സൗഖ്യ ശുശ്രൂഷയുടെ ജീസസ് യൂത്ത് വഴികള്‍ (MJYR075)
സൗഖ്യ ശുശ്രൂഷയുടെ ജീസസ് യൂത്ത് വഴികള്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2022)
ആഴ്ചതോറുമുള്ള കോളനി സന്ദര്‍ശനം ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പിന്‍റെ ഒരു നല്ല ശീലമായിരുന്നു. എന്‍റെ ആദ്യ സന്ദർശനം ഞാൻ ഓർക്കുന്നു. “ലോറന്സിനെ സൂക്ഷിക്കണം, അവന്‍ ഉപദ്രവിക്കാന്‍ സാദ്ധ്യതയുണ്ട്. അടുത്തേയ്ക്ക് പോകണ്ടാ!” ഒരു ചെറിയ കുടിലിൽ കയറിയപ്പോൾ അവന്‍റെ വൃദ്ധയായ അമ്മ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുറിയുടെ മൂലയിൽ ചങ്ങലയിലിട്ട നിലയിലായിരുന്നു അവന്‍. പാവങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ആ പ്രദേശത്ത് മറ്റു പല കാഴ്ചകളും പോലെ ഇതും വല്ലാതെ അസ്വസ്ഥമാക്കുന്ന ഒന്നായിരുന്നു. 1978-ന്റെ തുടക്കത്തിലായിരുന്നു ഇത്. ഗ്രൂപ്പിലെ ചെറുപ്പക്കാർക്ക് എന്തു നന്‍മ ചെയ്യാനാകുമെന്ന് നോക്കാന്‍ ഞാനും എന്റെ സുഹൃത്ത് ജോയിയും കൂടെ ഒരു ആദ്യ സന്ദർശനത്തിന് വന്നതായിരുന്നു അന്ന്.
ആ ചേരി പ്രദേശത്ത് 50 കുടിലുകളാണ് ഉണ്ടായിരുന്നത്. എല്ലാവരെയും പരിചയപ്പെടാൻ ഞങ്ങൾ ഓരോ വീടും കയറിഇറങ്ങി. ഈ വീട്ടിലെത്തിയപ്പോൾ ലോറൻസിന്റെ അമ്മ അവന്‍റെ കഥ വിവരിച്ചു. കുട്ടിക്കാലത്ത് അവനെ ഒരു പള്ളി പെരുന്നാളിനു കൊണ്ടുപോയതാണ്. ആൾക്കൂട്ടത്തിൽ താഴെ കിടന്നുറങ്ങുന്ന അവന്‍റെ തലയിൽ ആരോ അബദ്ധത്തിൽ ചവിട്ടി. അന്നുമുതൽ ലോറന്‍സിന് വലിയ പ്രശ്നങ്ങളാണ്. ഇടയ്ക്കിടെ അക്രമാസക്തനാകും. അങ്ങനെ അന്ന് ചങ്ങലയിലും.
പ്രാർത്ഥനാ ഗ്രൂപ്പില്‍ നിന്ന് പുതു ദൌത്യവുമായി എത്തിയ ഞങ്ങള്‍ക്കായി സുഹൃത്തുക്കൾ തീക്ഷ്ണമായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഞങ്ങളും ആത്മാവിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ലോറൻസിനെ നോക്കുമ്പോൾ ഉള്ളില്‍ ഒരു പ്രത്യേക സ്നേഹവും ശക്തിയും നിറയുന്നതായി എനിക്ക് തോന്നി. "അവനുവേണ്ടി ഒന്ന്‍ പ്രാർത്ഥിച്ചാലോ?" എന്‍റെ കൂട്ടുകാരനോടു ഞാൻ ചോദിച്ചു. കൈകൾ നീട്ടിയപ്പോൾ ലോറന്‍സ് എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പക്ഷേ അടുത്തു ചെന്ന്‍ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ അവൻ കണ്ണു താഴ്ത്തി ശാന്തനായി. പിന്നെ ഞാൻ ആ ചങ്ങല മാറ്റി. അവൻ പ്രാവിനെപ്പോലെ സൗമ്യനായിരുന്നു. അന്ന്‍ വലിയൊരു രോഗശാന്തി ഉണ്ടായോ എന്നറിയില്ല. എന്നാൽ ആഴത്തിലുള്ള സ്നേഹം സൗഖ്യം നല്‍കും. എന്തായാലും ആ ദിനം ഞങ്ങളുടെ ചേരിസന്ദശന ശുശ്രൂഷ'യുടെ തുടക്കമായി.രോഗശാന്തിക്ക് ഒരു പശ്ചാത്തലമുണ്ട്
കരിസ്മാറ്റിക് നവീകരണം രോഗത്തെയും രോഗശാന്തിയെയും കുറിച്ച് ഒരു പുതു ദര്‍ശനം ഉണര്‍ത്തി. രോഗവും വേദനയും തിന്മയുടെയും സ്നേഹ ശൂന്യതയുടെയും ഫലമാണ്. യേശു നമുക്ക് നൽകുന്ന രക്ഷ, രോഗ-സൗഖ്യത്തിനുള്ള ക്ഷണം കൂടിയാണ്. പിന്നെ, രോഗശാന്തിയെക്കുറിച്ചുള്ള മറ്റൊരു വശം, അത് ശരീരത്തിന്‍റെ കാര്യം മാത്രമല്ല, എന്റെ ആത്മാവ്, മനസ്സ്, വികാരങ്ങൾ, ബന്ധങ്ങൾ എന്നിവ കൂടെ അതുമായി ചേര്‍ന്നിരിക്കുന്നു. "സൗഖ്യം എന്നാല്‍ രോഗം മാറുക മാത്രമല്ല, പൂര്‍ണതയും നിറവും ഉള്ള വ്യക്തിയായി വളരുക എന്നതുമാണ്".
കരിസ്മാറ്റിക് നവീകരണത്തില്‍ ചിലരുടെ ആകര്‍ഷണം 'രോഗശാന്തി ശുശ്രൂഷ' മാത്രമാണ്. അവര്‍ക്ക് ധ്യാനവും പ്രാർത്ഥനാ സമ്മേളനവും ശാരീരിക പ്രശ്‌നങ്ങളിൽ നിന്നും പുറത്തുവരാന്‍ മാത്രമുള്ള വഴിയാണ്. എന്നാല്‍, ഇതിനെ സംബന്ധിച്ച് അനേകരെ അസ്വസ്ഥപ്പെടുത്തുന്ന ഒരു കാര്യം ഈ സൗഖ്യ ശുശ്രൂഷകള്‍ ചിലപ്പോള്‍ നാടകീയവും ബഹളമയവുമായി മാറുന്നു. കൂടാതെ, വളര്‍ച്ചയുടെ വഴിയില്‍ നിന്ന്‍ ശ്രദ്ധ മാറ്റുകയും ചെയ്യുന്നു.
ജീസസ് യൂത്തിൽ രോഗശാന്തിയോടുള്ള സമീപനം വ്യത്യസ്തമാണ്. സമ്പൂര്‍ണ്ണ വ്യക്തിയുടെ സൗഖ്യം - ശരീരം, മനസ്സ്, ആത്മാവ്, ബന്ധങ്ങൾ എന്നിവയെ സുഖപ്പെടുത്തുന്നതിനെക്കുറിച്ച് എപ്പോഴും പരാമർശമുണ്ട്. അനുരഞ്ജന കൂദാശയും ദിവ്യബലിയും രോഗശാന്തി മാര്‍ഗങ്ങളായി മാറുന്നു. വികാരങ്ങളുടെയും ബന്ധങ്ങളുടെയും സൗഖ്യത്തിന് ഊന്നല്‍ നല്‍കുന്ന ആന്തരികസൗഖ്യ ശുശ്രൂഷ ആരോഗ്യത്തിലേക്കുള്ള പ്രധാന യാത്രയായി മാറുന്നു. ഏറെ പ്രത്യേകതയുള്ള ഒരു കാര്യം, മറ്റുള്ളവരെ സഹായിക്കുന്നതും രോഗശാന്തിയുടെ പ്രധാന പാതയായി ജീസസ് യൂത്തില്‍ സൂചിപ്പിക്കപ്പെടുന്നു.
