പ്രാർത്ഥനാ സൗന്ദര്യമാണ് ജീസസ് യൂത്ത് ജീവരക്തം (MJYR056)

 പ്രാർത്ഥനാ സൗന്ദര്യമാണ് ജീസസ് യൂത്ത് ജീവരക്തം  

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

"ഒന്നു നിർത്തിയേ!" ശാന്തമായി, എന്നാൽ വ്യക്തതയോടെ അച്ചൻ പറഞ്ഞതോടെ ആ കലപില പെട്ടെന്നു നിലച്ചു. എല്ലാവരും അരൂപിയിൽ ഗാനാലാപനം നടത്തുകയായിരുന്നെങ്കിലും, കേൾവിക്കാർക്ക് ഏറെ അരോചകമായിരുന്നു അത്. സങ്കിർത്തനം ഉദ്ദരിച്ചാണ് ജീനോ അച്ചൻ സംസാരിച്ചത്, 'കർത്താവിന് ആനന്ദഗീതം ഉയർത്തുക' എന്നതാണ് ആത്മാവിലുള്ള ഗാനാലാപനം. അത് സുന്ദരമാകണം, അവജ്ഞ ഉണർത്തുന്ന കലപില ആകരുത്. ഒന്നു കോറിന്ത്യരിലെ രണ്ട് ഉദ്ധരണികളും അദ്ദേഹം സൂചിപ്പിച്ചു. "പ്രവാചകരുടെ ആത്മാവ് പ്രവാചകർക്ക് വിധേയനാണ്" (32), "ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്" (33).  ഏത് ഗ്രൂപ്പിനും കുറച്ചൊന്നു മനസ്സിരുത്തിയാൽ ഏറെ സുന്ദരമായി പ്രാർത്ഥിക്കാനും പാടാനുമാകും, മറിച്ചായാൽ അത് വെറുപ്പിക്കുന്ന ശബ്ദമലിനീകരണ൦ ആകുകയും ചെയ്യും. 

നൂറോളം പേർ പങ്കെടുത്ത 1982 ലെ ഒരു ആദ്യ നേതൃ പരിശീലനത്തിനിടെ ആയിരുന്നു  ഇത്. വ്യത്യസ്ഥ ധ്യാന പ്രഘോഷകരുടെ ശൈലിയിൽ നവീകരാനുഭവത്തിൽ വന്നവർ. ആദ്യ ദിനത്തിൽ തന്നെ എല്ലാവരും ഒരു കാര്യംമനസിലാക്കി, കുറെയെല്ലാം ക്രമവും ഭംഗിയും ഇവിടെ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് പ്രാർത്ഥനാ ശൈലിയിൽ. അത് നല്ല കാര്യമായി, എല്ലാവരും ഏറെ സുന്ദരമായി പ്രാർത്ഥിക്കാനും അരൂപിയിൽ പാടാനും തുടങ്ങി.

ക്രമവും ഭംഗിയും ആഗ്രഹിച്ച് 

നല്ലൊരു പ്രാർത്ഥനാ കൂട്ടായ്മ ഉണ്ടാകണമെങ്കിൽ ചിട്ടയായും സുന്ദരമായും എല്ലാം ചെയ്യണം എന്ന് ബോധപൂർവ്വം തീരുമാനിക്കണം. ജീസസ് യൂത്തിൽ പ്രാർത്ഥന സുപ്രധാനമാണ്, ഒപ്പം എപ്രകാരം പ്രാർത്ഥിക്കുന്നു എന്നതും. "ഒരു ഗ്രൂപ്പിൻറെ പ്രാർത്ഥനാ ശൈലി ശ്രദ്ധിക്കുക, അതിൽനിന്ന് ദൈവം ആരെന്ന അവരുടെ ബോധ്യങ്ങളും, പിൻചെല്ലുന്ന ആദ്യാത്മികതയും തിരിച്ചറിയാം". വി. പൗലോസ് പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എടുത്തുപറയുന്നപോലെ കൃത്യമായ പരിശീലനം തരുന്ന മുതിർന്നവർ ഉണ്ടായത് ഞങ്ങൾക്കെല്ലാം ഏറെ സഹായകമായി.

മാർസലീനോ അച്ചൻ പറയുമായിരുന്നു, "രണ്ടു ചെവിയുണ്ടല്ലോ. അരൂപിയിൽ പാടുമ്പോൾ ഒരു ചെവി ഹൃദയത്തിൽ സുന്ദര ഗീതങ്ങൾ ഉണർത്തുന്ന ആത്മാവിനു കൊടുക്കണം, മറ്റേത് ക്രിസ്തു ശരീരത്തിന്, അതായത് ചുറ്റുപാടുമുള്ളവർക്ക്. ഈണത്തിൽ മറ്റുള്ളവരോട് ലയിച്ചു ചേർന്ന് പാടിസ്തുതിക്കണം." അങ്ങനെ അന്നെല്ലാം നല്ല പരിശീലന വേളകൾ ഉണ്ടാകുമായിരുന്നു, ഉള്ളിനു ചെവികൊടുക്കാനും സ്നേഹത്തോടെ ഒത്തുപാടാനും. പക്ഷെ ചിലരെങ്കിലും അതിനിടെ അപസ്വരമുണ്ടാക്കും, 'ഒന്നു ശ്രദ്ധിക്കണം" എന്ന് ചിലപ്പോൾ അവരോട് പറയേണ്ടിയും വരും. ഇതിന്റെയെല്ലാം അനന്തരഫലമോ? കൂട്ടായ്മയിൽ ഒന്നുചേർന്ന് പ്രാർത്ഥിക്കാൻ എല്ലാവരും പഠിക്കും, തുടർച്ചയുള്ള സുന്ദര കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്യും.

