മുതിർന്നവരുടെ ചുമലിലേറാന്‍ പ്രാപ്തരാക്കണം (MJYR073)

 മുതിർന്നവരുടെ ചുമലിലേറാന്‍ പ്രാപ്തരാക്കണം 

(By Dr. Edward Edezhath - Published in Kairos Malayalam in 2022)

"ഇന്നത്തെ യുവ നേതൃത്വത്തിന്റെ പ്രധാന പ്രതിസന്ധി എന്താണ്?" അത്താഴത്തിന് ശേഷമുള്ള സ്വതന്ത്ര ചര്‍ച്ചയ്ക്കിടെ ഒരു യുവാവ് ചോദ്യവുമായി എഴുന്നേറ്റു. വിവിധ സർവകലാശാലകളിൽ നിന്നുള്ള ജീസസ് യൂത്ത് വിദ്യാർഥി നേതാക്കൾക്കുള്ള വാരാന്ത്യ പരിശീലനത്തിനിടെ ആയിരുന്നു അത്. "ഒരു ചൊല്ല് കടമെടുത്താല്‍, 'ഭീമന്മാരുടെ തോളിൽ നിൽക്കാൻ' ഇവരിൽ മിക്കവര്‍ക്കും കഴിയാതെ പോകുന്നു. അതിനാൽതന്നെ, പലര്‍ക്കും ഒന്നുകിൽ തീരെ വളര്‍ച്ചയില്ലാതാകുന്നു, അതല്ലെങ്കില്‍ വലുതായി തുടങ്ങി പിന്നീട് വീണ്‌പോകുകയും ചെയ്യുന്നു."

പക്വതയില്ലാത്ത അമിത ആത്മവിശ്വാസം

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അത്തരം ഒരു കഥ പീറ്ററിന്റേതാണ്‌. ഒരു യുവജന സെമിനാറില്‍ ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിപാടി അയാള്‍ക്ക് നല്ലൊരു അനുഭവമായിരുന്നു. ഉത്സാഹപൂര്‍വ്വം തുടര്‍കൂട്ടായ്മയിലും അയ്യാളെത്തി. പക്ഷ രണ്ടാഴ്ച്ചകള്‍ക്ക് ശേഷം പിന്നെ പീറ്ററിനെ കണ്ടില്ല, “സുവിശേഷ ദൌത്യ൦” എന്ന തിരക്കിന്റെ പേരില്‍ അയാള്‍ ബന്ധങ്ങളും കൂട്ടായ്മയും ഒക്കെ മറന്നു. എന്നാല്‍ പീറ്ററിന്റെ കൂട്ടുകാര്‍ തുടര്‍ച്ചയായി ഒത്തുചേരുന്നുമുണ്ടായിരുന്നു.  പിന്നെ അയ്യാളെ കാണുന്നത് ഏതാനും വർഷങ്ങൾക്കു ശേഷമാണ്‌, അപ്പോള്‍ ആത്മീയമായി ഏറെ മോശം അവസ്ഥയിലും. ഒന്ന്‍ ഞാൻ മനസ്സിലാക്കി, തന്‍റെ കഴിവിനും അപ്പുറം വെല്ലുവിളികള്‍ സ്വയം ഏറ്റെടുത്ത്, മറ്റുള്ളവരുമായി കൈകോര്‍ക്കാന്‍ കൂട്ടാക്കാതെ അയാള്‍ സ്വയം നഷ്ട്ടപ്പെടുത്തി. തീര്‍ച്ചയായും, ബന്ധങ്ങള്‍ വിച്ഛേദിച്ചതാണ് അയാളുടെ വളര്‍ച്ചയ്ക്ക് വിഘാതമായത്. 

ഒരു നവക്രൈസ്തവന്‍ അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്നം, ക്രിസ്തുവിനെ പുതുതായി അനുഭവിക്കാന്‍ അവസരം ലഭിച്ച ശേഷം, ഏറെ പെട്ടെന്ന്‍ തിരക്കിലായി, കുറെ പ്രവർത്തനങ്ങളില്‍ മുഴുകി, വളര്‍ച്ചയുടെ പാതയില്‍ ചരിക്കാന്‍ അയാള്‍ വിട്ടുപോകുന്നു എന്നതാകാം. മറിച്ച്, നല്ല ക്രിസ്തീയ ജീവിതം ഒരു ശിഷ്യത്വ യാത്രയാണല്ലോ,  യേശുവിനെ അനുഗമിക്കുകയും, അതോടോപ്പം യേശുവില്‍ നിന്ന് പഠിക്കാൻ അവിടത്തെ കാൽക്കൽ ഇരിക്കുന്ന വിശ്വസ്തരായ ശിഷ്യരോട് ഒത്തുനടക്കുകയും ചെയ്യുന്ന ഒരു നിരന്തര യാത്ര.

