ജെ വൈ: ഈ തലമുറയുടെ സന്തോഷത്തില്‍ സഹകരിക്കാനുള്ള പത്യേക വിളി (MJYR030)
ജെ വൈ: ഈ തലമുറയുടെ സന്തോഷത്തില്‍ സഹകരിക്കാനുള്ള പത്യേക വിളി
(By Dr. Edward Edezhath - Published in Kairos Malayalam in 2018)
“ഇപ്പോഴത്തെ കുട്ടികള്‍ ഒട്ടും ശരിയല്ല. മാധ്യമങ്ങളില്‍ നിന്നു കേൾക്കുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതുതന്നെ. ഒന്നിച്ചു വന്നാല്‍ കളിക്കാനും ആഘോഷിക്കാനുമേ അവര്‍ക്ക് സമയമുള്ളൂ. ഞങ്ങളെല്ലാം ഈ പ്രായത്തില്‍ എത്രമാത്രം പ്രാര്‍ത്ഥിക്കുമായിരുന്നു.” യുവജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവരുടെ ആ സമ്മേളനത്തിൽ ഇക്കാലത്തെ യുവജനങ്ങളെക്കുറിച്ച് ഒരാള്‍ വരച്ച ഈ വാക്ചിത്രം പെട്ടെന്ന് അംഗീകാരം നേടി. ശരിയെന്ന രീതിയില്‍ അനേകര്‍ തലയാട്ടുകയും ചെയ്തു.
ആ അഭിപ്രായ പ്രകടനത്തിന്റെ *“ടോണ്‍' എനിക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. അതില്‍ കുറേ സത്യമുണ്ട്, പക്ഷേ ഈ നിഷേധാത്മക സമീപനത്തില്‍ ഇളം തലമുറ കൈവിട്ടുപോകുകയേ ഉള്ളൂ. പിന്നെ, ഇത് സത്യത്തിന്റെ ഒരുവശം മാത്രം. പക്ഷേ അതവിടെ തീര്‍ന്നില്ല. വിവിധ അഭിപ്രായങ്ങളുമായി ചര്‍ച്ച തുടര്ന്നു. അതേതായാലും നല്ലതുതന്നെ, ഇളം തലമുറയെക്കുറിച്ചുള്ള തുറന്ന വിചിന്തങ്ങൾ ഏറേ പ്രധാനപ്പെട്ടതാണല്ലോ. *കാലത്തിന്റെ സൂചനകൾ' തിരിച്ചറിയാനും (ലൂക്ക 12:56) ഇന്നത്തെ ലോകത്തെ മനസിലാക്കാനും ഭാവിസമൂഹ നിര്‍മിതിക്ക് ശരിയായ രീതിയിൽ തയ്യാറാകാനും മറ്റെന്തുവഴി.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, യുവജനങ്ങളും അവരുടെ ആകുലതകളും സ്വപ്‌നങ്ങളും ഏറേ ചര്‍ച്ചാവിഷയമായ ഒരു ചരിത്രസന്ധിയിലാണ് ജീസസ് യൂത്ത് രൂപപ്പെട്ടത്. ജോണ്‍ പോൾ രണ്ടാമന്‍ പാപ്പ 1985 യുവജന വര്‍ഷമായി കൊണ്ടാടാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ കരിസ്മാറ്റിക് യുവജന ശൃംഖലയ്ക്കു നേതൃത്വം നല്കുന്ന ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ് ഇളംതലമുറയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അടുത്തറിഞ്ഞ് ഒരുക്കിയ കുറേ പ്രവര്‍ത്തനങ്ങളും ഒരു കോണ്‍ഫറന്‍സും സാവധാനത്തില്‍
ഒരു മുന്നേറ്റമായി വളര്‍ന്നതാണല്ലോ ജീസസ് യൂത്ത്. ഈ വര്‍ഷം 1985 പോലെ മറ്റൊരു യുവജന കേന്ദീകൃത വര്‍ഷമാകുന്നു. വീണ്ടും യുവജനങ്ങൾ ആഗോള ശ്രദ്ധാകേന്ദ്രമാകുന്നു, അവരുടെ പ്രത്യേകതകള്‍ ഏറേ ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. അന്ന് ഒരാദ്യ ആഗോള യുവജന വര്‍ഷമായെങ്കില്‍ 2018 ആദ്യ ആഗോള യുവജന സിനഡിന്റെ വര്‍ഷമാകുന്നു.
