"വരൂ!" എന്ന് സ്വാഗതമോതാന്‍ ആരെങ്കിലും വേണം! - അതല്ലേ നല്ല ജീസസ് യൂത്ത് നേതൃത്വം? (MJYR080)

 "വരൂ!" എന്ന് സ്വാഗതമോതാന്‍ ആരെങ്കിലും വേണം! - അതല്ലേ നല്ല ജീസസ് യൂത്ത് നേതൃത്വം?

(By Dr. Edward Edezhath - Published in Kairos Malayalam in 2022)

ഒരു യൂത്ത് ക്യാമ്പിനിടെ .... കുർബാനയ്കായി എല്ലാവരും ചാപ്പലിൽ ഒത്തുകൂടിയിട്ടുണ്ട്. പക്ഷേ, പലപ്പോഴും സംഭവിക്കുന്നതു പോലെ മുൻ സീറ്റുകളെല്ലാം കാലിയായിരുന്നു. എല്ലാവരും അള്‍ത്താരയില്‍ നിന്ന് ഏറെ അകലെയാണ് ഇരിക്കുന്നത്. “ഇത് ശരികായില്ലല്ലോ,” ഞാൻ ഉള്ളില്‍ പറഞ്ഞു. "പക്ഷേ, ഈ ചെറുപ്പക്കാരോട് എങ്ങനെ മുന്നോട്ടു കടന്നിരിക്കാന്‍ പറയും?" കുറച്ച്കഴിഞ്ഞ്‌ അനിത മുന്നോട്ടുവന്നു. ക്യാമ്പിലെ പ്രധാന സഹായികളില്‍ ഒരാളായിരുന്നു അനിത. സൗമ്യമായ പുഞ്ചിരിയോടെ, ഹാളിൽ ചുറ്റിനടന്ന് എല്ലാവരോടും മുന്നോട്ട് കടന്നിരിക്കാന്‍ ആംഗ്യം കാണിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുൻ സീറ്റുകളെല്ലാം നിറഞ്ഞു. എല്ലാം വേണ്ട ക്രമത്തിലായി. മാത്രമല്ല, അന്ന് ആ കുർബാനയിലെ പങ്കാളിത്തം ഏറെ സജീവവുമായിരുന്നു. കാരണം എല്ലാം നോക്കി നടത്താന്‍ ഒരാളുണ്ടെന്നു ഒരു തോന്നല്‍ എല്ലാവര്ക്കും ഉണ്ടായിരുന്നു.

അവിടെ ഇരുന്ന് ഞാൻ എന്‍റെ ചിന്ത തുടർന്നു. അനിത ചെയ്തതാണ്‌ ക്രിസ്തീയ  നേതൃത്വം. 'കടന്നുവരൂ' എന്ന് ശബ്ദമുയർത്തി മറ്റുള്ളവരോട്‌ പറയാനുള്ള സന്നദ്ധതയല്ലേ അത്? 

ഇന്നത്തെ ദുരന്തം, കയ്യനക്കാന്‍ മടിക്കുന്ന നല്ല മനുഷ്യര്‍ 

നല്ല സമരിയാക്കാരന്‍റെ ഉപമയില്‍ നമ്മെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു രംഗം ഉണ്ട്. കൊള്ളക്കാരുടെ ആക്രമണത്തിനിരയായ ഒരു സാധു മനുഷ്യൻ റോഡരികിൽ കിടക്കുന്നു., നല്ലവരുടെയും പ്രാർത്ഥിക്കുന്നവരുടെയും പ്രതിനിധികളായ ഒരു പുരോഹിതനും ലേവ്യനും, എല്ലാം കണ്ടിട്ടും ഒന്നും ചെയ്യാതെ "മറുവശത്ത്കൂടെ" കടന്നുപോകുന്നു.  അവരുടെ ചിന്തകൾ എന്തായിരുന്നുവെന്ന് നമുക്കറിയില്ല. മിക്കവാറും അവർ ചിന്തിച്ചിരിക്കാം, ‘ഞാൻ ഇപ്പോൾത്തന്നെ ഒരു നല്ല ജീവിതം നയിക്കുന്നു, സഭാ കാര്യങ്ങളിൽ നന്നായി ഇടപെടുന്നു, ഇതൊന്നും എന്‍റെ പ്രശ്‌നമല്ല.’ എന്നാൽ യേശു കഥ അവസാനിപ്പിച്ചപ്പോള്‍ അവർ നന്മയുടെ ഭാഗത്തില്ലായിരുന്നു. 