എന്തുകൊണ്ടാണ് ജീസസ് യൂത്തില്‍ രോഗശാന്തി സമീപനം മറ്റ് കരിസ്മാറ്റിക് ഗ്രൂപ്പുകളുടെ സുശ്രൂഷകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാകുന്നു? ഒരു പ്രധാന കാരണം, യുവാക്കളുടെ ആവശ്യങ്ങൾ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളുടെതില്‍ നിന്ന് വ്യത്യസ്തമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അത് നന്നായി വിശദീകരിക്കുന്നു, “യുവജനങ്ങൾ തിരിച്ചടികളും, ഇച്ഛാഭംഗങ്ങളും, ആഴത്തിലുള്ള ദുഃഖ സ്മരണകളും അനുഭവിക്കുന്നു. പലപ്പോഴും, മുൻകാല പരാജയങ്ങളുണ്ടാക്കിയിട്ടുള്ള മുറിവും, നിഷ്ഫലമായ ആഗ്രഹങ്ങളും, വിവേചനത്തിന്റെയും അനീതിയുടെയും അനുഭവങ്ങളും, സ്നേഹിക്കപ്പെടുന്നില്ലെന്നും സ്വീകരിക്കപ്പെടുന്നില്ലെന്നുമുള്ള തോന്നലുകളും അവർക്കുണ്ടാകുന്നുണ്ട്. ഇവയ്ക്കുപുറമേ, ധാർമികമായ മുറിവുകളും പഴയ തെറ്റുകളുടെ ഭാരവും, തെറ്റുകൾ ചെയ്തുപോകുന്നതിന്റെ കുറ്റബോധവും അവർക്കുണ്ടാകുന്നു. യുവജനങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന ഈ കുരിശുകളുടെ മധ്യേ യേശു അവിടുത്തെ സാന്നിധ്യം അനുഭവവേദ്യമാക്കുന്നു; അവിടുന്ന് അവർക്ക് തന്റെ സൗഹൃദവും, സമാശ്വാസവും സൗഖ്യദായകമായ മൈത്രിയും നൽകുന്നു. ആന്തരിക സൗഖ്യത്തിന്റെയും ഹൃദയ സമാധാനത്തിന്റേതുമായ ഈ പാതയിൽ, സഭ അവിടുത്തെ ഉപകരണമായിരിക്കാൻ ആഗ്രഹിക്കുന്നു (ക്രിസ്തു ജീവിക്കുന്നു.” 83). പാപ്പാ വിവരിക്കുന്ന ഈ വ്യത്യസ്ഥ ഊന്നല്‍ ജീസസ് യൂത്ത് സൗഖ്യ ശുശ്രൂഷയുടെ മുഖമുദ്രയാണ്.
രോഗശാന്തിയുടെ ജീസസ് യൂത്ത് മിഷൻ
യുവ പ്രേഷിതയായ അജ്‌ന ജോർജിന്റെ വിയോഗം ഈ ദിവസങ്ങളിൽ വാർത്തകളിൽ പ്രധാന ഇടം നേടി. അജ്‌ന പങ്കെടുത്ത വിവിധ ജീസസ് യൂത്ത് പ്രോഗ്രാമുള്‍ ഊന്നിയുള്ള നിരവധി വീഡിയോകൾ ഇയിടെ യൂട്യൂബിലും മറ്റും പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ, രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി അവളുടെ കോളേജ് ജെ-വൈ ഗ്രൂപ്പ് നടത്തുന്ന പ്രതിവാര ഔട്ട്-റീച്ച്നെക്കുറിച്ചാണ്. യുവ പ്രേഷിതത്വത്തിന്റെ ആ മനോഹര നിമിഷങ്ങൾ കണ്ട് ഞാൻ സ്വയം പറഞ്ഞു, “ജീസസ് യൂത്ത് ചെയ്യാൻ കർത്താവ് ആഗ്രഹിക്കുന്ന ഏറ്റവും നല്ല രോഗശാന്തി ശുശ്രൂഷ ഇതാണ്”.
അവിടെ കണ്ടത് ഇതായിരുന്നു: വൃദ്ധരും രോഗികളു൦ അടങ്ങുന്ന കുറെ പേരെ ആ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. അവർക്കിടയിൽ ആ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ ഏറെ സ്നേഹത്തോടും തിളങ്ങുന്ന പുഞ്ചിരിയോടും കൂടെ ഓരോ കാര്യങ്ങളില്‍ വ്യപ്രുതരാകുന്നു. ചിലര്‍ കൈകൾ പിടിച്ച് ശ്രദ്ധയോടെ അവരെ കേൾക്കുന്നു. മറ്റു ചിലര്‍ രോഗികളെ സാന്ത്വനപെടുത്തുന്നു. തുടര്‍ന്ന്‍ ഒരു പൊതു പ്രാര്‍ഥനാ സമയവും. ഒരു കാര്യം തീര്‍ച്ചയാണ് ആ യുവാക്കളുടെ സ്നേഹസ്പർശവും പുഞ്ചിരിയും പ്രാര്‍ത്ഥനയും ആ അശരണര്‍ക്ക് ഏറെ സുന്ദരമായ സൗഖ്യനുഭവം പകരുന്നുണ്ടായിരുന്നു.
