സുവിശേഷങ്ങളിലെ യേശുവിനെ തിരിച്ചറിയണം (MJYR047)
സുവിശേഷങ്ങളിലെ യേശുവിനെ തിരിച്ചറിയണം
(By Dr. Edward Edezhath - Published in Kairos Malayalam in 2019)
ജീസസ് യൂത്ത് മുന്നേറ്റത്തിന് അതിന്റെ പേരു കിട്ടിയത് 1985 ലെ സമ്മേളനത്തില്‍ നിന്നാണല്ലോ. അന്നത്തെ ഒരു ഗ്രൂപ്പ് ചര്‍ച്ച വ്യക്തിപരമായി ഓരോരുത്തരും കണ്ടെത്തിയ യേശുവിനെക്കുറിച്ചായിരുന്നു. ചെറുഗ്രൂപ്പുകളില്‍ ഒന്നിച്ചു വന്ന കോണ്‍ഫറന്‍സ് പ്രതിനിധികൾക്കെല്ലാം ആ ചര്‍ച്ചയുടെ ഭാഗമായി ഒരു വലിയ കാര്‍ഡ് നൽകി. അതിൽ യേശുവിന്റെ 10 ചിത്രങ്ങൾ ഉണ്ടായിരുന്നു - പഠിപ്പിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന, വഴികാട്ടുന്ന, ഇടയനായ, സഹിക്കുന്നവനായ, കുഞ്ഞിനെ താലോലിക്കുന്ന, എന്നു തുടങ്ങി വിവിധ ഭാവങ്ങളിലുള്ള യേശു. ഓരോരുത്തരും തനിക്കു പ്രിയപ്പെട്ട യേശുവിനെ ആലോചിച്ച് തിരഞ്ഞെടുത്ത്, യേശുവിൽ എന്നെ ആകര്‍ഷിക്കുന്നതെന്ത് എന്നു പങ്കുവയ്ക്കേണ്ടിയിരുന്നു. ആ സമ്മേളനത്തില്‍ പലരേയും ഏറ്റം സ്പര്‍ശിച്ചത് ഈ ശില്ലശാലയായിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീസസ് യൂത്ത് കോളേജുകളിൽ സജീവ സാന്നിദ്ധ്യമായി. കാമ്പസ് മിനിസ്ട്രീയുടെ നേതൃത്വത്തില്‍ യൂത്ത് എന്‍കണ്ടര്‍ പ്രോഗ്രാം, കാമ്പസ് മീറ്റ്, നേതൃസമ്മേളനങ്ങള്‍, ടാലന്റ് ഗാലറി തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. പലപ്പോഴും ഈ പരിപാടികളിൽ ഒരു സെഷന്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, “സുവിശേഷങ്ങളിലെ യേശു. ഈശോയേക്കുറിച്ച് കേള്‍ക്കാത്തവരായി ഒരുപക്ഷേ ആരും തന്നെ ഉണ്ടാകില്ല, എന്നാല്‍ ബൈബില്‍ നാല് ജീവചരിത്രകാരന്മാര്‍ അവിടുത്തെ പറ്റി പറയുന്നത് ഒരു പുതുതാല്ലര്യത്തോടെ നോക്കികാണുന്നത് ആ ചെറുപ്പക്കാര്‍ക്കെല്ലാം ഏറെ പുതുമയുള്ളതും പുത്തൻ ഉണര്‍വ്വുനല്കുന്നതുമായ അനുഭവമായിരുന്നു.സ്രോതസ്സുകളിലേയ്ക്കുള്ള യാത്ര ഏറെ രസകരമാകാം
സുവിശേഷങ്ങളിലെ യേശുവിനെ കണ്ടുമുട്ടിയ എന്റെ ആദ്യകാല അനുഭവങ്ങള്‍ - എന്റെ സ്കൂള്‍ കാലയളവില്‍ ഒരു പുതിയ ബൈബില്‍ തര്‍ജ്ജമ പുറത്തിറങ്ങി, എന്റെ പിതൃസഹോദരി ഏറെ താല്പര്യത്തോടെ അത് കഴിയുന്നത്ര കരങ്ങളിലെത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. വീട്ടിൽ ബൈബില്‍ എപ്പോഴും കണ്ടിരുന്നതുകൊണ്ട് നേരത്തെതന്നെ ഞാന്‍ വചന വായന പ്രത്യേകിച്ച് സുവിശേഷ വായന തുടങ്ങി. ഒരുവിധത്തില്‍ 'വിദഗ്ദ്ധരുടെ' പഠനങ്ങൾ കേള്‍ക്കുന്നതിനു മുന്‍പ് ജീവിതത്തിൽ ഈ നേരിട്ടുള്ള അനുഭവം കിട്ടിയത് നന്നായെന്നു തോന്നുന്നു.
