പാചകവിധി വേണമോ അതോ തോന്നുന്ന രീതിയില്‍ ഭക്ഷണ൦ ഒരുക്കണമോ? (MJYR074)
പാചകവിധി വേണമോ അതോ തോന്നുന്ന രീതിയില്‍ ഭക്ഷണ൦ ഒരുക്കണമോ?
(By Dr. Edward Edezhath - Published in Kairos Malayalam in 2022)
“ഭക്ഷണം ഒരുക്കുന്നതിന്റെ ഈ പുതിയ രീതി എത്ര സൗകര്യമാണ്. നല്ല സമയ ലാഭവും. ഏജന്‍സി തരുന്ന ലിസ്റ്റിൽ നിന്നും വിഭവം തിരഞ്ഞെടുക്കുക, പിന്നെ കഴിക്കേണ്ട ആളുകളുടെ എണ്ണവും. കൃത്യ അളവില്‍ വേണ്ട എല്ലാ ചേരുവകളും പായ്ക്ക് ചെയ്തു അവര്‍ വീട്ടില്‍ എത്തിക്കും. കൂടെ വിശദമായ പാചക വിവരണവും. ഉപ്പ്, ഇറച്ചി, കറിവേപ്പില തുടങ്ങി എല്ലാ സാധനങ്ങളും ചെറിയ പാക്കറ്റുകളിലാക്കി. പാചകം എന്തെളുപ്പം. 'തയ്യാറാക്കിയ ഭക്ഷണ കിറ്റുകളുടെ' ഈ പുതിയ രീതി എന്തെളുപ്പം!” സോഫി ഏറെ വാചാലമായി തുടർന്നു, “ഷോപ്പിംഗിന്റെ ആവശ്യമില്ല, സാധനങ്ങൾ പാഴാക്കേണ്ടതില്ല, രുചികരവും ആരോഗ്യകരവുമായ ഭക്ഷണത്തെക്കുറിച്ച് നമ്മെ ഉപദേശിക്കാൻ വിദഗ്ധരുണ്ട്.”
ഇതു കേട്ടുനിന്ന ആൻ ഏറെ അസ്വസ്ഥയാകുന്നത് എനിക്ക് കാണാമായിരുന്നു. “പിന്നേ! ഇതെന്തു ബോറാണ്! ആരോ മനസ്സില്‍ കണ്ട വിഭവം. പിന്നെ അവർ എല്ലാം നിർദ്ദേശിക്കുന്നു. നമ്മുടെ അത്താഴം നാം പ്ലാനിട്ട്, പഴയ വിഭവമാണെങ്കിലും ഓരോ തവണയും ചെറു മാറ്റങ്ങളോടെ തയ്യാറാക്കുമ്പോള്‍ അതിനൊരു “ഗും” ഉണ്ട്. ശരിയാണ്, ഇതില്‍ പാഴാക്കലും അനിശ്ചിതത്വവും പിരിമുറുക്കവും ഒക്കെ ഉണ്ട്, പക്ഷേ എന്റെ അടുക്കളയിൽ, എന്റെ അത്താഴം സ്വയം പാചകം ചെയ്യാനാണ് എനിക്കിഷ്ടം. ഒരു പാവയായി മാറാതെ, എവിടെയോ എനിക്കറിയാത്ത ഒരാളാൽ റിമോട്ട് കൺട്രോൾ ചെയ്യപ്പെടാന്‍ എന്നെകിട്ടില്ല!”. വൗ! അതൊരു പൊട്ടിത്തെറിയായിരുന്നു! ശരിയാണ്, ഇഷ്ടങ്ങളുടെയും തനതു രീതികളുടെയും കാര്യമാകുമ്പോള്‍ മനുഷ്യര്‍ ഏറ്റുമുട്ടും. എതായാലും വ്യത്യസ്ഥമായ രണ്ടു സമീപനങ്ങള്‍!സ്വയ൦പ്രേരിത പ്രാർത്ഥന എന്ന വിപ്ലവം
കരിസ്മാറ്റിക് നവീകരണം ഒരു വലിയ മാറ്റവുമായി വന്നു. അതിലെ ഒരു പ്രധാന സന്ദേശം ഇതായിരുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ആയിരിക്കുന്ന രീതിയില്‍. നിങ്ങള്‍ക്ക് തോന്നുന്നത് പോലെ പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കും, അത് മനോഹരമാകുകയും ചെയ്യും. അതിനുമുമ്പ്, എങ്ങനെ എന്ത് പ്രാർത്ഥിക്കണമെന്നും ആത്മീയതയുടെ മറ്റെല്ലാ കാര്യങ്ങളും വിദഗ്ധർ നമ്മോട് പറഞ്ഞുതരുമായിരുന്നു. ഈ ആത്മീയതയുടെ വരവോടെ സ്വന്ത പാതയില്‍ സഞ്ചരിക്കാന്‍ വലിയൊരു സ്വാതന്ത്ര്യ൦ കൈവന്നു.
