ഇതാണ് ജീസസ് യൂത്ത് വെല്ലുവിളി: കൂട്ടായ്മ വളര്‍ത്താന്‍ ആഴ്ചതോറും ഒത്തുചേരുക (MJYR076)
ഇതാണ് ജീസസ് യൂത്ത് വെല്ലുവിളി: കൂട്ടായ്മ വളര്‍ത്താന്‍ ആഴ്ചതോറും ഒത്തുചേരുക
(By Dr. Edward Edezhath - Published in Kairos Malayalam in 2022)
"ഇവിടെ എല്ലാവരും വലിയ തിരക്കിലാണ്, ഗ്രൂപ്പുകൾ ഓരോന്നായി മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.” ഒരു വലിയ നഗരത്തിലെ ജീസസ് യൂത്ത് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ അവിടത്തെ ഒരു വലിയ പ്രതിസന്ധി അവര്‍ പങ്കുവച്ചു. “ഒത്തുകൂടുമ്പോൾ എല്ലാവര്ക്കും ഏറെ സന്തോഷമാണ്. വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ അവര്‍ പങ്കുവയ്ക്കുകയും ചെയ്യും. എന്നാൽ ഒരു മീറ്റിംഗ് കഴിഞ്ഞ് പോയാല്‍ പിന്നെ പലരെയും കുറെ നാളത്തെയ്ക്ക് കാണില്ല. ഇത് ഞങ്ങളുടെ പദ്ധിതികളെല്ലാം തകിടം മറിക്കുന്നു. ഓരോ കാര്യങ്ങള്‍ക്കും ആരെല്ലാം എത്തിച്ചേരും എന്ന്‍ ഒരു വ്യക്തതയുമില്ലാതെ എങ്ങനെ മുന്നോട്ടു പോകും? ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രധിസന്ധിയിലാക്കുന്നത് ഇതാണ്.” ഈ പരാമര്‍ശം ഏറെ സജീവ ചര്‍ച്ചയുടെ തുടക്കമായി.
വിശ്വാസജീവിതത്തിന്‍റെ അനിവാര്യ ഘടകമാണ് കൂട്ടായ്മ
ആദിമ ക്രിസ്ത്യാനികൾ യേശുവിന്‍റെ ഏറ്റം പ്രധാന കല്പന വളരെ ഗൗരവത്തോടെ എടുത്തിരുന്നു. താൻ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ കർത്താവ് അവരോട് ആവശ്യപ്പെട്ടു, "ഇതുമൂലം നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയും" (യോഹന്നാൻ 13:35). അങ്ങനെ, അവർ പതിവായി ഒരുമിച്ചുകൂടുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും അവരുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ആവശ്യങ്ങളോട് നന്നായി പ്രതികരിക്കുന്ന ഒരു ജീവിതരീതി സ്വീകരിക്കുകയും ചെയ്തു. (അപ്പ. പ്രവ. 2:46; 4:35). നൂറ്റാണ്ടുകൾ കടന്നുപോയി, കരുതലും പങ്കുവയ്ക്കലും ശൈലിയാക്കിയ കൂട്ടായ്മകള്‍ അപ്രത്യക്ഷമാകുകയും പകരം ക്രിസ്തുശിഷ്യര്‍ വലിയ പള്ളികളിൽ 'കുർബാന കണ്ട്' നീണ്ട പ്രാർത്ഥനകള്‍ ഉരുവിട്ട് കടമ കഴിക്കുന്ന ജനക്കൂട്ടങ്ങളായി മാറുകയും ചെയ്തു.
