ഒരു ജീസസ് യൂത്ത് രാഷ്ട്രീയത്തിൽ താൽപര്യം കാണിച്ചാൽ (MJYR 104)

 ഒരു ജീസസ് യൂത്ത് രാഷ്ട്രീയത്തിൽ താൽപര്യം കാണിച്ചാൽ  

(By Dr. Edward Edezhath - Published in Kairos Malayalam in 2024)

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വിവാഹ സൽക്കാരത്തിനിടെ ഒരു യുവതി എന്നെ സമീപിച്ച് സ്വയം പരിചയപ്പെടുത്തി. “ഞാൻ മേരി. എൻ്റെ കോളേജ് കാലത്ത് സെൻറ് തെരേസാസ് പ്രാർത്ഥനാ ഗ്രൂപ്പിൽ ഞാൻ പങ്കെടുക്കുമായിരുന്നു.” ഇന്നിപ്പോൾ മൂന്ന് കുട്ടികളുടെ അമ്മയാണ്,  പൊതുവേ തിരക്കിലാണ്. "ഞാൻ ഒരു കാര്യം പറയട്ടെ? വിഷമം തോന്നുമോ?” ആ ആമുഖ ചോദ്യം എന്നെ അമ്പരപ്പിച്ചു. ഞാൻ ഒരു ചെറു ചിരിയോടെ പ്രതികരിച്ചു. "കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അന്ന് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കുമ്പോൾ, ഭാര്യ വന്ന് എല്ലാ  ഖദർ ഷർട്ടുകളും എൻ്റെ കടയിലാണ് തയ്ച്ചത്.” 

എൻ്റെ ചിന്തകൾ 2004 ലെ പ്രചാരണത്തിൻ്റെ തിരക്കേറിയ നാളുകളിലേക്ക് പോയി. “അന്ന് എഡ്ഡിയുടെ ഭാര്യ കടയിൽ വന്ന് ഷർട്ടിനുള്ള തുണിയും അളവും ഒക്കെ തന്നിട്ട് പോയി. എൻ്റെ സഹായി പെൺകുട്ടികളോട് ഞാൻ പറഞ്ഞു, നിങ്ങൾ ഇതിന്റെ തയ്യൽ ജോലികൾ എല്ലാം തീർക്കുക പക്ഷേ ബട്ടൺ ഞാൻ പിടിപ്പിക്കാം. അങ്ങനെ ആ ഷർട്ടുകളുടെ  എല്ലാ ബട്ടണുകളും ഞാൻ തന്നെയാണ് പിടിപ്പിച്ചത്. ഓരോ തയ്യലിനും ഒപ്പം അന്ന് ഞാൻ പ്രാർത്ഥിച്ചത് ‘കർത്താവേ, എഡ്ഡി ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടണമേ,’ എന്നാണ്.” ഞങ്ങൾ രണ്ടുപേരും പൊട്ടിചിരിച്ചു. “ആ പ്രാർത്ഥനാഗൂപ്പും അവിടെ എനിക്ക് ലഭിച്ച മാർഗനിർദേശങ്ങളും എന്റെ ജീവിതത്തിൽ ഏറെ വിലപ്പെട്ടതാണ്. എൻ്റെ വിശ്വാസത്തിനും എൻ്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ ആ ഗ്രൂപ്പിനോട് കടപ്പെട്ടിരിക്കുന്നു. കർത്താവിനും വരും തലമുറകൾക്കും അത് നഷ്ടമാകരുത് എന്ന് ഞാൻ ഏറെ ആഗ്രഹിച്ചു. അതുകൊണ്ടാണ് ആ തിരഞ്ഞെടുപ്പിൽ എഡ്ഡി തോൽക്കണം എന്ന് ഞാൻ ചിന്തിച്ചത്. ദൈവം എന്റെ പ്രാർത്ഥന കേട്ടു. ക്ഷമിക്കണം കേട്ടോ!” എന്തായാലും എനിക്ക് അത് ഏറെ രസകരമായി തോന്നി. ഞങ്ങൾ കുറെ ചിരിച്ചു. 

"രാഷ്ട്രീയം നല്ലവർക്ക് പറ്റിയതല്ല”   

മകനോ മകളോ രാഷ്ട്രീയക്കാരനാകാൻ സാധാരണ അമ്മമാർ  പ്രാർത്ഥിക്കുമോ എന്ന് എനിക്കറിയില്ല! തീർച്ചയായും, അവർ അധ്യാപകർ, പുരോഹിതർ, ഡോക്ടർമാർ, വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഒക്കെ ആകാൻ  പ്രാർത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരിക്കും, പക്ഷേ രാഷ്ട്രീയ ജീവിതം പലരുടേയും സ്വപ്നമേയല്ല. രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന നിരവധി തമാശകളും നമ്മൾക്ക് സുപരിചിതമാണല്ലോ. 

