പങ്കാളിത്തം ആരംഭിക്കുന്നത് വ്യത്യസ്ത സ്വരങ്ങള്‍ ശ്രവിച്ചുകൊണ്ടാണ് - JY Synodal 3 (MJYR083)

 പങ്കാളിത്തം ആരംഭിക്കുന്നത് വ്യത്യസ്ത സ്വരങ്ങള്‍ ശ്രവിച്ചുകൊണ്ടാണ് 

ജീസസ് യൂത്തും സിനഡൽ പാതയും - 3

(By Dr. Edward Edezhath - Published in Kairos Malayalam in 2022)

“ഈ ഘട്ടത്തിൽ, യുവാക്കളെ ഒന്നിച്ചു കൂട്ടുന്നത് അപകടകരമാണ്. അവർക്ക് ആകെ വേണ്ടത് കളിചിരിയും തമാശയുമാണ്, ആത്മീയതയല്ല. അതിനും പുറമേ നമ്മൾ എത്ര ശ്രമിച്ചാലും യുവാക്കള്‍ വരുകയുമില്ല. വരുന്നവർ പ്രശ്നങ്ങളും ഉണ്ടാക്കും.” ആ വൈദീകന്‍ ഏറെ ശക്തമായിതന്നെ തന്‍റെ ആശയം അവതരിപ്പിച്ചു. മറ്റു പലരും ഈ ഭയത്തെ പിന്തുണക്കുകയും ചെയ്തു. ഒരു യൂത്ത് കൺവെൻഷൻ വേണോ വേണ്ടയോ എന്നതായിരുന്നു ചർച്ച. സംസ്ഥാനത്ത് കരിസ്മാറ്റിക് നവീകരണത്തില്‍  യുവജന ശുശ്രൂഷ ആരംഭിച്ചതിന്റെ ആദ്യകാല ഓർമ്മകള്‍. ഈ തുടക്കമാണ് പിന്നീട് ജീസസ് യൂത്ത് ആയി പരിണമിച്ചത്. 

ഈ ചര്‍ച്ചയുടെ പശ്ചാത്തലം ഇതായിരുന്നു. 1978 മെയ് ആദ്യം,  മുംബൈയിലെ ഫാ. ഫിയോയിൽ നിന്ന് ഒരു കത്ത് വന്നു,  പുതുതായി രൂപീകരിച്ച കേരള കരിസ്മാറ്റിക് ടീം, അവരുടെ ആദ്യപടിയായി, ഒരു വലിയ യുവജന സംഗമം നടത്തണ൦. താമസിയാതെ മുതിർന്ന നേതാക്കള്‍ തൃശ്ശൂരിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. ഞാൻ സൂചിപ്പിച്ചതുപോലെ, അവരിൽ ഭൂരിഭാഗവും ഈ ആശയത്തിന് എതിരായിരുന്നു. ഞങ്ങളിൽ മൂന്നോ നാലോ പേർ മാത്രമേ യുവാക്കളായിട്ടുള്ളൂ, ഞങ്ങളെപോലെയുള്ള മറ്റു യുവാക്കളെ ഒന്നിച്ചു കൊണ്ടുവരാനുള്ള ഞങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം പോലും ഞങ്ങൾക്കില്ലായിരുന്നു. ഏതായാലും പരസ്പരം അടുത്തിരുന്ന് ഞങ്ങള്‍ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 

ഇത്രയുമായപ്പോള്‍ ശാന്തസുന്ദരമായ തന്‍റെ പുഞ്ചിരിയോടെ ജസ്റ്റിൻഅച്ചന്‍ കൈ ഉയർത്തി. "ഈ നല്ല ചെറുപ്പക്കാരെ നോക്കൂ." ഞങ്ങളുടെ ചെറുസംഘത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. "നമുക്ക് അവരെപ്പോലെ നൂറുപേർ ഉണ്ടെങ്കിൽ, അത് എത്ര അത്ഭുതകരമായിരിക്കും." തുടർന്ന് ഫാ.തുരുത്തിമറ്റം സംസാരിച്ചു. "നമ്മുടെ യുവാക്കളെ കുറിച്ച് കർത്താവിന് പ്രത്യേക പദ്ധതിയുണ്ട്, അവരുടെ തീക്ഷ്ണത കര്‍ത്താവ് തീർച്ചയായും ഉപയോഗിക്കും." ആരോ അപ്പോൾ ഒരു നിര്‍ദ്ദേശം വച്ചു, “നമുക്ക് ഒന്ന് പ്രാർത്ഥിക്കാം.” കുറച്ചു നേരം എല്ലാവരും സ്തുതിച്ചു, പിന്നെ ഓരോരുത്തരായി സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ശോഭനമായ ഭാവിയെക്കുറിച്ചും സമൃദ്ധമായ വിളവെടുപ്പിനെക്കുറിച്ചും ഒക്കെ സൂചിപ്പിക്കുന്ന സന്ദേശങ്ങലായിരുന്നു അവ. അതെല്ലാം ഒതുചെര്ത്ത് സി. ക്ലിയോപാട്ര പറഞ്ഞു, "നമ്മുടെ യുവാക്കളെ ഒന്നിച്ചു കൊണ്ടുവരാന്‍ കർത്താവ് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്."