എന്നാല്‍ അടുത്തയിടെ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും വിവിധ നവീകരണ മുന്നേറ്റങ്ങളും ഒരു വേറിട്ട വെല്ലുവിളി ഉയര്‍ത്തി. പരിശുദ്ധാത്മാവിന്‍റെ നയിക്കലിനു ഊന്നല്‍ നല്‍കുന്ന കരിസ്മാറ്റിക് നവീകരണം ആദിമസഭയുടെ ചൈതന്യത്തിന്‍റെ തിരിച്ചുവരവു കൂടിയായി മാറി. കരുതലും പങ്കുവയ്ക്കലും ശൈലിയാക്കിയ കൂട്ടായ്മകള്‍ നവീകരണത്തിന്‍റെ സുപ്രധാന ഊന്നലായി. ഒരു വ്യക്തി നവീകരണ അനുഭവത്തിലേയ്ക്ക് വരുന്നത് എൽഎസ്എസ് (ലൈഫ് ഇൻ ദി സ്പിരിറ്റ് സെമിനാർ) അല്ലെങ്കിൽ പ്രാരംഭ ധ്യാനം കൂടുന്നതുവഴിയാണ്. അതിന്‍റെ അവസാന ദിവസത്തെ നിർദ്ദേശം ഇപ്രകാരമായിരുന്നു, “പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പുതിയ ജീവിതശൈലി ഇവിടെ നിങ്ങൾ പരിചയപ്പെട്ടു. എന്നാൽ ഇനി നിങ്ങള്‍ ഈ പുതുജീവിതത്തില്‍ ആഴപ്പെടെണ്ടത് നിങ്ങളുടെ സ്വന്തം സ്ഥലങ്ങളിലെ ഒരു പ്രതിവാര കൂട്ടായ്മയിലാണ്.” അങ്ങനെ ആഴ്ച്ചതോറുമുള്ള പ്രാർത്ഥന കൂട്ടായ്മ നവീകരണ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി.ഞാന്‍ കരിസ്മാറ്റിക് നവീകരണത്തിലേയ്ക്ക് വന്നത് ഒരു 4 ദിവസത്തെ സെമിനാറിൽ ആയിരുന്നു. മൂന്നാമത്തെ രാത്രി ഒരു "മാതൃക പ്രാർത്ഥനാ യോഗം" ഉണ്ടായിരുന്നു. ആ രാത്രിയിൽ ആദ്യത്തെ സ്വയംപ്രേരിത പ്രാർത്ഥന' നടത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. സെമിനാർ അവസാനിക്കുന്നതിന് മുമ്പ്, ധ്യാന ഗുരുക്കളില്‍ ഒരാളായ ഫാ മാർസെലിനോ ആ കാമ്പസിൽ ഒരു പ്രതിവാര ഗ്രൂപ്പ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചു. മറ്റ് 40 പേരെപ്പോലെ ഞാനും ഉടന്‍ അതില്‍ പങ്കെടുക്കാന്‍ പേരുകൊടുത്തു.
തിരിഞ്ഞുനോക്കുമ്പോൾ, ഈ പ്രതിവാര ഒത്തുചേരൽ ഞങ്ങളുടെ വിശ്വാസജീവിത വളര്‍ച്ചയ്ക്കും കൂട്ടായ്മയുടെ ബാലപാഠങ്ങള്‍ സ്വയത്തമാക്കുന്നതിനും ചെറുതും വലുതുമായ നിരവധി സംരംഭങ്ങളുടെ തുടക്കത്തിനും നല്ല വേദിയായി. നിരവധി പതിറ്റാണ്ടുകളായി, ഈ കൂട്ടായ്മ നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്, പക്ഷേ മിക്ക ആളുകൾക്കും ഇത് വളര്‍ച്ചയുടെ അനുഭവമാണ് പകര്‍ന്നത്. എന്തുകൊണ്ടാണ് തിരക്കുകള്‍ എല്ലാം മാറ്റിവച്ച് അനേകര്‍ എല്ലാ ആഴ്‌ചയും ഒരു ഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നത്? തീര്‍ച്ചയായും കൂട്ടായ്മ വളര്‍ത്തുക ഈ യുഗത്തിലെ പ്രധാന ദൈവനിയോഗമാണ് എന്ന അവബോധം മാത്രമല്ല, അതോടൊപ്പം ആത്മാവിന്റെ ചലനവും അടുത്ത സൗഹൃദവും അനുഭവിക്കാൻ അവര്‍ക്കുള്ള വലിയ ആഗ്രഹവുമാണ് മുടക്കം കൂടാതെ അവരെ ആ കൂട്ടായ്മയില്‍ എത്തിക്കുന്നത്. ഒപ്പം, അറിയാതെതന്നെ അവർ വിശ്വാസത്തിൽ വളരുകയും ഒരു സമൂഹമായി പരിണമിക്കുകയും ചെയ്യുന്നു.
