മുന്നേറ്റത്തില്‍ സജീവ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍! (MJYR084)

മുന്നേറ്റത്തില്‍ സജീവ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍! 

(By Dr. Edward Edezhath - Published in Kairos Malayalam in 2023)

“ഇതെന്താ ഇങ്ങനെ? ഞാന്‍ കരുതി ഇതൊരു യുവാക്കളുടെ സംഗമാമാണെന്ന്. ഇവിടെ എന്തേ ഇത്രയധികം കുടുംബങ്ങൾ?” എന്‍റെ സുഹൃത്ത് ഏറെ അത്ഭുതത്തോടെയാണ് എന്നോട് ചോദിച്ചത്. ഒരു വിദേശ നഗരത്തിലെ ഏകദിന ജീസസ് യൂത്ത് കോൺഫറൻസിനിടെ എന്നെ കാണാൻ വന്നതായിരുന്നു ഈ സുഹൃത്ത്. അവൾ പ്രതീക്ഷിച്ചത് യുവാക്കളുടെ ഒത്തുവരവാണ്‌.  എന്നാൽ അവിടെ കണ്ടതോ എല്ലാ പ്രായത്തിലും പെട്ടവരെ. "നിങ്ങൾ 'ജീസസ് യൂത്ത്' എന്ന് പറഞ്ഞിട്ട് ഇവിടെ എല്ലാ തരക്കാരും ഉണ്ടല്ലോ." അവൾക്ക് അത് കൗതുകകരമായി തോന്നി. 

ഏതായാലും അന്നത്തെ പരിപാടികള്‍ അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ആദ്യം പരിചയപ്പെടാന്‍ കുറെ സമയം. പിന്നെ ഹൃദ്യമായ പാട്ടുകളും പ്രാർത്ഥനയും. തുടര്‍ന്ന്‍ ഓരോ തരക്കാരും പ്രത്യേക ഹാളുകളിലേക്ക് പോയി, യുവാക്കൾ, കൗമാരക്കാർ, കുട്ടികൾ, ദമ്പതികൾ എന്നിങ്ങനെ ഓരോ ഗ്രൂപ്പും ഓരോ സ്ഥലങ്ങളില്‍. കുറച്ച് വൈദികരും സിസ്റ്റെഴ്സും ഉണ്ടായിരുന്നു, അവർ ഒരു മുറിയില്‍ ഒത്തുകൂടി. എല്ലാവരേയും ഗ്രൂപ്പുകളിലേയ്ക്ക് വിട്ടിട്ട് കുറച്ചു സമയം ഞാന്‍ അവളോടൊത്ത് ചെലവഴിച്ചു. ജീസസ് യൂത്ത് മുന്നേറ്റത്തിന്‍റെ പ്രത്യേകത ഒന്ന്‍ വിശദീകരിക്കുക എന്നതായിരുന്നു എന്‍റെ പ്ലാന്‍. 

എന്താണ് മുന്നേറ്റത്തിന്‍റെ ലക്ഷ്യം? കുട്ടികളുടെയും യുവാക്കളുടെയും ജീവിത നവീകരണവും അവരെ നല്ല മിഷനറിമാരാകാന്‍ സഹായിക്കുകയും ചെയ്യുക. എന്നാൽ ഈ ഒരു ലക്ഷ്യത്തോടെ  കുടുംബങ്ങളും വൈദികരും യുവാക്കളും ഒക്കെ ഇവിടെ കൈകോർക്കുന്നു. ചുരുക്കത്തില്‍, ഇന്നത്തെ യുവതലമുയുടെ സുവിശേഷവൽക്കരണം മുന്നില്‍ കണ്ട് എല്ലാവരും ഒത്തുചേരുന്നതാണ്‌ ഒരു ജെ-വൈ കൂട്ടായ്മ. ഒരുപക്ഷേ ഇതായിരിക്കാം ജീസസ് യൂത്തിനെ മറ്റ് സമാന ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.

എപ്പോഴും ഇതങ്ങനെ ആയിരുന്നോ?