രണ്ടു വേറിട്ട വഴികള്‍
ഇന്നത്തെ ഇളം തലമുറയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം വഴിപിഴച്ചതാണോ? ചിലരുടെ പരാമര്‍ശങ്ങള്‍ കേട്ടാൽ ഈ തലമുറയിൽ ഒരു നന്മയുമില്ല എന്നു തോന്നും. പല യുവജനങ്ങളും തങ്ങളുടെ ലോകത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നു എന്നതാണ് ഏറേ കഷ്ടം.
യുവജന ശുശ്രൂഷയെ രണ്ടുരീതിയില്‍ സമീപിക്കാം. ഒന്ന്, യുവജനങ്ങള്‍ പ്രശ്നക്കാരാണ് പ്രശ്‌നങ്ങളുടെ നടുവിലാണ്. തനിയെ വിട്ടാർ അവര്‍ വഴിപിഴച്ചുപോകും. അവരെ നന്നാക്കണം. അതിനുള്ള വഴികള്‍ തേടുക. അവരെ നേര്‍വഴിയില്‍ നടത്താന്‍ പറ്റിയവരെ കണ്ടെത്തി ചെറുപ്പക്കാരെ ഒന്നിച്ചുകൂട്ടി നല്ല ഉപദേശങ്ങള്‍ നല്കുക. ഇതില്‍ നിന്ന് ഏറേ വ്യത്യസ്ഥമാണ് രണ്ടാമത്തെ സമീപനം. സൃഷ്ടാവിന്റെ സുന്ദരകരവേലയാണ് ഈ ഇളം തലമുറ. നമുക്ക് സ്വപ്നം കാണാന്‍പോലും സാദ്ധ്യമല്ലാതിരുന്ന നന്മകളുടേയും സാദ്ധ്യതകളുടേയും സുന്ദര കലവറയാണവര്‍. അവര്‍ക്കു പ്രശ്‌നങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്. പഴയ തലമുറയിലെ നമ്മള്‍ ഒരിക്കലും അഭിമുഖീകരിക്കാത്ത വലിയ വെല്ലുവിളികളും പ്രലോഭനങ്ങളും അവര്‍ അനുഭവിക്കുന്നു. അവരുടെ വലിയ സാദ്ധ്യതകൾ അറിയാനും മനോഹരമായി ഭാവി കരുപ്പിടിപ്പിക്കാനും നമുക്കും പിന്‍ബലം നൽകാനാകും. ഈ സുന്ദര യുവജന സാമീപ്യം ഈ വൃത്യസ്ത തലമുറയിലെ നമ്മളേയും വളര്‍ത്തും. ഈ തലമുറയിൽ നിന്ന് നമുക്ക് വളരെയേറെ പഠിക്കനും സാധിക്കും.