റെഡിമെയ്ഡ് പ്രാർത്ഥനകളുടെ കാലത്ത്, എല്ലാവരും അച്ചടിച്ച പ്രാർത്ഥനകളാണ് ഉപയോഗിച്ചത്, സഭാധികാരികളുടെ അംഗീകാരമുള്ളവ മാത്രം. എന്‍റെ ഒരോര്‍മ, ഒരു കോളേജ് ഗ്രൂപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പ്രാർത്ഥനാ ശുശ്രൂഷയാണ്. എല്ലാവരും ഓരോ പ്രാർത്ഥന ചൊല്ലേണ്ടിയിരുന്നു. ഞങ്ങളുടെ ആനിമേറ്റർ സിസ്റര്‍ മുൻകൂട്ടി തന്നെ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു, പ്രാര്‍ഥനകള്‍ നേരത്തെ എഴുതി തരണം, ഡയറക്ടറച്ചന്റെ അടുത്തു കൊണ്ടുപോയി അംഗീകാരം വാങ്ങേണ്ടതുണ്ട്. പ്രാർത്ഥനയിൽ വിശ്വാസത്തിന് വിരുദ്ധമായി ഒന്നും ഉണ്ടാകരുതല്ലോ. അച്ചന്‍ അത് പരിശോധിച്ചു പറയും.
ഈ പശ്ചാത്തലത്തോടെയാണ് ഞാൻ ആദ്യ നവീകരണ സെമിനാറിൽ എത്തിയത്. അവിടെ ഒരു മാതൃകാ പ്രാർഥനായോഗം ഉണ്ടായിരുന്നു, എല്ലാവരും ‘ആത്മാവ് നയിക്കുന്ന പോലെ’ പ്രാർഥിക്കുക, എന്നതായിരുന്നു നിര്‍ദ്ദേശം. ഇതു കേട്ടപ്പോള്‍ എന്‍റെ ഒരസ്വസ്ഥത എന്തൊക്കെ ‘വിവരക്കേട്’ ഇവിടെ കേള്‍ക്കേണ്ടി വരും! എന്നാല്‍ പ്രാർത്ഥനകൾ അപ്രതീക്ഷിതമായ ദിശകളിലേക്ക് പോയി. അതിശയിപ്പിക്കുന്ന ഒരു 'അഭിഷേകം' ആ നിമിഷങ്ങള്‍ക്കുണ്ടായിരുന്നു. അവിടെ ‘എല്ലാവർക്കും എന്തുമാകാം’ എന്നായിരുന്നെങ്കിലും, എല്ലാം വളരെ മനോഹരമായിരുന്നു. തുടര്‍ന്ന്‍ ‘കർത്താവിൽ നിന്നുള്ള സന്ദേശങ്ങൾ’ പങ്കുവെക്കാ൦ എന്ന നിര്‍ദ്ദേശം വന്നു. പങ്കെടുത്തവരിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു, എന്നിട്ടും അവർ ഏറെ പ്രചോദനകരമായ ദർശനങ്ങളും വചനങ്ങളും ചിന്തകളും പങ്കിടാൻ തുടങ്ങി. അതിശയകരമെന്നു പറയട്ടെ, അതിന് മനോഹരമായ ഒരു പാറ്റേൺ ഉണ്ടായിരുന്നു. വലിയ നിയന്ത്രണമൊന്നും ഇല്ലാത്ത സ്വാഭാവികത ഏറെ മനോഹരവും സമ്പന്നവുമാകുമെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി.
