മറ്റ് യുവാക്കളെ പ്രതി അസ്വസ്ഥരാകുന്ന യുവജനങ്ങളെയാണ് ഇന്നാവശ്യം (MJYR072)
മറ്റ് യുവാക്കളെ പ്രതി അസ്വസ്ഥരാകുന്ന യുവജനങ്ങളെയാണ് ഇന്നാവശ്യം
(By Dr. Edward Edezhath - Published in Kairos Malayalam in 2021)
1986 ജൂണിലെ അവസാന വാരാന്ത്യം മറക്കാനാവാത്തതായിരുന്നു. കേരളത്തിലെ നൂറോളം കോളേജ് വിദ്യാർത്ഥികള്‍ ഒരു മാറ്റത്തിനായി കൈകോർക്കാൻ തേവരയിലെ സേക്രഡ് ഹാർട്ട് കോളേജില്‍ അന്ന് ഒത്തുകൂടി. അത് ജീസസ് യൂത്ത് ചരിത്രത്തിലെ ഒരു പുത്തന്‍ അദ്ധ്യായമായി. കോളേജ് കാമ്പസുകളിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അങ്ങനെ ഒരു സംവിധാനവുമായി.
“അഡ്‌മിഷൻ ഫോം വാങ്ങാന്‍ ആദ്യമായി കോളേജിൽ പോയ ദിനം ആ പടികൾ കയറുമ്പോൾ, ഞാൻ പ്രാർത്ഥിക്കുകയായിരുന്നു, എനിക്ക് ഇവിടെ പ്രവേശനം ലഭിച്ചാൽ, അനേകരെ അങ്ങയുടെ പക്കലെയ്ക്ക് കൊണ്ടുവരാന്‍ എന്നെ അനുഗ്രഹിക്കണമേ". തിരുവനന്തപുരത്തുനിന്നുള്ള സന്തോഷ് തന്‍റെ ആവേശം പങ്കുവച്ചു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ സോണി ഒരു ഗ്രൂപ്പ് തുടങ്ങാൻ താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് സംസാരിച്ചത്. തൃശ്ശൂരിൽ നിന്നുള്ള ട്രീസ കോളേജിൽ കൂട്ടായ്മകൾ സാധ്യമാക്കിയ സിസ്റ്റേഴ്സിനെക്കുറിച്ചു പറഞ്ഞു. അങ്ങനെ പലരും കോളേജുകളില്‍ മറ്റ് യുവാക്കളെ സഹായിക്കാനുള്ള അവരുടെ തീക്ഷ്ണമായ ആഗ്രഹത്തെക്കുറിച്ച് വാചാലരായി. തുടര്‍ന്ന്‍ അവരുടെ ചിന്തകള്‍ ഭാവി പദ്ധതികളെ കുറിച്ചായി. ഏതായാലും ആ ഞായറാഴ്ച അവർ പിരിയുന്നതിനുമുമ്പ് ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രിക്ക് തുടക്കവുമായി.
മാറ്റമുണ്ടാക്കുന്നവർ രൂപപ്പെടുന്നത് എങ്ങനെ?
കേട്ടടങ്ങാത്ത സ്വപ്നങ്ങളുടെ സമയമാണ് യുവത്വം. 'പക്വത' പ്രാപിച്ച് തങ്ങൾക്കായി ഒരു സുഖജീവിതം കെട്ടിപ്പടുക്കുതിനുമുമ്പ്, അവർ ചുറ്റും നോക്കുകയും അസാധ്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ആത്മാവ് അവരെ സ്പർശിക്കുമ്പോൾ, 'ഭൂമിയുടെ അറ്റങ്ങളോളം' വ്യാപിക്കാൻ വെമ്പല്‍ കൊള്ളുന്ന ഒരു തീയായി അത് മാറുന്നു (അപ്പ. പ്രവ. 1:8). പക്ഷെ, ഈ തീനാളം കാറ്റിൽ തനിച്ചായാൽ അത് പെട്ടെന്ന് അണഞ്ഞുപോകും. എന്നാൽ നിരവധി ചെറുതിരികള്‍ ഒത്തുചേരുമ്പോൾ, അത് ഒരു വലിയ അഗ്നിജ്വാലയാകുന്നു. അങ്ങനെയല്ലേ യുവ മിഷനറിമാര്‍ രൂപംകൊള്ളുന്നത്?