അപ്പോള്‍ ഒരു ചോദ്യം “ആരംഭം മുതലേ മുന്നേറ്റം ഇങ്ങനെയാണോ പ്രവർത്തിച്ചത്?" ഉത്തരം നൽകാൻ, എനിക്ക് അവളോട് കുറച്ച് ചരിത്രം പറയേണ്ടി വന്നു. 1978-ൽ ഈ യാത്ര ആരംഭിച്ചു എന്ന് പറയാം. ആ സമയത്ത് കേരളത്തില്‍ കരിസ്മാറ്റിക് നവീകരണം ഏതാണ്ട് വ്യാപിക്കാന്‍ തുടങ്ങി. അന്നത്തെ നവീകരണ ടീം എന്നെ ഒരുത്തരവാദിത്വം ഏല്‍പിച്ചു, എല്ലായിടത്തും ചെന്ന്‍ യുവാക്കളെ ഒത്തു കൂട്ടാനും അവരെ ഒരു സമ്മേളനത്തിന് ഒന്നിച്ചു കൊണ്ടുവരാനും. അന്നുമുതലേ സ്വീകരിച്ച ഒരു പ്രവര്‍ത്തന ശൈലി പിന്നീടുള്ള വളര്‍ച്ചയെ ഏറെ സഹായിച്ചു. അനേകര്‍ ഒന്നിച്ചുവന്ന് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പങ്കാളിത്ത രീതി. അപ്രകാരം ഓരോ പടിയിലും ഞങ്ങളെല്ലാം ഒന്നിച്ചുവന്നു, എല്ലാവരുടെയും ചിന്തകള്‍ പങ്കുവച്ചു, ഒന്നിച്ചു തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയി. 78ലെ യുവജന സമ്മേളനത്തോടെ എല്ലാം അവസാനിച്ചില്ല എന്നതായിരുന്നു മറ്റൊരു നല്ല കാര്യം.

ഏതാനും വർഷങ്ങൾക്കുള്ളിൽ, സജീവ നേതാക്കളുടെ ഒരു വലിയ കൂട്ടായ്മ ഒരുങ്ങി. ഈ "ഫസ്റ്റ് ലൈൻ ലീഡേഴ്‌സ്'  മാസംതോറും പതിവായി ഒത്തുചേരാനും ഒരുമിച്ച് വളരാനും തുടങ്ങി. അതോടൊപ്പം അവര്‍ സ്വന്ത സ്ഥലങ്ങളില്‍ പോയി യുവാക്കളെ കെട്ടിപ്പടുക്കുക എന്ന ദൗത്യം തുടരുകയും ചെയ്തു. മുതിർന്നവരും യുവാക്കളും അടങ്ങുന്ന ഒരു കൂട്ടായ്മയായിരുന്നു ഇത്. സ്വന്ത പ്രായത്തിലോ ജീവിതാവസ്ഥയിലോ ആയിരുന്നില്ല കൂട്ടായ്മയുടെ ശ്രദ്ധ, മറിച്ച്, യുവലോകത്തെ മാറ്റാനുള്ള ആവേശകരമായ ദൗത്യത്തിലായിരുന്നു. ആ രീതി എല്ലായിടത്തും വ്യാപിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ജീസസ് യൂത്തിൽ കുടുംബങ്ങളുള്ളത് എന്ന്‍ ആളുകൾ ചോദിക്കുമ്പോൾ, എന്‍റെ ഉത്തരം,  മുന്‍പു സൂചിപ്പിച്ച കൈകൊര്ത്തുള്ള മുന്നേറ്റമാണ് ആദ്യം മുതലേ ജെ-വൈ ശൈലി.  ആആദ്യ വിത്തുകൾ വളർന്നു, ശാഖകളായി, ഇന്ന്‍ ഫലസമൃദ്ധിയില്‍ വ്യാപിക്കുന്നു എന്നു മാത്രം. യുവലോക൦ മാറ്റിമറിക്കാന്‍ ലക്ഷ്യം വച്ച് യുവാക്കളും കുടുംബങ്ങളും മറ്റുള്ളവരും കൈകോർക്കുന്ന സുന്ദര കൂട്ടായ്മയാണ് ജീസസ് യൂത്ത്.

ഇന്ന്, ആഗോള സഭയില്‍ ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ സമാനമായ മിശ്രിത സ്വഭാവമുള്ള ‘എക്ലെസ്യല്‍ മുന്നേറ്റങ്ങള്‍ നിരവധിയാണ്. അതിലുമുപരി, 2016-ൽ ജീസസ് യൂത്തിനെ വത്തിക്കാൻ ഒരു അന്തർദേശീയ പ്രസ്ഥാനമായി അംഗീകരിച്ചപ്പോൾ, യുവജന നവീകരണ ദൗത്യത്തിനായി എല്ലാവരും കൈകോര്‍ക്കുന്ന ഈ പ്രത്യേക രീതിയെ സഭ അംഗീകരിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്തു. 

