എന്താണ് ഏറ്റം പ്രധാന ജീസസ് യൂത്ത് ദൗത്യം? സൗഹൃദം നൽകുക. (MJYR051)
എന്താണ് ഏറ്റം പ്രധാന ജീസസ് യൂത്ത് ദൗത്യം? സൗഹൃദം നൽകുക.
(By Dr. Edward Edezhath - Published in Kairos Malayalam in 2020)
സുമിയെ എനിക്ക് നല്ല പരിചയമായിരുന്നു. എന്നാൽ അവളുടെ ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തത്തിനു പിന്നാലെയാണ് അവൾ ഹൃദയം തുറന്നത്. “അപ്പൻ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു, വലതുപക്ഷ ചായ്വോടെ. എനിക്കും അപ്പന്റെ തന്റേടമുണ്ടായിരുന്നു. എന്നാല്‍ കോളേജ് ജീവിതത്തിനിടെ ഞാന്‍ ഇടതുപക്ഷ നേതാക്കളുമായി അടുപ്പമായി. കൗമാരപ്രായം എതിര്‍പ്പിന്റെ സമയമാണല്ലോ, മാതാപിതാക്കളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായല്ലേ നാം പോകൂ. പക്ഷേ എന്റെ കാര്യത്തില്‍ അതുമാത്രമായിരുന്നില്ല. ഞാന്‍ ഒരു വിപ്ലവ പ്രസ്ഥാനത്തില്‍ സജീവമായതിനു കാരണം ഞാന്‍ അവിടെ കണ്ടുമുട്ടിയ കൂട്ടുകാരായിരുന്നു. ആ ചെറുപ്പക്കാരുടെ പ്രസരിപ്പും, വലിയ ആശയങ്ങളും ഒപ്പം കൂടെകൂട്ടാനുള്ള താല്ലര്യവുമെല്ലാം എന്നെ അവരിൽ ഒരുവളാക്കി. ഞാന്‍ അങ്ങനെ ഒരു സജീവ രാക്ഷ്ട്രീയ പ്രവര്‍ത്തകയുമായി.”
ഒരു കുസൃതി ചിരിയോടെ ഞാന്‍ പറഞ്ഞു, “ഇപ്പോള്‍ തന്റെ മകനും അതുതന്നെയാണല്ലൊ ചെയ്തത്. അവനും കോളേജില്‍ നല്ല കുറെ കൂട്ടുകരെ കണ്ടു, അവരുടെ നേതാവുമായി. ആകെ വ്യത്യാസം അവന്‍ നല്ലൊരു കത്തോലിക്കാ ഗ്രൂപ്പിന്റെ ഭാഗമായി എന്നു മാത്രം. പണ്ട് അപ്പന്‍ ചെയ്തതുപോലെ വഴിവിട്ടുപോയ മകനെ എതിര്‍ക്കണമെന്ന് തോന്നുന്നുണ്ടോ?' ഇപ്പോള്‍ കുസൃതിചിരി വിരിഞ്ഞത് സുമിയുടെ മുഖത്തയിരുന്നു. “എഡ്ഡി, അപ്പനെ പോലെ ഞാന്‍ എന്തിനു ചൂടാകണം? എന്റെ ഇഷ്ടത്തിന് എതിരാണെങ്കിലും അവന്‍ അവന്റെ വഴി കണ്ടെത്തി. എന്റെ ചെറുപ്രായത്തിൽ ഇങ്ങനെ ക്രിസ്തീയതയില്‍ ആവേശം കൊള്ളുന്ന ചുറുചുറുക്കുള്ള പിള്ളേരുമായി ഞാൻ ഇടപഴകിയിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും സഭയില്‍ സജീവമായേനെ.”സ്നേഹം വളര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുക
കോളേജ് ജീവിതത്തിന്റെ ആദ്യകാലം മുതലേ എനിക്ക് ഒരു സജീവ പ്രാര്‍ത്ഥനാ കൂട്ടായ്മയുണ്ടായിരുന്നു. ബുധനാഴ്ചതോറും ഞങ്ങൾ ഒത്തുചേര്‍ന്നത് പ്രാര്‍ത്ഥിക്കാന്‍ മാത്രമായിരുന്നില്ല, ആനന്ദനിര്‍ഭരമായ ഒരൊത്തുവരവായിരുന്നു അത്. അതിലുമുപരി വലിയൊരു ജീവനിറവും കുറെ പ്രവര്‍ത്തനങ്ങളും അവിടെനിന്ന് ബഹിര്‍ഗമിച്ചിരുന്നു. സുപ്രധാന പടികള്‍ മിക്കവാറും ഗ്രൂപ്പിലുയരുന്ന ചില സന്ദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അങ്ങനെ, 1980 കളിൽ ആവര്‍ത്തിച്ചു ലഭിക്കുമായിരുന്ന ഒരു സന്ദേശം 'സ്‌നേഹത്തില്‍ വളരാന്‍ നിങ്ങൾ സാധിക്കുന്നതെല്ലാം ചെയ്യുക’ എന്നതായിരുന്നു. പലതവണയായപ്പോള്‍ കോര്‍ഗ്രൂപ്പ് അത് ചർച്ചാവിഷയമാക്കി. ഗ്രൂപ്പിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ആരംഭം അവിടെനിന്നായിരുന്നു. അത് ഏറെ രസകരവുമായി. അതിന്റെ പ്രധാന ഊന്നല്‍ കളിതമാശകളിലൂടെ പരസ്പരം അറിഞ്ഞ് അങ്ങനെ കൂട്ടായ്മയിലെ ഭാഗഭാഗിത്വം വളര്‍ത്തുക എന്നതിലായിരുന്നു.
പിന്നീട് ജീസസ് യൂത്ത് മുന്നേറ്റം രൂപപ്പെട്ടു വന്നപ്പോഴും “സ്നേഹത്തില്‍ വളരുക” എന്നതിനൊരു ഈന്നല്‍ എന്നും ഉണ്ടായിരുന്നു. യുവജനങ്ങളോട് എന്താണ് അവരെ ജീസസ് യൂത്തിലേയ്ക്കു കൊണ്ടുവന്നത് എന്നു ചോദിച്ചാൽ ഏറെ പേര്‍ നല്കുന്ന ഒരുത്തരം “സൗഹൃദം' എന്നായിരിക്കും. 'ഇന്നയാള്‍ എന്റെ ഉറ്റ സുഹൃത്തായിരുന്നു. ഗഗൂപ്പിൽ വരാൻ അയ്യാള്‍ ക്ഷണിച്ചപ്പോൾ ഇനിക്ക് എതിര്‍ത്തുപറയാനായില്ല.” വേറേചിലര്‍ക്ക് പങ്കവയ്ക്കാനുള്ളത് കൂട്ടായ്മയിലെ ഹൃദ്യവും ഈഷ്മളവുമായ അന്തരീക്ഷം അതില്‍ തുടരാൻ ഇടയാക്കി എന്നാകും. ജീവിതം അര്‍ത്ഥശൂന്യമായപ്പോള്‍ അല്ലെങ്കിൽ ഒരു വലിയ പ്രശ്നത്തിന്റെ നടുവിൽ കൂടെനടക്കാൻ ജീസസ് യൂത്ത് ഉണ്ടായതാണ് ഇന്നും മുന്നേറ്റത്തില്‍ തുടരുന്നതിനു കാരണമായത് എന്നാകും മറ്റുചിലര്‍ക്ക് സൂചിപ്പിക്കാനുള്ളത്.