ജോണ്‍പോള്‍ രണ്ടാമന്‍ യുവാക്കളുടെ വലിയ സുഹൃത്തായെങ്കിൽ അതിനു കാരണം അദ്ദേഹത്തിന്റെ ഈ പറഞ്ഞ പ്രത്യാശയുടെ സമീപനമായിരുന്നു. ഇന്നത്തെ ഫ്രാന്‍സിസ് പാപ്പയും ഒട്ടും വ്യത്യസ്ഥനല്ല. അത് മനസിലാക്കനമെങ്കില്‍ വരാൻ പോകുന്ന സിനഡിന്റെ ഒരുക്കരേഖയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. “യുവജനങ്ങളെ ശ്രവിക്കുന്നതിലൂടെ, ഇന്നത്തെ ലോകത്തോട് സംസാരിക്കുന്ന ദൈവത്തെ സഭയ്ക്ക് കേള്‍ക്കാനാകും”. കാരണം ഇന്നത്തെ കാലഘട്ടത്തിന്റെ സൂചനകള്‍ തിരിച്ചറിയാന്‍ കഴിവുള്ളത് ചെറുപ്പക്കര്‍ക്കാണ്. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനം വൃത്യസ്ഥമാകണം. പാപ്പ തുടരുന്നു, “യുവതലമുറയോടൊത്തു സഞ്ചരിക്കുകയെന്നതില്‍ അവരുടെ വിശ്വാസത്തെ നിയന്ത്രിക്കാൻ (പ്രലോഭിക്കുന്നതിനെക്കാള്‍ അവരുടെ സന്തോഷത്തിൽ സഹകരിക്കാനുള്ള വിളിയാണ് സഭ സ്വീകരിക്കുന്നത്”. മറ്റുവാക്കുകളില്‍ പറഞ്ഞാന്‍ യുവജനശുശ്രൂഷയുടെ ഈന്നല്‍ ചെറുപ്പക്കാരെ നന്നാക്കുന്നതിലല്ല ആകേണ്ടത്, മറിച്ച് അവരുടെ ജീവിതത്തിന്റെ നന്മയും സനന്ദര്യവും തിരിച്ചറിഞ്ഞ് അതില്‍ ആത്മാര്‍ത്ഥമായി പങ്കുചേരാനാകുന്നതിലാണ്.
ഒരു സുപ്രധാന ജീസസ് യൂത്ത് തനിമ
ഇന്നത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങളും അതിനുള്ള പരിഹാരവും എനിക്കറിയാം? എന്ന തീര്‍ച്ചയോടുകൂടിയുള്ള യുവജന സമീപനം യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടാന്‍ തടസ്സമാകും എന്നു മാത്രമല്ല ഈ തലമുറയുടെ സഹകരണം നേടിയെടുക്കുന്നതിനു വിലങ്ങുതടിയാകുകയും ചെയ്യും. നിരന്തരമായ അന്വേഷണം നടത്തുന്ന, മാറിയ സാഹചര്യങ്ങളില്‍ പുതുമയോടെ ദൈവേഷ്ടം തേടുന്ന, എളിമയോടെ പഠിക്കാൻ ശശമിക്കുന്ന നല്ല ശിഷ്യത്വ മനോഭാവം യുവജന ശുശ്രൂഷയുടെ കാതലായ ചേരുവയാണ്. ഈ ഒരു സമീപനമാണ് ജീസസ് യൂത്ത് സംരംഭങ്ങളെ വ്യത്യസ്തമാക്കുന്നത്.
നമ്മുടേയെല്ലാം സുപ്രധാന പഠന വിഷയമാകേണ്ട യുവജന സിനഡ് ഒരുക്കരേഖ ഈ തുറവിയോടെയുള്ള സമീപനത്തിന് ഏറേ പ്രാധാന്യം നല്കുന്നു. “ധൃതഗതിയിലുള്ള മാറ്റവും രൂപാന്തരീകരണവും സമകാലീന സമൂഹങ്ങളുടേയും സംസ്കാരങ്ങളുടേയും പ്രധാന സവിശേഷതയാണ്. ഈ പ്രക്രിയ . . . മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അസ്ഥിരതയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു.” ഇതിനോടുള്ള നമ്മുടെ പ്രതികരണം എന്താകണം? “ഈ അവസ്ഥ ഒരു പ്രശ്‌നമാണോ അതോ അവസരമാണോ എന്ന് മുന്‍വിധി നടത്താതെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തിരഞ്ഞെടുപ്പു നടത്തണം.
