നമുക്ക് ഈ ‘പ്രോജക്റ്റ് മനോഭാവം’ വേണമോ? (MJYR108)
നമുക്ക് ഈ ‘പ്രോജക്റ്റ് മനോഭാവം’ വേണമോ?
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
“ക്ഷമിക്കണം! ഇത് സംസാരിക്കാൻ പറ്റുന്ന സമയമാണോ?” ഉച്ചകഴിഞ്ഞ് 4.30. ആ പെൺകുട്ടി ഫോണിൽ ഇത്ര വിഷമത്തോടെ ചോദിച്ചപ്പോൾ ഞാൻ ആദ്യം അതിശയിച്ചു. പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത്, ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് വിളി വന്നത്. അങ്ങനെ ഇതാദ്യം. ഒരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു, കുറച്ച് സമയത്തിനിടെ ആ കുട്ടി പലപ്രാവശ്യം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവളുടെ സമയം അപ്പോൾ പുലർച്ചെ രണ്ട് മണി. "നമ്മൾ പരിചയപ്പെട്ടിട്ടുണ്ടോ?" ഓ അതെ. താമസിയാതെ എന്റെ ഓർമ്മയിൽ തെളിഞ്ഞു, ഒരു ജീസസ് യൂത്ത് പരിശീലന പരിപാടി കഴിഞ്ഞ് വർഷങ്ങൾക്ക് മുൻപ് കുറച്ചുനേരം ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.
ആ കുട്ടി ഏറെ കലുഷിതമായ മാനസികാവസ്ഥയിലാണെന്ന് പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി. സംസാരിക്കാൻ ആരുമില്ല. അചിന്തനീയമായത് ചെയ്യണമെന്ന് കരുതി. എങ്ങനെയോ ഫോൺ കയ്യിൽ എടുത്തപ്പോൾ എന്നെ ഓൺലൈനിൽ കണ്ടു. ആദ്യം അസമയത്ത് വിളിക്കാൻ ഏറെ മടിച്ചു. പിന്നീട് എങ്ങനെയോ ഡയൽ ചെയ്തു. “കർത്താവിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്.” തുടർന്ന് ഏറെ നേരം ഞങ്ങൾ സംസാരിച്ചു. ഒരുപാട് പ്രശ്നങ്ങൾ. വിവാഹം കഴിഞ്ഞുള്ള കുറെ അസ്വസ്ഥതകൾ, ഇപ്പോൾ ആറുമാസം ഗർഭിണി ഭർത്താവു ദൂരെ. “ജീസസ് യൂത്തിൽ ഞാൻ വളരെ സജീവമായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറെ മനോഹരമായ സമയം. എന്നാൽ കുറച്ച് സമയം ചിലവഴിക്കാനും ഒന്ന് സംസാരിക്കാനും ഇപ്പോൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ! പോയി എന്തെങ്കിലും എനിക്ക് വാങ്ങി തരാൻ പോലും ആരുമില്ല. വലിയൊരു ഏകാന്തതയാണ്.”
ഉത്സവമേളം കഴിയുമ്പോൾ
ആ പെൺകുട്ടിയുടെ അവസ്ഥ എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു ജീസസ് യൂത്ത് ശുശ്രൂഷയിലും കൂട്ടായ്മയിലും ഒക്കെ അവൾ ഏറെ സജീവമായിരുന്നു. ഇടവകയിലും ഏറെ പ്രവർത്തിച്ചു. അവൾ ഇപ്പോൾ താമസിക്കുന്നത് നേതൃ നിരയിലെ കുറെ പേർ ഉള്ള പ്രദേശത്തുമാണ്. ധാരാളം ജീസസ് യൂത്ത് സുഹൃത്തുക്കൾ ഉണ്ടായിരുന്ന ആ കുട്ടിക്ക് ഈ “മരണത്തിന്റെ നിഴൽവീണ താഴ് വരയിലൂടെ നടക്കുന്ന” നേരത്ത് ഒന്ന് സഹായത്തിനെത്താൻ ആരുമില്ല. ആ സമയത്ത് ഒരു അത്ഭുതം അവളെ നയിച്ചില്ലായിരുന്നെങ്കിൽ അരുതാത്തത് എന്തെങ്കിലും അവൾ ചെയ്തു പോയേനെ.