മനുഷ്യര്‍ യേശുവിനെ അറിയുകയും ആ ബന്ധത്തില്‍ ആഴപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ് എന്ന് ചിലപ്പോഴെങ്കിലും നാം മറന്നുപോകുന്നു. നല്ല പരസ്യങ്ങളും ആകര്‍ഷകമായ വിളംബരങ്ങളുമെല്ലാം കുറച്ചൊക്കെ സഹായിച്ചേക്കുമെങ്കിലും, ഒരാളെ കര്‍ത്താവുമായി അടുപ്പിക്കുന്നതിന് ഏറ്റം പ്രധാനം അയാളുടെ നല്ലൊരു സ്നേഹിതന്റെ 'ക്ഷണം' തന്നെ. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍ ഇതിന്റെ സുന്ദരമായ ചില ചിത്രീകരണങ്ങളുണ്ട്. യേശുവിനെ സ്‌നാപക യോഹന്നാന്‍ അന്ത്രയോസിനു പരിചയപ്പെടുത്തുന്നു, അയാള്‍ കര്‍ത്താവിന്റെ സ്നേഹിതനായിത്തിരുന്നു. അന്ത്രയോസ് ചെന്ന് തന്റെ സഹോദരന്‍ ശിമയോനെ ക്ഷണിക്കുന്നു. അടുത്ത ദിവസം യേശു പീലിപ്പോസിനെ പരിചയപ്പെടുന്നു. പീലിപ്പോസുചെന്ന് നഥാനിയേലിനെ യേശുവിന്റെ പക്കലേയ്ക്ക് ക്ഷണിക്കുന്നു. അങ്ങനെ യേശുവിനെ പിഞ്ചെല്ലുന്നവരുടെ ശൃംഖല വലുതാകുന്നു. സയഹൃദമാണ് തന്റെ ഏറ്റവും നല്ല ശിഷ്യരെ അടുത്തുകൂട്ടാന്‍ യേശു ഉപയോഗിച്ച സുപ്രധാന പണിയായുധം. ജീസസ് യൂത്തിലെ സമീപനവും ഇതുതന്നെയല്ലേ? ചുണ്ടിൽ പുഞ്ചിരിയും ഉള്ളില്‍ സ്‌നേഹവും നിറയുന്ന നല്ല സുഹൃത്തുക്കള്‍ കൂട്ടുകരെ സയഹൃദം നിറയുന്ന ഇടങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുവരുകയും അവിടെ അവരനുഭവിക്കുന്ന കര്‍ത്താവിന്റെ സന്തോഷം അവരെ യേശുവിന്റെ സ്‌നേഹിതരാക്കി തീര്ക്കുകയും ചെയ്യുന്നു. ഇതല്ലേ ജീസസ് യൂത്ത്?
ഇന്നത്തെ യുവത്വം സൗഹൃദത്തിനായി ദാഹിക്കുന്നു.
ഫ്രാന്‍സിസ് പാപ്പ "ക്രിസ്തു ജീവിക്കുന്നു" എന്ന തന്റെ അപ്പ്സ്തോലിക ഉദ്ബോധനത്തിലെ ഏഴാം അദ്ധ്യായം യുവജന ശുശ്രൂഷയെ പറ്റി പ്രതിപാദിക്കാന്‍ മാറ്റിവച്ചിരിക്കുന്നു. ഇന്ന് അനേകം യുവജനങ്ങള്‍ ഒരു അനാഥത്വം അനുഭവിക്കുന്നു. "നമ്മുടെ എല്ലാ സ്ഥാപനങ്ങളും യുവജനങ്ങളെ സ്വാഗതം ചെയ്യാന്‍ പ്രര്യാപ്തമാംവിധം സജ്ജമാക്കണം”' (216). ഒരു കൂട്ടായ്മയില്‍ എപ്രകാരമാണ് ക്രിസ്തീയ സൗഹൃദം വളരുന്നത് എന്ന് തുടര്‍ന്ന് പാപ്പ വിവരിക്കുന്നുണ്ട്: "സുഹൃത്ബന്ധവും ചര്‍ച്ചയും സാമൂഹികവും പരസ്പരബന്ധത്തിനുതകുന്നതുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അവസരമൊരുക്കുന്നു. ഒരാള്‍ ഇവിടെ വിലയിരുത്തപ്പെടുകയൊ വിധിക്കപ്പെടുകയോ ചെയ്യുന്നില്ല. വിശ്വാസം പങ്കവയ്ക്കാനും സാക്ഷ്യംവഹിക്കുന്നതില്‍ പരസ്പരം സഹായിക്കാനും ഇത്തരം സംഘ അനുഭവങ്ങള്‍ വലിയ മുതല്‍ക്കൂട്ടാണ്. അവര്‍ക്ക് മറ്റു ചെറുപ്പക്കാരെ നയിക്കാനാവുന്നു. കൂട്ടുകരുടെ ഇടയില്‍ യഥാര്‍ത്ഥ അപ്പസ്തോല പ്രവൃത്തി ചെയ്യാനുമാവുന്നു" (219).
