വെല്ലുവിളികള്‍ ഉയരുമ്പോഴാണ് നമ്മള്‍ ഒത്തുകൂടുന്നത് - JY Synodal Path: 2 (MJYR082)
വെല്ലുവിളികള്‍ ഉയരുമ്പോഴാണ് നമ്മള്‍ ഒത്തുകൂടുന്നത്
ജീസസ് യൂത്തും സിനഡൽ പാതയും - 2
(By Dr. Edward Edezhath - Published in Kairos Malayalam in 2022)
ഒരു സുപ്രധാന പ്രശ്നവുമായാണ് സുരേഷ് കാണാന്‍ വന്നത്. "നമ്മുടെ മുതിർന്ന യുവാക്കളിൽ പലരും ഈ നഗരത്തിൽ വരുന്നുണ്ട്, പക്ഷേ മുന്നേറ്റവുമായി അവര്‍ ബന്ധപ്പെടുന്നില്ല." അവരൊക്കെ സ്വന്തം പ്രദേശങ്ങളിൽ സജീവ നേതാക്കളായിരുന്നു, പക്ഷെ ജോലിക്കും പഠനത്തിനും ഒക്കെയായി നഗരത്തില്‍ എത്തിയപ്പോള്‍ തങ്ങളുടെ "ആദ്യ പ്രണയം" ഉപേക്ഷിക്കുകയും കൂട്ടായ്മകളില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയും ചെയ്യുന്നു. "നമ്മള്‍ എന്തെങ്കിലും ചെയ്തില്ലെങ്കിൽ സാവധാനം അവരുടെ കത്തോലിക്കാ ചൈതന്യം തണുക്കും, അവരിൽ പലരും അവരുടെ വിശ്വാസം തന്നെ ഉപേക്ഷിക്കുകയും ചെയ്യും." സുരേഷ് കുറേ പേരുടെ ഒരു ലിസ്റ്റും വച്ചു നീട്ടി, മുമ്പെല്ലാം ഏറെ സജീവ പ്രവര്‍ത്തകരായിരുന്ന എന്നാല്‍ ഇപ്പോള്‍ നഗരത്തിലേക്ക് കുടിയേറി ‘ഒളിവിൽ’ കഴിയുന്ന യുവാക്കളുടെ ഒരു സാമാന്യം നീണ്ട പട്ടിക.
ഈ സന്ദര്‍ശനവും ചര്‍ച്ചയും നിരവധി ഒത്തുചേരലുകൾക്കും ചർച്ചകൾക്കും ചില പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഒക്കെയുള്ള ഒരു നല്ല തുടക്കമായി.
ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനാണ് സിനഡാലിറ്റി
ഈ ദിവസങ്ങളിൽ സാർവത്രിക സഭ സിനഡാലിറ്റിയെ പറ്റി ചിന്തിക്കുന്നു. 'സിനഡ്' എന്ന വാക്ക് ഒരുമിച്ചുള്ള യാത്രയെ സൂചിപ്പിക്കുന്നു. ഈ സിനഡൽ സമീപനമാണ് ക്രിസ്തീയ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതും അംഗങ്ങളെ ദൗത്യത്തിലേക്ക് നയിക്കുന്നതും. ഒരു പ്രധാന കാര്യം, ഒരു സമൂഹം ചില വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ നാം ചര്‍ച്ചചെയ്യുന്ന സിനഡൽ സമീപനം ഏറെ പ്രസക്തമാകും.
