മാർസെലിനോ അച്ചനെ ഓര്‍ക്കുമ്പോള്‍ (MJYR087)
മാർസെലിനോ അച്ചനെ ഓര്‍ക്കുമ്പോള്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
ഞങ്ങളില്‍ പലരുടെയും വളര്‍ച്ചയുടെ ആദ്യ പടികളില്‍ കൂടെ നടന്ന, സ്പാനിഷ് കർമ്മലീത്ത മിഷനറി ഫാദർ മാർസെലിയോ ഇറാഗുയി, OCD, ഈയിടെ സ്പെയിനിൽ വച്ച് അന്തരിച്ചു. ആലുവ സെമിനാരിയില്‍ പ്രൊഫസറായിരുന്ന അദ്ദേഹം ആദ്യകാല കരിസ്മാറ്റിക് ധ്യാന പ്രസംഗകരിൽ പ്രധാനി ആയിരുന്നു. യുവാക്കളോട് പ്രത്യേക സ്നേഹമുണ്ടായിരുന്ന അദ്ദേഹം, അവരെ വളര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിക്കുകയും പല യുവ പ്രാർത്ഥനാ ഗ്രൂപ്പുകളെ വളര്‍ത്തുകയും ചെയ്തു.
ചെറു പടികള്‍
മാർസെലിനോ അച്ചനെ ഞാൻ ആദ്യമായി കാണുന്നത് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ആമുഖ സെമിനാറിന്‍റെ വേദിയിലാണ്. 1976 ജൂണില്‍ കരിസ്മാറ്റിക് നവീകരണത്തെക്കുറിച്ചുള്ള നാല് ദിവസത്തെ ഒരു സെമിനാറിനായി ഏകദേശം 200 പേർ ഒത്തുകൂടി. നവീകരണ മേഖലയിലെ ആദ്യ സംരംഭം. ചടുലമായ ഗാനങ്ങളും ആഹ്ലാദകരമായ സംഭാഷണവും ഒക്കെയായി ഫാ. ഫിയോ, റൂഫസ്, മാർസെലിനോ എന്നിവർ ഞങ്ങളെ നന്നായി നയിച്ചു. "താൽപ്പര്യമുണ്ടെങ്കിൽ, ഇവിടെ നമുക്കൊരു ഗ്രൂപ്പ് തുടങ്ങാം," അവസാന ദിവസം ഫാ. മാർസെലീനോ സൂചിപ്പിച്ചു. ഇത് ഞങ്ങളിൽ പലർക്കും ജീവിത വഴിത്തിരിവും ആയി.പേരുകൊടുത്ത 40-ഓളം ആളുകളിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. അടുത്ത ഞായറാഴ്ച ഞങ്ങൾ ഒത്തുകൂടി. പിന്നീടുള്ള രണ്ട് മാസ൦ ആഴ്ചതോറും സെമിനാറിൽ കേട്ട വിഷയങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി. തുടർന്ന്, ബുധനാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങൾ കൂടാന്‍ തുടങ്ങി. സ്തുതിയുടെ പഠങ്ങള്‍ പഠിച്ചും, ദൈവവചനം ആസ്വദിച്ചും, പരിശുദ്ധാത്മാവിനെ ശ്രവിച്ചും, ഒരു സമൂഹമായി വളർന്നും, ആത്മാവിലുള്ള ജീവിതത്തിന്റെ ഈ പുതു പാതയിലേക്ക് സാവധാനം അച്ചന്‍ ഞങ്ങളെ നയിച്ചു.
നല്ല പാട്ടുകൾ പഠിപ്പിക്കുന്നതിൽ ഫാദർ മാർസെലിനോ ഏറെ ശ്രദ്ധാലുവായിരുന്നു. തികച്ചും പുതു ശൈലിയിലുള്ള ആ ഗാനങ്ങൾ, നവമായി ലഭിച്ച സന്തോഷം കൊണ്ടാടാന്‍ ഏറെ സഹായിച്ചു. ഞങ്ങളെല്ലാം ഈ പാട്ടുകള്‍ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തുമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, സന്തോഷകരമായ സ്തുതിയുടെ ഒരു ശീല൦ വളർത്താന്‍ ഇതെത്ര സഹായിച്ചു എന്ന്‍ ഞാന്‍ തിരിച്ചറിയുന്നു.
