ജെ-വൈയുടെ സുന്ദര രുചിക്കൂട്ട് - ഈ തലമുറയ്ക്ക് അതിഷ്ടവുമാണ് (MJYR086)
ജെ-വൈയുടെ സുന്ദര രുചിക്കൂട്ട് - ഈ തലമുറയ്ക്ക് അതിഷ്ടവുമാണ്
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
ഒരു മീറ്റിംഗിനിടെ സീനു പറഞ്ഞ ഒരു കാര്യം ഏറെ ചിന്തയ്ക്കു വകനൽകി, “ജീസസ് യൂത്തിനു എന്തോ ഒരു സവിശേഷ ചേരുവയുണ്ട്. കൊക്കക്കോള പോലെയുള്ള ബ്രാന്റ്കളുടെ മുന്തിയ രുചിക്ക് പിന്നിലുള്ള രഹസ്യ ചേരുവ പോലെ. എത്രയോ തലമുറയായി, എത്ര ഇടങ്ങളിലായി, ഇപ്പോഴും എവിടെയും ഈ മുന്നേറ്റം യുവ ഹൃദയങ്ങൾ കവരാൻ ഇടയാക്കുന്നത് ഈ ചേരുവ കൊണ്ടല്ലേ? മറ്റനേകർ ഏറെ ശ്രമിച്ചിട്ടും ഇത് പകർത്താൻ പറ്റിയിട്ടുമില്ല.”
അവിടെ ഉയരുന്ന ചോദ്യം, ജെ-വൈ ക്ക് അങ്ങനെ ആകർഷകമാക്കുന്ന ഒരു ചെ രുവയുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അതെന്താണ്? എന്തായാലും നല്ല ജെ-വൈ "സംഭവങ്ങൾക്ക്" എന്തോ ഒരു മാസ്മരികത ഉണ്ട്. പക്ഷെ എളുപ്പത്തിൽ അത് പറഞ്ഞുവയ്ക്കാനാകുമോ എന്നറിഞ്ഞുകൂടാ.
അതിനു പിന്നിൽ എത്രയോ ഹൃത്തും മനവും കരവും
മുന്നേറ്റ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ക്യാമ്പസ് മീറ്റ് 88. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ മുൻഭാഗം സംസ്ഥാനത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന ആയിരത്തിലധികം വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി ഒരുങ്ങി. പന്തലിന്റെ മുൻവശത്ത് തയ്യാറാക്കിയ മീൻവലയും പൂക്കളവും ഇന്നും ഞാനോർക്കുന്നു. കോളേജുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള യുവ നേതാക്കൾ എല്ലാം ശരിയാക്കാൻ എത്രയോ നാൾ തയ്യാറെടുത്തു. അവരോടൊപ്പം വൈദികരും സിസ്റ്റേഴ്‌സും മുതിർന്നവരും ഒക്കെ കൈകോർത്ത് മാസങ്ങളോളം പ്രവർത്തിച്ചു, പ്രാർത്ഥിച്ചു, ഓരോ ഘടകത്തിനും വിശദമായ പദ്ധതികൾ തയ്യാറാക്കി കഠിനാധ്വാനം ചെയ്തു. നേതാക്കളും പ്രവർത്തകരും തമ്മിൽ ഒരു വേർതിരിവുമില്ലാതെ എല്ലാവരും ആവേശത്തോടെ ഒന്നിച്ചോരുങ്ങി.സമ്മേളനം തന്നെ ഏറെ സവിശേഷമായാണ് വിഭാവനം ചെയ്യപ്പട്ടത്. എന്തായിരുന്നു ഉള്ളടക്ക ഫോക്കസ്? കെറിഗ്മ യോ അതോ ആഴത്തിലുള്ള രൂപീകരണമോ? തീർച്ചയായും അത് വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു; അത് എല്ലാ തലങ്ങളില്‍ ഉള്ളവര്‍ക്കും അത് അനുയോജ്യമായിരുന്നു. പിന്നെ, പാട്ടുകൾ, സംഗീതം, സ്കിറ്റുകൾ, പ്രസംഗങ്ങൾ, വിശുദ്ധ കുർബാന, കുമ്പസാരം, ഗ്രൂപ്പ് സെഷനുകൾ തുടങ്ങി സാധാരണ ചേരുവകൾ ഒക്കെ ഉണ്ടായിരുന്നു. തെയ്‌സെയിലെ ബ്ര. ഗിലാൻ, ഫൊക്കോലാരെ മുന്നേറ്റത്തിൽ നിന്ന് രണ്ടു പേർ, അവരുടെ സെഷനുകളും. ഒരു കാര്യം എടുത്തു പറയട്ടെ, ഏതൊരു ക്‌ളാസുകളെക്കാളും പലരെയും ഏറെ സ്പർശിച്ചത് വോളന്റിയർ മാരും സമ്മേളനത്തിൽ പങ്കാളികളായ സജീവ ജീസസ് യൂത്തിന്‍റെ പെരുമാറ്റവും ആയിരുന്നു. അതിന്റെ സദ് ഫലങ്ങളോ? ഈ നാലു ദിനങ്ങൾക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ നൂറുകണക്കിന് കാമ്പസുകളിൽ കൂട്ടായ്മകൾ രൂപാന്തരപ്പെട്ടു.
