പുറപ്പെട്ടുപോകുന്ന യുവത്വവും ജീസസ് യൂത്തും (MJYR057)

 പുറപ്പെട്ടുപോകുന്ന യുവത്വവും ജീസസ് യൂത്തും 

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

വീട്ടിൽ നിന്ന് പുറപ്പെട്ടുപോകലും ഒളിച്ചോട്ടവുമൊക്കെയായിരുന്നു ചർച്ചാ വിഷയം. "എന്റെ സഹോദരങ്ങൾ മൂന്നുപേർ, കരണവന്മാരുമായി ഏറ്റുമുട്ടി എപ്പോഴെങ്കിലും ഒക്കെ പുറപ്പെട്ടു പോയിട്ടുണ്ട്". അപ്പോൾ എന്തേ നിങ്ങൾ ഒളിച്ചോടി പോയില്ല? "അതിന് ജീസസ് യൂത്താണ് എന്നെ സഹായിച്ചത്. ഞാനും പുറപ്പെട്ടുപോയി, ഒരുവിധത്തിൽ എൻറെ സഹോദരങ്ങളെക്കാളും അധികം. പക്ഷേ, ഈ പേരിലായതുകാരണം ആർക്കും അതിൽ വിഷമം തോന്നിയില്ല എന്നു മാത്രം.

പുറപ്പെട്ടുപോകലിന്റെ പുഷ് - പുൾ ഫാക്ടറുകൾ  

വീടുകളിൽ നിന്നുള്ള കുട്ടികളുടെ പുറപ്പെട്ടുപോകൽ കൂടുതൽ  ഇക്കാലത്താണോ അതോ രണ്ടു തലമുറകൾക്ക് അപ്പുറത്തതായിരുന്നോ എന്നത് ചർച്ച ചെയ്യപ്പെടാവുന്ന കാര്യമാണ്. പഴയൊരു കാലത്ത് ഏതാണ്ട് എല്ലാവീടുകളിലും ആൺകുട്ടികൾ വഴക്കിട്ട് പോയിട്ടുണ്ടാകും. അങ്ങനെ വിദൂരങ്ങളിൽ പോയി രക്ഷപെട്ട അനേകരുടെ കഥകളും കേട്ടിട്ടുണ്ട്. ഇന്ന് അത്തരം സംഭവങ്ങൾക്ക് കുറവു വന്നിട്ടുണ്ട് എന്നാണ് വ്യക്തിപരമായ അനുഭവം. എങ്കിലും സർക്കാർ കണക്കുകൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഓരോ വർഷവും കാണാതായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ വര്ഷം കേരളത്തിൽ അത് 2400 ഓളം ആയിരുന്നത്രേ. അതിൽ പകുതിയിൽ താഴെ പെൺകുട്ടികൾ. അത് വർദ്ധിക്കുമെന്നാണ് എല്ലാ സൂചനകളും. അതേപ്പറ്റി പോലീസിന്റെ ആശ്വാസ വാക്കുകളും കേട്ടു, ഇതിൽ 98 ശതമാനവും തിരിച്ചെത്തുന്നുണ്ടത്രേ.

പക്ഷെ ഒരു ചോദ്യമുയരുന്നു, യുവത്വത്തെ വീട്ടിൽ നിന്ന് തള്ളിവിടുന്ന അല്ലെങ്കിൽ പുറത്തേയ്ക്ക് ആകർഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

1. ഭവനാന്തരീക്ഷം: അത് സംഘര്ഷഭരിതമാകാം, അല്ലെങ്കിൽ അസ്വസ്ഥത നിറയുന്നതെന്ന് ഒരാൾക്ക് തോന്നുന്നതുമാകാം 

2. സ്വാതന്ത്ര്യം ആവശ്യം തന്നെ: വളരായും, പടരാനും, പുത്തൻ അനുഭവങ്ങൾ നേടാനും വേണ്ടിയുള്ള സമയമാണല്ലോ യുവത്വം 

3. അക്കരെപ്പച്ച: സ്വന്ത നാടും വീടും ഒഴിച്ച് എവിടേയും മനോഹരം എന്ന് ആ പ്രായത്തിൽ തോന്നുകയും ചെയ്യുമല്ലോ.