സൗഖ്യം പകരണം സ്വീകരിക്കണം
യേശു പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്, “കൊടുക്കുക, എന്നാൽ നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്നു അവര്‍ നിങ്ങളുടെ മടിയിൽ ഇട്ടുതരും” (ലൂക്കാ 6:38). ആവശ്യക്കാരുടെ അടുത്തേയ്ക്ക് കടന്നുചെന്ന്‍ യേശുവിന്‍റെ സൗഖ്യദായക സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്കുമ്പോള്‍ ദാതാക്കളായ നമ്മള്‍ തന്നെ സൗഖ്യത്തിന്റെയും വളര്‍ച്ചയുടെയും നല്ല സ്വീകര്‍ത്താക്കളുമാകും.
പലതവണ, ചെറുപ്പക്കാരോടോപ്പം ഏതെങ്കിലും ആശുപത്രി വാർഡിലേക്കോ വൃദ്ധസദനത്തിലേക്കോ ചേരി പ്രദേശത്തെയ്ക്കോ ഒക്കെ പോകാന്‍ എനിക്കും സാധിച്ചിട്ടുണ്ട്. ഒരു ഒരുക്കവും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞ് ഞങ്ങൾ പുറപ്പെടു൦. അവിടെ എത്തുമ്പോൾ, ഏതാണ്ടെല്ലാവരും നല്ല ഉഷാറാകും. പുഞ്ചിരിക്കാൻ, അവരെ ശ്രവിക്കാന്‍, ഒരു നല്ല വാക്ക് പറയാൻ, ചിലപ്പോൾ ആവശ്യക്കാർക്കൊപ്പം പ്രാർത്ഥിക്കാൻ ഒക്കെ അവര്‍ ഏറെ തല്‍പരരാകും. അതെല്ലാം കഴിഞ്ഞ്, വിലയിരുത്തലിന്റെയും അനുഭവം പങ്കിടലിന്റെയും ഒരു സമയമുണ്ടാകും. അപ്പോള്‍ അവരില്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, 'ആദ്യമായാണ് ഞാൻ ഇത്തരത്തിൽ പോയത്. നൽകിയതിനേക്കാൾ എത്രയോ കൂടുതൽ സ്‌നേഹവും കരുതലും ആ ദുരിതമനുഭവിക്കുന്നവരിൽ നിന്ന് എനിക്ക് ലഭിച്ചു!”
എന്‍റെ ഒരു ചിന്ത, സൗഖ്യംപകരലിന്റെ ജീസസ് യൂത്ത് കാരിസം ഏറെ സുന്ദരമായി ഉണരുന്നത് ഒരു പ്രാർത്ഥനാ ശുശ്രൂഷയിലോ രോഗശാന്തി ധ്യാനത്തിലോ അല്ല, മറിച്ച് യുവാക്കൾ സ്‌നേഹവും പരിചരണവും പകരാന്‍ ആവശ്യക്കാരുടെ സാഹചര്യങ്ങളിലേയ്ക്ക് കടന്നു ചെല്ലുമ്പോഴാണ്. (യേശു പ്രവര്‍ത്തിച്ചതും അങ്ങനെയാണല്ലോ) യുവാക്കളുടെ ഹൃദയവും കൈകളും ദരിദ്രരെ ശ്രവിക്കാനും സഹായിക്കാനും വെല്ലുവിളിക്കപ്പെടുമ്പോൾ യുവാക്കൾ അവരോടൊപ്പം പ്രാർത്ഥിക്കാന്‍ കടന്നു ചെല്ലുമ്പോള്‍, രോഗശാന്തി പകരുന്ന കർത്താവിന്റെ കരം അശരണര്‍ക്ക് ദൃശ്യമാകും. അതോടൊപ്പം ഈ പരിചരണം നൽകുന്ന ചെറുപ്പക്കാര്‍ക്ക് സമൃദ്ധമായ അളവിൽ സ്നേഹവും രോഗശാന്തിയും ലഭിക്കുകയും അവര്‍ പക്വതയും ആരോഗ്യവുമുള്ള വ്യക്തികളായി മാറുകയും ചെയ്യും.
Comments
Post a Comment