കർത്താവിന്‍റെ ഇടപെടലും കൂട്ടായ്മയിലെ ആ വലിയ മാറ്റവും കണ്ട് ഞങ്ങൾ അനുഭവിച്ച സന്തോഷം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു യൂത്ത് ടീം രൂപീകരിക്കാൻ നിർദ്ദേശം ഉയര്‍ന്നു. ഞങ്ങൾ മൂന്നുപേരെ അതിനായി നിര്‍ദ്ദേശിച്ചു. ഫാ.  ഫിയോ നിർദ്ദേശിച്ച ഒത്തുചേരലിന് കുറഞ്ഞത് നൂറ് യുവാക്കളെയെങ്കിലും ലഭിക്കുമോ എന്ന് നോക്കാൻ എന്നോട് കേരളം മുഴുവന്‍ പോകാൻ അവര്‍ ആവശ്യപ്പെട്ടു.

ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ജീസസ് യൂത്തിന്റെ ചരിത്രത്തിൽ ഒരു സിനഡൽ പ്രക്രിയയിലൂടെ പരിശുദ്ധാത്മാവ് നയിച്ച അനേകം സന്ദർഭങ്ങളിൽ ഒന്നായിരുന്നു ഇത്.

പങ്കാളിത്തം സിനഡലിറ്റിയുടെ താക്കോലാണ്

സാർവത്രിക സഭ ഇപ്പോൾ സിനഡാലിറ്റിയെ പറ്റി ചിന്തിക്കുന്നു. സിനഡ് എന്നാല്‍ ‘ഒരുമിച്ചുള്ള യാത്ര’. സഭ സിനഡൽ ആയിരിക്കണം, അതിനാൽ സഭയുടെയും അതിലെ എല്ലാ സമൂഹങ്ങളുടെയും കാതലായ ചൈതന്യം സിനഡൽ ആകണം. ജീസസ് യൂത്ത് മുന്നേറ്റത്തിന്‍റെ  ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ദൈവാത്മാവ്  സിനഡലിറ്റി നമ്മെ പഠിപ്പിക്കുകയായിരുന്നു എന്നു നാം തിരിച്ചറിയുന്നു.  

സിനഡൽ പ്രക്രിയ ഒരു കൂട്ടായ്മയിലാണ് സംഭവിക്കുന്നത്, അതിന്‍റെ പരിണിതഫലമോ ഒരു പുത്തന്‍ ദൗത്യബോധവും. ഒപ്പം ഇതിന്‍റെ ഹൃദയം പങ്കാളിത്ത സമീപനമാണ്. അങ്ങനെയെങ്കില്‍ എന്താണ് പങ്കാളിത്തം?  ഒരു വിധത്തില്‍ ഏവരുടെയും സജീവ സഹകരണം അല്ലെങ്കിൽ പങ്കുചെര്‍ന്നുള്ള പ്രവര്‍ത്തനമാണ് അത്. ഒരു സമൂഹത്തിലെ പങ്കുചേരലിനെക്കുറിച്ചോ ഒരു കുടുംബത്തിലെ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ ഒരാള്‍ പങ്കുചേരുന്നതിനെ പറ്റിയോ ഒക്കെ നാം സൂചിപ്പിക്കാറുണ്ട്. എന്നാൽ ഏറ്റവും പ്രധാനമായി, പങ്കാളിത്തം എന്നതിനർത്ഥം ആളുകൾക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ ഒരു പങ്കുണ്ട് എന്നാണ്.

ആ ‘മൃദുസ്വരം’ കേള്‍ക്കണം.

രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ, ഏലിയാ പ്രവാചകൻ കർത്താവിനായി കാത്തിരിക്കുന്നു. പക്ഷേ കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അവനെ കണ്ടെത്തുന്നില്ല. മറിച്ച് നിശ്ചലമായ ഒരു മൃദുസ്വരത്തിലാണ് ദൈവം കടന്നുവരുന്നത്. സിനഡൽ പ്രക്രിയയിൽ ഈ സൂചന സുപ്രധാനമാണ്. ഒരു വെല്ലുവിളിയോ പ്രശ്‌നമോ ചോദ്യമോ നേരിടുമ്പോൾ നാം അതിന്‍റെ പരിഹാരമോ കർത്താവിന്‍റെ മാർഗനിർദേശമോ ഒക്കെ തേടി ഒത്തുചേരുന്നു. ഈ മീറ്റിംഗുകളിൽ ഉയര്‍ന്നു കേള്‍ക്കുന്നത് വമ്പന്‍ ആശയങ്ങളും ശക്തമായ വാദമുഖങ്ങളും ഒക്കെയാകാം.  എന്നാല്‍ പലപ്പോഴും മുന്നോട്ടുള്ള വഴി വെളിപ്പെടുന്നത് അപ്രതീക്ഷിതമായ ഇടങ്ങളിൽനിന്ന് മൃദുസ്വരങ്ങളിലൂടെയാകാം. 

പരിശുദ്ധാത്മാവിന്‍റെ ഈ പ്രേരണകളിലേക്ക് എങ്ങനെ നമുക്ക് എത്തിച്ചേരാനാകും? നാം എപ്പോഴും പിന്‍ചെന്ന സുപരിചിത വഴികളില്‍ നിന്ന് 'അവന്‍റെ വഴികളിലേക്കുള്ള'  ഒരുതരം മാനസാന്തരം പ്രധാനമാണ്. ഈ തിരയലിന്‍റെ ഒരു പ്രധാന ഭാഗം എല്ലാവരേയും സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. സൗമ്യരോടും ഒപ്പം ഗ്രൂപ്പിലെ റിബലുകളോടു൦  നമുക്ക് പറയാനുള്ളത് ഇതാണ് ‘മടിക്കേണ്ട, ഹൃദയത്തിലുള്ളത് സംസാരിക്കുക, സാവധാനം പുതിയ പാതകൾ തുറക്കുകട്ടെ’.

കൂട്ടായ്മയിലും ദൗത്യത്തിലും ഉള്ള പങ്കാളിത്തം തുടങ്ങുന്നത് ഇവിടെയാണ് 

‘നേതാക്കന്മാരായ ഞങ്ങൾ പറഞ്ഞുതരാം, നിങ്ങൾ അത് അനുസരിച്ചാല്‍ മതി’ എന്ന മനോഭാവമാണ് കൂട്ടായ്മയുടെയും ദൗത്യബോധവളര്‍ച്ചയുടെയും മുഖ്യ ശത്രു. ഈ മനോഭാവത്തെ 'എലീറ്റിസം, ക്ലറിക്കലിസം' എന്നോക്കെയാണ് സാധാരണ വിളിക്കുന്നത്. സിനഡാലിറ്റിയെക്കുറിച്ചുള്ള വത്തിക്കാന്‍റെ രേഖ ഇപ്രകാരം പറയുന്നു, “സിനഡൽ മനോഭാവത്താല്‍ രൂപപ്പെട്ട ഒരു സഭാമാനസികാവസ്ഥ, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും മിഷനറി ശിഷ്യന്മാരാകാൻ യോഗ്യരും വിളിക്കപ്പെട്ടവരുമാണ്‌ എന്ന അറിവോടെ അവരിലൂടെ വരുന്ന കൃപകളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. . . തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അവരെ [സാധാരണക്കാരെ] അകറ്റി നിർത്തുന്ന അമിതമായ ക്ലെറിക്കല്‍ മനോഭാവത്തില്‍ നിന്ന് വരുന്ന പ്രലോഭനം ഒഴിവാക്കുകയും ചെയ്യുന്നു” (# 104).