തനിയെ ആകുക നമുക്കാർക്കും പുത്തരിയല്ല. ഒരു വലിയ പരിപാടി കഴിയുമ്പോൾ അല്ലെങ്കിൽ ഹൃദ്യമായ ഒരു ഒത്തുചേരൽ കഴിയുമ്പോൾ, ഒരു ശൂന്യത അനുഭവപ്പെടാം. എന്നിരുന്നാലും, ഒരു സ്നേഹ സാമീപ്യം നമ്മെ അനുഗമിക്കും. എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന ചിലരുടെയെങ്കിലും അദൃശ്യ സാമീപ്യം ഞാൻ തനിയെ നടക്കുമ്പോഴും എന്നെ പിന്തുടരും. ഇതാണ് സജീവ കൂട്ടായ്മയുടെ അനുഭവം. ഇത്തരം സജീവ കൂട്ടായ്മയുടെ തുടരുന്ന അനുഭവമല്ലേ ദൈവ സ്നേഹവും, അവിടുത്തെ നിരന്തര സാമീപ്യവും നമ്മിൽ സജീവമാകുന്നത്? ഇന്ന് മിക്കവരും “ആൾക്കൂട്ടത്തിൽ തനിയെ” ആണെന്ന് പറയാറുണ്ടല്ലോ. എന്നാൽ അനുഭവ സമ്പന്നമായ ക്രൈസ്തവ ജീവിതം എന്നാൽ, ‘ഞാൻ തനിയെ ആണെങ്കിലും സ്നേഹത്താൽ പൊതിയപ്പെടുന്നു’ എന്നതാണ്. പങ്കുവയ്ക്കപ്പെടുന്ന ഒരു സ്നേഹ ശൃംഖലയുടെ ഭാഗമാകുമ്പോൾ ദൈവത്തിന്റെ കരം ഞാൻ നേരെ കാണാൻ ഇടവരുന്നു. ആ സ്നേഹം അദൃശ്യമാണോ? അല്ല, ഒരു ഫോൺ വിളിയും, ഒരു സമ്മാനവും, കുറച്ച് ഭക്ഷണവും, ഒരു സന്ദർശനവും ഒക്കെയാണ് ആ സ്നേഹത്തിന്റെ “വചനം മാംസമാകുന്ന’ രീതി. ജീസസ് യൂത്തിന്റെ ലക്ഷ്യം ഈ ദൈവരാജ്യാനുഭവം കെട്ടിപ്പടുക്കുകയല്ല?
കഴിഞ്ഞ ആഴ്‌ച ജോസിന്റെ ഒരു അപ്രതീക്ഷിതമായ സന്ദേശം: “സഹോദരാ, നമ്മൾ ഒരു പ്രസ്ഥാനമായോ?” അത് ചങ്കിൽ കുത്തുന്ന വാക്കുകളായിരുന്നു. ജീസസ് യൂത്ത് വിപുലമായ ഒരു പ്രോജക്റ്റ് ആകുകയാണോ? നമ്മുടെ ആദ്യ പ്രണയം നഷ്ടപ്പെട്ടോ? 1980 കളുടെ തുടക്കത്തിൽ ഞങ്ങൾ ഫസ്റ്റ് ലൈൻ ഗ്രൂപ്പിൽ ഒത്തുകൂടുമ്പോൾ, ചർച്ചകളിൽ ആവർത്തിച്ച ഒരു വിഷയം ഇതായിരുന്നു, ഇന്ന് കാണുന്ന യുവജന സംഘടനകളെ അനുകരിക്കലാണോ നമ്മുടെ വഴി? മിക്കവാറും പരിപാടികൾക്കും പദ്ധതികൾക്കും പിന്നാലെ അവ പരക്കം പായുന്നു. യുവാക്കളുടെ ഹൃദയാഭിലാഷങ്ങൾക്ക് ആ വഴിയിൽ ഒരിടവുമില്ല. നമുക്കൊന്നിച്ച് ദൈവസ്നേഹത്തിൽ പ്രചോദിതമായി ചെറുതെങ്കിലും വ്യത്യസ്തമായ ഒരു വഴി തെളിക്കണം. കർത്താവിൻ്റെയും യുവജനങ്ങളുടെയും ഹൃദയാഭിലാഷങ്ങളോട് പ്രതികരിക്കുന്ന എന്തെങ്കിലുമൊക്കെ ആകണം അത്.