4. ആന്തരീക സംഘർഷ൦: വളർച്ചയുടെ ഓരോ ഘട്ടവും ഒരാൾക്ക് സ്വന്തമായി പോലും എളുപ്പത്തിൽ മനസിലാകാത്ത വലിയ മാനസിക പിരിമുറുക്കത്തിന്റെ അനുഭവമാകാമല്ലോ

5. ആകർഷകമായ ബന്ധങ്ങൾ: എന്നെ അംഗീകരിക്കുന്ന, മനസിലാക്കുന്ന ബന്ധങ്ങൾക്കു മുൻപിൽ എന്ത് പണയപ്പെടുത്താനും യുവത്വം തയ്യാറാകുകയും ചെയ്യും.

പഴയ പുറപ്പെട്ടുപോകൽ കുറയുന്നിടത്തും വീട്ടിലെ ബന്ധങ്ങളിൽ നിന്ന് ഗാഢ സുഹൃദ് വലയങ്ങളിലേയ്ക്കും ആസക്തികളിലേയ്ക്കും രക്ഷപെടുന്നവരും അതുപോലെ  സ്വന്ത മുറികളിലേയ്ക്കും സമൂഹമാധ്യമങ്ങളിലേയ്ക്കും പിൻവലിയുന്നവരും ഇന്ന് ഏറെ വർദ്ധിക്കുന്നു എന്നത് മറ്റൊരു വലിയ യാഥാർഥ്യം.

യുവത്വ മാതൃകയും പുറപ്പെട്ടുപോക്കും 

പാപ്പാ ഫ്രാൻസിസ് യേശുവിന്റെ യുവത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കാര്യങ്ങൾ രസകരമാണ്: "വാസ്തവത്തിൽ മറിയവും ജോസഫുമൊത്ത് സങ്കുചിതവും, ശ്വാസം മുട്ടുന്നതുമായ ഒരു ബന്ധത്തിലല്ല ഈശോ വളര്ന്നുവന്നത്. . . ഒരു ദിവസം മുഴുവനും കണ്ടില്ലെങ്കിലും, നടന്നുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ അവനുണ്ടാകുമെന്ന് (അവർ ചിന്തിച്ചു). സ്വതന്ത്രമായി ചരിക്കാനും മറ്റുള്ളവരുടെ കൂടെ യാത്രചെയ്യാനും സാധ്യമാകുമാറ്  അവിടുത്തെ മാതാപിതാക്കൾ അവനിൽ വിശ്വാസമർപ്പിച്ചിരുന്നു" (ക്രിസ്തു ജീവിക്കുന്നു, 29). 

യേശു വീട്ടിൽനിന്ന് പുറപ്പെട്ടു പോയവൻ ആയിരുന്നെന്നു മാത്രമല്ല അനേകരെ ഇറക്കികൊണ്ടു പോന്നവനും ആയിരുന്നു എന്നതാണ് രസകരമായ കാര്യം. അതും പോരാതെ പുറപ്പെട്ടു പോകാനായിരുന്നു അവിടുത്തെ വിടവാങ്ങൽ ആഹ്വാനം എൻ്റെ കാര്യങ്ങൾ പറയാൻ ദൂര ദൂരങ്ങളിലേയ്ക്ക് പോകുക എന്നായിരുന്ന തന്റെ വിടവാങ്ങൽ സന്ദേശം.