സുന്ദര പ്രാർത്ഥനയുടെ അന്തകൻ ആരാണ്?

ഒരിക്കൽ ഒരിടവക പള്ളിയിലേക്ക് ഞാൻ കയറുകയായിരുന്നു.   പുറത്തുവരെ കേള്ക്കാമായിരുന്ന അലറിച്ചയും രോദനവും കേട്ട് ഒരു പകപ്പോടെയാണ് ഞാൻ അങ്ങോട്ടു ചെന്നത്. സംഭവം ആറേഴു കുട്ടികളുടെ 'സ്തുതിപ്പായിരുന്നു'. പാവം പിള്ളേർ, ഏതോ ധ്യാനക്കാര് 'സർവ്വ ശക്തിയോടെ' സ്തുതിക്കാൻ പറഞ്ഞത് അവർ അക്ഷരാർത്ഥത്തിൽ ചെയ്യുകയാണ്. നല്ല പരിചയമുള്ള അവിടത്തെ വികാരി അച്ചനെ പിന്നീട് കണ്ടപ്പോൾ  'തമാശ' എന്നു അദ്ദേഹം കരുതുന്ന ഈ രീതി  എന്തുകൊണ്ട്  സഹിക്കുന്നു എന്ന് വിവരിച്ചുതന്നു. "ഒരിക്കലും പള്ളിയിൽ വരാതിരുന്ന കുറച്ചുപിള്ളേർ ഇങ്ങനെയെങ്കിലും വരുന്നുണ്ടല്ലോ". വേറൊരു ശങ്കയും അദ്ദേഹം പങ്കുവച്ചു, "ഈ ബഹളം എത്രനാൾ ഇവർ തുടരും? കൂട്ടുകാരുടെ ഇടയിൽ ഇവർ കോമാളികൾ ആക്കിയല്ലേ?"

പൗലോസ് ശ്ളീഹായുടെ വാക്കുകളാണ് എൻ്റെ മനസ്സിൽ വന്നത്, "അവർക്ക് തീക്ഷ്ണതയുണ്ട് എന്നാൽ ശരിയായ അറിവിൻ്റെ അടിസ്ഥാനമില്ലന്നേയുള്ളൂ". അന്ധമായ അനുകരണത്തിൽ ഒതുങ്ങിയ ഈ പ്രാർത്ഥനാ ശൈലി കുറച്ചുനാൾ അങ്ങനെ ഉപരിപ്ലവമായി തുടർന്നു. സുന്ദരമായ രീതികളിലേയ്ക് ആരും അവരെ നയിച്ചില്ല. കുറച്ചുനാൾ കൊണ്ട് അവർ അതെല്ലാം അവസാനിപ്പിച്ചു. ഇന്ന് ആ ഗ്രൂപ്പ് അവശേഷിക്കുന്നില്ല.   

  ആനന്ദനിറവിൻറെ ദൈവ സമീപ്യം, ജീസസ് യൂത്ത് ഉറവ 

"സൗന്ദര്യത്തിന്റെ വഴി" ബെനഡിക്ട് പാപ്പയ്ക് ഏറെ ഇഷ്ടമാണ്. മനോഹരമായവയിലൂടെ ദൈവം സംസാരിക്കുന്നു. ഞാൻ ദൈവത്തോട് അടുക്കാനും, മറ്റുള്ളവരെ സുവിശേഷവത്കരിക്കാനും ഉത്തമ മാർഗ്ഗം സുന്ദരമായവ തന്നെ. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആനന്ദവും സൗന്ദര്യവും എഴുന്നു നിൽക്കണം. ഒന്നു ശ്രദ്ധിച്ചാൽ വിരസതയുടെ ചക്രച്ചാലിൽനിന്ന് രക്ഷപെടുത്തി പ്രാർത്ഥനയെ സുന്ദരമാക്കാം. 

എന്താണ് പ്രാർത്ഥനാ സൗന്ദര്യത്തിന്റെ പ്രായോഗിക സമീപനങ്ങൾ?