നവദൗത്യത്തോടെ യുവാക്കളും കുടുംബങ്ങളും ഒരുമിച്ച്

“കൊള്ളാം! പക്ഷെ ഇത് ആരുടെ ആശയമായിരുന്നു? ആരാണ് നിങ്ങളെ ഈ വഴിയില്‍ നയിച്ചത്?” ജീസസ് യൂത്തിന്‍റെ സ്വഭാവവിശേഷതയെക്കുറിച്ച് വ്യക്തത ലഭിച്ചപ്പോള്‍ അത് എങ്ങനെ രൂപപ്പെട്ടു എന്നായി എന്‍റെ സുഹൃത്തിന്‍റെ ചോദ്യം. "ഒറ്റ വാക്കിൽ, പരിശുദ്ധാത്മ പ്രവര്‍ത്തനം." തുടക്കം മുതൽതന്നെ ഞങ്ങൾ ഒരു ഹൃദയ-അടുപ്പമുള്ള കൂട്ടായ്മയായി ഒത്തുകൂടി, ചര്‍ച്ചകളിലൂടെ വഴി കണ്ടെത്തി, ഒന്നിച്ചു വളരുന്ന ഒരു രീതി തുടര്‍ന്നു. അക്കാലത്ത് സഭ 'സിനഡാലിറ്റി' എന്ന ഒരു പ്രക്രിയയെക്കുറിച്ചോ, ദൗത്യത്തിൽ ഒരുമിച്ച് യാത്രചെയ്യുന്ന ഒരു സമൂഹത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ല. ഇന്ന്‍ സഭ സിനഡല്‍ ശൈലിയെ കുറിച്ചു പഠിപ്പിക്കുമ്പോള്‍ നമ്മുടെ മുന്നേറ്റവും വളര്‍ന്നത് അങ്ങനെയായിരുന്നു എന്ന്‍ തിരിച്ചറിയുന്നു. ആദ്യം മുതലേ ദൈവാത്മാവ് നേതാക്കളെ ഒരുമിച്ചുകൂട്ടാനും പ്രവർത്തിക്കാനും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്തു, അതിന്റെ ഫലമായി ഈ മനോഹരമായ പ്രവര്‍ത്തന രീതിയും രൂപാപ്പെട്ടു. 

വളർച്ചയുടെ ജീസസ് യൂത്ത് യാത്ര ഏറെ വ്യത്യസ്തമാണ്‌. മറ്റ് ഗ്രൂപ്പുകൾ ധാരാളം ക്ലാസ്സുകളിലും പഠനങ്ങളിലും അല്ലെങ്കിൽ പ്രാർത്ഥനയിലും ഭക്താഭ്യാസങ്ങളിലും മറ്റുചിലർ ഒട്ടനവധി പ്രവർത്തനങ്ങളിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഞങ്ങളുടെ കൂട്ടായ്മ ദൈവാത്മാവ് ഉണര്‍ത്തിയ പ്രചോദനങ്ങൾ പിന്തുടർന്ന് പങ്കുവയ്ക്കാനും ചര്‍ച്ചചെയ്ത് മുന്നോട്ട് പോകാനും ഒത്തുകൂടി. ഇത് ഏറെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായി. 

കുടുംബങ്ങൾ ദൗത്യ൦ ഏറ്റെടുത്താല്‍ 

“പക്ഷെ ഒരു കാര്യം, കുടുംബങ്ങൾക്ക് കാര്യമായി എന്ത് ചെയ്യാൻ കഴിയും? പ്രത്യേകിച്ചും, കുടുംബങ്ങള്‍ ഏറെ വെല്ലുവിളിയും ഞെരുക്കവും അഭിമുഖീകരിക്കുന്ന ഈ ആധുനിക കാലത്ത്?” വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജെ-വൈ കുടുംബങ്ങളുടെ ഉദാഹരണങ്ങൾ സഹിതം ഞാൻ ചില പ്രവര്‍ത്തന സാധ്യതകള്‍ സൂചിപ്പിച്ചു. 

ചെറുകൂട്ടായ്മകള്‍: ഞങ്ങൾ, നാല് കുടുംബങ്ങൾ ഒന്നിച്ചു വളരുന്ന ഒരു ചെറുസമൂഹമാണ്‌. സാധിക്കുന്ന പോലെ ഞങ്ങൾ ഒത്തുകൂടും ഒരുപാട് സംസാരിക്കു൦. ഓരോ വ്യക്തിക്കും കുടുംബത്തിനും സാധ്യമായ എല്ലാവിധ പിന്തുണയും അവരുടെ ദൗത്യ പാതയില്‍ പിന്‍ബലവും നല്‍കും. ധാരാളം ജെ-വൈ കുടുംബങ്ങള്‍ ഇങ്ങനെ കൊച്ചു കൂട്ടായ്മകളില്‍ ഒത്തുചേരുന്നു. 