അത്തരമൊരു കൂട്ടായ്മയിൽ ഒരാള്‍ മുടക്കം കൂടാതെ പങ്കെടുക്കുന്നതിലൂടെ മൂന്ന് സുപ്രധാന കാര്യങ്ങൾ സംഭവിക്കുന്നു: i) വെല്ലുവിളികളെ മറികടക്കാൻ പഠിക്കുകയും അയാള്‍ വിശ്വാസജീവിതത്തിൽ വളരുകയും ചെയ്യുന്നു, ii) ഹൃദ്യവും സുദ്രുഢവുമായ ബന്ധങ്ങൾ രൂപപ്പെടുന്നു, അങ്ങനെ ഒരു സജീവ കൂട്ടായ്മ വളരുകയും ചെയ്യും. iii) ഒരു വ്യക്തിക്ക് തന്‍റെ ജീവിതസാഹചര്യങ്ങളിൽ സാക്ഷ്യം വഹിക്കാനുള്ള പിന്തുണയും അവിടെ നിന്നു ലഭിക്കു൦. ഫ്രാൻസിസ് മാർപാപ്പ ഇത് ഏറെ സുന്ദരമായി പറഞ്ഞുവച്ചു: “കര്‍ത്താവിന്‍റെ ശിഷ്യര്‍, ഇന്ന്‍ ഇവിടെ, വിളിക്കപ്പെട്ടിരിക്കുന്നത് ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിതീരുന്ന ഒരു കൂട്ടായ്മയായി ജീവിക്കാനാണ്. സുവിശേഷ പാത പിന്‍ചെന്നു നവ നൂതനമായ രീതിയില്‍ ഒത്തു വസിക്കാനാണ് നമുക്കുള്ള വിളി. കൂട്ടായ്മ കവര്‍ന്നെടുക്കാന്‍ നാമൊരിക്കലും സമ്മതിക്കാതിരിക്കട്ടെ” (സുവി. സന്തോഷം, 92)
മാസത്തിലൊരിക്കലല്ല, ആഴ്ചതോറും ഒന്നിച്ചു വരുക
തുടര്‍ന്ന്‍ ഞങ്ങളുടെ ചർച്ച മീറ്റിംങ്ങുകളുടെ ആവര്‍ത്തനത്തെ കുറിച്ചായി. "ആളുകളുടെ തിരക്ക് പരിഗണിച്ച്, ഞങ്ങൾ മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരൽ തീരുമാനിച്ചു. എന്നാൽ ഒരു ഒരാള്‍ ഒരു മീറ്റിംഗ് പോലും നഷ്‌ടപ്പെടുമ്പോൾ വിടവ് വളരെ വലുതായിരിക്കും." മറ്റൊരാൾ ഉന്നയിച്ച പ്രശ്നം വേറൊന്നായിരുന്നു: “മാസത്തിലൊരിക്കൽ ഒത്തുകൂടുന്നതിലൂടെ നമുക്കെങ്ങനെ പങ്കിടലും കരുതലും ഉള്ള കൂട്ടായ്മ ഉണ്ടാക്കാനാകും? ആ ഗ്രൂപ്പ് എത്രത്തോളം ഒരു സ്നേഹ സമൂഹമാകും?
എന്റെ രസകരമായ ഒരു ഓർമ്മ ഞാൻ അവരുമായി പങ്കുവെച്ചു. കൊച്ചിക്കടുത്തുള്ള ഒരു ഇടവകയിലെ ഒരു കൂട്ടം യുവാക്കളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. എല്ലാ ദിവസവും വൈകുന്നേര൦ ഒരുമിച്ച് പ്രാർത്ഥിക്കാൻ അവർ ഒത്തുകൂടുന്നതായി അവർ സൂചിപ്പിച്ചു. ആഴ്‌ചയിലെ ഏഴു ദിവസവും കൂടുന്നത് അൽപ്പം അധികമല്ലേ? ഞാന്‍ അവരോട് ചോദിച്ചു. “ജീസസ് യൂത്തിൽ വരുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവരും എല്ലാ ദിവസവും കണ്ടുമുട്ടിയിരുന്നു, അത് വളരെ മോശമായ കാര്യങ്ങൾക്കു വേണ്ടിയായിരുന്നു. പ്രാർത്ഥനയ്ക്കും പരസ്പര സഹായത്തിനുമുള്ള ഈ അനുദിന മീറ്റിംഗ് ആ പഴയ വഴികളിലേക്ക് വീഴുന്നതിൽ നിന്ന് ഇപ്പോള്‍ ഞങ്ങളെ സംരക്ഷിക്കുന്നു.” എനിക്ക് അവരുടെ ആശയഗതി മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല; പുതുതായി കണ്ടെത്തിയ ഈ ക്രിസ്‌തീയ ജീവിതത്തിൽ തുടരാൻ അവർക്ക് ദിവസവും ഒത്തുകൂടുന്ന ഒരു കൂട്ടായ്മ ആവശ്യമായി വന്നു. ഞങ്ങളുടെ ചർച്ചകള്‍ തുടർന്നു: ക്രിസ്തുവിന്റെ ശരീരത്തിന്‍റെ സജീവഭാഗമായി തോന്നാത്തതിനാലാണ് പലരും വീണുപോകുന്നത്. ധാരാളം പഠനങ്ങളോ അല്ലെങ്കിൽ വല്ലപ്പോഴുമുള്ള പ്രാർത്ഥനയോ യുവാക്കൾക്ക് ഈ ഒരു അനുഭവം നൽകില്ല.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ജീസസ് യൂത്ത് വിദ്യാർത്ഥികൾ എല്ലാ ആഴ്‌ചയും ചെറിയ ഗ്രൂപ്പുകളില്‍ ഒത്തുകൂടുന്നതും ഇടയ്‌ക്കിടെ എല്ലാവരും ഒരുമിച്ച് ഒരു വലിയ മീറ്റിംഗിൽ പങ്കെടുക്കുന്നതും എങ്ങനെയെന്ന് ഒരു യുവാവ് പങ്കുവെച്ചു. അഗാധമായ സൗഹൃദത്തിന്റെയും പരസ്പര പിന്തുണയുടെയും സമയം ആസ്വദിച്ചതിനാൽ വിദ്യാർത്ഥികൾ ഒത്തുകൂടാൻ വളരെ ഉത്സുകരായിരുന്നു. മറ്റൊരാള്‍ അവരുടെ കുടുംബ ചെറിയ ഗ്രൂപ്പുകളെ കുറിച്ച് സൂചിപ്പിച്ചു, പങ്കുവയ്ക്കാനും പ്രാർത്ഥിക്കാനും രണ്ടാഴ്ചയില്‍ ഒരിക്കല്‍ അവര്‍ ഒത്തുകൂടുന്നു. “കുട്ടികളാണ് അത് ഏറ്റവും ആസ്വദിക്കുന്നത്. ഞങ്ങൾ മൂത്തവർ തിരക്കിലായി മീറ്റിംഗിൽ പോകരുതെന്ന് വിചാരിച്ചാലും കൊച്ചുകുട്ടികൾ ഞങ്ങളെ അനുവദിക്കില്ല”.
ആഴ്ചതോറും ചെറിയ ഗ്രൂപ്പുകളിൽ ഒത്തുകൂടിയ എന്‍റെ അനുഭവം ഞാനും പങ്കുവെച്ചു. ആ വെല്ലുവിളിയോട് നന്നായി പ്രതികരിച്ചവർ പക്വതയു൦ പ്രതിബദ്ധതയുമുള്ള ക്രിസ്ത്യാനികളും ആയി വളർന്നു. പക്ഷേ, തിരക്കിന്‍റെ പേരില്‍ കൂട്ടായ്മയിൽ വരാന്‍ മടിച്ച പലരും നിർഭാഗ്യവശാൽ വീണുപോയി. ഒരു ക്രിസ്തീയ സമൂഹത്തിന്‍റെ പിന്തുണ ക്രിസ്ത്യൻ പക്വതയിലേക്കുള്ള വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്.
ഹെബ്രായ ലേഖനത്തിലെ ഒരു ഭാഗം ഈ ചര്‍ച്ചകളുടെ സമാപനമായി: “ചിലര്‍ സാധാരണമായിചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല ആ ദിനം അടുത്തുവരുന്നത് കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം“ (ഹെബ്രാ. 10:24,25). ഒരുമിച്ചുള്ള പ്രാർത്ഥന, വചന ധ്യാന൦, പരസ്‌പര പിന്തുണയ്‌ക്കല്‍ എന്നിവയ്ക്കായി ആഴ്‌ചയിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാൻ യുവജനങ്ങളെയും കുടുംബങ്ങളെയും വെല്ലുവിളിക്കാൻ അന്നവർ തീരുമാനമെടുത്തു. സൗഹൃദവും ശിഷ്യത്വവും വളർത്തുന്ന ചെറുസമൂഹങ്ങള്‍ രൂപീകരിക്കാന്‍ വ്യക്തമായ പദ്ധതിളോടെ ആ ഒത്തുചേരലിന് സമാപനമായി.
Comments
Post a Comment