സഭയുടെ ചരിത്രത്തിൽ നിന്നുള്ള ഒരു മികച്ച ഉദാഹരണം ‘അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍’ അദ്ധ്യായം 15-ൽ വിവരിച്ചിരിക്കുന്നു. അവിടെ നാം എന്താണ് കാണുന്നത്? ആദിമ സഭ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരുന്നു, അതോടൊപ്പം യഹൂദരല്ലാത്തവരും സഭയിൽ ചേരുന്നുണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ മറ്റുള്ളവരുടെമേൽ യഹൂദ ആചാരങ്ങൾ അടിച്ചേൽപ്പിക്കാന്‍ ശ്രമിച്ചു. "മോശയുടെ നിയമമനുസരിച്ച് പരിച്ഛേദന൦ ചെയ്യപ്പെടത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല." (അപ്പ. പ്രവ. 15:1). ഈ പഠനം പൂർണ്ണമായും ബൈബിളിനെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ മറ്റു നേതാക്കള്‍ അതിന്‍റെ പ്രസക്തിയെ ചോദ്യം ചെയ്തു. അഭിപ്രായ ഭിന്നത രൂക്ഷമായി. ഈ ഗുരുതര സംഘർഷത്തെ മറികടക്കാൻ സഭാനേതൃത്വം ഒത്തുകൂടാനും കർത്താവിന്‍റെ മാർഗനിർദേശം തേടാനും തീരുമാനമായി. അങ്ങനെ ആദ്യ ജറുസലേം കൗൺസില്‍ ഒത്തുചേര്‍ന്നു. പ്രശ്ന പരിഹാരം ഉണ്ടായി എന്നുമാത്രമല്ല ചില പ്രധാന ചർച്ചകൾക്കും തീരുമാനങ്ങൾക്കും വളർന്നുവരുന്ന സഭയിൽ മിഷനറി ആവേശം നവീകരിക്കുന്നതിനും ഒക്കെ ഇത് കാരണമാകുകയും ചെയ്തു.വെല്ലുവിളികൾ - നേരിടുക അല്ലെങ്കിൽ ഒളിച്ചോടുക
ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ തീര്‍ച്ചയായും വെല്ലുവിളികള്‍ ഉയരും, മാറ്റങ്ങള്‍ ഉണ്ടാക൦. ഇവയോട് ഒരു പ്രസ്ഥാനം, അല്ലെങ്കിൽ കൂട്ടായ്മ എങ്ങനെ പ്രതികരിക്കണം? ‘സിനഡാലിറ്റി’ എന്നാണ് ഒറ്റവാക്കാണ് അതിനുള്ള നല്ല ഉത്തരം. ജീസസ് യൂത്ത് മുന്നേറ്റത്തിന് ഈ മേഖലയില്‍ ധാരാളം നല്ല ഓര്‍മ്മകളുണ്ട്. കഴിഞ്ഞകാലങ്ങളിൽ ഉയർന്നുവന്ന നിരവധി വെല്ലുവിളികള്‍ ഫലപ്രദമായി നേരിട്ട മുന്നേറ്റത്തിന്‍റെ അനുഭവ വൈഭവം ഈ കാലഘട്ടത്തില്‍ സഭ സൂചിപ്പിക്കുന്ന സിനഡല്‍ ശൈലി അടുത്തറിയുന്നതിന് ഏറെ സഹായകമാകും.
എന്നാല്‍ ഇതിന് ഒരു മറുവശവും ഉണ്ടല്ലോ. വെല്ലുവിളികളോട് പ്രതികരിക്കുന്നതിന് നാം ചിലപ്പോള്‍ സ്വീകരിക്കുന്ന അനുയോജ്യമല്ലാത്ത മറ്റു ചില രീതികലുണ്ടല്ലോ. ആ വഴികൾ ഏതൊക്കെയാണെന്ന് ചോദിക്കേണ്ടതും സുപ്രധാനമല്ലേ?
"ഇവിടെ ഒരു പ്രശ്നവുമില്ല": ഈ നിഷേധ മനോഭാവം പ്രശ്നം കാണുന്നതിൽനിന്നും അതിനെ മറികടക്കാനുള്ള വഴികൾ തേടുന്നതിൽനിന്നും ഗ്രൂപ്പിനെ തടയുന്നു. ഉദാഹരണത്തിന്, മുന്പ് പ്രവര്‍ത്തന നിരതരായിരുന്ന പല യുവനേതാക്കളും കുടിയേറ്റം കാരണം സജീവമായ ശുശ്രൂഷയിൽ നിന്ന് പുറത്തായത് ഒരു സാധാരണ പ്രതിഭാസമായി മാത്രമേ പലരും കരുതിയുള്ളൂ. എന്നാൽ സുരേഷ് മറിച്ചാണ് ചിന്തിച്ചത്. അത് ഒരു വെല്ലുവിളിയാണെന്നും അതിന് ഒരു പരിഹാരം തേടണമെന്നും അയാള്‍ ചിന്തിച്ചു.
ഭയവും ഉത്കണ്ഠയും: വലിയ വെല്ലുവിളികൾ ഉയരുമ്പോള്‍ നാം ഭയപ്പെടുന്നു. പലരും മാളങ്ങളിലേയ്ക്ക് പിന്‍വലിയുകയും ചെയ്യും. റോമൻ സാമ്രാജ്യവും യഹൂദ അധികാരികളും ലോകം മുഴുവനും ആദിമ ക്രിസ്ത്യാനികൾക്ക് എതിരായപ്പോൾ അവർ അസ്വസ്ഥരായിരുന്നു. എന്നാൽ അപ്പോസ്തലന്മാർ അവരെ ഉദ്ബോധിപ്പിച്ചത് ഭയമകറ്റി ആത്മനിറവില്‍ അതിനോട് പ്രതികരിക്കാനാണ്.