സ്വന്തമായി ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും ആരംഭിക്കാൻ തത്രപ്പെടുന്ന ചിലരുടെ “ആത്മീയ കുടിൽ വ്യവസായ” പ്രവണതയെക്കുറിച്ച് ഒരു വൈദികന്‍ നര്‍മ്മഭാവത്തില്‍ സംസാരിക്കുന്നത് കേട്ടു. സ്വന്തമായി സ്വതന്ത്രമായ സംരംഭങ്ങൾ അപക്വമായി കെട്ടിപ്പടുക്കുന്നതിനോ ഗ്രൂപ്പുകളിൽ നിന്ന് സ്വയം വേർപെടുത്താനോ ഒക്കെ ഉത്സുകരായ നേതാക്കളെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. മാതൃ കൂട്ടായ്മകളും പ്രസ്ഥാനങ്ങളുമായി നീണ്ട സജീവ ബന്ധമില്ലെങ്കിൽ, ഈ നവജാതശിശുക്കൾക്ക് അവരുടെ പ്രചോദന സ്രോതസ്സുകളുടെ പക്വതയുടെ യാത്രയിൽ ഒരു പങ്കും ഉണ്ടാകാതെ പോകും എന്നതാണ് ഒരു വലിയ ദുരന്തം. മുന്‍പ് സൂചിപ്പിച്ച പീറ്ററിനെ പോലെ സമയമെടുത്ത് പക്വതയിൽ പങ്കുചേരാന്‍ പരാജയപ്പെടുന്നവര്‍, ഒന്നുകിൽ വളര്‍ച്ചയില്ലാതെ തുടരുകയോ അല്ലെങ്കിൽ വളരെ വേഗം കൊഴിഞ്ഞുപോകുകയോ ഒക്കെ ചെയ്യും.

ഉയരമുള്ള ദൂരെകാഴ്ചയുള്ളവര്‍ 

പ്രശസ്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടൺന്‍റെ പ്രസിദ്ധമായ വാക്കുകള്‍, "മറ്റുള്ളവരെക്കാൾ കൂടുതലായി എനിക്ക് കാണാനായിട്ടുണ്ടെങ്കില്‍ അത് ഭീമന്മാരുടെ ചുമലിൽ നിൽക്കാന്‍ സാധിച്ചതിനാലാണ്." ഓരോ മഹത് വ്യക്തിയും മറ്റ് അനുഭവസ്ഥരുടെ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കി കൂടെയാണ് ഔന്നത്യം നേടുന്നത്. "ഒരു കുള്ളൻ ഭീമന്റെ തോളിൽ കയറുമ്പോൾ ഭീമനെക്കാൾ ദൂരെ കാണുന്നു" എന്ന് ഒരു ഇംഗ്ലീഷ് കവി കുറച്ചു കൂടെ രസകരമായി അത് പറഞ്ഞുവച്ചു. അങ്ങനെ അനുഭവപരിചയമുള്ള മുതിര്‍ന്നവരോടൊപ്പം നടക്കുമ്പോൾ, ചിലപ്പോഴെങ്കിലും നമ്മള്‍ അവരെയും മറികടക്കുന്നു. 

മുതിർന്നവരുടെ തോളിൽ ഇരുന്ന് "എനിക്ക് കൂടുതല്‍ പൊക്കമുന്ടല്ലോ " എന്ന് വീമ്പിളക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ?  തിരക്കിനിടെ, മറ്റുള്ളവരുടെ തോളിൽ ഇരുന്ന്‍ കുട്ടികൾ ദൂരെ കാഴ്ചകള്‍ കാണാറുണ്ടല്ലോ. വ്യക്തിപരമായും കൂട്ടായ്മയിലും വളർച്ചയുടെ യാത്രയും ഏതാണ്ട് ഇതുപോലെയാണ്. ഏറെ ദൂരേ വ്യക്തമായി കാണാൻ നമ്മളും ശക്തനായ ഒരാളുടെ ചുമലിൽ കയറണം. ഒരാളുടെ വിശ്വാസ പക്വതയുടെയും ആദ്ധ്യാത്മിക സുസ്ഥിരതയുറെയും രഹസ്യമെന്താണ്? വ്യക്തവും ഉന്നതവുമായ ഒരു ദർശനം അയാൾക്ക് ലഭിക്കുന്നതല്ലേ? നിങ്ങളുടെ വിശ്വാസജീവിതം നന്നായി കെട്ടിപ്പടുക്കാൻ ഉറച്ച വ്യക്തികളെയും പാരമ്പര്യങ്ങളെയും കണ്ടെത്തി അതില്‍ പണിതുയര്ത്തുക സുപ്രധാനമാണ്‌. ഇങ്ങനെ സമതുലിതവും പക്വവുമായ  വ്യക്തിജീവിതവും കൂട്ടായ്മയിലെ പങ്കാളിത്തവും കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്കാകും. 