പദ്ധതികളുടെ ദുരന്തം
അടുത്തിടെ കേരളത്തിൽ വലിയ ഒരു വെള്ളപ്പൊക്കമുണ്ടായി. അതിനുശേഷം പൊതുമാധ്യമങ്ങളിൽ വലിയ ചർച്ച പുനർനിർമാണത്തിനും പുനരധിവാസത്തിനുമുള്ള ധനസമാഹരണത്തെക്കുറിച്ചായിരുന്നു. നാമെല്ലാവരും സംഭാവന നൽകേണ്ടതുണ്ട്. പക്ഷെ നമ്മുടെ പണം ആർക്ക് കൊടുക്കണം. പണം സർക്കാർ പദ്ധതികൾക്ക് നൽകിയാൽ അത് സംവിധാനങ്ങൾ തിന്നുകളയും, കാര്യമായി ഒന്നും ജനങ്ങളിലേക്കെത്തുകയില്ല. ഒരുപക്ഷേ ഇത് എല്ലാ സാമൂഹ്യ സേവന പദ്ധതികൾക്കും എതിരായ പരാതിയാണ്. മിക്ക വിഭവങ്ങളും വ്യവസ്ഥിതി തിന്നുതീർക്കുന്നു, അത് ഒരിക്കലും പാവപ്പെട്ടവരിലേക്ക് എത്തുന്നില്ല.
ഒരു തരത്തിൽ പറഞ്ഞാൽ, മറ്റ് മിക്ക മേഖലകളിലും, യുവജന ശുശ്രൂഷയിലും ഇതൊക്കെയല്ലേ യാഥാർത്ഥ്യം. യുവാക്കളെ സ്നേഹിക്കാൻ നാം ടീമുകളും പദ്ധതികളും മെനയുന്നു; പക്ഷേ ഏറെ ശ്രദ്ധയും ഊർജ്ജവും ഈ സംവിധാനങ്ങളിൽ ചെലവീടുന്നു, യുവാക്കളെ മറക്കുകയും ചെയ്യുന്നു. ഒരുപാട് നല്ല ആളുകൾ ഏതെങ്കിലും ടീമിൻ്റെ ഭാഗമാകാനും സംഘടനാ സംവിധാനങ്ങളിൽ ഏർപ്പെടാനും മടിക്കുന്നതിൽ അതിശയിക്കാനില്ല.
ഞാൻ കേട്ട ഒരു പരാമർശം, “ഒരു നേതാവിൽ നിന്ന് ഫോൺ വിളി വരുമ്പോൾ, അത് എന്തെങ്കിലും പ്രോഗ്രാമിനെയോ ഞാൻ ചെയ്യേണ്ട കാര്യത്തെക്കുറച്ചു സംസാരിക്കാനോ ആയിരിക്കും. ഒരിക്കലും എന്നോടുള്ള സ്നേഹം കൊണ്ടാവില്ല. എന്റെ വിശേഷം ആരാഞ്ഞാൽ അത് ഒരാമുഖം മാത്രമാകും.
നമ്മൾ പറഞ്ഞേക്കാം, “എല്ലാവരെയും വിളിച്ച് നിങ്ങൾക്ക് സുഖമാണോ എന്ന് ചോദിച്ച് ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്നാൽ മറുവശത്ത്, ചില ആവശ്യങ്ങൾ നിറവേറ്റാൻ, ഉപയോഗപ്രദമായ ഒരു വസ്തുവായി മാത്രം എന്നെ കാണുന്നുവെങ്കിൽ, സാവധാനത്തിൽ ഉപയോഗിച്ച് തള്ളപ്പെടുന്നു എന്ന തോന്നൽ വളരുന്നവരും. അത് വേദനാജനകമാണ്.
സ്നേഹം മാംസരക്തങ്ങളായി അവതരിക്കണം
ബൈബിളിലെ ഊഷ്മ ബന്ധങ്ങളുടെ വിവരണങ്ങൾ കാണാതെ, വലിയ ദൈവീക കാര്യങ്ങൾ മാത്രം നാം ശ്രദ്ധിക്കുന്നു എന്നത് ഏറെ വിചിത്രമാണ്. വി. പൗലോസ് സഭകൾക്കെഴുതുമ്പോൾ മിക്കവാറും തന്റെ നല്ല സുഹൃത്തുക്കളെയും വ്യക്തിപരമായി അഭിസംബോധന ചെയ്യുകയും അവരെ പറ്റി സൂചിപ്പിക്കുകയും ചെയ്യുന്നത് കാണാം. റോമർ 16 ലൂടെ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ അത്തരം ആളുകളുടെ പെരുവിളിച്ചുള്ള ഒരു ലുത്തനിയതന്നെ അവിടെ കാണാം. സുവിശേഷങ്ങളിൽ യേശുവിൻ്റെ ഹൃദ്യമായ സംഭാഷണങ്ങളും ഭവന സന്ദർശനങ്ങളും നമുക്ക് നന്നായി അറിയാം. പൂർണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുക എന്നതാണ് ആദ്യത്തെ കൽപ്പന (മർക്കോസ് 12:30). അടുത്തതായി പൂർണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ ചുറ്റുമുള്ളവരെയും സ്നേഹിക്കണമെന്ന് യേശു ആഗ്രഹിക്കുന്നുവെന്നത് ഉറപ്പാണ്. കുറഞ്ഞപക്ഷം അവൻ അത് ചെയ്തു, അവൻ്റെ എല്ലാ നല്ല ശിഷ്യരും അത് ചെയ്യുന്നു. "സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല" (യോഹ 15:13) എന്നാണല്ലോ.
