സംസ്കാര നിർമ്മിതിയോ? അവിടെ നമുക്കെന്തു കാര്യം? (MJYR055)
സംസ്കാര നിർമ്മിതിയോ? അവിടെ നമുക്കെന്തു കാര്യം?
ജീസസ് യൂത്ത് ദര്ശനത്തിന്റെ ആണിക്കല്ല് അതല്ലേ?
(By Dr. Edward Edezhath - Published in Kairos Malayalam in 2020)
1985 ലെ സമ്മേളനത്തിന്റെ ഒരുക്ക വേളയിൽ ചെറിയൊരു ആശയ സംഘർഷം ഉണ്ടായിരുന്നു. പാരമ്പര്യ രീതിയിൽ വചനപ്രഘോഷണത്തിന് ഊന്നൽ നൽകി പ്രാർത്ഥനാപൂർവ്വം സമ്മേളനം സംഘടിതമാകണം; അതിനിടെ നാടകാവതരണവും നൃത്വവും ഒക്കെ അസ്ഥാനത്താണ് എന്ന് ഒരു കൂട്ടർ ചിന്തിച്ചു. മറുവശത്ത് ക്രിസ്തു നൽകിയ സ്വാതന്ത്ര്യം ഇന്നത്തെ യുവജനങ്ങൾ ഈ സമ്മേളനത്തിൽ നിറപ്പകിട്ടോടെ ആഘോഷിക്കണം. വചനം പങ്കുവയ്ക്കലും പ്രാർത്ഥനയുമെല്ലാം ഈ ആനന്ദാഘോഷത്തോട് ഒത്തുപോകുന്നതാകണം എന്ന് വേറൊരു കൂട്ടരും. ഏതായാലും അവസാനം ‘സാധാരണ ധ്യാനരീതിയിൽ' വേണ്ട എന്നുതന്നെ തീരുമാനമായി. അങ്ങനെ, യുവത്വപൂര്ണമായ പുത്തൻ സംസ്കാരത്തോട് ഒത്തുപോകുന്ന രീതിയിൽ പങ്കെടുത്തവരുടെ കഴിവുകളും താല്പര്യങ്ങളും ഒക്കെ പരിഗണിച്ച് ഉചിതമായ സാംസ്കാരിക അനുരൂപണത്തിന് ഊന്നൽ നൽകിയ പ്രോഗ്രാമായിത്തീർന്നു 'ജീസ്സസ് യൂത്ത് 85'.
ആ ചർച്ചകൾക്കിടയിൽ ഉയർന്നുകേട്ട ഒരു സുപ്രധാന ഉദ്ധരണിയുണ്ടായിരുന്നു. "ദൈവ മഹത്വം ജീവനിറവുള്ള മനുഷ്യനാണ്" - രണ്ടാo നൂറ്റാണ്ടിലെ വി. ഇരണേവൂസിന്റെ വിഖ്യാത ചിന്ത. 'ജീവൻ അതിൻ്റെ സമൃദ്ധിയിൽ' (യോഹ. 10:10) പ്രകടമാകുന്നത് ദാനമായി ലഭിച്ചിരിക്കുന്ന വൈവിധ്യവും സമ്പന്നവുമായ കഴിവുകളും സാദ്ധ്യതകളും സമൂഹ നന്മയെ ലക്‌ഷ്യംവച്ച് കരുത്തോടെ വളരാൻ സഹായമുണ്ടാകണമെന്നും, നമ്മുടെ സ്നേഹകൂട്ടായ്മ അതിനുള്ള വലിയ പ്രോത്സാഹന വേദിയാകണമെന്നുമൊക്കെയുള്ള ചിന്ത ഇതിന്റെ തുടർച്ചയായിരുന്നു. ഈ ചിന്തയോടെ വിവിധ 'മിനിസ്ട്രികളും' രൂപപ്പെട്ടു.ജീവനിറവിലേക്കുള്ള വിളി
എങ്ങനെയാണ് ജീവനിറവിന്റെ ഒരു ശൈലി സാധ്യമാകുക? യേശു പകരുന്ന സ്വാതന്ത്ര്യമാണ് അതിന്റെ അടിത്തറ. അവിടുന്നിലല്ലാതെ ജീവന്റെ പൂർണത അസാദ്ധ്യം. എന്നാൽ 'കർത്താവേ, കർത്താവേ' എന്ന ഉരുവിടലിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ ക്രിസ്തുവിലെ പുതുജീവിതം. അനുദിന ജീവിത മേഖലകളിൽ, വീട്ടിലും, നാട്ടിലും, തൊഴിലിടത്തുമെല്ലാം പുത്തൻ പ്രസരിപ്പോടെ ജീവൻ പടർന്ന് ഫലമണിയുക. ഇതിൽ ഒരു ക്രൈസ്തവന്റെ സാംസ്കാരിക ഉണർവ്വും അവബോധവും സുപ്രധാനമാകും. രണ്ടാ0 വത്തിക്കാൻ കൗൺസിലിന്റെ സുപ്രധാന വിചിന്തനമായിരുന്നു ഇത്. "സംസ്കാരം വഴിയല്ലാതെ, അതായത് പ്രകൃതിയിലെ നന്മകളും മൂല്യങ്ങളും സംസ്കരിക്കുക വഴിയല്ലാതെ യാഥാർത്‌ഥവും പൂർണവുമായ മനുഷ്യത്വം പ്രാപിക്കാൻ കഴിയുകയില്ലെന്നത് മനുഷ്യവ്യക്തിത്വത്തിന്റെ തന്നെ സ്വഭാവമാണ്" (സഭ ആധുനിക. 53).