സ്‌കൂളുകളിലെ പരിശീലനം ശ്രദ്ധിച്ചിട്ടുണ്ടോ? മിണ്ടാതെ ഇരിക്കുന്നവരാണ് പലപ്പോഴും നല്ല കുട്ടികൾ. അവർ വളർന്നുവരുമ്പോഴും, ആൾക്കൂട്ടത്തെ പിന്ചെല്ലാനാണ് ഏറെ സാധ്യത. ഇടവകയിലെ നല്ല ക്രിസ്ത്യാനികളെ 'ആടുകൾ' എന്നാണ് വിളിക്കുക, നല്ല സൗമ്യതയുള്ളവർ. അവര്‍ ചെയ്യേണ്ടതോ? ‘പേ, പ്രേ, ഒബെ’ (പ്രാർത്ഥന, സംഭാവന, അനുസരണ). എന്നുവച്ചാല്‍  ഒരു വിയോജിപ്പിന്‍റെ സ്വരമോ, വ്യതസ്ത പ്രവര്‍ത്തനമോ ഇല്ലാതെ, പറയുന്നത് ചെയ്യുന്നവരാകുക. അങ്ങനെയാകണമത്രേ “നല്ല വിശ്വാസികള്‍”!

ഇതിന്‍റെയെല്ലാം ഫലമോ? നല്ലവർ നിഷ്ക്രിയരും, അഴിമതിക്കാര്‍ സമൂഹ നേതൃത്വം പേറുന്നവരും ആയിത്തീരുന്നു. നമ്മൾ യുവാക്കളോട്, ‘നിങ്ങൾ പ്രാർത്ഥിക്കുക, നല്ലവരാകുക അതു മതി’ എന്ന് പറയുമ്പോള്‍ അത് നിഷ്ക്രിയരാകാനുള്ള ആഹ്വാനമാകുന്നില്ലേ? മറിച്ച് ലോകം യുവാക്കളോട് പറയുന്നത് എവിടെയായിരുന്നാലും നേതൃത്വം ഏറ്റെടുക്കാനും സാധിക്കുന്നതെല്ലാം ചെയ്യാനും ആണ്. പ്രശസ്ത ബ്രിട്ടീഷ് ചിന്തകന്‍ എഡ്മണ്ട് ബർക്കിന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്, "തിന്മ വിജയിക്കുന്നതിന് ആകെ വേണ്ടത് നല്ല ആളുകൾ ഒന്നും ചെയ്യാതിരിക്കുക എന്നതു മാത്രമാണ്."

ഏവരും നേതൃത്വത്തിനായി കാത്തിരിക്കുന്നു

അവ്യക്തതയുടെ നാല്‍ക്കവലയില്‍ ആരെങ്കിലും ശബ്ദമുയര്‍ത്തേണ്ടതുണ്ട്.   അപ്പോൾ എല്ലാവരും ചെവിയോര്‍ക്കും. അങ്ങനെയാണ് നേതൃത്വം ഉരുത്തിരിയുന്നത്. ജീസസ് യൂത്തിൽ ഇതു സംഭവിക്കുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, 2018-ൽ കേരളത്തിൽ വലിയൊരു വെള്ളപ്പൊക്കമുണ്ടായി. ഭീതിജനകമായ ദുരന്തം ഏവരെയും ഞെട്ടിച്ചു. അതിനിടെ, റൈജു മുന്‍കൈയെടുത്ത് പലരുമായി ബന്ധപ്പെട്ടു. ഏതാന൦ മണിക്കൂറുകൾക്കുള്ളിൽ, "നല്ല അയൽക്കാരൻ" എന്നൊരു സംരംഭം പിറവിയെടുത്തു. എല്ലാം തകർന്ന്‍ നിസ്സഹായരായ ആയിരക്കണക്കിന് ആളുകൾക്ക് സഹായഹസ്ഥ൦ നീട്ടാന്‍ അതിലൂടെ സാധിക്കുകയും ചെയ്തു. മറ്റൊരുദാഹരണ൦, നഗരത്തിലെ കൗമാരക്കാർക്കിടയിൽ അതിവേഗം വളരുന്ന മയക്കുമരുന്ന് ദുരുപയോഗം കണ്ടപ്പോൾ, സുരേഷും ശാലിനിയും മറ്റ് കുറച്ചുപേരും എന്തുവേണം എന്ന്‍ ചിന്തിക്കാന്‍ ഒത്തുകൂടി. അങ്ങനെ മയക്കുമരുന്നിനോട് ‘വേണ്ട’ എന്ന് പറയാൻ യുവാക്കളെ സഹായിക്കുന്ന വലിയൊരു സംരംഭത്തിന്‍റെ തുടക്കമായി. 