ആത്മാവിന് ചെവിയോർക്കുക: ഏകദിശാ പ്രവാഹമായാൽ പ്രാർത്ഥന ഭാരമാകും. ആത്മാവിൽ ഉണർവ്വുള്ള അനേകർ ഉണ്ടാകുകയും എല്ലാവരും ഒരുമിച്ച് അവിടുത്തെ നയിക്കലിൽ ശ്രദ്ധയൂന്നുകയും ചെയ്യുന്ന കൂട്ടായ്‌മ ഏറെ നിറവുള്ളതാകും. ഏറെ പ്രായോഗികമായ നിർദ്ദേശമാണ് ശ്ലീഹ നൽകുന്നത് 'നിങ്ങൾ സമ്മേളിക്കുമ്പോൾ ഓരോരുത്തര്ക്കും" എന്തെകിലുമെല്ലാം പങ്കുവയ്ക്കാൻ ഉണ്ടാകണം, അത് അന്യരുടെ വളർച്ചയ്ക്ക് ഉതകുന്നതുമാകണം (1 കോറി 14:26).

സ്നേഹം - പകുത്തുനൽകൽ - പങ്കാളിത്തം: ദൈവസ്നേഹാനുഭവം, പാരസ്‌പര്യം ഇവയാണല്ലോ പ്രാർത്ഥനയുടെ അന്തസ്സത്ത. നേതൃത്വം നല്കുന്നയാൾ സംസാരം കുറയ്ക്കണം, എല്ലാവരും സംസാരിക്കുന്നു എന്നുറപ്പുവരുത്തി സ്നേഹത്തിലും സന്തോഷത്തിലും കൂട്ടായ്മ ഉണർവ്വുള്ളതാക്കണം.

സംസാര ഭാഷയോട് അടുപ്പമുണ്ടാകണം: ഗാംഭീര്യമാർന്ന രീതികളും ഔപചാരികമായ ഭാഷയുമാണ് ആരാധനാ ക്രമത്തെ മനോഹരമാക്കുന്നത്. എന്നാൽ ഹൃദ്യമായ സ്നേഹ കൂട്ടായ്മയിൽ അനുദിന സംസാരത്തോട് ഒത്തുപോകുന്ന ഇടപെടലുകളും അതിനൊത്ത ഭാഷയിലെ സംസാരയും പ്രാര്ഥനയുമാണ് ഭംഗി. അതിനാൽ തന്നെ അവിടെ അലറുന്ന പ്രാർത്ഥനയും അച്ചടിഭാഷയിലെ നിർദ്ദേശങ്ങളും അരോചകമാകും, ഒപ്പം മുഖംമൂടിയില്ലാത്ത ബന്ധങ്ങൾ വളരുന്നതിന് വിലങ്ങുമാകും.

നിത്യനൂതനാനുഭവം: ഓരോ പ്രാര്ഥനാവസരവും അദ്വിതീയമായ മനോഹാരിതയും പുതുമയും ഉള്ളതാകും. നാഥൻ നിക്കോദേമോസിനോട് സൂചിപ്പിക്കുന്നപോലെ ആത്മ പ്രവർത്തനത്തിൽ വിസ്മയിപ്പിക്കുന്ന ഒരു നൂതനത്വമുണ്ട്. എന്നാൽ നമ്മെ അപ്രതീക്ഷിത പാതകളിലൂടെ ആത്മാവ് നയിക്കാൻ ഗ്രൂപ്പിന് ഏറെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ഉണ്ടാകണം. അപ്പോഴാണ് ഓരോ വ്യക്തിയും തന്റെ കഴിവും വരവും മുഖവുരയില്ലാതെ ഉപയോഗിക്കാൻ പ്രാപ്തനാകൂ.

അടിക്കുറിപ്പായി,

ദാവീദ് എത്ര രസകരമായാണ് തന്റെ പ്രാർത്ഥനാ ദാഹം പറഞ്ഞുവയ്ക്കുന്നത്, കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും, അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തേ മുന്നിൽ ആയിരിക്കാൻ (സങ്കീ 27:4). സുന്ദരമായതെല്ലാം നമ്മെ 'ആരോഗ്യകരമായി ഞെട്ടിപ്പിക്കും' എന്നാണ് പ്ളേറ്റോ പറഞ്ഞുവച്ചത്. അങ്ങനെ നിത്യാനുഷ്ടാനത്തിന്റെ വിരസതയിൽ നിന്ന് നമ്മെ വലിച്ചു പുറത്തിടും. ഞങ്ങളുടെ പ്രാർത്ഥനാ സമ്മേളനം  കഴിയുമ്പോൾ ആരെങ്കിലും ചിലപ്പോൾ പറയാറുണ്ട്, 'ഹൃദയത്തിൽ ഉണ്ടായ സ്നേഹവും സന്തോഷവും ചുറ്റിനടന്ന് ഒന്ന് എല്ലാവര്ക്കും കൊടുത്തേ!" പലപ്പോഴും അതൊരു ആഘോഷമാകും. അങ്ങനെനമ്മെയല്ലേ വേണ്ടത്, ദൈവ സാന്നിദ്ധ്യത്തിന്റെ ആനന്ദനിറവിൽനിന്ന്  ആ സൗന്ദര്യവും സന്തോഷവും ചുറ്റുപാടുമുള്ളവരിലേയ്ക്ക് പ്രവഹിക്കണം.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)