ഒരോർമ: ഒരു കത്തോലിക്കാ കോളേജിന്റെ തലവനായ വൈദികന്റെ വാക്കുകൾ, "ഇവിടത്തെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എല്ലാവർഷവും ഏറ്റവും നല്ല ധ്യാനമൊരുക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഒരുവർഷം എല്ലാ കത്തോലിക്കരെയും താമസിച്ചു ധ്യാനിക്കാൻ വലിയ ചെലവു വഹിച്ചാണ് ഞാൻ കൊണ്ടുപോയത്. ചെറിയ ഗുണങ്ങൾ കാണുന്നുണ്ടെങ്കിലും ഓരോ വര്ഷം കഴിയുന്തോറും ഇതുകൊണ്ട് വലിയ ഫലമൊന്നുമില്ല എന്നൊരു തോന്നലാണ് എനിക്ക്." ആ തീക്ഷ്ണമതിയായ വൈദികന്റെ നിരാശ കണ്ട് എനിക്ക് ഏറെ വിഷമം തോന്നി. പക്ഷെ ജീസസ് യൂത്തിലൂടെ പഠിച്ച വലിയ പാഠം അദ്ദേഹത്തെ എളുപ്പത്തിൽ ബോധ്യപ്പെടുത്താനാകും എന്ന് എനിക്ക് തോന്നിയില്ല.
മനുഷ്യരെ ഒരു ദൈവാനുഭവത്തിലേയ്ക്ക് എത്തിക്കുക ഏറെ പ്രധാനം തന്നെ, പക്ഷെ സുവിശേഷവൽക്കരണം അവിടെ തീർന്നാൽ ചിലരുടെയെങ്കിലും ജീവിതം ഏഴു ദുഷ്ടാത്മാക്കൾ കൂടെ തിരിച്ചുവന്ന് കൂടുതൽ ശോചനീയ അവസ്ഥയിലാക്കിയ ആളുടെ (മത്താ. 12:45) പോലെയാകും. ഒരാദ്യ കണ്ടുമുട്ടലിൽ നിന്ന് മുന്നോട്ടുപോയി ക്രിസ്തുവിലുള്ള ജീവിതം പങ്കുപറ്റുന്ന സ്നേഹ കൂട്ടായ്മയിലേയ്ക്കു കടന്നുചെല്ലുകയും, അവിടെ സ്വന്തം കഴിവുകളും ഇഷ്ടങ്ങളും ഒരു മിഷനറി ചൈതന്യത്തോടെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന ജീസസ് യൂത്ത് രൂപീകരണ രീതി ഏറെ പ്രധാനപ്പെട്ടതാണ്. തുടർച്ചയുള്ളതും ഒരാളുടെ ബന്ധങ്ങളും കഴിവുകളും അടക്കമുള്ള വിവിധ മേഖലകളെ സ്പര്ശിക്കുന്നതുമായ ഈ സമീപനമാണ് ‘സാംസ്കാരിക ആഭിമുഖ്യമുള്ള സുവിശേഷവൽക്കരണം’.
ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ, "വ്യക്തിപരവും വൈകാരികവുമായ വിശ്വാസജീവിതം പ്രതിഫലിക്കുന്ന ഭക്ത്യാഭ്യാസങ്ങൾകൊണ്ടു നിർമിച്ച ഒരുതരം ക്രിസ്തുമതമുണ്ട്. . . ചിലർ ഇത്തരം പ്രകടനങ്ങളെ വളർത്തുകയും അതേസമയം സമൂഹത്തിന്റെ പുരോഗതിയെയോ അല്മയരുടെ പരിശീലനത്തെയോ സംബന്ധിച്ച് അല്പംപോലും താത്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നു" (സുവി. സന്തോഷം, 70). അനഭിലഷണീയമായ ആദ്യരീതിയിൽ ഒതുങ്ങുന്നവർ ചിലപ്പോഴെങ്കിലും സാമ്പത്തിക നേട്ടമോ അധികാരം സ്ഥാപിക്കലോ ഒക്കെ ലക്ഷ്യമിടുന്നു എന്നും പാപ്പ കൂട്ടിച്ചേർക്കുന്നു.
സംസ്കാരങ്ങൾ സുവിശേഷവത്കരിക്കപ്പെടാൻ
'സംസ്കാരം', അത് സുപ്രധാനമായ ഒരു വാക്കാണല്ലോ. പല കാര്യങ്ങളും മനസ്സിൽ കൊണ്ടുവരുന്ന ഒരു വാക്ക്. പ്രധാനമായും ഒരു സമൂഹത്തെയും അതിന്റെ ജീവിത രീതിയെയും ചുറ്റിപ്പറ്റിയാണ് നാം ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ജീസസ് യൂത്ത് പ്രവർത്തനത്തിൽ അതെവിടെയാണ്?
"ഒരു വൃദ്ധമന്ദിരം സന്ദർശിക്കാൻ താല്പര്യമുണ്ടോ?" ക്‌ളാസിലുള്ളവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായി ആ സായാഹ്നം; നാലു സിനിമകൾ പ്രദർശിപ്പിച്ച് തുടർ ചർച്ചകളുമായി സംഘടിപ്പിച്ച ഒരു 'ഫിലിം ഫെസ്റ്റിവൽ'; വൈവിധ്യമാർന്ന കുറേ സ്റ്റോളുകളുമായി രസകരമായ ഒരു പ്രദര്ശനം; രണ്ടാഴ്ച നീണ്ട ഒരു നാടക പരിശീലന ക്യാമ്പ്; ഇന്നത്തെ സിനിമാ ഗാനങ്ങളിലെ ചിന്തകൾ ചർച്ചാവിഷയമാക്കിയ ഏകദിന സെമിനാർ; പരിസ്ഥിതി ശോഷണത്തിനു നടുവിൽ നമ്മുടെ പ്രതികരണം ചർച്ചചെയ്യാൻ ഒരു ശില്പശാല; വൈവിധ്യമാർന്ന കഴിവുകളുടെ ഒത്തുചേരലായി ഒരു സംഗീത ബാൻഡ്; ആഴ്ചയിലൊരിക്കൽ ക്രിക്കറ്റ് മത്സരം; പാചക കഴിവുരച്ചു നോക്കാൻ ഒരു 'വിരുന്നു സന്ധ്യ'; സാഹിത്യ രചനയിൽ ഒരുകൈ നോക്കാൻ ഒരു കൂട്ടായ്മ; വിളക്കുകളും, സൗഹൃദവും, ഗാനങ്ങളും, രുചിക്കൂട്ടുകളും അവിസ്മരണിയമാക്കിയ ഓണാഘോഷം, അങ്ങനെ എത്രയെത ജീസസ് യൂത്ത് സാംസ്‌കാരിക ഇടപെടലുകൾ.
ആദ്ധ്യാത്മിക മേഖലയിൽ മുൻപ് സൂചിപ്പിച്ച പോലെയുള്ള വ്യത്യസ്ത ദർശനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു തുടരുന്ന യാഥാർഥ്യമാണല്ലോ. ഒരു ചോദ്യമുയരാം, എന്തുകൊണ്ട് വളരെ നല്ല ക്രിസ്ത്യാനികൾ പോലും സാംസ്‌കാരിക മേഖലയിലേയ്ക് തിരിയുന്ന ഒരു ആദ്ധ്യാത്മികതയെ സംശയത്തോടെ കാണുന്നു, അല്ലെങ്കിൽ വലിയ അപകടം എന്ന് കരുതുന്നു. ലോകവും അതിൻ്റെ ശൈലികളും അപകട മേഖലയാണ്, അവിടെ തിന്മ വാഴുന്നു, അതുകൊണ്ട് ലോകത്തെ സംബന്ധിക്കുന്നതെല്ലാം വിട്ടുപേക്ഷിക്കുക - ഈ ചിന്ത തീർച്ചയായും വചനാധിഷ്ഠിതമാണ്. ഏതാണ്ടെല്ലാ വിശുദ്ധരുടേയും ജീവിതത്തിന്റെ ചൂണ്ടുപലകയുമാണ്. സ്നാപകന്റെ സാദൃശ്യത്തിലെ ജീവിത ശൈലി കർത്താവുംപോലും ആദരവോടെ കണ്ടു. അങ്ങനെയെങ്കിൽ ലോകത്തെ പൂർണമായും വെറുക്കുന്ന ശൈലിയും ലോകത്തെയും അതിന്റെ സംസ്കാരത്തെയും ഇഷ്ടപ്പെട്ട് അവിടം സുവിശേഷ വിത്തുവിതച്ച് കൂടുതൽ സുന്ദരമാക്കാനുള്ള സമീപനവും തമ്മിൽ നാം എങ്ങനെ പൊരുത്തപ്പെടുത്തും.