കോളേജ് പഠന കാലത്തെ ബൈബില്‍ വിചിന്തന ഗ്രൂപ്പുകള്‍ അടുത്ത സുപ്രധാന പഠന വഴികളായി. ചെറിയ സയ സൗഹൃദ കൂട്ടായ്മകളിൽ ഞങ്ങൾ സുവിശേഷ ഭാഗങ്ങൾ വായിച്ച് ഉള്‍ക്കാഴ്ചകള്‍ പങ്കവയ്ക്കുമായിരുന്നു. ഏറെ സമ്പന്നമായ അനുഭവമായി അത്. അന്നു പരിചയപ്പെട്ട വിവിധ പഠന രീതികളില്‍ 'സെറന്റിപ്പിറ്റി' രീതി പ്രത്യേകം ഓര്‍ക്കുന്നു. വിവിധ ചോദ്യങ്ങൾ പിന്നിട്ട് വചന ഭാഗത്തെക്കുറിച്ച് അപ്രതീക്ഷിതമായ കണ്ടെത്തല്‍ പ്രദാനം ചെയ്യുന്ന രീതിയായിരുന്നു അത്.
അന്നെല്ലാം എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തിയ വിപ്ലവകാരിയായ യേശു യുവജന കൂട്ടായ്മകളിലെ ആവര്‍ത്തിച്ചു കടന്നുവന്ന ഇഷ്ടവിഷയമായിരുന്നു. സുവിശേഷത്തിലെ സംഭവങ്ങളും യേശുവിന്റെ വാക്കുകളും ഇതിന് നല്ല അടിസ്ഥാനവുമായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുന്നു, അനേക യുവാക്കള്‍ ഹൃദയപൂര്‍വ്വം യേശുവിലേയ്ക്കു തിരിഞ്ഞതിന് ഒരു പ്രധാന കാരണം സുവിശേഷങ്ങളില്‍ അവര്‍ കണ്ട ക്രിസ്തു എപ്പോഴും മൃദുലനും ഭക്തനും ആയി കാണപ്പെടുന്നവനല്ല, മറിച്ച് തന്റെ കാലഘട്ടത്തിലെ അനീതിയും അഴിമതിയും കണ്ടപ്പോള്‍ ഏറെ പ്രകോപിതനായ ഈര്‍ജ്ജസ്വലനായ ഒരു യുവാവായിരുന്നു. ഫ്രാന്‍സിസ് പാപ്പ “ക്രിസ്തു ജീവിക്കുന്നു? എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ സൂചിപ്പിക്കുന്നതും ഇതു തന്നെ: “യുവജനങ്ങളെ, യേശു നിങ്ങളെ അകലെനിന്നോ പുറത്തുനിന്നോ അല്ല പഠിപ്പിക്കുന്നത് . . . സുവിശേഷത്തില്‍ അവതരിപ്പിക്കപ്പെട്ട യുവാവായ യേശുവിനെപ്പറ്റി ധ്യാനിക്കുകയെന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തെന്നാല്‍, അവിടന്ന് യഥാര്‍ത്ഥത്തില്‍ നിങ്ങളിൽ ഒരാളായിരുന്നു. നിങ്ങളുടെ യുവഹൃദയങ്ങളുടെ അനേകം സവിശേഷതകളില്‍ പങ്കുണ്ടായിരുന്നു." (31)
യേശുവിന്റെ സ്നേഹത്തിലാകാന്‍ യുവാക്കളെ സഹായിക്കണം