കുറ്റപ്പെടുത്തലും രോഷവും: നഗരത്തിലേക്കുള്ള പുതിയ കുടിയേറ്റക്കാരെ കുറിച്ച് എന്തെങ്കിലും ചെയ്യാൻ സുരേഷ് പ്രാദേശിക നേതാക്കളെ സമീപിച്ചപ്പോൾ ചിലരെങ്കിലും രോഷാകുലരായാണ് പ്രതികരിച്ചത്. “ഇപ്പോൾ അവർക്ക് ജോലിയായി, ജീവിതം സുഖകരമായി, അവർ കർത്താവിനെ മറന്നു”. ഇതാണ് നമ്മുടെ സാധാരണ രീതി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അതിന് ആരെ പഴിചാരണം എന്നാണ് നാം ആദ്യം നോക്കുക. ഇത് പൊതുവേ പ്രശ്ന പരിഹാരതിന്‍റെയും വളര്‍ച്ചയുടെയും വഴിയല്ല.
പ്രശ്നം അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറുക: "നാം ഒരുപാട് പ്രാർത്ഥിക്കണം!" ഗുരുതരമായ ഏതെങ്കിലും വെല്ലുവിളിയെ കുറിച്ച് സംസാരം തുടങ്ങുമ്പോള്‍ പലര്‍ക്കുമുള്ള ഒരു ക്ലീഷേ പ്രതികരണമാണിത്. തീർച്ചയായും, ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന്‍റെ അവിഭാജ്യ ഘടകമാണ് പ്രാർത്ഥനയും ദൈവത്തിന്റെ മാർഗനിർദേശം തേടലും, എന്നാൽ അമിതമായ ആത്മീയ പ്രതികരണം അതിനോട് പ്രതികരിക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവായിതീരും. നമ്മള്‍ ഒന്നും ചെയ്യേണ്ട മറ്റാരെങ്കിലും ഇത് പരിഹരിക്കട്ടെ എന്ന രീതിയിലുള്ള ഉത്തരവാദിത്തം കയ്യാളാനുള്ള മടി ക്രിസ്തീയമല്ല.
ഒറ്റയ്ക്ക് നേരിടാന്‍ ശ്രമിക്കുക: സുരേഷ് തനിയെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നത് നന്നായി. അതിനുപകരം, അത് കൈകാര്യംചെയ്യേണ്ട നേതൃനിരയ്ക്ക് മുന്നില്‍ പ്രശ്നം അവതരിപ്പിച്ച് പരിഹാരം തേടാന്‍ അയാള്‍ ശ്രമിച്ചു.
വെല്ലുവിളികൾ ഉയരുമ്പോൾ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാകാം. ഒരറ്റത്ത്, അവബോധമില്ലായ്മയോ, അശ്രദ്ധയോ, ഭയമോ നിമിത്തം നേതാക്കൾ അതിനെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകും. മറുവശത്ത്, ഒരു നേതാവോ ചെറുസംഘമോ മറ്റുള്ളവരുടെ സഹകരണം തേടാതെ പരിഹാര മാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് പോയേക്കാം. എന്നാൽ ഇവയൊന്നും ദീർഘകാലാടിസ്ഥാനത്തിൽ സമഗ്ര പരിഹാരമാകില്ല. അതിലുപരി ഈ വികല സമീപനങ്ങള്‍ കൂട്ടായ്മയുടെ പരിപോഷണത്തെയും ദൗത്യവളര്‍ച്ചയെയും ദുർബലപ്പെടുത്തുകയും ചെയ്യും.
സിനഡാലിറ്റി, വെല്ലുവിളികളെ നേരിടാനുള്ള ആരോഗ്യകരമായ പാത
‘അപ്രത്യക്ഷമാകുന്ന നേതൃത്വം’ എന്ന പ്രശ്നം അന്ന്‍ ഒരു പ്രധാന ചർച്ചാവിഷയമായി. പക്ഷേ അത് അവിടെ അവസാനിച്ചില്ല. ചില ഫലപ്രദമായ പ്രായോഗിക നടപടികളിലേക്ക് നയിക്കുന്ന ചില പ്രശ്നപരിഹാരങ്ങള്‍ അവര്‍ ഘട്ടം ഘട്ടമായി കണ്ടെത്തി. സ്വാഭാവികമായും ഒരു ചോദ്യമുയരും, ഒരു സമൂഹം എങ്ങനെയാണ് പ്രശ്നപരിഹാര പാതയില്‍ മുന്നേറുന്നത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സിനഡൽ സമീപനം എന്താണ്?
ഏതൊരു സമൂഹത്തിന്‍റെയും മുന്നിലുയരുന്ന വെല്ലുവിളികളെ നേരിടാനുള്ള സമഗ്ര ക്രിസ്തീയ പാതയാണ് സിനഡൽ സമീപനം. അത് സമ്യക്കായ ചില പടികള്‍ കടന്ന് പരിഹാരം തേടും.