2004ലെ തിരഞ്ഞെടുപ്പിൽ ഞാൻ ഇന്ത്യൻ പാർലമെൻ്റിലേക്ക് മത്സരിച്ചു. അതിനോട് മറ്റുള്ളവരുടെ പ്രതികരണം പല രീതിയിലായിരുന്നു. വീട്ടിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. എൻ്റെ കുടുംബാംഗങ്ങൾ എൻ്റെ തീരുമാനത്തെ മാനിക്കുകയും പൂർണ്ണമായി പിന്താങ്ങുകയും ചെയ്തു. എൻ്റെ മെത്രാനും അടുപ്പമുള്ള വൈദികരും ഏറെ ആവേശത്തിലായിരുന്നു. എൻ്റെ ജീസസ് യൂത്ത് ബന്ധങ്ങളിൽ ഉള്ളവർ ചുറ്റും കൂടി എല്ലാവിധ സഹായങ്ങളും നൽകി. അവരിൽ മിക്കവർക്കും അത് ഏറെ വിചിത്രമായ ഒരു മേഖലയിലേക്കുള്ള ആദ്യ പടിയും തീർത്തും അപ്രതീക്ഷിതമായ ബന്ധപ്പെടലുമായി. 

എന്നാൽ സുമനസ്സുകളായ വിശ്വാസികൾ പലരും ഏറെ അസ്വസ്ഥരായി. “ഞങ്ങൾ മാനസാന്തരപ്പെട്ട് രാഷ്ട്രീയം വിട്ട് പ്രാർത്ഥനാ ജീവിതത്തിലേക്ക് വന്നവരാണ്. ഒരു നല്ല ക്രിസ്ത്യാനിയായ താങ്കൾക്ക് എങ്ങനെ ഇതിൽ വീഴാനാകും? അവരെ സംബന്ധിച്ചിടത്തോളം അത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഒരു നല്ല വൈദികൻ ഉയർത്തിയ ഒരു ചോദ്യം ആരോ എന്റെ മുന്നിൽ ഉയർത്തി, "അയാൾക്ക് കൈക്കൂലി വാങ്ങാനോ ഗ്രൂപ്പ് വഴക്കുകളിൽ ഏർപ്പെടാനോ കഴിയുമോ? ഇതിനെല്ലാം സാധിക്കില്ലെങ്കിൽ, എന്തിനാണ് ഇതിന് പോകുന്നത്?” 

ചിലരെങ്കിലും ആത്മാർത്ഥമായി അന്വേഷിച്ചു, "എന്തുകൊണ്ടാണ് താങ്കൾ രാഷ്ട്രീയത്തിലേക്കുള്ള ഈ അസാധാരണ പടി വച്ചത്? " എൻ്റെ അടുത്ത് വന്ന് ഇത്തരം ചോദ്യം ഉന്നയിച്ചരോടു എനിക്ക് ചിലത് പറയാനുണ്ടായിരുന്നു. 

ഒരു ഇടത്തരം പശ്ചാത്തലമുള്ള ആത്മീയ മേഖലയിൽ സജീവമായ സാധാരണ ജോലിയുള്ള പലരെയും പോലെ, ഞാനും രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ഒരു പ്രത്യേക രീതിയിലാണ് കണ്ടിരുന്നത്. ആരെങ്കിലും എന്നോട് രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെടാൻ നിർദേശിച്ചാൽ ഞാൻ ഓടി രക്ഷപ്പെട്ടേനെ. എന്നാൽ എൻ്റെ ചിന്തകളെ വെല്ലുവിളിക്കുകയും മാറ്റുകയും ചെയ്തത് ഇതിനെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളാണ്,  പ്രത്യേകിച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ “അൽമായ വിശ്വാസികൾ”. ചുറ്റുപാടുമുള്ള ലോകത്തിൽ യേശു വരുത്താൻ ആഗ്രഹിക്കുന്ന ഒരു മാറ്റത്തിനായുള്ള കാൽവയ്പ്പുകളാണ് സുവിശേഷവൽക്കരണം. ഒരു ക്രിസ്ത്യാനി "പൊതുമണ്ഡലത്തിൽ" സാന്നിദ്ധ്യമാകണം. ഒരു "സ്വകാര്യ ആത്മീയതയിൽ" ഒതുങ്ങുക എന്നത് ഒരു പ്രലോഭനമാണ്, അതല്ല ദൈവം ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരിൽ നാം കാണുന്ന എല്ലാ അഴിമതികളും പ്രശ്നങ്ങളും അതിൽ നിന്ന് അകന്നുനിൽക്കുന്നത്തിന് ന്യായീകരണമല്ല. മറിച്ച്, നല്ല ആളുകൾ അതിൽ ഇടപെടേണ്ടതിൻ്റെ ആവശ്യകതയാണ് അത് സൂചിപ്പിക്കുന്നത്. ആ പഠനങ്ങളുടെ സംഗ്രഹം ഇതായിരുന്നു.

