കൂട്ടായ്മ വളര്‍ത്താന്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണം (MJYR071)

കൂട്ടായ്മ വളര്‍ത്താന്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണം 

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

"എന്റെ മറക്കാനാകാത്ത ഓർമ്മകളിൽ ഒന്ന് ഞങ്ങളുടെ “ദോശ കൂട്ടായ്മകളാണ്”. ഈയിടെ പ്രാർത്ഥനാ ഗ്രൂപ്പിന്റെ 45-ാം വാർഷികത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു ഓൺലൈൻ ഒത്തുചേരൽ നടത്തി. അതിനിടെ പങ്കുവച്ച ഗ്രൂപ്പിലെ അവിസ്മരണീയ അനുഭവങ്ങളില്‍ ചിലത് ഒത്തുകൂടി ഭക്ഷണം കഴിക്കുനതിനെ കുറിച്ചായിരുന്നു. 

സന്തോഷനിറവുള്ള ഞങ്ങളുടെ കൂട്ടായ്മയുടെ അടുപ്പത്തിന്റെയും തുടർച്ചയുടെയും രഹസ്യങ്ങളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട ചില പതിവുകളായിരുന്നു. അവയില്‍ ഏറെ പ്രത്യേകത ഉള്ള ഒന്നായിരുന്നു ഈ ദോശ കൂട്ടായ്മ. ബുധനാഴ്‌ച വൈകുന്നേരങ്ങളിൽ പ്രാർഥനയ്‌ക്കും സൗഹൃദ സമയത്തിനും ശേഷം പലരും ഒരുമിച്ച്‌ അടുത്തുള്ള ഒരു റസ്‌റ്റോറന്റിലേക്ക് പോകും. ദോശ കഴിക്കുന്ന സമയം പരസ്പരം അടുത്തറിയാനുള്ള അവസരം കൂടെ ആയിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം പോലും മിക്ക ആളുകളും ആ സന്തോഷവേളകളെ വിലമതിച്ചു. പിന്നെ, ചില സമയങ്ങളിൽ നിഷിയും അഗസ്റ്റിനും ഗ്രൂപ്പിലേക്ക് കുറച്ച് സ്നാക്ക്സ് കൊണ്ടുവരും. കോളേജോ ഓഫീസോ കഴിഞ്ഞ്‌ നേരിട്ട് വരുന്നവർക്ക് പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് ഒരു ചെറുകടിയോ എന്തെങ്കിലും കുടിക്കാനോ നല്‍കാന്‍ വേണ്ടി. ജന്മദിനങ്ങൾ പോലുള്ള പ്രത്യേക ആഘോഷങ്ങൾ മറ്റൊരു പതിവ് കാര്യമായിരുന്നു. ക്രിസ്മസും പിക്നിക്കും അവയ്‌ക്കെല്ലാം പുറമേ.

കൂട്ടായ്മ വളര്‍ത്തുന്ന ജീസസ് യൂത്ത് ശൈലി 

പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പലരും കൊച്ചിയിലെ സ്നേഹനിലയത്തിൽ ഫസ്റ്റ്-ലൈൻ ഗ്രൂപ്പിന്റെ പ്രതിമാസ വാരാന്ത്യ സമ്മേളനങ്ങൾ ഓർക്കാറുണ്ട്. സിസ്റ്റേഴ്സ് നടത്തുന്ന വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ഒരു വിദ്യാലയമാണ്. ഞങ്ങൾക്ക് ഒത്തുകൂടാനും പാചകം ചെയ്ത് ഒരുമിച്ച് ഭക്ഷണം കഴിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും ഒക്കെ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഇത്. ഓരോ സോണിലും എപ്രകാരം ഒരു യുവജന ശൃംഖല കെട്ടിപ്പടുക്കാനാകും എന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള ഈ മാസം തോറുമുള്ള ഒത്തുകൂടലുകള്‍ കേവലം ആസൂത്രണ വേദികള്ക്കുപരി ആഴത്തിലുള്ള കൂട്ടായ്മയുടെ അവസരങ്ങളായിരുന്നു. 

