മുറിവേറ്റ സൗഖ്യദായകരുടെ കൂട്ടായ്മയാണ് ജീസസ് യൂത്ത് (MJYR077)

 മുറിവേറ്റ സൗഖ്യദായകരുടെ  കൂട്ടായ്മയാണ് ജീസസ് യൂത്ത്

(By Dr. Edward Edezhath - Published in Kairos Malayalam in 2022)

ചിലപ്പോഴെല്ലാം നമ്മുടെ പ്ലാനുകള്‍ക്ക് അതീതമായി ക്ലാസ്സുകള്‍ അപ്രതീക്ഷിതമായ വഴികളിലൂടെ പോകാറുണ്ട്. ഇക്കഴിഞ്ഞയിടെ ഒരിക്കല്‍കൂടെ അതു സംഭവിച്ചു. 

യുവജനങ്ങൾക്കായുള്ള ഒരു സെമിനാറായിരുന്നു അത്. പ്രാരംഭമായി ഇക്കാലത്തെ യുവാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചർച്ച ചെയ്യാൻ ഞാൻ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ചൂടുപിടിച്ച ചർച്ചയ്ക്കൊടുവില്‍ കൗമാര പ്രായക്കാരി തെരേസ എഴുന്നേറ്റു. “ഞങ്ങളില്‍ അധികം പേരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം, ഞങ്ങളുടെ ഉള്ളിലെ സംഘര്‍ഷം മിക്കവാറും ആരും മനസ്സിലാക്കുന്നില്ല എന്നതാണ്. വലിയ സങ്കടത്തിലും ഏകാന്തതയിലും ഞാന്‍ ആയിരിക്കുമ്പോൾ പോലും മാതാപിതാക്കൾ പോലും അത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും തിരക്കിലാണ്. പിന്നെ, ഞങ്ങള്‍ വിഷമിച്ചും സങ്കടപ്പെട്ടും ഇരിക്കുന്നത് കണ്ടാല്‍ “എന്തു പറ്റി?” എന്ന് ചോദിക്കാന്‍ പോലും അവർ മടിക്കുന്നു.” അടുത്തിരുന്ന അവളുടെ സുഹൃത്ത് താല്പര്യത്തോടെ തലകുലുക്കിക്കൊണ്ട് കൂട്ടിച്ചേർത്തു, "ഞങ്ങളെ ഒന്ന്‍ മനസിലാക്കുന്നവര്‍ ഉണ്ടായിരുന്നെങ്കില്‍! ഒപ്പം ഞങ്ങളെ കേൾക്കാനും അംഗീകരിക്കാനും ചില ഇടങ്ങളും ഉണ്ടായിരുന്നുവെങ്കിൽ!".

ഞാൻ മനസ്സില്‍ പറഞ്ഞു, ‘ഇവര്‍ ആവശ്യപ്പെടുന്നത് ഒരു സാധാരണ, സജീവമായ ജീസസ് യൂത്ത് കൂട്ടായ്മയാണ്’. ഇതിനിടെ, വേറൊരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് തന്റെ അനുഭവം പങ്കുവെച്ചു. “പ്ലസ്-റ്റൂ കഴിഞ്ഞാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത്. ഇവിടെയുള്ള ജീസസ് യൂത്ത് ഗ്രൂപ്പിലേക്ക് ഒരാള്‍ എന്നെ ക്ഷണിച്ചു. പരിചിതമല്ലാത്ത ജീവിതരീതിയും സംസ്‌കാരവും ഉള്ള ഒരു പുതിയ സ്ഥലത്ത് എന്നെപ്പോലെയുള്ള ഒരാൾ കടന്നുപോകുന്ന വെല്ലുവിളികളും സംഘര്‍ഷങ്ങളും ഒന്ന്‍ ആലോചിച്ച് നോക്കിക്കേ.  എന്നാല്‍,  ആഴ്ചതോറും കടന്നുവരാൻ കഴിയുന്ന ഒരു കൂട്ടായ്മ ഇവിടെ എനിക്ക് ഉണ്ടായി, ഒപ്പം ഉദാരമതികളായ ചില കുടുംബങ്ങളും സുഹൃത്തുക്കളും.  മിക്കവാറും എല്ലാ ദിവസവും ഹൃദയം തുറക്കാന്‍ കഴിയുന്ന ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ രൂപപ്പെട്ടു. എന്റെ എല്ലാ ആന്തരിക സംഘർഷങ്ങളും പരിഹരിക്കാനുള്ള സഹായം ലഭിച്ചെന്നു മാത്രമല്ല,  എന്റെ വിശ്വാസത്തിൽ മുന്നേറാനും ഞാൻ പഠിച്ചു. ഈ ജെ-വൈ ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കിൽ, ഞാൻ എവിടെയാകുമായിരുന്നെന്ന് എനിക്കറിയില്ല.