"കുർബാനയ്ക്ക് ശേഷം, സെമിനാരിയിലെ റബ്ബർ തോട്ടത്തിലേക്ക് പോകും, അവിടെ ചുറ്റിനടന്ന്‍ കുറേ നേരം ആത്മാവിൽ പാടും." അച്ചന്‍റെ വാക്കുകള്‍. ഭാഷാവരത്തില്‍ പാടുന്നതിൽ അച്ചന്‍ ഞങ്ങളെ നന്നായി പരിശീലിപ്പിച്ചു. വ്യക്തിപരമായി, ഞാനും ഈ ശീലം വളർത്തിയെടുത്തു, ഈ ലളിതമായ സ്തുതിയുടെ രീതിയില്‍ ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പും ഏറെ വളര്‍ന്നു.
"ആത്മാവിൽ പാടുന്നതും പ്രാർത്ഥിക്കുന്നതും ആത്മാവിന്‍റെ മറ്റ് ദാനങ്ങളിലേക്കുള്ള ഒരു പടിവാതിലാണ്." അങ്ങനെ, അങ്ങനെ കുറച്ചു സമയം ആത്മാവിൽ പാടി നിശബ്ദതയുടെ നിമിഷങ്ങളിലേയ്ക്ക് കടന്ന്‍ ലഭിച്ച സന്ദേശങ്ങൾ പങ്കിടുന്ന രീതി പടിപടിയായി അച്ചന്‍ ഗ്രൂപ്പിനെ പരിശീലിപ്പിക്കുമായിരുന്നു. ഇത്തരം നല്ല ശിക്ഷണം ഞങ്ങളുടെ കൂട്ടായ്മയെ വരദാനങ്ങള്‍ നന്നായി ഉപയോഗിക്കുന്ന രീതിയില്‍ വളരാന്‍ സഹായിച്ചു.
അദ്ദേഹത്തിന് വ്യക്തമായ പ്രബോധന രീതിയുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥ ഉൾക്കാഴ്ചകളുടെ അടിസ്ഥാനത്തിൽ, കൃത്യതയോടെ ആത്മാവിൽ ചരിക്കാന്‍ അദ്ദേഹം പരിശീലിപ്പിക്കുമായിരുന്നു. ഇടയ്ക്ക് മറ്റിടങ്ങളില്‍ ധ്യാനങ്ങള്‍ക്കായി പോകുമ്പോള്‍ അദ്ദേഹം ഞങ്ങളെയും കൂട്ടും, മദ്ധ്യസ്ഥ പ്രാര്‍ഥനയ്ക്കും പാട്ടുകൾ പഠിപ്പിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഒക്കെ. ഇത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ ഏറ്റം മികച്ച നേതൃത്വ പരിശീലനമായിരുന്നു.