വലിയൊരു യുവജന സുവിശേഷ പ്രവര്‍ത്തകനായിരുന്ന ജോൺ പോള്‍ രണ്ടാമന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടാകേണ്ട ഒരു വ്യഗ്രതയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: “കുട്ടികളും യുവാക്കളും അടങ്ങുന്ന ഈ ജനക്കൂട്ടത്തിന് എപ്രകാരമാണ് ദൈവം മനുഷ്യനായ യേശു ക്രിസ്തുവിനെ നമുക്ക് വെളിവാക്കാനാവുക?'' തുടര്‍ന്ന് ആ വിശുദ്ധ പാപ്പ യേശുവുമായുള്ള ആ കണ്ടുമുട്ടലിന്റേയും ക്രിസ്തീയ ദയത്യനിറവിലേയ്ക്കുള്ള വളര്‍ച്ചയുടേയും വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഈ ചിന്തകള്‍ നമുക്ക് ഏറെ പ്രിയങ്കരമാണ്, കാരണം ജീസസ് യൂത്തിലും ഇതേ ചോദ്യങ്ങൾ നാം തുടരെ ഉയര്‍ത്തുന്നു: കാലം മാറി, ജീവിത ശൈലിയും വിനിമയ രീതികളും മാറിമറിഞ്ഞിരിക്കുന്നു, ഈ നവീന പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ക്ക് യേശുവിനെ കണ്ടുമുട്ടി അവിടുത്തെ ശിഷ്യരായി വളരാന്‍ പറ്റിയ മാര്‍ഗ്ഗമെന്താണ്? തീര്‍ച്ചയായും വൈവിധ്യമാര്‍ന്ന അജപാലന സമീപനങ്ങള്‍ സാദ്ധ്യമാണ്, എന്നാലും അതില്‍ ഏറ്റം പ്രധാന മാര്‍ഗ്ഗം സുവിശേഷങ്ങളിലെ യേശുവിനെ കാണാന്‍ കണ്ണൂതുറക്കാന്‍ യുവാക്കളെ സഹായിക്കുകയെന്നതു തന്നെ.
സുവിശേഷങ്ങള്‍ വരച്ചുകാണിക്കുന്ന യേശുവെന്ന ചരിത്രപുരുഷന്റെ ചിത്രം യുവ ഹൃദയങ്ങളെ ഏറെ വശീകരിക്കും. നാം ഓരോരുത്തരേയും പോലെതന്നെയുള്ള ആ മനുഷ്യനെ അവര്‍ക്ക് ഏറെ ഇഷ്ടമാകും, പക്ഷേ നിര്‍ഭാഗ്യമെന്നുപറയട്ടെ അവന്‍ പലപ്പോഴും മതപഠന പുകപടലത്തിന്റെ മറയിലായിപ്പോകുന്നു. അവര്‍ക്ക് സ്വര്‍ഗ്ഗത്തിലെ യേശുവിനേയും കുരിശിലേയും ദിവ്യകാരുണ്യത്തിലേയും നിത്യതയിലെ നീതിപീഠത്തിലേയും ഒക്കെയുള്ള യേശുവിനെ ഏറെ പരിചിതമായിരിക്കാം. എന്നാൽ ഈ ഭൂമിയില്‍ നടന്ന, “എന്റെ സ്നേഹിതാ' എന്ന് മറ്റുള്ളവരെ വിളിച്ച, യുവതീയുവാക്കളോട് സൊറപറഞ്ഞിരുന്ന, ചിലരോട് ഏറെ തര്‍ക്കിച്ച, പൊട്ടിച്ചിരിക്കുകയും കരയുകയും ചെയ്ത, തല്ല ഭക്ഷണം പാകംചെയ്ത, മറ്റുളളവരുമായി വിരുന്നാഘോഷിച്ച, സുന്ദര കഥകള്‍ പറഞ്ഞുകേള്‍പ്പിച്ച, കവിത തുളുമ്പുന്ന ഭാഷസംസാരിച്ച, ഉന്നതങ്ങളിലെ അഴിമതിക്കെതിരെ ആക്രോശിച്ച, അതോടൊപ്പം, ക്ഷമിക്കുന്ന ഹൃദയവും അനുകമ്പയും ഉണ്ടായിരുന്ന, നിത്യപിതാവിന്റെ കരുണാനിര്‍ഭര ഹൃദയം വെളിവാക്കിയ ആ ഒരു യേശുവിനെ പലപ്പോഴും യുവജനങ്ങളുടെ കൈപ്പിടിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയല്ലേ പതിവ്?