ഉയര്‍ന്നു നിൽക്കാൻ പോരുന്ന തോളുകൾ കണ്ടെത്തേണ്ടേ

നമുക്ക് കയറാനും നിൽക്കാനും കഴിയുന്ന ഈ ഭീമന്മാർ ആരാണ്?

ജീസസ് യൂത്തിന്റെ സുപ്രധാന ആദ്യകാല അനുഭവങ്ങളിൽ ഒന്ന് വർഷ൦തോറും ഞങ്ങൾ പങ്കെത്തിയിരുന്ന രണ്ടോ മൂന്നോ ആഴ്ച നീളുന്ന ബാംഗ്ലൂരിലെ ദേശീയ വേനല്‍ക്കാല ക്യാമ്പുകളായിരുന്നു. ആ ക്യാമ്പുകളിൽ ഉടനീളം പ്രഗത്ഭരായ ദേശീയ നേതാക്കൾ ഉണ്ടാകുമായിരുന്നു. ഞങ്ങളുടെ ആനിമേറ്റർമാരിൽ ഒരാളായ ആലീസ്കുട്ടി, എല്ലാ യുവ നേതാക്കളെയും നിർബന്ധിക്കുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു, അവരുമായി അടുത്തിടപഴകാനുള്ള ഈ അസുലഭാവസരം ഒരിക്കലും പാഴാക്കരുത്. എന്‍റെ ചിന്തയില്‍ ഇക്കാലത്തെ ഒരു വലിയ ദുരന്ത൦ ഇതാണ്, ഭൂരിഭാഗം ആളുകളും ഭീമന്മാരെ ഒരിക്കലും കണ്ടുമുട്ടുന്നില്ല.  അതായത് ഉയർന്ന മാനസികവും ആത്മീയവുമായ സിദ്ധികളുള്ളവരുമായി  അടുത്തിടപാഴാകാന്‍ അവര്‍ക്ക് അവസരമേ ലഭിക്കുന്നില്ല. വളര്‍ന്നവരെ കണ്ടുമുട്ടിയാലേ നമ്മളും വളരൂ!

ബൗദ്ധികവും ആത്മീയവുമായ നിലവാരമുള്ള ആളുകളുമായി അടുത്തിടപഴകാൻ യുവാക്കളെ സഹായിക്കുന്ന സംവിധാനങ്ങളാണ് ജീസസ് യൂത്ത് മുന്നേറ്റ ശൈലിയുടെ ഒരു നല്ല വശം. മിക്ക ജീസസ് യൂത്ത് ഗ്രൂപ്പുകളും ശുശ്രൂഷകളും വൈദികര്‍, സമര്‍പ്പിതര്‍, പക്വതയുള്ള മറ്റു മുതിര്‍ന്നവര്‍ എന്നിവരുമായി ഒരു തുടര്‍ബന്ധം സാദ്ധ്യമാന്നതിന് വേണ്ട സൗകര്യവും പ്രോത്സാഹനവും നല്‍കാറുണ്ട്. മുതിർന്ന വ്യക്തികളുമായി ഒരു ‘എല്‍ഡറിങ്ങ്’ ബന്ധം വളര്‍ത്താനും യുവജനങ്ങളെ സഹായിക്കാറുണ്ട്.

നല്ല സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ, പൗലോസ് അപ്പസ്തോലന്‍ "അപ്പോസ്തലന്മാരു൦ പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ, ക്രിസ്തു തന്നെ മൂലക്കല്ലായി" പണിതുയര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി പരാമർശിക്കുന്നു (എഫെ 2:20). നല്ല നേതാക്കൾ ഉണ്ടായിരിക്കുകയും അവരോട് സുദൃഡവും വിശ്വസ്തതാപൂര്‍ണവുമായ ഒരു ബന്ധം വളർത്തിയെടുക്കുകയും ചെയ്യുകയാണ് ശക്തമായ ഒരു ക്രിസ്തീയ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന്‍റെ അടിസ്ഥാനം.