"ധ്യാനങ്ങള്‍ നവജാതര്‍ക്ക് ജന്മം നൽകുന്നു, പക്ഷേ പലപ്പോഴും അവർ പിതാവില്ലാത്ത അനാഥരായി വളരാൻ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് ഒരു ദുരന്തം," അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ ശൈലി വ്യത്യസ്തമായിരുന്നു. യുവാക്കളെ ശ്രവിക്കാനും ഒപ്പം പ്രാർത്ഥിക്കാനും അദ്ദേഹം ഏറെ സമയം കണ്ടെത്തി. നല്ലൊരു സഹയാത്രികനായിരുന്നു അച്ചന്‍. വളരുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകേണ്ടതിന്‍റെ പ്രാധാന്യ൦ പല രീതികളിൽ അദ്ദേഹം പഠിപ്പിച്ചു. ഫാ. മാർസെലിനോ ഞങ്ങളുടെ ഗ്രൂപ്പ് തുടങ്ങുകയും പതിവായി സന്ദർശിക്കുകയും വളര്‍ത്തുകയും ചെയ്തു. ആഴ്‌ചയിൽ ഒത്തുകൂടാന്‍ ഞങ്ങളെ ചെറിയ സെല്ലുകളായും തിരിച്ചു. ഗ്രൂപ്പിനെ നയിക്കാൻ ഞങ്ങൾ മൂന്നു പേരടങ്ങുന്ന ഒരു കോർ ഗ്രൂപ്പും രൂപീകരിച്ചു. പിന്നീട് മാറിപോകേണ്ടി വന്നെങ്കിലും ഇടയ്ക്കിടെ അച്ചന്‍ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു. ആ സമയം കുറച്ച് പഠനങ്ങളും സംശയ നിവാരണ വേളകളും ഒക്കെ ഉണ്ടാകുകയും ചെയ്യും. ഒപ്പം ഇതെല്ലാം തികച്ചും അനൗപചാരികവും സൗഹൃദ്യവുമായ രിതിയില്‍ അദ്ദേഹം ക്രമീകരിക്കുകയും ചെയ്തു.
1976 ൽ അദ്ദേഹം ആരംഭിച്ച ഈ സെന്റ് തെരേസാസ് ഗ്രൂപ്പ് 47 വർഷങ്ങൾക്ക് ശേഷ൦ ഇന്നും തുടരുന്നതിൽ അതിശയമില്ല. അനേക തലമുറകളിലെ നേതാക്കള്‍ക്ക് രൂപീരണം നല്‍കി ഇന്നും അത് പതിവായി ഒത്തുചേരുന്നു. ഒരു ചോദ്യം, ജീസസ് യൂത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഈ ഗ്രൂപ്പ് എങ്ങനെ സഹായിച്ചു? 1978-ലെ ആദ്യത്തെ വലിയ യുവജനസംഗമം, തുടർന്നുള്ള വ്യത്യസ്ത പരിശീലനങ്ങള്‍, 1982 മുതൽ തുടങ്ങിയ ഫസ്റ്റ് ലൈൻ ഗ്രൂപ്പ് തുടങ്ങിയ പല പ്രാരംഭ ചുവടുകൾ ഒരുക്കാന്‍ ഈ ഗ്രൂപ്പിലെ അനേകര്‍ ഏറെ പ്രവര്‍ത്തിച്ചു. അപ്രകാരം ആവേശത്തോടെ പിന്തുണയ്ക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നില്ല, കാരണം ഏറെ കഴിവുകളും സാദ്ധ്യതകളുമുള്ള കുറെ യുവാക്കളും കുടുംബങ്ങളും ഒത്തുചേരുന്ന നല്ലൊരു വേദിയായിരുന്നു അത്. ബുധനാഴ്‌ചകളിൽ പ്രധാന സമ്മേളനത്തിനും ശനിയാഴ്‌ചകളിൽ മധ്യസ്ഥതയ്‌ക്കും, ഞായറാഴ്‌ചകളിൽ ദരിദ്രരുമായുള്ള ആശയവിനിമയത്തിനും മറ്റും ഞങ്ങൾ എല്ലാ ആഴ്‌ചയും പലതവണ ഒത്തുകൂടുമായിരുന്നു. ഫാ. മാർസെലീനോ ഒരുക്കിയ ആ ശക്തമായ അടിത്തറ ശരിക്കും ഫലം കണ്ടു. ഇന്നും അത് തുടരുകയും ചെയ്യുന്നു!ദീപ്തമായ ഓർമ്മകള്‍
ഫെബ്രുവരി 2-ന് മരണവാർത്ത കേട്ടപ്പോൾതന്നെ ഓൺലൈനിൽ ഞാൻ ഒരു ചെറിയ കുറിപ്പ് പോസ്റ്റ് ചെയ്തു. താമസിയാതെ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഫാ. മാർസെലിനോ ഇന്ത്യ വിട്ടിട്ട് 40 വർഷത്തിലേറെയായി, എന്നിട്ടും എത്രയോപേര്‍ അദ്ദേഹത്തെക്കുറിച്ചുള്ള സുന്ദരമായ ഓർമ്മകൾ സൂക്ഷിക്കുന്നു!ഡോ. കൊച്ചുറാണിയുടെ പ്രതികരണം: "കരിസ്മാറ്റിക് നവീകരണ റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ എൺപതുകളിൽ അദ്ദേഹത്തിന്‍റെ 'ഗ്രോയിംഗ് ഇൻ ജീസസ്' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു”. ടോംസ് മൈക്കൽ എഴുതി, “അദ്ദേഹത്തിന്റെ 'ഇതാ യേശു വരുന്നു', 'യേശുവിനൊപ്പം നടക്കുക', 'യേശുവിൽ വളരുക' എന്നീ പുസ്തകങ്ങൾ ആദ്യകാലങ്ങളിൽ എന്‍റെ വിശ്വാസം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ദൈവപുരുഷാ, നിത്യവിശ്രമം ആസ്വദിക്കുക”. റീന കൂട്ടിച്ചേർത്തു, “അതെ, ഞാൻ ഇപ്പോഴും ഈ പുസ്തകങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു.”