കൂടെനടക്കുന്ന വഴികാട്ടികള്‍: യുവാക്കളോടൊപ്പം സഹായാത്രികരാകാന്‍ ഏറ്റം പറ്റിയവര്‍ സ്നേഹമുള്ള മുതിര്‍ന്നവരല്ലേ? പലയിടങ്ങളിലും ജീസസ് യൂത്ത് സജീവമായി തുടരുന്നത് ഇത്തരം മുതിര്‍ന്നവര്‍ ഒരുക്കുന്ന അടിത്തറയുള്ളതു കാരണം മാത്രമാണ്. ഈ കുടുംബ സുഹൃത്തുക്കൾ നല്‍കുന്ന പ്രാർത്ഥനാ പിന്തുണയ്ക്ക് പകരം വയ്ക്കാൻ എന്താണുള്ളത്?

തുറവിയുള്ള ഭവനങ്ങൾ: ഇങ്ങനെയുള്ള വീടുകളില്‍ യുവാക്കൾ, ഒറ്റയ്ക്കോ കൂട്ടമായോ, സംസാരിക്കാനും ഭക്ഷണം കഴിക്കാനും യേശുവിൽ വളരാനും ഒക്കെ കടന്നുചെല്ലും.

ആനിമേറ്റ് ചെയ്യുന്ന കുടുംബങ്ങള്‍: ഓരോ ഇടങ്ങളിലും നിരവധി ജെ-വൈ ടീമുകളും മിനിസ്ട്രികളും പ്രവർത്തനങ്ങളും ഒക്കെ ഉണ്ട്. മിക്ക സ്ഥലങ്ങളിലും പ്രതിബദ്ധതയും സ്നേഹവും നിറയുന്ന കുടുംബങ്ങളുടെ നിറസാന്നിദ്ധ്യമാണ്‌ ടീമുകളെയും പ്രവര്‍ത്തനങ്ങളെയും സജീവമാക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്.

ദൗത്യ യാത്രകൾ: കുട്ടികള്‍ക്ക് സഹായം നല്‍കുന്ന ഓ-സീ-എസ് പോലെയുള്ള ചില നല്ല പദ്ധതികള്‍ പലര്‍ക്കും സേവന വേദികളാണ്. കുടുംബങ്ങൾ ഇതിന്‍റെ ഭാഗമായി ഭവനസന്ദർശനം നടത്തുകയോ മറ്റു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയോ ഒക്കെ ചെയ്യുന്നു. ചിലർ പതിവായി ആതുരാലയങ്ങളോ കോളനികളോ ഒക്കെ സന്ദര്‍ശിക്കും. മുന്നേറ്റം ഒരുക്കുന്ന ‘ഒരു മാസ മിഷന്‍’ യാത്ര വിദൂര സ്ഥലങ്ങളിലേയ്ക്ക് കുടുംബങ്ങളെ അയക്കുകയും ചെയ്യുന്നു. 

ഇടവകയിലെയും അയൽപക്കത്തെയും സാന്നിധ്യം: പല ജെ-വൈ കുടുംബങ്ങളും ഇടവകയിലോ സാമൂഹിക-രാഷ്ട്രീയ വേദികളിലോ ഒക്കെ തങ്ങളുടെ ദൗത്യം ഏറ്റെടുക്കുന്നു. ജെ-വൈ കൂട്ടായ്മയിലെ തുടരുന്ന പങ്കാളിത്തം ആ വേദികളിലെ മിഷനറി ദൗത്യത്തിന് അവരെ ഒരുക്കുകയും ചെയ്യുന്നു. 

ജെ-വൈയിൽ കുടുംബങ്ങൾ ഇല്ലായിരുന്നുവെങ്കിൽ!

ഇത്രയൊക്കെ ആയപ്പോള്‍ എന്‍റെ സുഹൃത്ത് സഞ്ജന ഏറെ താല്‍പര്യത്തിലായി. “ഈ ജെ-വൈ ശൈലി കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ സഹായകമാണ്. ഇന്ന്‍ മിക്കയിടത്തും യുവജന ശുശ്രൂഷ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. എന്നാൽ നിങ്ങൾ ഒരു അത്ഭുതകരമായ നിധി കണ്ടെത്തിയിട്ടുണ്ട്. തീർച്ചയായും മറ്റുള്ളവരും ഈ സുന്ദരമായ ജീസസ് യൂത്ത് മാതൃക പിന്തുടരണം”. 

എന്നെ ഏറെ സന്തോഷിപ്പിച്ച  ഒരു കാര്യം അവൾ ജീസസ് യൂത്തിൽ സജീവമാകാനും ഒരു ചെറിയ കുടുംബ കൂട്ടായ്മയുടെ ഭാഗമായി വളരാനും തീരുമാനിച്ചു എന്നതാണ്. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)