എന്നോടു ചോദിച്ചവരോട് ഞാൻ പറഞ്ഞു, ഈ സഭാ പ്രബോധനങ്ങൾ പരിചയപ്പെട്ട എനിക്ക് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഒരു അഭ്യർത്ഥന വന്നപ്പോൾ “അതെ” എന്ന് പറയാതിരിക്കാൻ കഴിഞ്ഞില്ല. “പറ്റില്ല” എന്ന് ഞാൻ പ്രതികരിച്ചാൽ  ദൈവം എനിക്കും ലോകത്തിനും വേണ്ടി ഉദ്ദേശിച്ച കാര്യങ്ങൾക്ക് വിരുദ്ധമായി ഞാൻ ചരിക്കുന്നു എന്നാകും. ചുരുക്കിപ്പറഞ്ഞാൽ എന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ അടിത്തറ ഈ പുത്തൻ ക്രൈസ്തവ അവബോധമായിരുന്നു. 

രാഷ്ട്രീയം ശരിക്കും മോശമാണോ? 

വിശുദ്ധരായി ജീവിച്ച രാജ്ഞിമാരെയും രാജാക്കന്മാരെയും കുറിച്ച് വായിച്ചിട്ടുണ്ട്,  രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള വിശുദ്ധരായ തോമസ് മൂർ, നിക്കോളാസ് ഫ്ളൂ തുടങ്ങിയവരും  സമീപകാലത്ത് സജീവ രാഷ്ട്രീയവും ക്രൈസ്തവ ജീവിതവും നന്നായി സമന്വയിപ്പിച്ച ആൽബെർട്ടോ മാർവെല്ലി, ഫ്രാൻസിസ് ടെയ്‌ലർ, ജൂലിയസ് നെരേറെ, ഡൊറോത്തി ഡേ, റോബർട്ട് ഷുമാൻ തുടങ്ങിയവരെയും പരിചയപ്പെട്ടിട്ടുണ്ട്. എങ്കിലും, പലരീതിയിലും രാഷ്ട്രീയത്തെയും ക്രൈസ്തവ ജീവിതത്തെയും ഒരു പുത്തൻ കണ്ണോടെ കാണാൻ എനിക്ക് അവസരമൊരുക്കിയത്  രാഷ്ട്രീയക്കാരുമായുള്ള എൻ്റെ സഹവർത്തിത്വം ആയിരുന്നു. 

എനിക്ക് ലഭിച്ച ഒരു പ്രധാന ഉൾക്കാഴ്ച ഇതായിരുന്നു, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന പലർക്കും അവരുടെ കാഴ്ചപ്പാടിൽ ഏറ്റം നല്ല നന്മയുടെ വഴിയാണ് രാഷ്ട്രീയം, സ്വന്തം സ്വാർത്ഥതയെ മറികടക്കാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും നിസ്വാർത്ഥരായി മറ്റുള്ളവരെ സേവിക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം.  സ്വാർത്ഥരും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരെ കാണുമ്പോൾ പോലും അവർ തളരാതെ ചെയ്യുന്ന നന്മയിൽ സ്വയം തുടരുന്നു. (നല്ല വിശ്വാസികളുടെ കാര്യവും അങ്ങനെ തന്നെയല്ലേ? അവർ വഴിതെറ്റുന്ന വിശ്വാസികളെ കാണുമ്പോഴും  വിശ്വാസ ജീവിതം ഉപേക്ഷിക്കുന്നില്ലല്ലോ). 

മറ്റൊരു കാര്യം, രാഷ്ട്രീയ വേദിയിലെ വൈവിധ്യമാർന്ന ആളുകളുടെ ഒന്നിച്ചുവരവ് അത്ഭുതകരമാണ്. എല്ലാത്തരം ആളുകളെയും അവിടെ കാണാം. നല്ലവർ, വിചിത്ര ജീവികൾ, വിശ്വാസികൾ, നിരീശ്വരവാദികൾ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പണക്കാർ, ദരിദ്രർ, ആ വൈവിധ്യം അവിശ്വസനീയമാണ്. അത് കാണുമ്പോൾ നമ്മളെല്ലാം കൈകാര്യം ചെയ്യുന്നത് സമൂഹത്തിലെ എത്ര ചെറിയ വിഭാഗം മാത്രമാണ് എന്നോർത്തുപോകും, സഭയിലോ മുന്നേറ്റത്തിലോ നമ്മുടെ ജോലിസ്ഥലത്തോ ഒക്കെ ആണെങ്കിൽ പോലും അങ്ങനെ തന്നെയല്ലേ? “നിങ്ങൾ പോകുവിന്” എന്ന് കല്പിച്ച് യേശു പറഞ്ഞച്ചപ്പോൾ അവൻ ഉദ്ദേശിച്ചത് ഇതുപോലെ വിശാലമായ ലോകത്തേക്ക് പോകണമെന്നല്ലേ? 

