കളി-ചിരി-തമാശകൾ ജീസസ് യൂത്തിൽ വേണോ? (MJYR052)

 കളി-ചിരി-തമാശകൾ ജീസസ് യൂത്തിൽ വേണോ? 

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

"നമ്മുടെ യുവജന ഗ്രൂപ്പുകളിൽ കളികളും തമാശകളും എല്ലാം അത്യാവശ്യമല്ലേ?" ഒരിക്കൽ ഫസ്റ്റ് ലൈൻ ഗ്രൂപ്പിൽ വന്ന ഒരു ചർച്ചയായിരുന്നു ഇത്. എന്നാൽ ചിലർ അതിനെ കാര്യമായി എതിർത്തു. "അതൊരിക്കലും പാടില്ല. കാരണം നമ്മുടെ ചെറുപ്പക്കാർ അല്ലാതെ തന്നെ കളികൾക്കും തമാശകൾക്കും ആയി കാത്തിരിക്കുകയാണ്. നമ്മൾ ഒന്നിച്ചു വരുന്നത് പ്രാർത്ഥനയ്ക്കും സുവിശേഷ വൽക്കരണത്തിനുമാണ്. തമാശകളും കളികളും ആയാൽ നമ്മുടെ യഥാർത്ഥ ചൈതന്യം നഷ്ടപ്പെട്ടു പോകാൻ ഇടയുണ്ട്. മറ്റേതൊരു യുവജന ഗ്രൂപ്പുകളെ പോലെ നമ്മളും ആയിതീരും".

ഏറെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷം അവസാനം ആ പുതിയ വഴി തേടാൻ തന്നെ ഗ്രൂപ്പ് തീരുമാനിച്ചു. ഞങ്ങൾക്ക്തന്നെ ഈ തലത്തിൽ ഒരു പരിശീലനം ആവശ്യമായിരിക്കുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കി. കാരണം ഇതുപോലെ കളിയും തമാശയും ഒന്നും കരിസ്മാറ്റിക് രീതികളുടെയും പഠനങ്ങളുടെയും ഭാഗമായിരുന്നില്ല. അങ്ങനെ, ഞങ്ങളുടെ ഗ്രൂപ്പും ആയി ഒരു ബന്ധവും ഇല്ലാതിരുന്ന ആലപ്പുഴയിൽ നിന്നുള്ള ഒരു ടോമിയെ ഞങ്ങളെ പരിശീലിപ്പിക്കാൻ ക്ഷണിച്ചു. മുന്നേറ്റത്തിൽ മുതിർന്നവർ ആയിരുന്ന ഞങ്ങളുടെ ‘ബലംപിടുത്തം’ ഒക്കെ ഒന്ന് മാറ്റി ഓടിനടക്കാനും പൊട്ടിച്ചിരിക്കാനും കളിക്കാനും കുട്ടികളെപ്പോലെ പരസ്പരമുള്ള സൗഹൃദത്തിൽ ആനന്ദിക്കാനും ഒക്കെ ആ മൂന്നു ദിവസം ഞങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചു. ഇത് 1983 ൽ ആയിരുന്നു. ഇതോടെ ഞങ്ങളുടെ വ്യക്തി ജീവിതത്തിലും ഗ്രൂപ്പുകൾ നടത്തുന്ന ശൈലിയിലും പരിശീലന രീതികളിലും ധ്യാനങ്ങൾ നടത്തുന്ന കാര്യത്തിലും ഒക്കെ ഏറെ വ്യത്യാസം ഉണ്ടായി.

തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം നടത്തേണ്ട ഒരു നേതൃത്വ പരിശീലനം ഞങ്ങൾ തയ്യാറാക്കി. അതിൻറ വിഷയങ്ങളും കൊടുക്കേണ്ട രീതികളും ഒക്കെ ഞങ്ങൾ ഒരു ടീം കുത്തിയിരുന്ന് വിശദമായി ഒരുങ്ങി. “സ്വയം അറിയുക” എന്ന പേരിൽ 4 ദിവസം നീളുന്ന ആ പരിശീലനം ധാരാളം കളികളും തമാശകളും സജീവ ചർച്ചകളും ഗ്രൂപ്പുവിചിന്തനങ്ങളും ഒക്കെ ഉൾക്കൊള്ളുന്നതായിരുന്നു. മറ്റൊരു സംരംഭം, 1984 ൽ  തേവരയിൽ വച്ച് നടന്ന "യുവജന ക്യാമ്പ്" ആയിരുന്നു. അത് യഥാർത്ഥത്തിൽ യുവജനങ്ങൾക്ക് വേണ്ടിയുള്ള ഒരു ധ്യാനമായിരുന്നു എങ്കിലും “പുതിയ തോൽക്കുടത്തിൽ” കളികളും തമാശകളും ഒക്കെ ആയിട്ട് ക്രമീകരിച്ചിരുന്നത് യുവജനങ്ങളുടെ ജീവിതം ആഴത്തിൽ മാറിമറിയുന്നതിന് ഏറെ സഹായകരമായി. ഈയൊരു അടിത്തറയിൽ തന്നെയായിരുന്നു മുന്നേറ്റത്തിൻറെ ഗതി മുഴുവൻ തിരിച്ചുവിട്ട "ജീസസ് യൂത്ത് 85" എന്ന സുപ്രധാന സമ്മേളനവും.

ഈ പുതുസമീപനം കൊണ്ടുവന്ന പ്രധാന മാറ്റം എന്തായിരുന്നു? യുവജന കൂട്ടായ്മകളിലും പരിശീലനങ്ങളിലും ഏറെ ഉല്ലാസവും കളികളും കടന്നു വരാൻ തുടങ്ങിയതോടെ മുന്നേറ്റത്തിൽ ഏറെ ആനന്ദകരമായ ഒരു അന്തരീക്ഷവും തുറവിയും ഉണ്ടായി. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ കൂട്ടായ്മകളും മറ്റ് ഇടങ്ങളും ഏറെ യുവജന ഹൃദ്യതയാർന്ന വേദികളായി തീർന്നു. തീവ്ര നിലപാടുകൾ കുറഞ്ഞു; ക്രിയാത്മകത വർദ്ധിച്ചു; യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി കുറഞ്ഞു.

എന്തിനാണീ കളിതമാശകൾ?

ജിനോ അച്ചൻ നൽകിയ ഒരു പരിശീലനം ഈ തീരുമാനങ്ങൾ എടുക്കുന്നതിന് ഞങ്ങളെ ഏറെ സഹായിച്ചു; പ്രാർത്ഥന, അദ്ധ്യാത്മികത, മിഷൻ എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ മനോഭാവം തിരുത്തുന്നതിന് അത് കാരണമായി. മുൻപ് സൂചിപ്പിച്ച ചർച്ചകളും ഈയൊരു പശ്ചാത്തലത്തിൽ ആയിരുന്നു. നാമെല്ലാം ധരിക്കുന്ന മുഖംമൂടികളെകുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. “നല്ല അനുസരണ കുട്ടി”, "നല്ല വിദ്യാർത്ഥി", "ഭക്തിയുള്ളവൾ" എന്ന് തുടങ്ങി പല നാട്യങ്ങളും നമ്മൾ മുഖംമൂടി പോലെ ധരിച്ചു നടക്കുന്നുണ്ടാകാം. നാം ധരിക്കുന്ന മുഖംമൂടികൾ മിക്കവാറും മറ്റുള്ളവരെ പ്രീതിപ്പെടുത്താനാണ്. എന്നാൽ യഥാർത്ഥ ഞാൻ മറ്റൊന്നാകാം. ഉള്ളിലുള്ള ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ചിലപ്പോഴെങ്കിലും ഞാൻ പരിഗണിക്കാതെ പോകാം. 

