്കിലും ഇതിൽ നിന്ന് കുറച്ചുകൂടെ വ്യത്യസ്തമായി എന്‍റെ ജോലിയും നാട്ടിലെ ഭരണ സാമ്പത്തിക സാമൂഹിക സംവിധാനങ്ങളും കലാസംസ്കാരിക മേഖലയും ഒക്കെ ഉൾക്കൊള്ളുന്ന ഒരു വലിയ “പൊതു ഇടവും” ഉണ്ട്.
എന്‍റെ സ്വകാര്യ-പൊതു ഇടങ്ങള്‍ എളുപ്പത്തിൽ വേർതിരിക്കാൻ ആവാത്ത വിധത്തിൽ ഇടകലർന്നു കിടക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ഈ രണ്ട് ഇടങ്ങളെയും വ്യത്യസ്തമായി തന്നെ മനസ്സിലാക്കുകയും ഇവയുടെ വ്യത്യസ്ത രീതികൾ തിരിച്ചറിയുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു ക്രൈസ്തവന്റെ ദൗത്യം എന്താണ്? എന്‍റെ സ്വകാര്യ ജീവിതവും, അടുത്ത ബന്ധങ്ങളും കൂട്ടായ്മകളും ഒപ്പം ചുറ്റുപാടുമുള്ള പൊതു ഇടവും സുവിശേഷ ചൈതന്യത്താൽ നിറയണം. ഈ മൂന്നു തലങ്ങളിലേയും സമീപനങ്ങളും രീതികളും ഏറെ വ്യത്യസ്തമാണ്. അവയുടെ സുവിശേഷ സമീപനങ്ങളും വ്യത്യസ്തമാണ്. എന്‍റെ ക്രൈസ്തവ നേതൃത്വത്തിനും സുവിശേഷവൽക്കരണ കാര്യക്ഷമതയ്ക്കും ഈ തിരിച്ചറിവും അതിനു യോജിച്ച പ്രവർത്തന ക്രമീകരണങ്ങളും അത്യാവശ്യമാണ്.
ആധുനിക ക്രൈസ്തവ ചിന്താരീതികളുടെ വഴിത്തിരിവായി തീർന്ന രണ്ടാ൦ വത്തിക്കാന്‍ കൗൺസിൽ പറഞ്ഞുവെച്ച ഒരു പ്രധാന കാര്യം തുടർന്നുവന്ന മാർപാപ്പമാരും കൂടെക്കൂടെ ആവർത്തിച്ചിട്ടുണ്ട്. അദ്ധ്യാത്മികതയും ലൗകികതയും തമ്മിലും സുവിശേഷവും സംസ്കാരവും തമ്മിലുമുള്ള യാന്ത്രികമായ അകൽച്ചയാണ് ആധുനിക കാലത്തെ വലിയൊരു വലിയൊരു പ്രശ്നം. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, എന്‍റെ വിശ്വാസ ജീവിതം എന്‍റെ പ്രാര്‍ഥനാ സമയത്തും പള്ളിയിലും മാത്രമായി ഞാന്‍ ഒതുക്കുന്നു. നാട്ടിലെ പ്രശ്നങ്ങള്‍ക്ക് അതുമായി ബന്ധമുണ്ടെന്ന് ഞാന്‍ മറക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍റെ വാകുകളില്‍ “പലരും സ്വീകരിച്ചിരിക്കുന്ന വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള ഈ പിളർപ്പ് ഇക്കാലത്തെ ഏറ്റവും ഗുരുതരമായ തെറ്റുകളിലൊന്നാണ്.”
ഞാനും നമ്മളും ലോകവും
ഞങ്ങളുടെ ചര്‍ച്ചയുടെ തുടര്‍ച്ചയായി സിബിയും കൂട്ടുകാരും ഒരു ചോദ്യമുയര്‍ത്തി, “നാട്ടിലെ പ്രശ്നങ്ങള്‍ക്കു മുന്നില്‍ നമുക്കെന്തു ചെയ്യാനാകും?” ഒരു കാര്യം ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു, ഇന്ന്‍ ലോകത്തില്‍ നമ്മള്‍ കാണുന്ന പല നല്ല കാര്യങ്ങളും സഭയുടെ സംഭാവനയാണ്. അവ തീക്ഷ്ണമതികളായ ക്രിസ്ത്യാനികള്‍ പടുത്തുയര്‍ത്തിയതാണ്. മനുഷ്യാവകാശങ്ങള്‍, പങ്കാളിത്ത സംവിധാനങ്ങള്‍, പൊതു വിദ്യാഭ്യാസ൦, അനുരഞ്ജന വേദികള്‍, എന്നു തുടങ്ങി സുന്ദരമായ അനേക പൊതു സംവിധാനങ്ങള്‍ ചൈതന്യ നിറവുള്ള ക്രിസ്തു ശിഷ്യര്‍ തുടങ്ങിവച്ചതാണ്. ഇന്നത്തെ രാഷ്ട്രീയ മേഖലയിലെ അഴിമതിയും ജീര്‍ണതയും നമ്മെ മനംമടുപ്പിക്കുകയും സ്വകാര്യ ആദ്ധ്യാത്മികതയിലേയ്ക്ക് നാം ഒതുങ്ങുകയും ചെയ്‌താല്‍ നമ്മുടെ നാടിനെയും ലോകത്തെയും സംബന്ധിക്കുന്ന ദൈവീക പദ്ധതി പരാജയപ്പെടുകയാകും ഫലം.