അടുത്തിടെ, യൂറോപ്പിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റുകളിലെ ഒരു കൂട്ടം വിദ്യാർത്ഥികളോട് ജീസസ് യൂത്തിലെ ചില സാമൂഹ്യസേവന സംരംഭങ്ങളെകുറിച്ച് ഞാന്‍ സംസാരിക്കുകയായിരുന്നു. അതിനിടെ അവരിൽ പലരുടെയും പ്രതികരണം ഇതായിരുന്നു, 'ചുറ്റുംവളരുന്ന നിസ്സംഗതയ്ക്കു നടുവില്‍ ഞങ്ങൾക്ക് ഇത് ഏറെ പ്രതീക്ഷ നൽകുന്നു'. മിക്ക യുവാക്കളും ഏറെ കഴിവുള്ളരും ഒരുപാട് നന്മചെയ്യാൻ ആഗ്രഹിക്കുന്നവരും ഒക്കെയാണ്. പക്ഷെ സാവധാനത്തില്‍ പലരും ഒരുതരം നിഷേധാത്മകതയില്‍ എത്തുന്നു. എന്നാൽ ഇവിടെ സാധാരണ യുവാക്കൾ ഒത്തുചേരുകയും വലിയ മാറ്റമുണ്ടാക്കുകയും ചെയ്തു! ഇതാണ് വലിയ പ്രതീക്ഷയുടെ അടയാളമായി അവര്‍ കണ്ടത്.അതിനിടെ ഉയരുന്ന ഒരു സുപ്രധാന ചോദ്യമിതാണ്, ‘ഈ നല്ല സംരംഭങ്ങളുടെ കാതൽ എന്താണ്? എങ്ങനെയാണ് യുവാക്കള്‍ ഇപ്രകാരം പ്രകാശം പരത്തുന്നവരാകുന്നത്?’ മനുഷ്യ ഹൃദയങ്ങളെ ഉണർത്തുന്നത് പ്രധാനമായും കർത്താവിന്റെ പ്രവൃത്തിയാണ്. എന്നാൽ അടുത്തുള്ളവര്‍ക്ക് ആ ജ്വാല കെടാതെ നോക്കാനും ഉജ്ജ്വലിപ്പിക്കാനും കഴിയും. മുന്‍പ് സൂചിപ്പിച്ച ക്യാമ്പസ് ഒത്തുചേരലിനു വളരെ മുമ്പുതന്നെ, പശ്ചാത്തലം ഒരുക്കുന്നതിനായി ഞങ്ങളിൽ ചിലർ കുറച്ച് തവണ ഒത്തുചേര്‍ന്നു. ഒരു പ്ലാൻ തയ്യാറാക്കി മുന്നേറി. കുറച്ച് യുവാക്കളെ കണ്ടെത്തി അവരെ നല്ല കാഴ്ച്ചപ്പാടുള്ളവരാക്കി. അവര്‍ മറ്റ് യുവാക്കളെ വളര്‍ത്താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
സ്വയമേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർ
ഇന്നത്തെ യുവജന സംസ്കാരത്തില്‍ അപചയത്തിന്റെ സൂചനകള്‍ ധാരാളം. വാര്‍ത്തകളില്‍ നിറയുന്ന അക്രമവും, മയക്കുമരുന്ന് ദുരുപയോഗവും, ഫാഷന്‍ ഭ്രമവും, ആത്മീയതയോടുള്ള നിസ്സംഗതയും ഒക്കെ പല മുതിർന്നവരെയും ഏറെ അസ്വസ്ഥരാക്കുന്നു. ‘ഇന്നത്തെ യുവാക്കൾക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിക്കണം’ എന്നതാണ് ഞാൻ പലപ്പോഴും കേൾക്കുന്ന ഒരു ക്ലീഷേ പ്രതികരണം. “യുവാക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ കർത്താവിനെ പ്രേരിപ്പിക്കണം, നമുക്ക് മറ്റ് കാര്യങ്ങൾ ചെയ്യാനുണ്ട്”, എന്നാണതിന്റെ അർത്ഥമെങ്കിൽ അത് ഒട്ടും ആഴമില്ലാത്ത ആത്മീയതയാണ്. നമുക്കിന്നു വേണ്ടത് കർത്താവിന്റെ വിളി കേട്ട് തയ്യാറായി മറ്റ് യുവജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു കൂട്ടം യുവാക്കളെയും മുതിര്‍ന്നവരെയുമാണ്.