1. അവബോധം: ഒരു ഗ്രൂപ്പ് തങ്ങളുടെ മുന്നില്‍ ഉയരുന്ന പ്രത്യേക വെല്ലുവിളിയെ കുറിച്ച് ബോധവാന്മാരാകുന്നു
2. സ്നേഹപാത തെരഞ്ഞെടുക്കുന്നു: കൂട്ടായ്മയുടെ സിനഡൽ പാത പിന്തുടരുന്ന ഒരു മാനസാന്തരത്തിന് അവര്‍ വിധേയരാകുന്നു.
3. അവര്‍ ഒത്തുചേരുന്നു: സിനഡല്‍ പാതയിലൂടെ പ്രശ്ന പരിഹാരം തേടാന്‍ അവർ ഒരിടത്ത് സമ്മേളിക്കുന്നു.
4. കൂട്ടായ്മയില്‍ ദൈവേഷ്ടം തേടുന്നു: ക്രിസ്തുഗാത്രം ഒരുമിച്ചുവന്ന്, ആദരവോടെ എല്ലാവരുടെയും പങ്കാളിത്ത൦ ഉറപ്പാക്കി നടത്തുന്ന വിവേചന പ്രക്രിയയിലൂടെ ആ സമൂഹം കർത്താവിന്‍റെ മാർഗനിർദേശങ്ങള്‍ സ്വീകരിക്കുന്നു.
5. തുടര്‍ പാതയെക്കുറിച്ച് വ്യക്തത: ഗ്രൂപ്പ് മുന്നേറേണ്ട പടികളെ സംബന്ധിച്ച് വ്യക്തതയും സമവായവും ഉരുത്തിരിയുന്നു.
6. പ്രായോഗിക പദ്ധതികള്‍ ഒരുങ്ങുന്നു: ഗ്രൂപ്പ് പ്രായോഗിക നടപടികളെ അംഗീകരിക്കുന്നു
7. ദൗത്യവ്യക്തതയോടെ അയക്കപ്പെടുന്നു: കർത്താവിന്‍റെ പദ്ധതിയോട് അനുരൂപപ്പെട്ട് ദൗത്യബോധത്തോടെ മുന്നേറുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ, സുരേഷും സുഹൃത്തുക്കളും ഒരു വലിയ പ്രശ്നം തിരിച്ചറിഞ്ഞു. പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി വരുമ്പോള്‍ പല യുവനേതാക്കളും ഒരു വലിയ വെല്ലുവിളി നേരിടുന്നതായി അവര്‍ കണ്ടു. ഈ വിഷയം ശ്രദ്ധിക്കാതെ വിട്ടാൽ, അത് പ്രതിബദ്ധതയുള്ള നിരവധി നേതാക്കളുടെ ജീവിതം നശിപ്പിക്കുമെന്നും അതോടൊപ്പം നഗരത്തിലെ ജീസസ് യൂത്ത് മുന്നേറ്റത്തെ അത് ക്രമേണ ദുർബലപ്പെടുത്തുമെന്നും അവർ മനസ്സിലാക്കി. തുടര്‍ന്ന്‍ പല പ്രധാന നേതാക്കളെയും അവര്‍തന്നെ പോയി കാണുകയും ഈ വെല്ലുവിളിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒരു നല്ല കാര്യം സംഭവിച്ചത്, ഈ വിഷയം ചർച്ച ചെയ്യാൻ ഒരുമിച്ചുവരാൻ അവരില്‍ പലരും സമ്മതിച്ചു. ആ യോഗങ്ങൾ പ്രാർത്ഥനയുടെയും ചർച്ചയുടെയും ശ്രവണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഒക്കെ സമയങ്ങളായി തീര്‍ന്നു.
ആ ചര്‍ച്ചകളില്‍ പ്രശ്ന പരിഹാരത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു. ചെറുഗ്രൂപ്പുള്‍, തിങ്കളാഴ്ചകളില്‍ ഒരു പൊതു കൂട്ടായ്മ, പുതിയ ചില പ്രാർത്ഥനാ രീതികള്‍, ഒരു പഠന പരമ്പര എന്നു തുടങ്ങി പലതിനും അത് തുടക്കമായി. എന്നാൽ ഇതിനെല്ലാം ഉപരിയായി നഗരത്തിലെ ജീസസ് യൂത്ത് നേതാക്കളെ ഈ ഒന്നിച്ചുവരവുകള്‍ മാറ്റിമറിച്ചു. ഒരു പുതിയ കൂട്ടായ്മ അനുഭവവും സ്നേഹവും നവീകൃതമായ ദൗത്യബോധവും കൊണ്ട് മുന്നേറ്റം അവിടെ പൂര്‍വ്വോപരി ജീവസുറ്റതായി.
Comments
Post a Comment