ആത്മാർത്ഥതയുള്ള, കലർപ്പില്ലാത്ത ഒരു വ്യക്തിത്വം വളർത്തണമെങ്കിൽ, അങ്ങനെ വിശുദ്ധിയിൽ മുന്നേറണമെങ്കിൽ, ഞാൻ ആരാണ്, യഥാർത്ഥ ഞാൻ മുഖം മൂടികളില്ലാതെ എവിടെ നിൽക്കുന്നു എന്നുള്ള ഒരു അവബോധം വളരണം. അങ്ങനെ മാത്രമേ പ്രാർത്ഥന ജീവിതത്തിൽ എനിക്ക് മുന്നോട്ടു പോകാനാവുകയുള്ളൂ. ഞാൻ എൻറെ സുവിശേഷ ദൗത്യവുമായി ഇറങ്ങി പുറപ്പെടുമ്പോഴും യഥാർത്ഥ എന്നെയാണ് മറ്റുള്ളവർക്ക് കാണേണ്ടത്, അതല്ലാതെ ഒരു മുഖംമൂടിയെ അല്ല. നിർഭാഗ്യകരമായ ഒരു കാര്യം നാം പലപ്പോഴും യഥാർത്ഥ ഞാൻ ആര് എന്നുള്ള ഒരു അവബോധം ഇല്ലാതെ വലിയ മാതൃകകളെ, വിശുദ്ധരെ ഒക്കെ അനുകരിക്കാൻ ശ്രമിക്കും. പക്ഷെ, ഞാൻ ലളിതമായ ഒരു സ്വയാവബോധത്തിൽ തുടങ്ങിയില്ലെങ്കിൽ എങ്ങും എത്തില്ല. പലർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക് മുഖംമൂടികൾ അഴിച്ചുവെച്ച് യഥാർത്ഥ 'ഞാൻ' ആകാനുള്ള ആദ്യപടിയാണ് ചിരിക്കാനും കളിക്കാനും പറ്റുന്ന ലളിതമായ ഒരു കൂട്ടായ്‌മ.

ഞങ്ങളുടെ ചർച്ചകളിൽ ഉയർന്ന ചില ചിന്തകൾ ഉണ്ടായിരുന്നു. ഇതല്ലേ യേശു കുട്ടികളെ പോലെയാവുക എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്? ആരോ പറഞ്ഞതുപോലെ, യഥാർത്ഥ കുട്ടികളെ കാണണമെങ്കിൽ നമ്മൾ കളിസ്ഥലത്ത് ചെല്ലേണ്ടിവരും. ചിലപ്പോഴെങ്കിലും നമുക്ക് ഒരു കുഞ്ഞിനെ ഇല്ലാതാക്കണം എങ്കിൽ കളിക്കാൻ അനുവദിക്കാതിരുന്നാൽ മാത്രം മതി. നിഷ്കളങ്കമായ കളിയും തമാശയും പലപ്പോഴും നമ്മിൽ നിന്ന് ഏറെ അകലെയാണ്. എന്നാൽ,    പല പ്രായപൂർത്തിയായവരും സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ കളിയാക്കുമ്പോൾ മാത്രമാണ്. അധ്യാത്മികതയിൽ ഏറെ വളർന്ന വളർന്നവർ പോലും മറ്റുള്ളവരെ കളിയാക്കുന്നതിൽ മുന്നിലാണ്, എന്നാൽ കളിയാക്കപ്പെടുന്നത് അവർക്ക് അസഹനീയവുമാണ്. ലളിതമായി മറ്റുള്ളവരുമായി പങ്കുചേരുന്ന കളിചിരിതമാശകൾ നമ്മുടെ അഹങ്കാരത്തെ മറികടക്കാനും സ്വയം ന്യായീകരണ മനോഭാവത്തെ ഇല്ലാതാക്കി വിശുദ്ധിയിൽ വളരാനും നല്ലൊരു വഴിയാണ്. യുവജനങ്ങളെ ഏറെ സ്നേഹിച്ച വിശുദ്ധ ഡോൺബോസ്കോ ഇങ്ങനെ പറയുമായിരുന്നത്രേ, “വേണ്ടപോലെ നിങ്ങൾ ഓടിയും ചാടിയും കളിതമാശകൾ നടത്തിയും ഒക്കെ സമയം ചെലവഴിക്കുക, പക്ഷേ ദൈവത്തെപ്രതി നിങ്ങൾ പാപം മാത്രം ചെയ്യരുത്”.   