ഫ്രാൻസിസ് മാർപാപ്പ ഏറെ സുന്ദരമായി അത് അത് പറഞ്ഞുവയ്ക്കുന്നു: “ദൈവത്തോടുള്ള സ്നേഹവും സജീവമായ ക്രിസ്തുവിനോടുള്ള ബന്ധവും, സ്വപ്നം കാണുന്നതിൽ നിന്ന് നമ്മെ തടയുന്നില്ല. നമ്മുടെ ചക്രവാളങ്ങൾ ഇടുങ്ങിയതാകാൻ അവ ആവശ്യപ്പെടുന്നില്ല. നേരെമറിച്ച് ആ സ്നേഹം നമ്മെ ഉയർത്തുന്നു. കൂടുതൽ നല്ലതും സുന്ദരവുമായ ജീവിതത്തിനായി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യുവജനത്തിന്റെ ഹൃദയത്തിലുള്ള ആഗ്രഹങ്ങളിൽ ഏറിയ പങ്കിനെയും 'അസ്വസ്ഥത' എന്ന വാക്കിൽ സംഗ്രഹിക്കാം. . . നിരന്തരമായ അതൃപ്തിയും പുത്തൻ ചക്രവാളങ്ങൾ വിരിയുന്നതിനു മുമ്പുള്ള ആനന്ദാവേശവും ചേരുമ്പോൾ ധീരത ഉരുത്തിരിയുന്നു. സന്നദ്ധതയോടെ ഒരു ദൗത്യത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ധീരത. പ്രത്യേകിച്ച് യൗവ്വനത്തിൽ ഉണരുന്ന ആരോഗ്യകരമായ ഈ അസ്വസ്ഥത യുവത്വവും സംലഭ്യതയും തുറവും കാത്തുസൂക്ഷിക്കുന്ന ഓരോ ഹൃദയത്തിന്റെയും സവിശേഷതയായി നിലകൊള്ളുന്നു. യഥാർത്ഥമായ ആന്തരിക സമാധാനം വസിക്കുന്നത്.അഗാധമായ ആ അസ്വസ്ഥതയോടൊപ്പമാണ്.” (ക്രിസ്തു ജീവിക്കുന്നു, 138)
ജീസസ് യൂത്ത് മുന്നേറ്റത്തിലെ ഏറെ സുന്ദരമായ ഒരുകാര്യം മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്ന, ഒരു പോസിറ്റീവ് അസ്വസ്ഥതയുള്ള നിരവധി ആളുകളെ ഇവിടെ കണ്ടുമുട്ടാനാകുന്നു എന്നതാണ്. ഉദാഹരണത്തിന് തോമസും കുറച്ച് സുഹൃത്തുക്കളും വെള്ളിയാഴ്ചതോറും ഉപവസിക്കാനും പ്രാർത്ഥിക്കാനും ഒത്തുവരുന്നു. അവരുടെ ലക്ഷ്യം ഇടവകയിലെ യുവജനങ്ങളുടെ ജീവിത ഗതി മാറുക എന്നതുതന്നെ. സിമിയും കൂട്ടുകാരും എന്‍റെ അടുത്തുവന്നത് അവരുടെ പരിചയത്തിലുള്ള കൗമാരക്കാരെ കുറിച്ചുള്ള കുറെ ആകുലതകളുമായിട്ടായിരുന്നു. കുട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ കുറെ ആശയങ്ങളും അവരുടെ കയ്യിലുണ്ടായിരുന്നു. ജോസഫും മറ്റും യുവാക്കളുടെ ജീവിതത്തെ മാറ്റാനായി ഉപയോഗിച്ചത് സംഗീതമാണ്. ഇതിനായി അവര്‍ നിരവധി വഴികള്‍ പരീക്ഷിച്ചു. ഇത്തരം യുവ മിഷനറിമാരുടെ ഒരു നീണ്ട ഘോഷയാത്ര കാണുമ്പോള്‍, വിശുദ്ധ പൗലോസിന്റെ വാക്കുകൾക്ക് പിന്നിലെ തീക്ഷ്ണത എളുപ്പത്തില്‍ മനസ്സിലാകുന്നു, "എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു" (ഗലാ 4:19).