ഒരുമിച്ചു ഭക്ഷണം തയ്യാറാക്കിയും സന്തോഷത്തോടെ അത് ഒന്നിച്ചു കഴിച്ചും ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നത് എങ്ങനെയെന്ന് ഒരു തരത്തിൽ ഞങ്ങൾ അവിടെ പഠിച്ചു. ഭക്ഷണം മിക്കവാറും വളരെ ലളിതമായിരുന്നു, എന്നാൽ സൗഹൃദ ഇടപെടലുകളും ചിരിയും അത് വളരെ രുചികരമാക്കി. അന്ന് 14 ജീസസ് യൂത്ത് സോണുകളായിരുന്നു. ഫസ്റ്റ്-ലൈനിലെ അംഗങ്ങൾ പോയി സോണൽ ഷെയറിംഗ് ഗ്രൂപ്പുകൾക്ക് തുടക്കമിട്ടു. ഒത്തുവാസവും പഠനവും ഒക്കെയായി ആ ഗ്രൂപ്പുകളും വാരാന്ത്യങ്ങളിൽ രൂപീകരണത്തിന് ഒത്തുകൂടി. മിക്ക സ്ഥലങ്ങളിലും അവർ സ്വയം ഭക്ഷണം തയ്യാറാക്കുകയും ആഹ്ലാദകരമായ സൗഹൃദാന്തരീക്ഷത്തില്‍ പങ്കുചേരുകയും ചെയ്തു. അവിടെയും ഫസ്റ്റ്-ലൈൻ മാതൃക അവര്‍ ആവർത്തിച്ചു. 

ഈ ലളിതസുന്ദര ശൈലികളിൽനിന്നുള്ള അവിശ്വസനീയമായ ഒരു വളര്‍ച്ച വലിയ യുവജനസംഗമങ്ങൾ സംഘടിപ്പിക്കുന്ന ജീസസ് യൂത്ത് രീതിയിലേയ്ക്കായിരുന്നു. നാലോ അഞ്ചോ ദിവസത്തെ കൺവെൻഷനിൽ നൂറുകണക്കിന് അല്ലെങ്കിൽ ചിലപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയാലും, യുവജനങ്ങൾ സ്വയം ഭക്ഷണം തയ്യാറാക്കി വിളമ്പും. ഇടുക്കി സോണിൽ നിന്നുള്ള ടീമുകൾ അതിൽ പ്രശസ്തമായിരുന്നു. ജെ-വൈ ഒത്തുചേരലുകളുടെ അന്തരീക്ഷത്തെ മുഴുവൻ മാറ്റിമറിച്ച ഒരു കാര്യമായി തീര്‍ന്നു ഇത്. 

ഒന്നിച്ചുള്ള ഭക്ഷണം ഈശോയ്ക്ക്‌ ഏറെ പ്രിയങ്കരമായിരുന്നു 

യേശുവും സുഹൃത്തുക്കളും ഒരുമിച്ചു ഭക്ഷണം കഴിച്ച പല സന്ദർഭങ്ങളും സുവിശേഷങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഔപചാരിക വിരുന്നിനും വീടുകളില്‍ ഭക്ഷണം കഴിക്കാനും ഒക്കെയുള്ള ക്ഷണങ്ങളോട് അവിടുന്ന്‍ താല്പര്യപൂര്‍വ്വം പ്രതികരിച്ചു. യേശു തന്നെ ഭക്ഷണം തയ്യാറാക്കി ശിഷ്യന്മാർക്ക് വിളമ്പിയ സന്ദർഭങ്ങളുണ്ട്. യേശുവിനെ ശ്രവിക്കാൻ വന്ന ജനക്കൂട്ടം വിശന്നപ്പോൾ കർത്താവ് അനുയായികളോട് "നിങ്ങൾ അവർക്ക് ഭക്ഷണം കണ്ടെത്തൂ" എന്ന് നിര്‍ദ്ദേശിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്താനും യേശു ഉത്സുകനായിരുന്നു.