യുവാക്കളെ തോളിൽ നിൽക്കാൻ സഹായിക്കുന്നു

‘ക്രിസ്തു ജീവിക്കുന്നു’ എന്ന പ്രബോധനത്തില്‍ ഫ്രാൻസിസ് പാപ്പ യുവാക്കളോട് പക്വതയുള്ള ഒരു പൈതൃക ബന്ധം വളര്‍ത്തിയെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. “പ്രായമായവരോട് അടുത്ത് നിൽക്കാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു, അങ്ങനെ അവരുടെ അനുഭവത്തിൽ നിന്ന് നമുക്ക് പ്രയോജനം നേടാനാകും . . . അവരുടെ   വർഷങ്ങള്‍ നീണ്ട ജീവിതവും അനുഭവ പരിചയവും അവരെ ആദരവോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കണം”. (188)  എന്നാല്‍, “മുതിർന്നവർ പറയുന്ന എല്ലാ കാര്യങ്ങളും സ്വീകരിക്കണമെന്നോ അവരുടെ എല്ലാ പ്രവൃത്തികളും അംഗീകരിക്കണമെന്നോ ഇതിനർത്ഥമില്ല. . . തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ജ്ഞാനം സ്വീകരിക്കാൻ തുറവി ഉണ്ടാകുക എന്നതാണ് പ്രധാനം, മനുഷ്യന്റെ ബലഹീനതയെക്കുറിച്ച് അവബോധമുള്ളതും ഉപഭോക്തൃ സമൂഹത്തിന്റെയും വിപണിയുടെയും പുതുമകൾക്ക് മുന്നിൽ അപ്രത്യക്ഷമാകാന്‍ ഇടവരാത്തതുമായ ഒരു ജ്ഞാനം.” (190)

മുതിർന്നവരുടെ ചുമലിൽ നിൽക്കാൻ യുവാക്കളെ എങ്ങനെ സഹായിക്കാനാകും? സ്വയാശ്രയത്തിനും സ്വാതന്ത്ര്യബോധത്തിനും മുൻഗണന നൽകുന്ന ഒരു സംസ്കാരത്തിൽ,  “സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ” അടിത്തറയിൽ (1 കോറി 3:11 കെട്ടിപ്പടുക്കുന്നതിനുപകരം, 'എന്റെ ഗ്രൂപ്പ്' രൂപീകരിക്കാൻ സ്വതവേ ഒരു പ്രലോഭനമുണ്ട്. അതിനാൽ, ഒരു പ്രതിസംസ്കാര ബോധവും തത്ഫലമായുള്ള നവ സമീപനങ്ങളും രൂപപ്പെട്ടു വരേണ്ടതുണ്ട്. യുവാക്കൾക്ക് ബന്ധപ്പെട്ട് വളരാന്‍ പോന്ന പക്വതയു൦ ലഭ്യതയുമുള്ള ധാരാളം മുതിര്‍ന്നര്‍ ഉണ്ടാകേണ്ടതുണ്ട്; അവരുമായുള്ള ബന്ധത്തിന്റെ തുടർച്ച ഉറപ്പാക്കാൻ നിരന്തരമായ പ്രോത്സാഹനവും വേണം. ഒപ്പം, നേതൃത്വ മേഖലയില്‍ വിനയത്തിനും ലാളിത്യത്തിനും ഏറെ ഊന്നലുണ്ടാകണം; പിന്നെ, നേതാക്കൾക്കിടയിലും വിശാല സമൂഹത്തിലും ഐക്യം വളര്‍ത്തുന്ന ശൈലിയും നല്ല ആശയവിനിമയത്തിന്റെ സംസ്കാരവും വളരണം. ഇങ്ങനെയെല്ലാം മുതിർന്നവരുടെ ചുമലിൽ നിൽക്കാൻ നമ്മുടെ യുവാക്കളെ നമുക്ക് ഏറെ സഹായിക്കാനാവും. അങ്ങനെ നാളെ അവരും മറ്റുള്ളവർക്ക് ഉയര്‍ന്നുനിൽക്കാൻ അവരുടെ തോളുകൾ ഒരുക്കുകയും ചെയ്യും. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)