മറ്റു രണ്ട് പ്രതികരണങ്ങൾ ഏറെ ഓർമ്മകൾ ഉണര്‍ത്തി: ഒന്ന്‍ ചെന്നൈയിൽ നിന്നുള്ള മാനുവൽ തോമസിന്‍റെതായിരുന്നു. ഞങ്ങളുടെ യുവജന പ്രവര്‍ത്തനങ്ങള്‍ കണ്ടുപകര്‍ത്താന്‍ 1978-ൽ ഫാ. മാർസെലിനോ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മാനുവല്‍ ഞങ്ങളെ സന്ദർശിച്ചു, ഞാനും മാനുവലും അടുത്ത സുഹൃത്തുക്കളായി. അദ്ദേഹം എഴുതി, “അച്ചന്‍റെ ആവേശകരമായ പഠനങ്ങള്‍ ശ്രവിച്ചതിന്‍റെയും അദ്ദേഹത്തിന്റെ ധ്യാനങ്ങളിൽ പങ്കെടുത്തതിന്‍റെയും യുവാക്കൾക്കുള്ള ശുശ്രൂഷയിൽ പരിശുദ്ധാത്മാവിന്റെ ശക്തി കണ്ടതിന്‍റെയും അതിശയകരമായ എത്രയോ ഓർമ്മകൾ. 1978-ൽ തേവേരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന യുവജന കൺവെൻഷനുശേഷം അദ്ദേഹം എഡ്ഡിയെയും സെന്റ് തെരേസാസ് പ്രാർത്ഥനാ ഗ്രൂപ്പിനെയും എനിക്ക് പരിചയപ്പെടുത്തി. സന്തോഷ നിറവുള്ള ഒരു ദൈവമനുഷ്യൻ! ഏറെ സ്നേഹമുള്ളവൻ! അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.'' മറ്റൊന്ന്, ഇപ്പോൾ ഗള്‍ഫ് നാട്ടില്‍ താമസമാക്കിയ ആ വർഷങ്ങളിലെ സജീവ കോളേജ് വിദ്യാർത്ഥിനി ഫിയോണയുടെതായിരുന്നു. "1976-ൽ സെന്റ് തെരേസാസിൽ വച്ച്, ഫാ. മാർസെലിനോ നവീകരണത്തിലേക്കും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും നിരവധി യുവാക്കളെ ആകർഷിച്ചു. ഞങ്ങളുടെ ക്ഷണപ്രകാരം സന്തോഷപൂര്‍വ്വം നവീകരണത്തെ പരിചയപ്പെടുത്താന്‍ അദ്ദേഹം ഫോർട്ടുകൊച്ചിയിൽ എത്തി. കൂടെ ഫ്രിറ്റ്സും എഡിയും ഒക്കെ ഉണ്ടായിരുന്നു. കന്യാസ്ത്രികളുടെ പിന്തുണയോടും, അന്തരിച്ച ബിഷപ്പ് എടേഴത്തിന്‍റെ അനുമതിയോടും കൂടി ഞങ്ങൾ പ്രാർത്ഥനായോഗങ്ങൾ ആരംഭിച്ചു. സമാധാനത്തിൽ വിശ്രമിക്കൂ, പ്രിയ ഫാ. മാർസെലിനോ, സ്വർഗ കിരീടം അങ്ങയെ കാത്തിരിക്കുന്നു.”