ഇന്നത്തെ യുവാക്കള്‍ സൗഹൃദത്തിനായുള്ള വിശപ്പും ദാഹവുമായി പരക്കംപായുന്നു. അത് അവര്‍ക്ക് നല്ല ഇടങ്ങളില്‍ കിട്ടാതെ പോയാല്‍ പിശകായ സ്ഥലങ്ങളിൽ അവര്‍ അതിനായി അന്വേഷണം നടത്തും, അങ്ങനെ പലപ്പോഴും ഇരുട്ടിലേയ്ക്കും താറുമാറായ ജീവിതത്തിലേയ്ക്കും വഴിതെറ്റിക്കപ്പെടുകയും ചെയ്യും. യേശുവിന്റെ വാക്കുകള്‍ ഓര്‍ക്കുക, “ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ് - (ലൂക്ക 16:8). പാപ്പ സൂചിപ്പിക്കുന്നതുപോലെ, യുവാക്കളെ സഹായിക്കാന്‍ ഈഷ്മള സ്വാഗതം വച്ചുനീട്ടുന്ന ഇടങ്ങള്‍ ഇന്ന് ആവശ്യമായിരിക്കുന്നു. അവിടെ നല്ല ചങ്ങാത്തവും രസകരമായ ചര്‍ച്ചകളും ഉണ്ടാകണം. എന്നാല്‍, ഇതെല്ലാം സാദ്ധ്യമാകണമെങ്കിൽ ദൗത്യബോധമുള്ള, മറ്റു യുവജനങ്ങളുടെ ഉത്തമ സ്നേഹിതരാക്കിതീര്‍ക്കാന്‍ വിളി ലഭിച്ച കുറെ ചെറുപ്പക്കാരുണ്ടാകണം. അങ്ങനെ ആ യുവജനങ്ങള്‍ “ഞാന്‍ നിങ്ങളെ സ്നേഹിതന്മാര്‍ എന്നു വിളിക്കുന്നു” (യോഹ 15:15) എന്ന് പ്രഖ്യാപിച്ച “യുവാക്കളുടെ യഥാര്‍ത്ഥ സ്നേഹിതനെ? അവരുടെ അടുത്തെത്തിക്കാന്‍ ഇടവരുത്തും. ചുരുക്കത്തിൽ, ഒരു ജീസസ് യൂത്തിന്റെ ദൈവവിളി ആനന്ദനിര്‍ഭരമായ സയഹൃദത്തിന്റെ ഉടമയാകുക, എല്ലാവരുടേയും, വിശേഷാല്‍ ഇളം പ്രായത്തിലുള്ളവരുടെ, നല്ല കൂട്ടാളിയാകുക, അങ്ങനെ അവരെ ആ വലിയ സ്‌നേഹിതന്റെ അടുത്തെത്തിക്കുക, എന്നതാണ്.
സുമിയുടെ കുടുംബത്തിലെ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ എന്റെ സംഭാഷണം ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ. വീടിന്റെ അകത്തെ മുറിയില്‍ അവളൂടെ മകന്‍ ഉണ്ടായിരുന്നു, മുറിക്കുള്ളിലും പുറത്തുമായി അവന്റെ ധാരാളം സുഹൃത്തുക്കളും. അവരുടെ സ്‌നേഹ സാന്നിദ്ധ്യംകൊണ്ട് അവന്റെ വലിയ ദുഖത്തില്‍ പങ്കുചേരാനും സമാശ്വസിപ്പിക്കാനും അവരെല്ലാം അവിടെ ഉണ്ടായിരുന്നു. "ആ സുഹൃദ് വലയത്തിനു നടുവില്‍ അവനിപ്പോള്‍ ആകാനായത് എത്രവലിയ അനുഗ്രഹമാണ്," ഞാന്‍ ഉള്ളിലോര്‍ത്തു. ഇക്കാലത്തെ ഏറ്റം വലിയ ദുരന്തം ധാരാളം ചെറുപ്പക്കാര്‍ക്ക് ഇത്തരം സുഹൃത്തുക്കള്‍ ഇല്ല എന്നതു തന്നെ. അവര്‍ക്ക് കുറെ സ്നേഹിതര്‍ ഉണ്ടായിരുന്നെങ്കില്‍, ആ സ്‌നേഹിതര്‍ നന്മയുടെ വഴികളില്‍ നടക്കുന്നവരായിരുന്നെങ്കിൽ, അതെത്ര മനോഹരമായേനെ! തീര്‍ച്ചയായും, യുവജനങ്ങള്‍ക്ക് ഉത്തമ സ്നേഹിതരെ ലഭ്യമാക്കുക എന്നതു തന്നേയാണ് ജീസസ് യൂത്തിന്റെ പരമപ്രധാന ദൗത്യം.
Comments
Post a Comment