അവ്യക്തതയുടെ നടുവിലുള്ളവര്‍ക്ക് 'വരൂ' എന്ന ആ ഉറച്ച വിളി വ്യക്തമായ തീരുമാനമെടുത്ത് മുന്നേറാന്‍ ഏറെസഹായകമാണ്. അത് ശരിയായ ദൈവാത്മ പ്രചോദനത്തില്‍ നിന്നാണെങ്കില്‍ വലിയൊരു മാറ്റത്തിന്‍റെ തുടക്കമാകുന്ന ഒരു പ്രവാചക ശബ്ദവുമായി തീരും അത്.  കലാലയങ്ങളിലും ഇടവകയിലും ഒക്കെ ഇന്ന് ജീസസ് യൂത്ത് സജീവമാണെങ്കിൽ, അത് ആരെക്കെയോ ഇപ്രകാരം മറ്റുള്ളവരെ വിളിച്ച് ഒന്നിച്ചു കൂട്ടിയതുകൊണ്ടല്ലേ?  വിശുദ്ധ പൗലോസ് റോമാക്കാർക്ക് എഴുതുന്നത് ഏറെ സത്യമാണ്, "സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു" (8:19).

'വരൂ' എന്ന് സ്വാഗതമോതുന്നവര്‍ എങ്ങനെയുള്ളവരാകണം

ക്യാമ്പസ് മിനിസ്ട്രിയുടെ ഒരു ചെറിയ മീറ്റിംഗിന് ശേഷം, ലത ആകാംക്ഷയോടെ എന്നെ സമീപിച്ചു, "എന്‍റെ കോളേജിൽ എങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങാമെന്ന് ഒന്ന് പറഞ്ഞുതരുമോ?" തങ്ങളുടെ സാഹചര്യങ്ങളില്‍ ഒരു കൂട്ടായ്മയ്ക്ക് തുടക്കമിടാന്‍ മിക്ക യുവജനങ്ങള്‍ക്കും ഏറെ ഭയമാണ്. എന്നാൽ അവർക്ക് ആദ്യമേ വേണ്ടത് പരിശുദ്ധാത്മാവിന്റെ ഒരു ആന്തരിക പ്രേരണയാണ്. അത് ശക്തമായാല്‍ വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി അവര്‍ കൂട്ടുകാരോട് ‘വരൂ’ എന്ന് പറയും. ജീസസ് യൂത്ത് സമ്മേളനത്തിലേക്ക് അനേകരെ ക്ഷണിച്ചുകൊണ്ട് ലത വിശ്വാസത്തിൽ ഒരു ചുവടുവച്ചു. അങ്ങനെ അവൾക്ക് കോളേജിൽ നല്ലൊരു ഗ്രൂപ്പ് തുടങ്ങാനുമായി. 

ലതയെന്ന ആ ഹിന്ദുപെണ്‍കുട്ടി ഒരു ജെ-വൈ കോൺഫറൻസിൽ വച്ചാണ് യേശുവിനെ അറിഞ്ഞത്. അവൾ അനുഭവിച്ച ദൈവസ്നേഹത്താല്‍ പ്രേരിതമായി യേശുവിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവൾ ഉത്സുകയായിരുന്നു. യുവാക്കള്‍ക്ക് കണ്ടുമുട്ടാനും വളരാനും വേദിയാകുന്ന ഒരു കൂട്ടായ്മയിലേയ്ക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതാണ് ഏറ്റം നല്ല നന്‍മ പ്രവൃത്തി എന്ന്‍ അവള്‍ മനസിലാക്കി. ലതയുടെ ലാളിത്യവും സന്തോഷപ്രകൃതിയും സുഹൃത്തുക്കളോട് 'വരൂ' എന്ന് പറയാൻ അവളെ ഏറ്റവും അനുയോജ്യയാക്കി. 

ഇതിനകം നാം കണ്ടെത്തിയതുപോലെ, 'വരൂ' എന്ന സ്വാഗതവാക്യം നല്ല ക്രിസ്തീയ നേതൃത്വത്തിന്റെ അടയാളമാണ്.  ഈ നേതൃത്വത്തിന് അടിത്തറയാകുന്ന മൂന്ന് പ്രധാന ഗുണങ്ങൾ ഇവയാണ്, കർത്താവിനോടുള്ള സ്നേഹം, അയൽക്കാരനോടുള്ള സ്നേഹം, ശുഷ്കാന്തി സ്പുരിക്കുന്ന പെരുമാറ്റം. 