തുടര്‍ന്നുള്ള ഞങ്ങളുടെ ചര്‍ച്ച പൊതു സമൂഹത്തില്‍ നമുക്ക് എങ്ങനെ ഇടപെടാം എന്നായി. പഠനം, ചര്‍ച്ചകള്‍, പരിശീലനം, ഇടപെടല്‍ എന്നീ പടികളിലൂടെ നമ്മുടെ സാമൂഹിക അവബോധവും പങ്കാളിത്തവും വളരണം. വ്യക്തിപരമായ പഠനങ്ങള്‍ക്കും കൂട്ടായ്മയിലെ ചര്‍ച്ചകള്‍ക്കും ദൈവവചനവും കത്തോലിക്കസഭയുടെ സാമൂഹിക പ്രബോധനങ്ങളും അടിസ്ഥാനമാകണം. തീര്‍ച്ചയായും നമ്മള്‍ പ്രാര്‍ഥിക്കാന്‍ മാത്രമല്ല ഇത്തരം പഠനത്തിനും ചര്‍ച്ചകള്‍ക്കും ഒത്തുചേരണം.
ഞങ്ങള്‍ ചര്‍ച്ചചെയ്ത മറ്റൊരു കാര്യം, വിവിധ കഴിവുകളും വരദാനങ്ങളുമുള്ള നമുക്ക് ഏതെല്ലാം പൊതു വേദികളില്‍ ഇടപെടാനാകും എന്നതായിരുന്നു. ചിലര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകും. ഒപ്പം വേറെയും ധാരാളം പൊതു വേദികളുണ്ടല്ലോ. പ്രാദേശിക വാര്‍ഡ് കമ്മറ്റികള്‍, മറ്റു ഭരണ പങ്കാളിത്ത വേദികള്‍, മാധ്യമ മേഖല, കലാ-സാംസ്കാരിക പ്രവര്‍ത്തന൦, വിദ്യാഭ്യാസം, സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പ്രവര്‍ത്തന൦, തുടങ്ങി നമുക്ക് ഇടപെടാന്‍ സാധിക്കുന്ന പല വേദികളും അവിടെ പരാമര്‍ശിക്കപ്പെട്ടു. അവിടെയ്ക്കെല്ലാം നമ്മില്‍ അനേകര്‍ അയക്കപ്പെടണം.
എന്‍റെ പ്രാർത്ഥനയ്ക്കും കുർബാന സ്വീകരണത്തിനും തുടർച്ചയാകേണ്ടതാണ് എന്‍റെ ജോലി സ്ഥലവും രാഷ്ട്രീയ ചിന്തയും ഇടപെടലുകളും ഒക്കെ. മറിച്ച് എന്‍റെ “ആദ്ധ്യാത്മികത” പൊതു ഇടത്തില്‍ നിന്ന്‍ എന്നെ അകറ്റുകയും രാഷ്ട്രീയ-പൊതു ഇടപെടലുകൾ വേണ്ടെന്ന് ചിന്തിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ അത് യേശുവിന്‍റെ സ്വപ്നമായ ദൈവരാജ്യ വളർച്ചയ്ക്ക് സഹായകരമായ സമീപനമല്ല. യേശുനാഥന്‍റെ വാക്കുകളില്‍, “വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല”. ലോകത്തിന്‍റെ പ്രകാശമാകാനാണ് നമ്മുടെ വിളി. പൊതുവേദികള്‍ ക്രൈസ്തവന് അപ്രാപ്യമല്ല. മറിച്ച് നല്ല ക്രിസ്ത്യാനിയുടെ സുവിശേഷവല്‍ക്കരണ വേദിയാണ് അവയെല്ലാം. സഭ ഇന്ന്‍ നമ്മോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്.
Comments
Post a Comment