എന്ത് നൽകുന്നു എന്നതല്ല, എങ്ങനെ കൊടുക്കുന്നു എന്നതാണ് പ്രധാനം
ഉള്ളടക്കത്തിനുപകരം പാക്കേജിംഗിനോ ഭക്ഷണ അലങ്കാരത്തിനോ വേണ്ടി തത്രപ്പെടുന്നു എന്ന പേരിൽ നമ്മൾ ചിലരെ കളിയാക്കാറുണ്ട്. ഇവിടെ യേശുവിന്‍റെ വിപ്ലവകരമായ സമീപനം ഓർക്കേണ്ടതാണ്. അദ്ദേഹം പഠിപ്പിച്ചത് മറ്റ് അധ്യാപകരെപ്പോലെയല്ല, ക്രിയാത്മക പ്രവർത്തിയും സ്നേഹ ബന്ധങ്ങളും ഭാവാത്മക സംസാരവും എല്ലാം ആ പഠന രീതിയില്‍ സമന്വയിച്ചു. “പുതു വീഞ്ഞ് പുതിയ തോല്കുടത്തിൽ വേണം” എന്ന് യേശു പറഞ്ഞതിൽ അതിശയിക്കാനില്ല. കനേഡിയൻ എഴുത്തുകാരനായ മാർഷൽ മക് ലൂഹന്റെ പ്രസിദ്ധമായ വാക്കുകള്‍ ഇതുമായി ഒത്തുപോകുന്നു. "മാധ്യമ മാണ് സന്ദേശം." അല്ലെങ്കിൽ നൽകുന്ന സന്ദേശത്തെക്കാൾ നമ്മള്‍ വിനിമയം നടത്തുന്ന രീതി സന്ദേശത്തിന്‍റെ കാര്യക്ഷമതയെ നിർണ്ണയിക്കുന്നു. തീർച്ചയായും, ജെ-വൈ മാന്ത്രിക ഘടകത്തിന് ഈ “എങ്ങനെ” എന്നതുമായി അടുത്ത ബന്ധമുണ്ട്.
ഇക്കാര്യത്തിൽ മുന്നേറ്റത്തിന്‍റെ മധ്യസ്ഥൻ വി. ഫ്രാൻസിസ് നമ്മുടെ നല്ല വഴികാട്ടിയാണ്. “എല്ലായ്‌പ്പോഴും സുവിശേഷം പ്രസംഗിക്കുക; ആവശ്യമെങ്കിൽ വാക്കുകളും ഉപയോഗിക്കുക." ഞാൻ മാതാപിതാക്കളോട് ചോദിക്കാറുണ്ട്, കുട്ടികൾ ഏറ്റവും വെറുക്കുന്നത് എന്താണ്? ആരെങ്കിലും ഉത്തരം പറയും, 'ഉപദേശം'. അത് ശരിയാണ്, അവർ പ്രസംഗത്തെയും അധികം വാക്കുകളെയും വെറുക്കുന്നു. എന്നാൽ ഞാൻ കൂട്ടിച്ചേർക്കും, അവർ ഏറ്റവും വെറുക്കുന്നത് വിരസതയെയല്ലേ? പലരും പള്ളിയിൽ നിന്നും ആത്മീയ പ്രവർത്തനങ്ങളിൽ നിന്നും ഓടിപ്പോകുന്നതിനു കാരണം ഇതല്ലേ? ഒരു നല്ല ജെ-വൈ പരിശീലനത്തിലെ വ്യത്യാസം, ആരെങ്കിലും തങ്ങളെ പഠിപ്പിക്കുന്നതായി യുവാക്കൾക്ക് അപൂർവമായേ തോന്നൂ, മറിച്ച് ഹൃദ്യതയാര്‍ന്ന ചില ആളുകളുമായി രസകരമായ രീതിയില്‍ ആഹ്ലാദവേളകള്‍ ചെലവഴിക്കുന്നു, ആ സമയത്ത് മറക്കാനാവാത്ത പാഠങ്ങൾ അവർ പഠിക്കുകയും ചെയ്യുന്നു. നാം കേട്ടിട്ടുള്ളതുപോലെ “മൂല്യങ്ങള്‍ ഓതി കൊടുക്കുകയല്ല അത് സ്വാംശീകരിക്കുകയാണ്”.
