ജീസസ് യൂത്ത് - നന്നായി വഴക്കിടാനും അനുരഞ്ജനപ്പെടാനുമുള്ള സുരക്ഷിത ഇടം (MJYR085)

 ജീസസ് യൂത്ത് - നന്നായി വഴക്കിടാനും അനുരഞ്ജനപ്പെടാനുമുള്ള സുരക്ഷിത ഇടം

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

“കലഹങ്ങളില്ലാത്ത ദമ്പതികളുണ്ടോ? നിങ്ങളുടെ വീട്ടില്‍ ഒട്ടും വഴക്കില്ലെങ്കിൽ ഒന്നുകില്‍ നിങ്ങൾ മാലാഖമാരാണ് അല്ലെങ്കിൽ നിങ്ങളിൽ ഒരാൾ നിശബ്ദമായി സഹിക്കുന്നു.” ആ ഫാമിലി ഗ്രൂപ്പിലെ എന്‍റെ ക്ലാസ്സ് 'പക്വതയുള്ള ജെ-വൈ കുടുംബങ്ങൾ' എന്നതായിരുന്നു. ഞാൻ തുടർന്നു, ഒരുപക്ഷെ വേണ്ടത് നല്ല രീതിയിൽ വഴക്കിടാൻ പഠിക്കുകയാണ്. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ഇതു കേട്ട് എല്ലാവരും ആര്‍ത്ത് ചിരിച്ചു. മുറിയുടെ പല കോണുകളിൽ നിന്ന് 'നന്നായി വഴക്കിടാനുള്ള” വഴികള്‍ പലരും ചോദിക്കാനും തുടങ്ങി.

വിയോജിക്കുന്നതില്‍ തെറ്റുണ്ടോ? 

അന്നുതന്നെ മറ്റൊരു ഗ്രൂപ്പിൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ചും പുതുതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഒരു ചർച്ച ഉണ്ടായിരുന്നു. ഇടയ്ക്ക് കാര്യമായ ഏറ്റുമുട്ടലിലേയ്ക്കും അത് പോയി. ഒരു കാര്യം ഏതാണ്ടെല്ലാവരും സമ്മതിച്ചപ്പോൾ അവരില്‍ ഒരാളായ റോണി തികച്ചും വ്യത്യസ്തമായ കാര്യമാണ് പറഞ്ഞത്. മറ്റുള്ളവർ അതിനെ എതിര്‍ത്തു. സ്വാഭാവികമായും റോണി രൂക്ഷമായി പ്രതികരിച്ചു.

സുഗമമായ ചർച്ച റോണി വഴിതെറ്റിച്ചതിൽ പലരും ഏറെ അസ്വസ്ഥരായി, ചിലർ റോണിയെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. ഞാൻ ഒന്ന് ചിന്തിച്ചു, അയാൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, ക്ഷമയോടെ കേൾക്കാൻ മറ്റുള്ളവര്‍ക്ക് ഒരു കടമയുമുണ്ട്. ആരും തന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നലില്‍ റോണി അസ്വസ്ഥനായി, അങ്ങനെ അയ്യാളുടെ ശബ്ദം ഉയരാനും തുടങ്ങി.

ഈ ഘട്ടത്തിൽ ഞാൻ ഇടപെട്ട് റോണിയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ വേറൊരാള്‍ അയ്യാളെ തിരുത്താൻ ശ്രമിച്ചു, ഞാൻ പറയേണ്ടിവന്നു, "കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അയ്യാള്‍ക്ക് സമയം കൊടുക്കു, പിന്നീട് നമുക്ക് വ്യക്തത വേണമെങ്കില്‍ ചോദിക്കാം". അൽപ്പം ക്ഷമയും അനുകമ്പയും കൊണ്ട് അവിടെ പ്രശ്നം ഏതാണ്ട് പരിഹരിച്ചു!

ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണ് (ക്രിസ്തു ജീവിക്കുന്നു) ഞാന്‍ ഓര്‍ത്തത്, “യുവജനങ്ങളുടെ ഹൃദയത്തിലുള്ള അഭിവാഞ്ജയുടെ ഭൂരിഭാഗവും “അസ്വസ്ഥത” എന്ന വാക്കിൽ സംഗ്രഹിക്കാം. . . സ്വസ്ഥതയില്ലാത്ത അസംതൃപ്തിയും പുതു ചക്രവാളങ്ങൾ തുറക്കുന്നതിനു മുമ്പുള്ള ആവേശവും കൂടിച്ചേർന്ന്, ദൗത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉറച്ചു നിൽക്കാനും പ്രേരിപ്പിക്കുന്ന ഒരു ധൈര്യം അതിലൂടെ സൃഷ്ടിക്കപ്പെടുന്നു.” (138) റോണിയെപ്പോലെ കലഹപ്രിയര്‍ ഇല്ലെങ്കിൽ ഒരു പുതുദൗത്യവും മുളച്ചു വളരില്ല. 