നന്മയ്കായുള്ള 'അസ്വസ്ഥത' വളര്‍ത്തണം
സാബു ഒരു പുത്തന്‍ അനുഭവത്തോടെ ഗ്രൂപ്പിലേക്ക് വന്നപ്പോൾ, അവിടെ ഒരു പുതു ലോകം ദര്‍ശിച്ചു. ഒരു വിധത്തില്‍, അത് അവന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. വ്യത്യസ്ത രീതികളില്‍ മറ്റ് യുവാക്കളെ സ്വാധീനിക്കാന്‍ പരിശ്രമിക്കുന്ന തീക്ഷ്ണമതികളായ ധാരാളം ചെറുപ്പക്കാര്‍ അവിടെ ഉണ്ടായിരുന്നു. എന്നാൽ യുവാക്കളുടെ ഈ ആവേശ൦ ഒരു പ്രാരംഭ ഘട്ടം മാത്രമാണ് എന്ന് ഞാന്‍ ഓര്‍ത്തു. കുറച്ച് നാളുകള്‍ കടന്നുപോയി, സാഹചര്യങ്ങൾ മാറി. ക്രമേണ ഗ്രൂപ്പിലെ ചില അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ആ ചെറുപ്പക്കാരന് പ്രയാസമായി. "എന്തേ ഇവരൊക്കെ ഇങ്ങനെ?". ഇതുകൂടാതെ, തുടക്കത്തിൽ ഫലപ്രദമായി കണ്ടെത്തിയ ചില സമീപനങ്ങൾ പിന്നീട് നന്നായി പ്രവർത്തിച്ചില്ല. ഇത് ദഔത്യവഴിയിലെ രണ്ടാം ഘട്ടമാണെന്ന് എനിക്കറിയാമായിരുന്നു.
ഒരു നല്ല കാര്യം, മാറ്റത്തിന്റെയും വ്യക്തിപരമായ പ്രതിസന്ധിയുടെയും ഈ ഘട്ടത്തിൽ സാബു എല്ലാം ഉപേക്ഷിച്ച് പോയില്ല. അതിനു പകരം, ഈ അസ്വസ്ഥതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അയാള്‍ സമയം കണ്ടെത്തി. അതിന്‍റെ ഫലമോ, പൊതുവായ ഒരു കാഴ്ചപ്പാടും എല്ലാം കുഴപ്പതിലായിട്ടില്ല എന്ന ഒരു ബോദ്ധ്യവും ആ ചെറുപ്പക്കാരനുണ്ടായി. മാറ്റങ്ങള്‍ അനിവാര്യമാണെന്നും അവിടെ അത്യാവശ്യം കര്‍ത്താവിന്റെ പക്കലെയ്ക്ക് തിരിയുകയും പ്രശ്നക്കാരായ ആളുകളെയും മാറിയ സാഹചര്യങ്ങളെയും അംഗീകരിക്കുകയും ആണെന്ന് അയാള്‍ക്ക് ബോധ്യമായി. ഞങ്ങളുടെ ഹ്രസ്വ സംഭാഷണത്തോടെ അയാള്‍ക്ക് ഏറെക്കുറെ സമാധാനമായി. അതൊരു നല്ല മൂന്നാം ഘട്ടമായി.
കലുഷിതവും അസ്വസ്ഥതകള്‍ വർദ്ധിച്ചുവരുന്നതുമായ ഇന്നത്തെ ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും നല്ല ഒരു കാര്യം മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു നല്ലമാറ്റം കൊണ്ടുവരാൻ തീഷ്ണതയോടെ ആഗ്രഹിക്കുന്ന കുറെ ചെറുപ്പക്കാരുടെ സാന്നിദ്ധ്യമാണ്. എന്നാൽ നാം മറക്കാൻ പാടില്ലാത്ത ഒരു വസ്തുത, ഈ യുവമിഷനറിമാർ അവരുടെ ദൗത്യം കൂടുതൽ പക്വമായും സുന്ദരമായും തുടരാന്‍ നമ്മുടെ പിന്‍തുണ അവര്‍ക്ക് അത്യാവശ്യമാണ് എന്നതാണ്. അവര്‍ക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ദൈവത്മവ് നമ്മെ അനുഗ്രഹിക്കട്ടെ.
Comments
Post a Comment