കഴിഞ്ഞയാഴ്ച്ച കുറച്ച് ദൂരെ ഒരു ഇടവകയിലേക്ക് ഞങ്ങൾ ഒരു ഔട്ട്-റീച്ചിന് പോയി, ഏതാണ്ട് പന്ത്രണ്ടോളം പേര്‍. നേരത്തെ തന്നെ സിന്ധു ഞങ്ങളോട് സൂചിപ്പിച്ചിരുന്നു ആ ഹൈസ്‌കൂൾ കുട്ടികളെല്ലാം പ്രശ്‌നബാധിതരായ വീടുകളിൽ നിന്നുള്ളവരാണ്. തുടക്കത്തില്‍ എല്ലാവരും സ്വയം പരിചയപ്പെടുത്തി. ആ സമയത്ത് അവരുടെ ഇരിപ്പു കാണണം, ഒരു വികാരവുമില്ലാതെ! എന്തായാലും പെട്ടെന്ന് കുറച്ച് ഭക്ഷണമെല്ലാം കഴിച്ച് എല്ലാവരേയും കളികള്‍ക്കായി പുറത്തേയ്ക്ക് കൊണ്ടുപോയി. ഞങ്ങളുടെ കൂട്ടത്തിലുള്ള ജെഫ് അതിനെല്ലാം വിദഗ്ദനാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഗ്രൂപ്പിന്‍റെ അന്തരീക്ഷം ആകെ മാറി, പൊട്ടിച്ചിരിയും ആവേശവും മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പു പ്ലാനിങ്ങും ഒക്കെയായി. ഞങ്ങളും അവരും എല്ലാവരും ഒരു സുന്ദര കൂട്ടായ്മയായി. നീണ്ട ആ വിനോദ വേളയ്ക്ക് ശേഷം എല്ലാവരും ഹാളില്‍ എത്തി. പിന്നെ സിമിയുടെ വിഷയാവതരണം, “സ്നേഹ പിതാവിനോടുള്ള സംസാരം”. ഓരോ പോയിന്റിനു ശേഷവും ടീമിലെ ഓരോരുത്തരെ മുന്നിലേയ്ക്ക് വിളിച്ച് അവരുടെ പ്രാര്‍ഥനാ രീതി പങ്കുവയ്ക്കാന്‍ പറയും. അവസാനം ഞാനും ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്‍ പള്ളിയിലേയ്ക്ക്. അവിടെ അൽപ്പം നിശ്ശബ്ദ സമയം. തുടർന്ന് വിശുദ്ധ കുർബാന. എല്ലാം ഏറെ ഹൃദ്യവും സുന്ദരവുമായി കടന്നുപോയി.
തീര്‍ത്തും ലളിതമെങ്കിലും ഏവര്‍ക്കും അത് മനോഹരമായ ഒരു അനുഭവമായിരുന്നു, അവിടെയുള്ള കുട്ടികൾ അത് വളരെ ഇഷ്ടപ്പെട്ടു. മുഴുസമയവും കൂടെയുണ്ടായിരുന്ന അവിടത്തെ അച്ചന്‍റെ സന്തോഷം കാണണമായിരുന്നു, പ്രശ്ന കലുഷിതമായ ആ സ്ഥലത്തെ കുട്ടികളില്‍ ഒരു പുതു ചലനം കണ്ടത്തിലെ അത്ഭുതവും വലിയ പ്രതീക്ഷയും. ഇനി ഇപ്പോള്‍ എല്ലാവരുമായും ആഗ്രഹം ഒരു വാരാന്ത്യം ചെലവഴിക്കാൻ ഇങ്ങോട്ട് വരിക എന്നതാണ്. അവിടെ ഒരു ജീസസ് യൂത്ത് സ്നേഹ കൂട്ടായ്മയുടെ സ്വപ്നവുമായി ഇവിടെയുള്ളവരും.
ഒരു സ്നേഹസമൂഹം ക്രിയാത്മ വഴികളിൽ കൂട്ടായ്മ പണിയുന്നു
ജീസസ് യൂത്ത് ഒരു പരിപാടിയും ആവർത്തിക്കാറില്ല! അതിനാല്‍ തന്നെ അത് ഒരുക്കുന്നവര്‍ക്ക് ഓരോ പടിയും പുത്തന്‍ അന്വേഷണവും കണ്ടെത്തലും വേണ്ടിവരുന്ന ഒരു പുതിയ വെല്ലുവിളിയാണ്. അതില്‍ പങ്കെടുക്കുന്നവര്‍ക്കോ, അത് വലിയ മാറ്റത്തിന്‍റെ ആത്മസ്പര്‍ശനം ലഭിക്കുന്ന പുത്തന്‍ അനുഭവവും. ജെ-വൈ യുടെ ഒരു ചെറിയ പരിപാടിക്കുപോലും പുതിയ പേരും, സമയക്രമവും, പ്രോഗ്രാം രീതികളും ഒക്കെ ചര്‍ച്ചചെയ്ത്, പ്രാര്‍ഥിച്ചു കണ്ടെത്തും. അതോരുക്കുന്നവര്‍ക്ക് ഒരജ്ഞാത നാട്ടിലേയ്ക്കുള്ള യാത്രപോലെയാണ് അത്. ആ കൈകോര്‍ക്കലും ഹൃദയം ഉരുകലും അവരെ ഒന്നാക്കി പറഞ്ഞയയ്ക്കും.