മറ്റൊരു കാര്യം രാഷ്ട്രീയക്കാരിൽ പലരുടെ മേലും സാധാരണക്കാർക്കുള്ള അധികാരമാണ്.  ഒരു രാഷ്ട്രീയക്കാരനോട് ആർക്കും ചെന്ന് പല കാര്യങ്ങളും  ആവശ്യപ്പെടാനാവും. പൊതുവേ അത് അവരുടെ അവകാശമാണ്. മറിച്ച്, ഇടവകയിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരോടു ആ അവകാശത്തോടെ പറയാനാകില്ലല്ലോ. ഒരു പാവപ്പെട്ടവൻ വന്ന് ഒരു ഇടവക നേതാവിനോടോ വൈദികനോടോ അങ്ങനെ ആവശ്യപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി. 

ഇതെല്ലാം ചിന്തിക്കുമ്പോൾ, യേശുവിൻ്റെ വാക്കുകൾ ഒരു പുതിയ വെളിച്ചത്തിൽ കാണാനാകും, "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന്. . . സ്വർഗ്ഗരാജ്യത്തിൽ വിരുന്നിന്നിരിക്കും. രാജ്യത്തിൻ്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. (മത്തായി 8:11,12) 

നല്ല രാഷ്ട്രീയക്കാരാണ് ഇന്നിന്റെ ആവശ്യം. 

ദൈവരാജ്യം കാത്തിരിക്കുന്ന എല്ലാവരുടെയും ഹൃദയവികാരമാണ്  ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥന, "സമൂഹത്തിലെ ജനങ്ങളുടെയും ദരിദ്രരുടെയും ജീവിതാവസ്ഥയിൽ ഹൃദയപൂർവ്വം അസ്വസ്ഥരാകുന്ന  കൂടുതൽ രാഷ്ട്രീയക്കാരെ ഞങ്ങൾക്ക് നൽകണമെ എന്ന് കർത്താവിനോട് ഞാൻ പ്രാർത്ഥിക്കുന്നു!" (സുവി. ആനന്ദം, 205) പക്ഷേ, അവർ എവിടെ നിന്ന് വരും? തീർച്ചയായും നമ്മുടെ കൂട്ടായ്മകളിൽ നിന്നും ജീസസ് യൂത്തിൽ നിന്നും ഒക്കെ തന്നെ. 

ജീസസ് യൂത്തിലെ ഒരു യുവതിക്കോ യുവാവിനോ രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടെന്ന് ആരെങ്കിലും സൂചിപ്പിക്കുമ്പോൾ (ഇടയ്ക്കിടെ ഇതുണ്ടാകാറുണ്ട്)  ഞാൻ ഏറെ ആവേശം കൊള്ളാറുണ്ട്. എൻ്റെ കാഴ്ചപ്പാടുകൾ കേൾക്കാനും മാർഗനിർദേശം സ്വീകരിക്കാനും ചിലരെങ്കിലും ബന്ധപ്പെടാറുണ്ട്. ഞാൻ അവരെ പ്രോത്സാഹിപ്പിക്കുകയും അതിൻ്റെ പ്രാധാന്യം സൂചിപ്പിക്കുകയും ചെയ്യും. അവർക്ക് ഏറെ ആവശ്യം ഉയർന്ന സഹിഷ്ണുതയും ഏവരെയും ഉൾക്കൊള്ളുന്ന മനോഭാവവുമാണ് എന്നകാര്യം ഞാൻ പ്രത്യേകം സൂചിപ്പിക്കാറുമുണ്ട്. സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലലാണ് സുവിശേഷവൽക്കരണത്തിന്റെ ആദ്യ പടി. രാഷ്ട്രീയവും മറ്റ് രീതികളിലുള്ള പൊതു സാന്നിധ്യവുമാണ് ഇതിനുള്ള നല്ലൊരു വഴി. അതൊരു ഭാരമേറിയ കുരിശായിരിക്കാം, എന്നാൽ അത് തോളിലേറ്റാൻ ധീരരായ കുറേ ശിഷ്യരെയെങ്കിലും കർത്താവ് ക്ഷണിക്കുന്നു. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)