അങ്ങനെയെങ്കില്‍, സുവിശേഷങ്ങളിലെ ഈശോയുടെ പക്കലേയ്ക്ക് യുവാക്കളെ എപ്രകാരം ആനയിക്കാനാവും?
1) സുവിശേഷങ്ങളിലെ വിവിധ്യമാര്‍ന്ന യേശുവിന്റെ ചിത്രം വെളിവാക്കുന്ന ചര്‍ച്ചാവേളകള്‍ കൂട്ടായ്മകളില്‍ ഒരുക്കുക,
2) ബൈബിള്‍, പ്രത്യേകിച്ച് സുവിശേഷം, ചിലപ്പോഴെങ്കിലും തുടര്‍ച്ചയായി വായ്ക്കനായി അവരെ വെല്ലുവിളിക്കുക,
3) വിശുദ്ധ ഗ്രന്ഥത്തിലെ അടിക്കുറിപ്പുകളും വാക്യനിരൂപണങ്ങളും പശ്ചാത്തലവും മറ്റു സൂചനകളും ഗ്രഹിക്കാന്‍ എങ്ങനെ സഹായിക്കുന്നു എന്ന് കാണിച്ചുകൊടുക്കുക,
4) ചെറു സമൂഹങ്ങളില്‍ സുവിശേഷഭാഗം വായിച്ച് എല്ലാവരും ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കാന്‍ പ്രോത്സാഹനം നല്കുക,
5) ഈശോയുടെ ജീവിതവും വ്യക്തിത്വവും ചിത്രീകരിക്കുന്ന മാധ്യമ സുഷ്ടികള്‍ ഉപയോഗിക്കുക.
തൊട്ടനുഭവിക്കാവുന്ന കാര്യങ്ങളിൽ ആരംഭംകുറിച്ച് അവിടെനിന്ന് താത്വീകവും നിഗൂഡവുമായ വസ്തുതകളിലേയ്ക്ക് മുന്നേറുകയാണ് കൂടുതല്‍ യുവജനങ്ങള്‍ക്കും എളുപ്പം. ഈ യാഥാര്‍ത്ഥ്യമാകാം ദൈവം ശരീരരക്തങ്ങള്‍ പുല്‍കിയ മനുഷ്യാവതാരത്തിന്റെ അന്തസ്സത്തയും. യേശുവില്‍ നാമെല്ലാം പിതാവിന്റെ സൌന്ദര്യവും ഉയഷ്മളതയും രുചിച്ചറിയണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ 'ഉന്നതമായ ആദ്ധ്യാത്മികതയുടെ' കണ്ണുടകള്‍ മാറ്റിവച്ച് സുവിശേഷങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ലാളിത്യമാര്‍ന്ന ഈശോയുടെ ചിത്രം ദര്‍ശിക്കാന്‍ യുവജനങ്ങളെ സഹായിക്കുക എന്നത് ഏറെ പ്രധാപ്പെട്ടതു തന്നെ. ആര്‍ക്കറിയാം, ചിലപ്പോള്‍ മാറ്റാരും ഒരിക്കലും ദര്‍ശിക്കാത്ത ഒരു ക്രിസ്തുവിനെ ആ ഒരു വക്തി കണ്ടുമുട്ടിയെന്നിരിക്കാം, അവന്റെയോ അവളൂടേയോ ഒക്കെ ജീവിതത്തില്‍ അത് അനന്യമായ ഒരു തീര്‍ത്ഥാടനത്തിന്റെ ആരംഭവുമാകാം, ഒരുപക്ഷേ അത് ഏറെ പുതുമയുള്ള ഒരു മിഷനറിയുടെ രൂപീകരണത്തിന്റെ അടിസ്ഥാനവുമായി തീര്‍ന്നേക്കാം.
Comments
Post a Comment