നിലനിൽക്കുന്ന ശൈലികൾ
1976 സെപ്തംബറിൽ അദ്ദേഹം കളമശ്ശേരി സെന്റ് പോൾസില്‍ വച്ച് നിരവധി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ധ്യാനത്തിന് നേതൃത്വം നൽകി. അതായിരുന്നു പല കോളേജ് ഗ്രൂപ്പുകളുടെയും തുടക്കം. ഞങ്ങളിൽ മിക്കവരും ആ ബന്ധങ്ങള്‍ നിലനിര്‍ത്തി. അങ്ങനെ, 1978-ന്‍റെ മധ്യത്തിൽ യുവജന ഏകോപന ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ അതിന് തുടക്കമിടാന്‍ ഞങ്ങള്‍ക്ക് വേണ്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നു. 1978 സെപ്തംബർ മാസത്തില്‍ സെന്റ് ആൽബർട്സ് സ്കൂളിൽ നടന്ന മധ്യസ്ഥ ധ്യാനം, വളര്‍ച്ചാ ധ്യാനം, പ്രാരംഭാധ്യാനം എന്നിവയെല്ലാം ഫാ. മാർസെലിനോ, ഫാ. ജസ്റ്റിൻ പിൻഹീറോ, ബ്രദർ ഫ്രിറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ നല്ല രീതിയില്‍ നടന്നു. ആ വർഷാവസാനത്തെ യുവജന കൺവെൻഷനു വേണ്ടി മാത്രമല്ല, ക്രമേണ രൂപംകൊണ്ട യുവജന പ്രസ്ഥാനത്തിനും ഇവയെല്ലാം നല്ല ഒരുക്കമായി.
സമര്‍പ്പിതര്‍ക്കും കോളേജ് യുവാക്കളുള്‍ക്കും ധാരാളം ധ്യാനങ്ങള്‍ നല്‍കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ഒരു നല്ല മിഷനറി വൈദീകനായാണ് പലരും ഫാ മാർസെലിനോയെ സ്മരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അതുല്യവും ശാശ്വതവുമായ സംഭാവന, അദ്ദേഹം കൈമാറിയ ചില ശീലങ്ങളും ശൈലികളുമാണ്, അത് അരനൂറ്റാണ്ടിന് ശേഷവും ഫലം കായ്ക്കുകയും വ്യാപിക്കുകയും ചെയ്യുന്നു. 95-ാം വയസ്സിൽ സ്പെയിനിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. സമീപ വർഷങ്ങളിൽ ദിവ്യകാരുണ്യ ആരാധനയ്‌ക്കും മധ്യസ്ഥതയ്‌ക്കുമായി ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നിത്യ സന്തോഷത്തിന്‍റെ നാട്ടിലേക്ക് പ്രവേശിക്കുമ്പോൾ, മാർസെലിനോ അച്ചന്‍ ദിവ്യ സിംഹാസനത്തിന്‍റെ മുമ്പാകെ നമ്മെ ഓർക്കുകയും അദ്ദേഹം നമുക്കിടയിൽ നട്ടുപിടിപ്പിച്ചത് വളര്‍ന്ന്‍ പടരാന്‍ വേണ്ട നമ്മുടെ ശ്രമങ്ങൾക്ക് പിന്തുണ നല്‍കുകയും ചെയ്യട്ടെ. നല്ലവനായ നാഥന്‍ അദ്ദേഹത്തെ നിത്യവിരുന്നിലേക്ക് സ്വാഗതം ചെയ്യുമാറാകട്ടെ!
Comments
Post a Comment