അടുത്ത ആഴ്‌ച അവിടെ ഒരു പ്രതിവാര പ്രാർത്ഥനാ സമ്മേളനത്തിന് തുടക്കമായി. ആത്മാവില്‍ ചരിക്കുമ്പോഴുള്ള 'അപ്രതീക്ഷിത ആശ്ചര്യങ്ങളുടെ' ഒരു തുടര്‍ യാത്രയായി അത്. സാധാരണ, മീറ്റിങ്ങിന് നേതൃത്വം നല്‍കുന്നയാള്‍ ഒന്ന് തുടങ്ങി വയ്ക്കും. പിന്നെ പലരും പാട്ടുകൾ നിർദ്ദേശിക്കും, എല്ലാവരും അവരവരുടേതായ രീതിയിൽ പ്രാർത്ഥനകൾ നടത്താൻ തിരക്കാകും. ചിലർ ഒരു പുതിയ കാര്യം നിർദ്ദേശിക്കും. ഈ വ്യത്യസ്ത കാര്യങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്ന്‍ പ്രാര്‍ഥനാ സമ്മേളനം ഒരു സുന്ദര പുതുസൃഷ്ടിയായി തീരുകയും ചെയ്യും.
മീറ്റിംഗിനിടെ ഉള്ളിൽ തോന്നുന്നതുപോലെ പ്രാർത്ഥിക്കാനും സംസാരിക്കാനുമുള്ള ഈ സ്വാതന്ത്ര്യവും ഏവര്‍ക്കും ഒരു പുത്തന്‍ ആത്മവിശ്വാസ൦ നല്‍കി, കൂടുതൽ നല്ല കാര്യങ്ങൾക്കുള്ള അടിത്തറയുമായി അത്. താമസിയാതെ ആരോ ഒരു മ്യൂസിക് ഗ്രൂപ്പ് നിർദ്ദേശിച്ചു, പിന്നെ, ആളുകളെ സ്വാഗതം ചെയ്യാൻ കുറച്ച് പേർ ഒത്തുകൂടി, ശനിയാഴ്ചകളിൽ സജീവമായ ഒരു മധ്യസ്ഥപ്രാര്‍ത്ഥന, ചിലര്‍ പാവപ്പെട്ട ആളുകളിലേക്ക് കടന്നു ചെല്ലാന്‍ തീരുമാനിച്ചു. അങ്ങനെ നിരവധി സംരംഭങ്ങൾ. ആത്മാവിലുള്ള ഈ സ്വാതന്ത്ര്യം ഓരോരുത്തരിലും ഏറ്റവും സുന്ദരമായത് പുറത്തുകൊണ്ടുവരുന്നതും ഊർജ്ജസ്വലവും ഫലസമൃദ്ധവുമായ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതും ഒക്കെ ഏറെ ആവേശത്തോടെയാണ് കണ്ടത്.
തീർച്ചയായും ജീസസ് യൂത്തിന്റെ ഒരു സുപ്രധാന സംസ്കാരം ‘റെസിപ്പികള്‍’ വേണ്ടാത്ത ഈ പാചക സ്വാതന്ത്ര്യമല്ലേ?
ആഴങ്ങളിലേയ്ക്കുള്ള വിളി
ഒരു ദിവസം ജെറി അവരുടെ തിങ്കളാഴ്ച കൂട്ടായ്മയെക്കുറിച്ച് സംസാരിക്കാന്‍ വന്നു. “ഞങ്ങൾ പതിവായി കൂടുന്നു, എന്നാൽ ഇപ്പോൾ മിക്കവരും ആഴത്തിലുള്ള എന്തെങ്കിലും ആഗ്രഹിക്കുന്നു. സജീവ ജീസസ് യൂത്ത് നേതൃത്വത്തിലുള്ള ഞങ്ങള്‍ എല്ലാവരും ജോലിക്കാരുമാണ്. ഇപ്പോഴത്തെ പ്രശ്നം ഗ്രൂപ്പിലെ കാര്യങ്ങള്‍ പലര്‍ക്കും ഒരു മുരടിപ്പിന്റെ അനുഭവമാകുന്നു. സ്വയ൦പ്രേരിത പ്രാർത്ഥനകൾ ഇപ്പോൾ ആവര്‍ത്തന വിരസമാകുന്നു. ഞങ്ങളിലൊരാൾ പറഞ്ഞതുപോലെ, പലരും എന്താണ് പ്രാർത്ഥിക്കാനോ പങ്കിടാനോ പോകുന്നതെന്ന് മുമ്പേ തന്നെ അറിയാം. ഇങ്ങനെ വരുമ്പോഴല്ലേ ആളുകൾ ഗ്രൂപ്പ് വിടുന്നത്? ഇതിന് ഒരു മാറ്റം വേണം. പ്രാർത്ഥനയിലും ബൈബിൾ പഠനത്തിലും ഞങ്ങള്‍ക്ക് ആഴത്തിലുള്ള എന്തെങ്കിലും ലഭിക്കാനാകുമോ?