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഒന്നു ശ്രദ്ധിച്ചേ: "നമ്മൾ ഒരു വ്യക്തിയുടെ ആഴങ്ങൾ കണ്ടെത്തണം അതായത്, നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമായ, ഉല്ലസിക്കാനുള്ള കഴിവ്, ക്രിയാത്മകമായി കളിയിൽ ഏർപ്പെടാനുള്ള പ്രാപ്തി. ജ്ഞാനത്തിന്റെ ഗ്രന്ഥം സൂചിപ്പിക്കുന്നതുപോലെ ദൈവം ഉല്ലാസത്തിൽ മുഴുകുന്നവനായിരുന്നു. ദൈവത്തിൻറെ ജ്ഞാനം വിനോദശീലമുള്ളതാണ്. അതുകൊണ്ട്, അറിവിൻറെ അനുഭവമായി, ഒരു പഠനോപാധിയായി നാം കളികളെ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയായാൽ വിദ്യാഭ്യാസം വിവരശേഖരണം മാത്രമാകില്ല, മറിച്ച് ക്രിയാത്മകതയുടെ ഉല്ലാസമാകും. ഈ ഉല്ലാസഭാവം കണ്ടെത്തുന്നതിലൂടെ നാം ക്രിയാത്മകതയിൽ വളരുകയും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിൽ മുന്നേറുകയും ചെയ്യും." പാപ്പാ പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കുന്നു, കുട്ടികളെയും ചെറുപ്പക്കാരെയും സന്തോഷവന്മാരായി ഇരിക്കാനും കളി തമാശകളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അത് നല്ല ആന്തരീകതയുടെ സൂചനയാണ്, അത് സ്നേഹത്തിലും ശരിയായ ആദ്ധ്യാത്മികതയിലും ഒരാൾ വളരുന്നു എന്നതിന് ഉറപ്പു നൽകുകയും ചെയ്യുന്നു.

മുഖംമൂടി മാറ്റി സന്തോഷവും ഉല്ലാസവും നിറയണം

“1991 ലാണ് ഞാൻ ജീസസ് യൂത്തിലെ റെക്‌സ് ബാന്റിനെ പരിചയപ്പെട്ടത്. സ്റ്റേജിലെ അവരുടെ പരിപാടി ഏറെ മനോഹരവും അദ്ധ്യാത്മിക നിറമുള്ളതും ആയിരുന്നു. പക്ഷേ അതേ തുടർന്ന് അവരുമായി ഞാൻ ചെലവഴിച്ച് ഒരു ദിവസം എന്നെ അസ്വസ്ഥനാക്കി. അവരുടെ കളിതമാശകളും സൗഹൃദവും ആണ് എന്നെ അലോസരപ്പെടുത്തിയത്.” മുംബൈയിൽ നിന്നുള്ള ഒരു യുവ കരിസ്മാറ്റിക് നേതാവിൻറെ വാക്കുകളായിരുന്നു ഇത്. പക്ഷേ കുറച്ചു ദിവസം കൊണ്ട് അയാൾ ഈ യുവ കലാകാരന്മാരുടെ ഉറ്റ സ്നേഹിതനും വലിയ ആരാധകനുമായി തീർന്നു. അവരുടെ ആത്മാർഥതയും ദൈവത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും ആണ് അദ്ദേഹത്തെ അദ്ദേഹത്തെ ഒരു അഭിപ്രായ മാറ്റത്തിലേക്ക് നയിച്ചത്. പിന്നീട് അയാൾ പങ്കുവെച്ച് ഒരു കാര്യം, ഈ അനുഭവത്തിനു മുൻപ് ആദ്ധ്യാത്മികർ ഒരു പ്രത്യേക രീതിയിൽ ഉള്ളവരാകണം എന്നാണ് അയാൾ കരുതിയത്. ഈ ചെറുപ്പക്കാരുടെ "പച്ച സ്വഭാവം" ആദ്യമെന്നെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് ആഴങ്ങൾ തേടാനുള്ള നല്ല വെല്ലുവിളിയായി. 

ഇന്നത്തെ ഇളംതലമുറ തേടുന്നത് ആത്മാർത്ഥത തുളുമ്പുന്ന, യുവത്വം നിറയുന്ന ഒരു അദ്ധ്യാത്മികതയാണ്. സന്തോഷവും തമാശയും കളികളും ഒക്കെ അതിൻറെ ഭാഗമാണ്. അപ്രകാരം നാട്യങ്ങളില്ലാത്ത ഒരു സമീപനം അവരെ തീർച്ചയായും ആകർഷിക്കും, കാരണം അവരാണ് യഥാർത്ഥത്തിൽ “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർ” (യോഹ 4:23).


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)