പടിപടിയായി വളര്‍ന്നാണ് കൂട്ടായ്മയുടെ ഭാഗമാകുന്നത്  

കൂട്ടായ്മ ഒരുമിച്ചുള്ള യാത്രയാണ്, അത് ഹൃദയത്തിൽ നിന്ന് ബഹിര്‍ഗമിക്കണം. ഐക്യവും അനുസരണവുമാണ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതെന്ന് നാം പറയും. അത് ശരി തന്നെ. എന്നാൽ വിധേയത്വത്തെക്കുറിച്ച് ഏറെ പറയുകയും വ്യത്യസ്ത അഭിപ്രായങ്ങൾക്കെതിരെ ആക്രോശിക്കുകയും ചെയ്യുമ്പോൾ ഐക്യമല്ല ഉണ്ടാകുന്നത്, മറിച്ച് ഭയമോ അമര്‍ഷമോ ഒക്കെയാണ്. ഇതില്‍നിന്നും വ്യത്യസ്ഥമായി സ്നേഹവും കാരുണ്യവുമാണ്‌ സ്നേഹകൂട്ടായ്മ വളര്‍ത്തുന്നത്. കൗതുകകരമെന്നു പറയട്ടെ, നേതൃത്വത്തെക്കുറിച്ചുള്ള യേശുവിന്റെ ആശയം അന്ധമായ അനുസരണമായിരുന്നില്ല. "യജമാനത്വം", "അധികാരം പ്രയോഗിക്കൽ" (മത്താ. 20:25) എന്നീ ലൗകിക മാർഗങ്ങളിൽ യേശു സന്തുഷ്ടനായിരുന്നില്ല, മറിച്ച് നേതൃത്വം എളിയ ദാസ്യവേലയാകണമെന്ന് അവിടന്ന്‍ ആഗ്രഹിച്ചു. സംഘർഷങ്ങളുടെ നടുവിൽ ഇത് ഏറെ പ്രസക്തമാണ്. ആ സമയത്ത് നേതൃത്വത്തിലിരിക്കുന്നവർ കരുണയുടെ സേവകരായി മാറണം, കലഹങ്ങൾ വഴിതിരിച്ച് കൂടുതൽ സ്നേഹവും ക്ഷമയും വളർത്തിയെടുക്കാനാകണം. 

"നിങ്ങൾക്കെല്ലാം ഒരു ചൈതന്യവുമില്ല, ആളുകളെ വെറുതെ വഴിതെറ്റിക്കുന്നു!" ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന അംഗം ഒരിക്കൽ ദേഷ്യത്തോടെ പ്രതികരിച്ചു. എന്‍റെ ആദ്യ പ്രതികരണം വിഷമവും ദേഷ്യവുമായിരുന്നു, അയ്യാളുമായി തർക്കിക്കാനും ഞാന്‍ ഒരുമ്പെട്ടു. പക്ഷേ എന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് അയ്യാളോട് ഞാൻ ചോദിച്ചു, "ദയവായി ഒന്ന്‍ വിശദീകരിക്കാമോ?" എന്‍റെ സൗഹാർദ്ദപരമായ രീതി അയ്യാളെ ഒന്ന്‍ ശാന്തമാക്കി. തുടര്‍ന്ന്‍ നല്ലൊരു പങ്കുവയ്ക്കാല്‍ നടന്നു. ഒടുവിൽ, ഞങ്ങൾ ഗ്രൂപ്പിനായി പ്രാർത്ഥിക്കുകയും അതിനെ വളര്‍ത്താന്‍ ഒരുമിച്ച് പ്രവർത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മറിച്ച് എന്‍റെ സ്വരം കഠിനമായിരുന്നെങ്കില്‍, ഞങ്ങൾ ഏറ്റുമുട്ടുമായിരുന്നു, കർത്താവിന്‍റെ പദ്ധതി പാളിപ്പോകുകയും ചെയ്യുമായിരുന്നു.