ഇതു കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഇങ്ങനെയല്ലേ പ്രാർത്ഥനാ ക്രമങ്ങളും ഔപചാരിക പഠനങ്ങളും ഒക്കെ വേണ്ടിവന്നത്? ആത്മസ്വാതന്ത്ര്യത്തിന്‍റെ ആദ്ധ്യാത്മിക രീതികള്‍ ആഴമില്ലാത്തതും വിരസവുമാകുമ്പോള്‍ ക്രമീകൃത രീതികള്‍ ആവശ്യമായി വരുന്നു. ഒരുപക്ഷേ ആത്മാവിനാല്‍ നയിക്കപ്പെടുന്നതെന്ന്‍ നാം വിളിക്കുന്ന വഴികള്‍ക്ക് ഒരു പരിധിയുണ്ട്. ആ ഒരു ഘട്ടത്തില്‍ എല്ലാ ഗ്രൂപ്പുകളും ചിട്ടകളിലേയ്ക്കും ഒരുങ്ങിതയ്യാറാക്കിയ രീതികളിലെയ്ക്കും കടക്കുന്നു.
ഗ്രൂപ്പില്‍ എല്ലാവരും സ്വതന്ത്രമായി പ്രാര്‍ഥിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സുപരിചിത രീതില്‍ നിന്ന്‍ വ്യത്യസ്തമായൊരു രീതി ആദ്യമായി കണ്ടപ്പോള്‍ അതെന്നെ ഏറെ അലോസരപ്പെടുത്തി. നേതൃത്വം കൊടുക്കുന്നയാള്‍ ഏറെ സംസാരിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു രീതി. അങ്ങനെ സാവധാനം മറ്റൊരു പ്രാര്‍ഥനാ ഗ്രൂപ്പ് ശൈലി വളര്‍ന്നു വരുന്നത് കാണാനായി. വരദാന സമൃദ്ധിയുള്ള ഒരു നേതൃത്വത്തെ പിന്ചെല്ലുന്ന ഈ വഴിയും കൂട്ടായ്മ വളരുന്നതിന്റെ മറ്റൊരു നല്ല രീതിയാണല്ലോ.
മാറ്റങ്ങൾ പ്രാർത്ഥനാ സമ്മേളനം നടത്തുന്ന രീതിയിൽ മാത്രമായിരുന്നില്ല, “റെഡിമെയ്ഡ് ഫോർമാറ്റുകള്‍” അനേകര്‍ക്ക് ആഴങ്ങള്‍ തേടുന്ന സുന്ദര വഴിയായി തീരുന്നതും കണ്ടു. യാമപ്രാര്‍ഥനയും, ജപമാലയും, പരമ്പരാഗത ഭക്താഭ്യാസങ്ങളും ആവേശത്തോടെ ആശ്ലേഷിക്കുന്ന എത്രയോ യുവാക്കള്‍. ചിട്ടയുടെ സാമ്പ്രദായിക വഴികളോടുള്ള ഈ ആവേശം ആഴവും അച്ചടക്കവും കൊണ്ടുവരുന്നതും, അവരെ പക്വതയാര്‍ന്ന നേതാക്കളാക്കി മാറ്റുന്നതും കണ്ടു.
ജെ-വൈ പിന്ചെല്ലേണ്ടത് പ്രചോദനങ്ങളേയോ അതോ ചിട്ടകളേയോ?