ആളുകളെ സ്വീകരിക്കാന്‍ ഇടങ്ങളും അത്യാവശ്യമാണ്

ലിൻസി ഒരു സഹോദര സഭാംഗമായിരുന്നു. ജീസസ് യൂത്തിലൂടെ അവൾ കത്തോലിക്ക സഭയെ അറിഞ്ഞു. മാത്യുവാണ് അവളെ ഒരു ജെ-വൈ കൂട്ടായ്മയിലേയ്ക്ക്  ക്ഷണിച്ചത്. അവിടെ അവൾ ചുറുചുറുക്കുള്ള  ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടുമുട്ടി. ആ ഗ്രൂപ്പിൽ പങ്കെടുത്ത് ഏതാനും ആഴ്ചകൾക്കുള്ളില്‍, സഭയെക്കുറിച്ച് കൂടുതലറിയാൻ അവൾ തീരുമാനിച്ചു, അവളുടെ ജീവിതം പാടെ മാറ്റിയ ഒരനുഭവമായി അത്.  

ക്ഷണിക്കാൻ ഉത്സാഹമുള്ള ക്രിസ്ത്യാനികൾ ഇന്ന് ആവശ്യമാണ്, എന്നാൽ ഒരു പ്രധാന ചോദ്യം എവിടേയ്ക്ക് മറ്റുള്ളവരെ ക്ഷണിക്കണം എന്നതാണ്. ഒരു പരിധിവരെ നമുക്ക് യുവാക്കളെ ചില കോൺഫറൻസുകളിലേക്കോ പരിശീലനങ്ങളിലേക്കോ ഒക്കെ ക്ഷണിക്കാനാകും. എന്നാൽ ശരിയായി പറഞ്ഞാല്‍ ഒരു സുഹൃദ് കൂട്ടായ്മയില്‍  ചേരാൻ 'വരൂ'  എന്നാണ് നാം പറയേണ്ടത്. വിവിധ വേദികള്‍ ലഭ്യമായ ഓരു ജെ-വൈ കൂട്ടായ്മയുടെ വിശേഷങ്ങള്‍ കേട്ടു. “ആളുകള്‍ക്ക് കടന്നുവരാന്‍ ഞങ്ങളുടെ ഗ്രൂപ്പില്‍  നിരവധി വേദികളുണ്ട്. ലഘുഭക്ഷണ കൂട്ടായ്മ,  ദരിദ്ര സന്ദര്‍ശനം, പ്രേയിസ് ആന്‍ വര്‍ഷിപ്പ്, മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പ്, ബൈബിൾ പഠനം, ഗെയിം സായാഹ്നം, മാധ്യമ കൂട്ടായ്മ എന്നിങ്ങനെ ആളുകളെ ഒത്ത്തുകൂട്ടാന്‍ വിവിധ ഇടങ്ങള്‍”. വന്ന് കൂടെയിരിക്കാനും ഭാഗഭാക്കാകാനും പറ്റിയ ഒരു ക്രിസ്തീയ കൂട്ടായ്മയില്‍ ചേരാന്‍ നമുക്ക് മറ്റുള്ളവരെ ക്ഷണിക്കാനാകണം. എല്ലാവരും ആഗ്രഹിക്കുന്നത് അതാണ് ദൈവത്തിന്റെ മനോഹരമായ പദ്ധതിയും അതുതന്നെ.

‘വരൂ’ എന്ന ആഹ്വാനത്തോടെയാണ് ബൈബിൾ അവസാനിക്കുന്നത് – “ആത്മാവും മണവാട്ടിയും പറയുന്നു, വരുക. കേൾക്കുന്നവൻ പറയട്ടെ, വരുക” (വെളിപാട് 22:17). ജീവന്‍റെ സമൃദ്ധി ആഗ്രഹിക്കുന്ന ഏവർക്കും കർത്താവും സഭയും നൽകുന്ന ക്ഷണമാണിത്. നാമോരുത്തരും ആ ദൌത്യം തുടരേണ്ടിയിരിക്കുന്നു. ആ യൂത്ത് ക്യാമ്പിൽ അനിത തന്റെ ചെറിയ രീതിയിൽ ചെയ്തതുപോലെ, കർത്താവിന്‍റെ വക്താവാകുകയും ചുറ്റുമുള്ളവരോട് 'വരൂ' എന്ന് പറയുകയും ചെയ്യുക എന്നതാണ് ക്രിസ്തു ശിഷ്യരായ നാമോരോരുത്തരുടെയും ജീവിതദൌത്യം.  


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)