ജീസസ് യൂത്ത് പുറപ്പെട്ടുപോകലിന്റെ സുന്ദര പാത 

"ജീവിതത്തിൽ ആദ്യമായി വീട്ടിൽ നിന്ന് മാറി അന്തിയുറങ്ങുന്ന എത്രപേരുണ്ടിവിടെ?" കൗമാരപ്രായക്കാർക്കുള്ള ജീസസ് യൂത്ത് ക്യാമ്പുകളിൽ ചെല്ലുമ്പോൾ ഞാൻ ചോദിക്കാറുണ്ട്". അറുപതു ശതമാനം പേരെങ്കിലും കൈയ്യുയര്ത്തും. " വീട്ടിൽ മാറിനിൽക്കാൻ വിഷമമുണ്ടോ?" പലരും പ്രതികരിക്കും ഞങ്ങൾക്ക് സന്തോഷമാണ്, പക്ഷേ അച്ഛനും അമ്മയും ഇന്ന് ഉറങ്ങില്ല.   

ലളിതമാക്കി പറഞ്ഞാൽ പുറപ്പെട്ടു പോകലിന്റെ അപകടം കുറഞ്ഞ വഴിയല്ലേ ഈ ജീസസ് യൂത്ത്? വളർന്നു വരുമ്പോൾ ഈ കെട്ടുപാടിൽ നിന്ന് ഒന്ന് പുറത്തു പോകണം എന്ന് തോന്നും. കരണവന്മാരുടെയും അദ്ധ്യാപകരുടെയും ഉപദേശവും മേൽനോട്ടവും ഇല്ലാത്ത ഒരിടത്ത് ഒന്ന് 'മേയണം' എന്നു തോന്നും. അതിൽ എന്താ തെറ്റ്? അത് വലിയ കുഴപ്പമില്ലാത്തിടത്തായാൽ അതല്ലേ നല്ലത്? 

മുന്നേറ്റ വളർച്ചയുടെ ആദ്യകാലങ്ങൾ ഓർക്കുന്നു. നേതൃസംഗമങ്ങൾ എല്ലാം എറണാകുളത്ത്. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് ചെറുപ്പക്കാർ നീണ്ട യാത്ര ചെയ്തെത്തും. "ആദ്യമായി എൻ്റെ നാടിനു പുറത്ത് യാത്ര ചെയ്തത് അന്നാണ്". "ഫാഷൻ ഉടുപ്പിട്ടവരെ, ഇംഗ്ലീഷ് പറയുന്നവരെ ആദ്യം കണ്ടത് അവിടെയാണ്". തിരിച്ചു ചെന്നപ്പോൾ പട്ടണം കണ്ട അവനും അവളും വലിയ നേതാവായി എന്നത് അതിൻ്റെ മറുപുറം. ഒന്ന് അന്വേഷിച്ച് കുഴപ്പമില്ല എന്നു ബോധ്യമായപ്പോൾ  ഈ 'പുറപ്പെട്ടുപോകലിന്' അപ്പനും അമ്മയ്ക്കും നാട്ടുകാർക്കും വലിയ എതിർപ്പും ഇല്ല.  

പുറപ്പെട്ടു പോകാൻ തന്നെയാണ് യേശുവിനെ പോലെ പാപ്പയും യുവത്വത്തോടു പറയുന്നത്, "പ്രിയപ്പെട്ട യുവജനങ്ങളെ, നിങ്ങളുടെ യുവത്വത്തിന്റെ ഈ ദിനങ്ങൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തുക. . . . ജീവിക്കുക! ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം നിങ്ങൾക്കുതന്നെ നൽകുക! കൂടിന്റെ വാതിൽതുറന്ന് പുറത്തേക്കുപോയി പറക്കുവിൻ! ദയവായി നേരത്തെ വിശ്രമിക്കരുത്." (ക്രി. ജീ, 143). ഇതല്ലേ ജീസസ് യൂത്ത് ഇന്നത്തെ യുവജനത്തിനു വച്ചുനീട്ടുന്നത്? ഇതല്ലേ അവർക്കും വേണ്ടത്?


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)