യുവാക്കള്‍ക്ക് വേണ്ടത് കുറേ പ്രവര്‍ത്തനങ്ങളാണോ?

ഈ ചർച്ചയ്ക്ക് രസകരമായ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. അന്ന് രാവിലെ സ്ഥലത്തെ ഇടവക വികാരിയെ കണ്ടപ്പോൾ അവിടെയുള്ള യുവാക്കളുടെ സഹകരണമില്ലായ്മയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ  പരാതി. യുവാക്കൾക്കായി അനേക പരിപാടികള്‍ അവിടെ സംഘടിപ്പിച്ചു. എന്നാല്‍ വളരെ മോശം പ്രതികരണമാണ് അദ്ദേഹത്തിന് കിട്ടിയത്. പലതും പരീക്ഷിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടു.

തെരേസയും അവളുടെ സുഹൃത്തും പങ്കുവച്ച വിഷമവും, അതായത് വീട്ടിലും ഇടവകയിലും അവരെ കേള്‍ക്കാനും പരിഗണന നല്‍കാനും ആരുമില്ല എന്ന തോന്നലും, വികാരിയച്ചന്‍ പറഞ്ഞ പരാതിയും ഒരുകാര്യം വ്യക്തമാക്കി -  ഇടവക വികാരിയും യുവജനങ്ങളും സമാന്തരമായാണ് സഞ്ചരിക്കുന്നത്. ഇടവകയിൽ താൻ സംഘടിപ്പിച്ച നിരവധി പ്രവർത്തനങ്ങളും വിശ്വാസ സംബന്ധിയായ ചർച്ചകളും യുവജനങ്ങൾക്ക് ഏറ്റവും അത്യാവശ്യം എന്ന്‍ വൈദികന് ബോധ്യമുണ്ട്. എന്നാൽ യുവാക്കൾ തങ്ങളുടെ ഭാരങ്ങൾ ഇറക്കിവയ്ക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും അവിടെ ആരുമില്ല എന്ന്‍ അവരും പരാതിപ്പെടുന്നു.  

ഫ്രാൻസിസ് പാപ്പയുടെ ദര്‍ശനം ഇവിടെ ഏറെ പ്രസക്തമാണ്: “യുദ്ധക്കളത്തിലെ ഒരു ഫീൽഡ് ഹോസ്പിറ്റലായാണ് ഞാൻ സഭയെ കാണുന്നത്. ... നമ്മള്‍ മുറിവുകൾ ഉണക്കണം. അതിനുശേഷം നമുക്ക് മറ്റെല്ലാം സംസാരിക്കാം. മുറിവുകൾ ഭേദമാക്കുക, മുറിവുകൾ ഉണക്കുക.... നമുക്ക് താഴെ നിന്ന് ആരംഭിക്കാം."

മുറിവേറ്റ സൗഖ്യദായകര്‍

സ്വിസ് മനശാസ്ത്രജ്ഞനായ കാൾ യൂങ്ങ് പ്രചാരം നല്‍കിയ ഒരു സുന്ദര പദപ്രയോഗമാണ്  'മുറിവുള്ള ചികിത്സകർ' (wounded healers). അങ്ങനെയുള്ളവര്‍ നല്ല സഹാനുഭൂതിയും ഉൾക്കാഴ്ചയും ഉള്ളവരാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവർക്ക് മിക്കവാറും സ്വന്ത രോഗസൗഖ്യത്തിന്‍റെ നല്ലൊരു ചരിത്രം പറയാനുണ്ടാകും. അവർ അനുകമ്പയുള്ളവരായിരിക്കും. അവരുടെ സൗഖ്യദായക സാമീപ്യം മറ്റുള്ളവര്‍ക്ക് ഏറെ സഹായകവുമാകും. 

• അവർ വേദനയും കഷ്ടപ്പാടും അനുഭവിച്ചിട്ടുണ്ട്, ഒരുപക്ഷെ അവർ സുഖം പ്രാപിക്കുന്ന പ്രക്രിയയിലുമായിരിക്കാം, അതിനാൽ അവർക്ക് വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന വ്യക്തികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനാകും.

• മുറിവേറ്റ ചികിത്സകർ നല്ല ശ്രോതാക്കളും മനസ്സിലാക്കുന്നവരും അംഗീകരിക്കുന്നവരും സർഗ്ഗാത്മകതയുള്ളവരുമാണ്.

• സ്വന്തം അനുഭവത്തില്‍നിന്ന് അവർ ഓരോ കഷ്ടപ്പാടുകളും ഒരു പുത്തന്‍ സാദ്ധ്യതയായി കാണുന്നവരുമാകും.