ക്ലാസ് മുറിയിൽ  ചില വിദ്യാർത്ഥികൾ തുടരെ പ്രകോപനം ഉണ്ടാക്കുന്നത് എങ്ങനെയെന്ന്‍ അധ്യാപകർക്ക് അറിയാം. ചിലരെങ്കിലും ഒരു പോരാട്ടത്തിന് ഉത്സുകരാണെന്ന് തോന്നുന്നു. ഒരു അദ്ധ്യാപകൻ ഈ കെണിയില്‍ വീഴുകയും പരുഷമായി പ്രതികരിക്കുകയും ചെയ്താൽ നല്ല വിദ്യാർത്ഥികൾ പോലും ക്രമേണ അദ്ധ്യാപകനിൽ നിന്ന് അകലും. സന്തോഷ൦ നിറയുന്ന ഒരു ക്ലാസ്മുറിയോ ഹൃദ്യതനിറയുന്ന ഭവനമോ ആത്മനിറവുള്ള ഒരു ജീസസ് യൂത്ത് ഗ്രൂപ്പോ ഒക്കെ രൂപപ്പെടണമെങ്കിൽ നമ്മള്‍ സഹാനുഭൂതിയോടെ ശ്രവിക്കാൻ പഠിക്കണം, പ്രത്യേകിച്ച് സംഘര്‍ഷങ്ങള്‍ക്കിടയില്‍. എല്ലാ കലഹങ്ങളെയും വിശ്വാസത്തിന്‍റെ കണ്ണിലൂടെ കാണണം. കൂടുതൽ സഹിഷ്ണുതയ്ക്കും സ്വീകാര്യതയ്ക്കും ഉള്ള അവസരമായി മാറണം. അത് മാത്രമേ സ്‌നേഹ൦ നിറയുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയുള്ളൂ.

നന്മയാര്‍ന്ന സംഘര്‍ഷ വഴികള്‍ പഠിക്കാനുള്ള ഇടങ്ങൾ

ഈയ്യിടെ സ്വസ്ഥതകെടുത്തുന്ന വാർത്തകള്‍ വര്‍ദ്ധിക്കുകയാണോ? ചെറിയ അഭിപ്രായ വ്യത്യാസം മൂലം നല്ല കുടുംബങ്ങൾ തകരുന്നു. രാഷ്ട്രീയവും വിശ്വാസ വിഷയങ്ങളും വലിയ തർക്കങ്ങളിലേയ്ക്കും അക്രമാസക്തമായ പോരാട്ടങ്ങളിലേയ്ക്കും ആളുകളെ നയിക്കുന്നു. തര്‍ക്കങ്ങള്‍ കൊലപാതകങ്ങളിലേയ്ക്ക് പോലും നയിക്കുന്നത് ഇന്ന്‍ സർവസാധാരണമാകുന്നു. എന്താണ് ഇവിടെ പ്രധാന പ്രശ്നം? വ്യത്യസ്തമായ ഒരു ചിന്ത, ആശയം അംഗീകരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാകുന്നു. മറ്റുള്ളവരും എന്നെപ്പോലെ ചിന്തിക്കണമെന്ന് ഓരോരുത്തരും നിർബന്ധിക്കുന്നു. ചുരുക്കത്തിൽ, ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത വളരുന്നു, പ്രത്യേകിച്ച് മതവിശ്വാസികൾക്കിടയിൽ.

"ശത്രുക്കളെ സ്നേഹിക്കുവിൻ" എന്ന് യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രശ്നക്കാരോട് ഒത്തുപോകല്‍, വ്യത്യസ്‌ത അഭിപ്രായങ്ങളോടു സഹിഷ്ണുത, കലഹക്കാരോടു സൗമ്യത എന്നിവയെല്ലാം ശത്രു സ്‌നേഹത്തിന്‍റെ ഉയര്‍ന്ന കൊടുമുടിക്ക് മുമ്പുള്ള ചെറിയ ചുവടുകളാണ്. ഇന്ന് ലോകം തേടുന്നത് യേശു സാദൃശ്യത്തിലുള്ള ക്രൈസ്തവരേയാണ് - വിശുദ്ധ ജീവിതം നയിക്കുന്നവര്‍, ഒപ്പം വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവരോട് ദയയും സഹിഷ്ണുതയും പുലർത്തുന്നവര്‍. സഹിഷ്ണുത, വിനയം, ദയ എന്നീ ക്രിസ്തീയ മനോഭാവങ്ങളില്‍ രൂപീകരണം നൽകുന്ന ഇടങ്ങളാണ് ഇന്നത്തെ അടിയന്തിര ആവശ്യം.