താപസ വൃത്തിയിലേക്ക് വിളിലഭിച്ച് ലോകത്തെ പൂർണമായും ഉപേക്ഷിക്കാൻ വരദാനം ലഭിച്ച അനേകരുടെ ജീവിത രീതിയെ നമ്മൾ ആദരപൂർവ്വം കാണുന്നു. എന്നാൽ നമ്മിൽ പലർക്കും, പ്രത്യേകിച്ച് ജീസസ് യൂത്ത് പോലൊരു മുന്നേറ്റത്തിലൂടെ ഇന്നത്തെ ഇളം തലമുറയുടെ സുവിശേഷവൽക്കരണം വിളിയായി സ്വീകരിച്ച നമുക്ക് ജനത്തെ അന്വേഷിച്ചുപോയ യേശുവിന്റെ മുഖമാണുള്ളത്. ദൈവം സൃഷ്ടിച്ച ലോകത്തിന്റെ നന്മകണ്ട് അവിടെ പുളിമാവുപോലെ ഉള്ളിൽനിക്ഷേപിക്കപ്പെട്ട് ലോകത്തെ മാറ്റാനാണ് നമ്മുടെ വിളി.
അങ്ങനെ സാധാരണ ലൗകികരുടെ ജീവിത ശൈലിയും ഇഷ്ടങ്ങളും ഒക്കെ പങ്കുപറ്റി വിശുദ്ധരായി ജീവിക്കുക ദുഷ്കരമല്ലേ? തീർച്ചയായും. ആ ഒരു 'ബാലൻസിങ്' ലളിതമല്ല. എന്നാൽ ജീസസ് യൂത്ത് പോലൊരു മുന്നേറ്റത്തിൽ അതിനായി കുറെയെങ്കിലും സഹായ സംവിധാനങ്ങളുണ്ട്. ത്രിത്വയ്ക ദൈവത്തിലുള്ള ജീവിതത്തിൽ വേരൂന്നിനിന്ന് സ്വന്ത ഹൃദയം രൂപപ്പെടാൻ, പിന്നെ പടിപടിയായി എന്റെ വ്യക്തിത്വവും പെരുമാറ്റവും മാറ്റിയെടുക്കാൻ, ലോകത്തിലേയ്ക്ക് കടന്നു പോകുമ്പോൾ ആ പ്രളയത്തിൽ മുങ്ങിപോകാതിരിക്കാൻ എനിക്ക് പരിശീലനം തരുന്ന ഒരു ചെറു കൂട്ടായ്മയുടെ ഭാഗമാകാൻ, എന്നിട്ട് പല മിനിസ്ട്രികളിലൂടെ വിശാല ലോകത്തിന്റെ നവസംസ്കാര നിർമ്മിതിലിൽ പങ്കാളിയാകാൻ, ഇതിനൊക്കെ മുന്നേറ്റത്തിന്റെ അനേക സംവിധാനങ്ങൾ എന്നെ ഒരുക്കുന്നു.
ഇതിനെ സംബന്ധിക്കുന്ന വി. പോൾ ആറാമൻ പാപ്പായുടെ 1965 ലെ ഉദ്‌ബോധനം ഇന്നും സുപ്രധാനം തന്നെ: "മുന്കാലങ്ങളിലെന്നപോലെ ഇന്നും സുവിശേഷവും സംസ്കാരവും തമ്മിലുള്ള ഭിന്നത കാലഘട്ടത്തിന്റെ ഒരു പ്രതിഭാസമാണ്. തന്മൂലം സംസ്കാരങ്ങളുടെ പൂർണമായ സുവിശേഷവത്കരണം സാധിക്കുന്നതിനുള്ള ശ്രമങ്ങൾ ആവശ്യമായിരിക്കുന്നു." (സുവി. പ്രഘോ. 20).
Comments
Post a Comment