പരിശുദ്ധാത്മാവിന്റെ സ്പർശമുള്ള ആർക്കും ഒരു നല്ല സൗഖ്യദായകനാകാന്‍  കഴിയും. ആന്തരിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെ ശ്രവിക്കാനും അവര്‍ക്ക് സഹായം നല്‍കാനും ഉള്ള ചില പരിശീലങ്ങള്‍ ഈ ദൗത്യത്തിന് ഏറെ സഹായകമാകാം, എന്നാല്‍ അത് അത്ര അത്യാവശ്യവുമല്ല..

പക്ഷെ ഒന്ന്‍ നാം മറക്കരുത്, യേശുവാണ് യഥാര്‍ത്ഥ 'മുറിവേറ്റ സൗഖ്യദായകൻ'. അവൻ നമുക്കു വേണ്ടി  മുറിവേറ്റു,  എപ്പോഴും അവൻ നമ്മെ സുഖപ്പെടുത്താൻ സമീപത്തുണ്ട്. അതിനാൽതന്നെ, സൗഖ്യം നൽകാനും സ്വീകരിക്കാനും ഒത്തു വരുമ്പോള്‍ ആ ക്രൂശിതന്‍റെ സാന്നിദ്ധ്യം നാം പ്രത്യേകം ഏറ്റുപറയുന്നു.  

യുദ്ധമുഖത്തെ ആശുപത്രികളും പോരാളി ഡോക്ടർമാരും 

മേൽപ്പറഞ്ഞ യുവജന സെമിനാറിന്റെ സംഘാടകരിലൊരാളായ സൗമ്യ എന്നോട് പറഞ്ഞു, “ഏതാണ്ട് എല്ലാ കുടുംബങ്ങളും ചെറുപ്പക്കാരും കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന്‍ കടന്നുപോകുന്നത്. അവരെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ക്ലാസ്സുകള്‍ക്ക് ഇവിടെ ഒരു കുറവുമില്ല. എന്നാൽ ഒരു വ്യക്തിക്കു വേണ്ടത് നല്ല സൗഹൃദവും മറ്റുള്ളവരുടെ സൗഖ്യദായക  സാന്നിധ്യവുമാണ്; കേൾക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും. അവൾ തുടർന്നു, ആവശ്യക്കാർ എല്ലായിടത്തും ഉണ്ട്, എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമേ സഹായിക്കാനുള്ളൂ. ഒരു നല്ല മിഷനറി ജീസസ് യൂത്ത് എന്ന നിലയിൽ, യുവാക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം അവൾ ധാരാളം സമയം മാറ്റിവയ്ക്കുന്നു.. ചെറിയ ഗ്രൂപ്പുകളിലെ പതിവ് കൂടിക്കാഴ്‌ചകളാണ് അവര്‍ക്ക് ഏറെ ആവശ്യം. ഈ സൗഖ്യദായക ഇടങ്ങളാണ് അവരുടെ പ്രശ്‌ന പരിഹാരത്തിന് ഏറ്റം നല്ല വഴി. 

സുവിശേഷങ്ങളിൽ നാം അഭിമുഖീകരിക്കുന്ന ഒരു സമാന രംഗം, “ജനക്കൂട്ടത്തെ കണ്ടപ്പോള്‍  യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. (മത്താ 9:36,37)

വേദനനിറയുന്ന അനുഭവങ്ങളുടെ ആഘാതത്തില്‍ കഴിയുന്ന മിക്ക ആളുകളും അവർക്ക് ചുറ്റും മതിലുകൾ പണിയുന്നു. ചിലരെങ്കിലും ബന്ധങ്ങള്‍ക്ക് തടയിടാന്‍ സഹായിക്കുന്ന ആദ്ധ്യാത്മികതയും  പ്രാർത്ഥനാ ശൈലികളും കണ്ടെത്തി അതില്‍ തുടരുകയും ചെയ്യുന്നു. പോപ്പ് ഫ്രാൻസിസ് അത് നന്നായി വിശദീകരിക്കുന്നു. “ഇന്നത്തെ ലോകം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില നിഷേധാത്മക മനോഭാവങ്ങളായ പരസ്പര വിശ്വാസമില്ലായ്മ, സംശയം, സ്വകാര്യത നഷ്ടപ്പെടുമോ എന്ന ഭയം തുടങ്ങിയവയെ മറികടക്കാനുള്ള ശക്തമായ വിളിയാണ് ക്രൈസ്തവ ദര്‍ശനം. സുവിശേഷത്തിന്റെ സാമൂഹിക മാനത്തെ അവഗണിച്ച് പലരും മറ്റുള്ളവരിൽനിന്ന് രക്ഷപ്പെടാനായി തങ്ങളുടെ സ്വകാര്യതയുടെ ആശ്വാസത്തിലോ അടുത്ത സുഹൃത്തുക്കളുടെ ഒരു ചെറിയ വലയത്തിലോ അഭയം പ്രാപിക്കാൻ ശ്രമിക്കുന്നു.  പലര്‍ക്കും വേണ്ടത് ശരീരമോ കുരിശോ ഇല്ലാത്ത ഒരു ആദ്ധ്യാത്മീക ക്രിസ്തുവാണ്‌. അതുപോലെ തന്നെ അവര്‍ക്ക് ആവശ്യം തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ഓണാക്കാനും ഓഫാക്കാനും സാധിക്കുന്ന അത്യാധുനിക ഉപകരണങ്ങളോ സ്‌ക്രീനുകളോ തരുന്ന പരസ്പര ബന്ധങ്ങളുമാണ്‌ (സുവി. സന്തോഷം, 88). 