എങ്ങനെയാകണം ഒരു നല്ല ജീസസ് യൂത്ത് കൂട്ടായ്മ? സ്ഥിരമായി ഒത്തുകൂടി ഇടപഴകുന്ന, അതോടൊപ്പം എല്ലാവരെയും ശ്രവിച്ച് നല്ല സംവാദത്തില്‍ മുഴുകി, സ്‌നേഹപൂർവകമായ അനുരഞ്ജനത്തിന് പരിശീലിപ്പിക്കുന്ന ഇടമാകണം അത്. ഈയൊരു സഹിഷ്ണുതാ മനോഭാവത്തിൽ യുവാക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്താൻ ജെ-വൈ ഗ്രൂപ്പിനെ സഹായിക്കുന്ന ചില സവിശേഷതകൾ എന്തൊക്കെയാണ്?

- പതിവായി ഒത്തുചേരുകയും അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഒരുമിച്ച് നിൽക്കാൻ പ്രതിജ്ഞാബദ്ധത ഉള്ളവരുമാണ് അവർ.

- ദൈവസാന്നിദ്ധ്യാനുഭവവും സന്തോഷത്തിന്‍റെ ആദ്ധ്യാത്മികതയും അടിസ്ഥാനമാക്കി ഒരു തുടർ സൗഖ്യത്തിലേയ്ക്ക് ഇവിടെ ആളുകള്‍ നയിക്കപ്പെടുന്നു.

- തുടരുന്ന വചനവിചിന്തനം എളിമയുടെയും ദാസ്യനേതൃത്വത്തിന്‍റെയും സുവിശേഷ മൂല്യങ്ങളിൽ അവരെ രൂപപ്പെടുത്തുന്നു. 

- നേതാക്കള്‍ക്കോ ഭക്താഭ്യാസങ്ങള്‍ക്കോ ശ്രദ്ധ നല്കുന്നതിലുപരി കൂട്ടായ്മയിലെ ഓരോ വ്യക്തിക്കും അവരുടെ ആവശ്യാഭിലാഷങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇത് ധാരാളം സൗഹൃദ സംവാദങ്ങള്‍ക്കും തുറന്നുപറച്ചിലുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു..

ഇടവക ഗ്രൂപ്പുകളില്‍ രൂപതാ വേദികളില്‍ പ്രൊഫഷണൽ-രാഷ്ട്രീയ മേഖലകളിലെ  ചർച്ചകളില്‍ ഒക്കെ ആളുകൾ നിഷ്കരുണം ഏറ്റുമുട്ടുന്നതിനിടെ എനിക്കു ലഭിച്ച ജീസസ് യൂത്ത് രൂപീകരണം ഏറെ പ്രയോജനപ്രദമാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം ചെവിയോര്‍ക്കാനും ബന്ധങ്ങള്‍ രൂപപ്പെടുത്താനും വേണ്ട പരിശീലനം ലഭിച്ചാല്‍ അത്തരം വേദികളില്‍ അനുരഞ്ജന ദൂതരായി ഏറെ കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. ഏറ്റുമുട്ടലുകളും തുറന്നുപറച്ചിലുകളും സത്യം വെളിവാക്കുന്നതിനും കാര്യങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി മുന്നേറുന്നതിനും ഒഴിച്ചുകൂടാനാവാത്തതാണ്‌. അതുകൊണ്ടുതന്നെ വഴക്കുകള്‍ ഉണ്ടാകും. എന്നാൽ ആ വഴക്കുകള്‍ നല്ലരീതിയില്‍ മാറ്റിമറിക്കാന്‍ നമുക്ക് പഠിക്കാം, ഒപ്പം അനുരഞ്ജനത്തിലേക്ക് നീങ്ങാനും. തീർച്ചയായും ഈ സുവിശേഷ ദൗത്യത്തിൽ മറ്റുള്ളവരെ രൂപപ്പെടുത്തുന്നതിൽ പക്വതയാര്‍ന്ന ജീസസ് യൂത്തിന് ഒരു സുപ്രധാന പങ്ക് വഹിക്കാനാകും.  


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)