ചിലപ്പോലെ ഏതെങ്കിലും യുവാക്കളുടെ ഫോണ്‍ വിളി വരും, “ഞങ്ങള്‍ ഒന്ന് വരട്ടേ? ഇടവകയിലെ ഒരു ഏകദിന പരിപാടി തയ്യാറാക്കാനാണ്.” ഒരു ഏകദേശ പ്ലാനുമായി കുറച്ചുപേര്‍ വരും, ചര്‍ച്ചയിലൂടെ ആ പരിപാടിക്കും അതിന്‍റെ തയ്യാറെടുപ്പിനും ഫോളോഅപ്പിനും ഒക്കെ ഒരുക്കമാകും. ചിലര്‍ ചിന്തിച്ചേക്കാം, ജീസസ് യൂത്തിനു ഇതിനെല്ലാം ഒരു സ്റ്റാൻഡേർഡ് പ്ലാന്‍ ഉണ്ടാക്കിയാല്‍ പോരെ? ഓരോ പ്രാവശ്യവും “ചക്രം വീണ്ടും കണ്ടുപിടിക്കണോ”? പക്ഷെ, നേരെ മറിച്ചാണ്. മുന്നേറ്റത്തിലെ ഏറ്റം നല്ല നേതൃപരിശീലനവും വിശ്വാസ രൂപീകരണവും ഈ യുദ്ധമുഖത്താണ്. അതിലുമപ്പുറം ഇവിടെയാണ് കൂട്ടായ്മ രൂപപ്പെടുന്നത്. ഇവരുടെ സ്നേഹവും ലാളിത്യവും അവര്‍ ചെല്ലുന്നിടത്ത് സ്നേഹ സമൂഹങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും.
യേശു എന്ന മിഷനറിയെ പറഞ്ഞയച്ച ആ സ്നേഹകൂട്ടായ്മയുടെ സ്വപ്നവും എവിടെ എല്ലാവരും ഒരു സ്നേഹ ശ്രുംഖലയാകണം എന്നതായിരുന്നില്ലേ? ഇതുതന്നെയാണ് ജീസസ് യൂത്ത് സംസ്കാരവും എല്ലാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യവും. മറ്റെന്തിനേക്കാളും, അടുപ്പത്തിന്റെയും സന്തോഷത്തിന്റെയും ഈ അനുഭവം മുന്നേറ്റത്തിന്‍റെ എല്ലാറ്റിനെയും വ്യത്യസ്തമാക്കുന്നു. ഒത്തുകൂടലുകളിലും പരിപാടികളിലും സന്തോഷവും അനൗപചാരികതയും നിറയുന്ന ഒരു കുടുംബ ചൈതന്യം ജീസസ് യൂത്ത് പരിപാടികളെ ഏറെ വ്യത്യസ്തമാക്കുന്നു. അങ്ങനെ, വിരസമായ പ്രസംഗങ്ങളോ ആചാരബദ്ധമായ പ്രാർത്ഥനകളോ നിർബന്ധിച്ചു ചെയ്യിപ്പിക്കാലോ ഇല്ലാതെ അതിനു പകരം, ആഹ്ലാദഭരിതരായ കുറേപേര്‍ ഹൃദ്യമായ കുടുംബ അനുഭവവും, വ്യക്തിപരമായ ചിന്തകളും പങ്കുവെക്കുന്ന നിമിഷങ്ങലാണ് ജെ-വൈ പരിപാടികള്‍. അത് ഒരാള്‍ക്ക് നല്‍കുന്നതോ സൗമ്യസുന്ദരമായ ബന്ധങ്ങളും സ്‌നേഹനിധിയായ പിതാവുമായി അടുക്കാനുള്ള അസുലഭാവസരവും.
ഈ ഒരു രുചിക്കൂട്ടല്ലേ മുന്നേറ്റത്തെ വ്യത്യസ്ഥമാക്കുന്നത്? ഈ സംസ്കാരം നിലനിര്‍ത്തുന്ന നിമിഷങ്ങളാകുമ്പോള്‍ ജീസസ് യൂത്ത് ‘സംഭവങ്ങളും’ ആ സ്വാദുറ്റ ചേരുവ ഉള്‍കൊള്ളുന്നതാകും.
Comments
Post a Comment