ഇന്നത്തെ വലിയ ഒരാവശ്യം, സൗഖ്യ൦പകരുന്ന ബന്ധങ്ങളിലേക്കും സമൂഹങ്ങളിലേക്കും ആളുകളെ കൊണ്ടുവരുകയും ക്രിസ്തുമതം സാഹോദര്യവും സ്നേഹവുമാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്.  "സുവിശേഷം നമ്മോട് ആവര്‍ത്തിച്ച് പറയുന്നത് മറ്റുള്ളവരുമായി  മുഖാമുഖം വരുക എന്ന വലിയ ‘റിസ്ക്‌’ എടുക്കാനും, നമ്മെ വെല്ലുവിളിക്കുന്ന അവരുടെ ശാരീരിക സാന്നിദ്ധ്യം, അവരുടെ വേദന, അപേക്ഷകൾ, സമീപസ്ഥവും നിരന്തരവുമായ നമ്മുടെ ഇടപെടലുകളിലൂടെ കിട്ടുന്ന സന്തോഷം എന്നിവയെ അഭിമുഖീകരിക്കാനുമാണ്." ഒരു സജീവമായ ജീസസ് യൂത്ത് കൂട്ടായ്മയിലോ ചെറുസമൂഹത്തിലോ നമ്മള്‍ ചെയ്യാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയല്ലേ? മാർപാപ്പ തുടരുന്നു, “മനുഷ്യാവതാരംചെയ്ത ദൈവപുത്രനിലുള്ള യഥാർത്ഥ വിശ്വാസം സ്വയം നൽകുന്നതിൽനിന്നും, സമൂഹത്തിന്‍റെ ഭാഗമാകുന്നതില്‍ നിന്നും, സേവനത്തിൽ നിന്നും, മറ്റുള്ളവരുമായുള്ള അനുരഞ്ജനത്തിൽ നിന്നും വേർതിരിക്കാനാവാത്തതാണ്. ദൈവപുത്രൻ, മാംസമായിത്തീർന്നു, ആർദ്രതയുടെ വിപ്ലവത്തിലേക്ക് നമ്മെ വിളിച്ചു. (സുവി.സന്തോ. 88)

ഇന്നത്തെ ഒരു പ്രധാന യാഥാർത്ഥ്യം, നമുക്ക് ചുറ്റും മിക്കവാറും എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെയേറെ അറിവിടങ്ങളും പഠനങ്ങളും ലഭ്യമാണ് എന്നതാണ്. പ്രാർത്ഥന  വിശ്വാസ൦ എന്നിവയെ പറ്റിയും പഠനങ്ങള്‍ക്ക് ഒരു കുറവുമില്ല.  എന്നാൽ ജീവിത വഴിയിലെ സംഘര്‍ഷങ്ങളുടെയും ഏകാന്തതയുടെയും നടുവില്‍ അനേകര്‍ ആശരണരായി പുറന്തള്ളപ്പെടുന്നു. അവരെ അന്വേഷിച്ചു പോകാന്‍ ആരും ഇല്ലാതെയും വരുന്നു. ഇങ്ങനെയുള്ള മുറിവേറ്റവരെയും നഷ്ടപ്പെട്ടവരെയും തേടിപോകുന്ന ‘യുദ്ധമുന്നണിയിലെ ഡോക്ടർമാര്‍’ ആകുക എന്നതാണ്  ജീസസ് യൂത്ത് ദൌത്യവിളി. ഇന്നത്തെ സമൂഹത്തില്‍ സൗഖ്യം പകരാന്‍ ഏറ്റവും യോജിച്ച ഇടം കൃത്യതയോടെ ഒത്തുചേരുന്ന സ്നേഹ സമൂഹങ്ങളുമാണ്. സൗഖ്യം പകരുന്ന ഈ ചെറുസമൂഹങ്ങള്‍ ആകും സമകാലിക ലോകത്തില്‍ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിച്ച ‘ഫീല്‍ഡ് ഹോസ്പിറ്റലുകള്‍’. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)