'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’. അതിനാൽതന്നെ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നതും ഭക്ഷണം സമ്പാദിക്കാൻ വേണ്ടി മാത്രം ജോലികളെല്ലാം ചെയ്തുകൂട്ടുന്നതും ദൈവീക പദ്ധതിയല്ല. ദൈവരാജ്യം തിന്നുകയും കുടിക്കുകയുമല്ല (റോമ 14:17) അല്ലെങ്കിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് ആകുലപ്പെടുകയുമല്ല. മാർത്തയും മറിയവും മനസ്സിലാക്കിയതുപോലെയും യേശു സക്കേവൂസിനോട് പറഞ്ഞതുപോലെയും സൗഹൃദം കെട്ടിപ്പടുക്കുന്നതിന് ഭക്ഷണവേളകള്‍ ഏറെ സഹായകമാകും (ലൂക്കാ 19:5). സാധാരണ മനുഷ്യര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ശാരീരിക വിശപ്പ് തീര്‍ക്കുന്നത് മാത്രമായിരിക്കാം. എന്നാൽ കർത്താവിനും സ്വര്‍ഗ്ഗരാജ്യ രഹസ്യങ്ങൾ അറിയുന്നവർക്കും അത് ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ആഴത്തിലുള്ള കൂട്ടായ്മയുടെ മാർഗമാണ്, മഹത്തായ സ്വർഗ്ഗീയ വിരുന്നിന്റെ മുന്നാസ്വദനവുമാണ് (ഏശ 25:6; വെളി 19:9).

സൗഹൃദഭാഷണ൦ പ്രാർത്ഥന ഒരുമിച്ചുള്ള ഭക്ഷണ൦ ഇവ ഒന്നിച്ചാല്‍ 

ഫാ. പാട്രിക് പെയ്‌റ്റന്റെ "ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിൽക്കും" എന്ന വാക്യം ഇന്ന് "ഒരുമിച്ചു ഭക്ഷിക്കുന്ന കുടുംബം ഒരുമിച്ചു നിൽക്കുന്നു" എന്നു കൂടെ ആയിരിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പയും ഊന്നിപ്പറയുന്നു.

ഒന്നിച്ച് പ്രാർത്ഥിച്ച് ഭക്ഷണം നുകര്‍ന്ന് ദൈവരാജ്യം വളര്‍ത്തുന്നത്തിന്റെ അനേക മാതൃകകള്‍ ജീസസ് യൂത്തിൽ കണ്ടിട്ടുണ്ട്: 

എറണാകുളത്തെ ജെ-വൈ വിദ്യാർത്ഥി ഗ്രൂപ്പുകൾ 1990 കളുടെ തുടക്കത്തിൽ ഒരു അനുദിന ഉച്ചഭക്ഷണ വിതരണം തുടങ്ങി. എല്ലാ ദിവസവും വിദ്യാർത്ഥികൾ ഒത്തുകൂടി 50 ഭക്ഷണപ്പൊതികൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി വിതരണം ചെയ്യും. ഓരോ ദിവസത്തെയ്ക്കും സ്പോൺസറെ കണ്ടെത്തുക, ഭക്ഷണം പാക്ക് ചെയ്യുക, ആവശ്യക്കാർക്ക് എത്തിക്കുക, തുടങ്ങിയവയ്ക്കായി ഒരു സജീവ കൂട്ടായ്മ വളര്‍ന്നുവന്നു. 