ഒരു അവലോകന യോഗത്തിലെ ചൂടേറിയ ചര്‍ച്ച ഓര്‍ക്കുന്നു. മുന്നേറ്റത്തിന്റെ സ്വാതന്ത്ര്യവും സന്തോഷവും സർഗ്ഗാത്മകതയും നഷ്ടപ്പെട്ടുവെന്ന് വിലപിച്ച് നിരവധി നേതാക്കൾ, എല്ലാം ഒരു ചടങ്ങായി. പഴയ പ്രസരിപ്പ് ഇല്ലാതായി. മറ്റു ചിലര്‍ എതിരഭിപ്രായമാണ് ഉന്നയിച്ചത്. അച്ചടക്കത്തിന്റെയും ചിട്ടയുടെയും അഭാവമാണ് പ്രശ്‌ന൦ എന്നായി രണ്ടാമത്തെ കൂട്ടര്‍. ചിട്ടയായ പഠനത്തിന്റെയും സ്ഥിരമായ വളർച്ചയുടെയും ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിക്കാനുള്ള വെല്ലുവിളിയോട് അംഗങ്ങൾ നന്നായി പ്രതികരിക്കാത്തതാണ് പ്രശ്നം.
എന്‍റെ ചിന്ത ഇങ്ങനെയായിരുന്നു:
ജീവിത പ്രയാണത്തിന്റെ വിവിധ ഘട്ടങ്ങളില്ലേ? അത് വ്യക്തികളുടെതായാലും കൂട്ടായ്മകളുടെ കാര്യത്തിലായാലും. സ്വച്ഛന്ദമായൊഴുകുന്ന ഒരു മധുവിധു ഘട്ടവും തുടർന്ന് ബോധപൂർവമായ ശ്രമം ആവശ്യമായി വരുന്ന വരൾച്ചയുടെ കാലവുമുണ്ട്. ഒരുപക്ഷേ ഈ ഘട്ടങ്ങൾ പലവുരി ആവർത്തിച്ചേക്കാം. അതിനാൽ, ഗ്രൂപ്പ് ഊർജ്ജസ്വലവും സന്തോഷകരവുമാകുമ്പോൾ, വരള്‍ച്ചയുടെ ഘട്ടം മുൻപേ കണ്ട് അതിനായി തയ്യാറാകണ്ടേ? എന്നാൽ വിരസതയുടെ ഊഴം വരുമ്പോള്‍ ആദ്ധാത്മാവിന്റെ സർഗ്ഗാത്മകത തേടുകയും കൂടുതൽ ‘സ്പോണ്ടെനിയസ്’ രീതികള്‍ അവലംബിക്കുകയും വേണ്ടിവരും.
പിന്നെ മറ്റൊന്നുണ്ട്. മിക്ക ഗ്രൂപ്പുകളിലും ചിലരുണ്ട്, ക്രിയാത്മകത ഏറെയുള്ള അപ്രതീക്ഷിതമായി കാര്യങ്ങള്‍ മനോഹരമാക്കുന്ന നല്ല ആത്മപ്രകാശനമുള്ള വ്യക്തികള്‍. വേറെ ചില ഹാർഡ്‌കോർ സിസ്റ്റം ബിൽഡർമാരും അവിടെ ഉണ്ടായേക്കാം. രണ്ടു തരക്കാരും തമ്മിൽ നല്ല ഏറ്റുമുട്ടലും പ്രതീക്ഷിക്കാം. എന്നാൽ ഈ കാരിസങ്ങൾ മികച്ച ഫലങ്ങള്‍ക്ക് വേണ്ടി കൈകോർക്കുമ്പോള്‍ അവിടെ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
അപ്പോള്‍ നമ്മുടെ ചോദ്യം: പാചകക്കുറിപ്പുള്‍ വേണമോ, മനസിലുദിക്കുന്ന വിഭവമൊരുക്കണമോ? ദൈവരാജ്യം കെട്ടിപ്പടുക്കുന്ന ബിസിനസ്സിൽ, ജീസസ് യൂത്ത് ഒരു പരിധിവരെ പാചകക്കുറിപ്പുകൾ ഉപയോഗിക്കണം, എന്നാൽ ആത്മാവിന്റെ കാറ്റിനോത്ത് മുന്നേറാന്‍ തീക്ഷ്ണതയുള്ളവരുമാകണം. ഒപ്പം അപ്രതീക്ഷിതമായവയ്ക്കും പുതിയ മുളകൾക്കും എപ്പോഴും ധാരാളം ഇടം നൽകുകയും വേണം.
Comments
Post a Comment