നിർഭാഗ്യവശാൽ, നമ്മുടെ കുടുംബങ്ങളും ഗ്രൂപ്പുകളും ക്രമേണ യന്ത്രങ്ങൾ പോലെയാകുന്നു, ആചാരങ്ങളുടെയും പതിവുകളുടെയും ബുൾഡോസറിന് കീഴിൽ ആളുകൾ ചവിട്ടിമെതിക്കപ്പെടുകയും സന്തോഷവും സ്നേഹവും പതുക്കെ മരിക്കുകയും ചെയ്യുന്നു. എന്നാൽ യേശുവിൻ്റെ രാജ്യം സ്‌നേഹവും സന്തോഷവുമാണ്. അപ്പോൾ നമ്മുടെ രീതികൾ എങ്ങനെയാകണം? കുടുംബങ്ങളിലും ഗ്രൂപ്പുകളിലും വിശാലമായ സഭയിലും മൂന്ന് പ്രധാന ഘടകങ്ങളുടെ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം: ഓരോ വ്യക്തിയും എവിടെയാണെന്ന് പരിശോധിക്കണം, കൂട്ടായ്മ ആഘോഷിക്കണം, ദൈവരാജ്യ വരവിനായി അദ്ധ്വാനിക്കണം.
സംഘടനയും പദ്ധതികളും മോശമാണോ? ചിട്ടയും അച്ചടക്കവും ഉപേക്ഷിക്കണമോ? തീർച്ചയായും വേണ്ട. ശരിയായ സമീപനം എന്തായിരിക്കണം? ഭാവി മുന്നിൽ കണ്ട് കാര്യങ്ങൾ ക്രമീകരിക്കണം വ്യക്തതയോടെ പദ്ധതികൾ ഒരുക്കണം, ഒപ്പം വ്യക്തികളെ മറക്കുന്നില്ലെന്നും ബന്ധങ്ങൾ ഊഷ്മളതയിൽ വളരുമെന്നും ഉറപ്പുവരുത്തണം.
ആ പെൺകുട്ടിയുടെ വിശേഷം ഞാൻ സൂചിപ്പിച്ചു. ഒരു മിനിസ്ട്രി ഒത്തുചേരലിലാണ് ഞാൻ അവളെ പരിചയപ്പെട്ടത്. യുവാക്കൾക്കായി ഏറെ നല്ല കാര്യങ്ങൾ ഒരുക്കാനുള്ള യുവ നേതാക്കളുടെ ആഹ്ലാദകരമായ ഒത്തുചേരലായിരുന്നു അത്. ആ ശുശ്രൂഷ ഇപ്പോൾ മനോഹരമായ കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ, നിർഭാഗ്യവശാൽ, അതിവേഗം പായുന്ന ആ മിനിസ്ട്രി-എക്‌സ്‌പ്രസ്-ട്രെയിനിൽ നിന്ന് താഴെ വീണ അവളെപ്പോലുള്ളവരെക്കുറിച്ച് ഓർക്കാൻ ആരുമില്ലാതെ പോയി. “സാബത്ത് മനുഷ്യനുവേണ്ടിയാണ്” (മർക്കോസ് 2:27) എന്നത് നാം ഇനിയും മറക്കുന്നു. പഴയ സ്നേഹിതർ തനിയെ ആകുമ്പോൾ അവർ നോക്കെത്താ ദൂരത്താകുന്നു എന്നത് എങ്ങനെയോ ഏറെ ഭീതിജനകമാണ്.
Comments
Post a Comment