ഞങ്ങളുടെ പ്രദേശത്തെ ജെ-വൈ "കഞ്ഞി ഗ്രൂപ്പ്" ഒരു പ്രതിമാസ സായാഹ്ന സൗഹൃദ വേദിയായിരുന്നു. ഒരു വീട്ടില്‍ ഒത്തുകൂടി സൊറപറഞ്ഞ് കുറച്ച് പ്രാര്‍ഥിച് ലളിതമായ ഭക്ഷണ൦ കഴിക്കാന്‍ കുറെ പേര്‍ ഒത്തുകൂടും. ജീസസ് യൂത്ത് സംസ്കാരത്തിലേയ്ക്ക് പുതുതലമുറ കടന്നുവരാന്‍ കൂടെ ഈ വേദികള്‍ സഹായിച്ചിരുന്നു. 

ഒരിക്കൽ ബാംഗ്ലൂരിൽ വ്യത്യസ്ഥമായ ഒരു റെസ്റ്റോറന്റ് സന്ദർശിക്കാനിടയായി. ഒരു സജീവ ജെവൈ ജോബി ഒരു സാധാരണ സിറ്റി റസ്റ്റോറന്റ് ക്രിസ്ത്യൻ കൂട്ടായ്മയ്ക്കും സുവിശേഷ സ്വാഗതത്തിനും പറ്റിയ ഒരു സ്ഥലമാക്കി മാറ്റിയത് ഏറെ നന്നായി തോന്നി. 

ലോകമെമ്പാടുമുള്ള പല നഗരങ്ങളിലും ജെ-വൈ യുവാക്കൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളുണ്ട്. അത്താഴം പങ്കിടാന്‍ അവര്‍ മറ്റുള്ളവരെ സ്വാഗതം ചെയ്യു൦. അത് ആനന്ദം നിറഞ്ഞ ആശയവിനിമയത്തിന്റെയും പ്രാർത്ഥനയുടെയും സമയമായി തീരുകയും ചെയ്യും.

ജീസസ് യൂത്ത് കുടുംബങ്ങൾ പലപ്പോഴും ഭക്ഷണമൊരുക്കി ആ പ്രദേശത്തെ ക്രിസ്ത്യൻ കൂട്ടായ്മ വളർത്തുന്നതിനുമുള്ള മികച്ച ഇടങ്ങളായി മാറാറുണ്ട്. ക്രിസ്തുവിന്റെ ശരീരം കെട്ടിപ്പടുക്കുന്നതിനായി ഈ ഭക്ഷണം പങ്കിടൽ ശുശ്രൂഷയ്ക്കായി ധാരാളം സ്ത്രീകളെ കർത്താവ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അവസാനമായി

ഒരു ഭക്ഷണ വേളയുടെ സജീവ അനുസ്മരണത്തിലൂടെ തന്നെയും തന്റെ മഹത്തായ ദൗത്യത്തെയും എന്നും ഓർമ്മിക്കപ്പെടണമെന്ന് യേശു ആഗ്രഹിച്ചതിൽ അതിശയിക്കാനില്ല. പരിശുദ്ധ ത്രിത്വത്തോടും എല്ലാ മാലാഖമാരോടും വിശുദ്ധന്മാരോടും ഒപ്പം നിത്യവിരുന്നിന്റെ മേശയിൽ ചേരുന്നതുവരെ നാം അതേ പാതയിൽ തുടരണമെന്ന് കർത്താവ് ആഗ്രഹിച്ചു. സന്തോഷനിര്‍ഭര ഹൃദയത്തോടെ കർത്താവിന്റെ ദാനങ്ങളിൽ പങ്കുചേരാൻ, സ്നേഹത്തോടെയും സന്തോഷത്തോടെയും ഒത്തുകൂടാൻ നമുക്ക് കൂടുതൽ കൂടുതൽ അവിസ്മരണീയ അവസരങ്ങൾ ഉണ്ടാകട്ടെ. കർത്താവിന്റെ പാതയിൽ ഒരു ക്രിസ്ത്യാനിയെ വളര്‍ത്തുന്നതിനും നമുക്കിടയിൽ സുന്ദര സമൂഹങ്ങൾ രൂപപ്പെടുന്നതിനും സര്‍വ്വോത്തര മാർഗങ്ങളിൽ ഒന്നാണല്ലോ ഇത്.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)