സിനഡൽ മനോഭാവമുള്ള നേതൃത്വം ഗ്രൂപ്പിലെ ഓരോരുത്തരുടെയും പങ്കാളിത്തത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നു. ഇത് ഫലപ്രദമായി കൂട്ടായ്മകള്‍ വളരാനും  മിഷനറി ശിഷ്യര്‍ക്ക് രൂപംകൊടുക്കാനും ഇടയാകുകയും ചെയ്യുന്നു. ഇതാണ് ജീസസ് യൂത്തിലെ മിഷനറി ചൈതന്യത്തിന്‍റെ രഹസ്യം. എന്നാൽ ഈ പ്രക്രിയയുടെ തുടക്കം എവിടെയാണ്? എല്ലാവരുടെയും ആശയങ്ങളും അഭിപ്രായങ്ങളും തേടുകയും ഗ്രൂപ്പിൽ അവ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും പ്രോത്സാഹനവും നൽകുകയും ചെയ്തുകൊണ്ട് പങ്കാളിത്തരീതിയില്‍ തീരുമാനങ്ങൾ എടുക്കുന്നതാണ്‌ വളര്‍ച്ചയുടെ നല്ല പാത. 

ബഹുമാനത്തോടെയും സ്നേഹത്തോടെയും

കോളേജ് പഠനകാല തുടക്കത്തില്‍ തന്നെ എന്‍റെ ജീസസ് യൂത്ത് യാത്ര ആരംഭിച്ചു. 'സിനഡാലിറ്റി' എന്ന വാക്ക് അന്നൊന്നും ഞങ്ങൾ കേട്ടിട്ടില്ല,. എങ്കിലും ഞങ്ങൾക്ക് ഒത്തുകൂടാനും കർത്താവിന്റെ ഇഷ്ടം അന്വേഷിക്കാനും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കാനും നിരവധി അവസരങ്ങൾ അന്നുതന്നെ ഞങ്ങള്‍ക്ക് ലഭിച്ചു. ഏറെ വിദഗ്ദരായ നേത്രുനിരയിലുള്ളവരുടെ ഇടയില്‍ ഇരുന്നു ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം അനുഭവക്കുറവിനെ ക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ, മാറ്റത്തിനായി അക്ഷമനാകുന്നതിൽ നിന്ന് അതൊന്നും എന്നെ തടഞ്ഞില്ല എന്നും ഞാന്‍ ഓര്‍ക്കുന്നു. ചുറ്റുമുള്ള വലിയവര്‍ വിനയപൂർവ്വം എന്‍റെ അഭിപ്രായങ്ങൾ മാന്യമായി ചോദിക്കുകയും അപക്വമായ ആശയങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു എന്നതാണ് എനിക്കു ലഭിച്ച വലിയ അനുഗ്രഹം. ഇത് എന്നെ വളര്‍ത്താനും അടുത്ത ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഏറെ സഹായിച്ചു. ദൗത്യ വെല്ലുവിളികള്‍ ഏറ്റെടുക്കാൻ അതെല്ലാം എന്നെ പ്രാപ്തനാക്കുകയും ചെയ്തു. ചുരുക്കത്തിൽ, ഈ പങ്കാളിത്ത മനോഭാവമാണ് സിനഡൽ പ്രക്രിയയുടെ കാതൽ.

1978ലെ ചര്‍ച്ചാവേദി യുവാക്കൾക്ക് ഒരവസരം നൽകാൻ തീരുമാനമെടുത്തു. നൂറു യുവാക്കളെ ഒരുമിച്ചുകൂട്ടാൻ കഴിഞ്ഞാൽ ആ വർഷം അവസാനം പരിപാടിആകാം എന്നായിരുന്നു വ്യവസ്ഥ. തുടര്‍ന്ന്‍ യുവജന കൂട്ടായ്മകളെ കണ്ട് കൂടിയാലോചന നടത്താന്‍ എന്നെ ചുമതലപ്പെടുത്തി, എന്‍റെ യാത്രയ്‌ക്കായി 500 രൂപയും നീക്കിവച്ചു. ഇതിന്‍റെയൊക്കെ ഫലം അവിശ്വസനീയമായിരുന്നു: തുടർന്നുള്ള ആറ് മാസങ്ങള്‍ കൊണ്ട് ഞങ്ങൾക്ക് നൂറുകണക്കിന് യുവാക്കളുടെ ഒരു ശൃംഖല സൃഷ്ടിക്കാൻ കഴിഞ്ഞു. ആ ഡിസംബറിലെ സമ്മേളനത്തിന് നൂറല്ല എണ്ണൂറോളം യുവാക്കൾ എത്തുകയും ചെയ്തു. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)