ജീസസ് യൂത്ത് ദര്‍ശന രൂപികരണത്തിനും തനതു ശൈലികള്‍ രൂപപ്പെടുന്നതിനും കാരണമായ സുപ്രധാന പടികളിൽ ഒന്ന് 1981 സെപ്തമര്‍ മാസത്തിൽ അന്നത്തെ ദേശീയ കരിസ്മാറ്റിക് നവീകരണ ചെയര്‍മാനായ ഫാ. ജീനോ ഹെന്‍ഡ്രിക്സ് അച്ചന്റെ കേരള നവീകരണ സേവന സമിതിയുമായുള്ള ചര്‍ച്ചയാണ്. “പ്രായമായവര്‍ എന്നും നിങ്ങളോടുകൂടെയുണ്ടാകും. എന്നാല്‍ ചെറുപ്പക്കാര്‍ അങ്ങനെയല്ല.'* അവര്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ആ വെല്ലുവിളികളുടെ ഇടയില്‍ യേശുവിനൊപ്പം ഉറച്ചു നില്ക്കുക അവര്‍ക്ക് എളുപ്പമല്ല. “ഇളം തലമുറയ്ക്ക് വ്യത്യസ്തമായ ഒരു കരിസ്മാറ്റിൽ നവീകരണ രീതി അത്യാവശ്യമാണ്. അത് എങ്ങനെയാകണം എന്നതിന് നിങ്ങൾ ഒരു കൃത്യതയോടെയുള്ള അന്വേഷണം തുടങ്ങണം“. അന്നുതന്നെ കെ എസ് ടി അതനുസരിച്ചുള്ള ഒരു യുവജന സമീപനം തിരിച്ചറിഞ്ഞ് രൂപം നൽകാൻ ഒരു ചെറുസമിതി തിരഞ്ഞെടുത്ത് ഉത്തരവാദിത്വം ഏല്പിച്ചു.
കഴിഞ്ഞവര്‍ഷത്തെ യുവജനങ്ങളല്ല ഇന്നത്തെ ചെറുപ്പക്കാര്‍: അവരുടെ തനതു സംസ്കാരവും വെല്ലുവിളികളും നമുക്കറിയില്ല; താല്ലര്യത്തോടും സ്നേഹത്തോടും കൂടെ ആ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അവരെ യേശുവിൽ പിന്താങ്ങണം, എന്നീചിന്തകള്‍ കാര്യക്ഷമമായ യുവജന സമീപനത്തിന് അത്യാവശ്യമാണ്. ആര്‍ക്കെല്ലാം ഇതുവേണം? മുതിര്‍ന്നയുവജനങ്ങള്ക്കും, മാതാപിതാക്കള്ക്കും അദ്ധ്യപകര്‍ക്കും, ഉരുവിധത്തില്‍ സമൂഹത്തിലെ എല്ലാവര്‍ക്കും.
ഇപ്പറഞ്ഞ തുറവിയുള്ള യുവജന സമീപനത്തിന്റെ ഉത്തമ മാതൃകയായി 'ജീസസ് യൂത്ത് 85' കോണ്‍ഫറന്‍സ്. പേരിലും, ലോഗോയിലും മാത്രമല്ല, പഠന വിഷയങ്ങളിലും പ്രോഗ്രാം ക്രമീകരണത്തിലും ഒരുക്കത്തിലുമെല്ലാം ഒരു പുത്തന്‍ അന്വേഷണം അത്യാവശ്യം എന്ന ചിന്ത എല്ലാം യുവജനങ്ങള്‍ക്ക് അനുയോജ്യമാക്കി. സാധാരണ ചിന്തിക്കുന്നപോലെ *ദൈവസ്നേഹം, പാപം, പശ്ചാത്താപം, യേശുവിന്റെ കര്‍ത്തൃത്വം” എന്നു തുടങ്ങുന്ന വിഷയങ്ങള്‍ക്കു പകരം, *ഇന്നത്തെ യുവലോകം, യേശുവിനെ ഇന്നിനെക്കുറിച്ചുള്ള സ്വപനം, ഇന്ന് യുവജനം യേസുവിനൊപ്പം' എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ രൂപപ്പെട്ടു. ഇവയുടെ അവതരണവും ഏറെ പുതുമയുള്ളതായി. ജീസസ് യൂത്തിന് അന്നും ഇന്നും യുവജന പ്രേഷിതത്വത്തിനു നൽകാനാകുന്ന സംഭാവന ഒന്നു കണ്ണുതിരുമ്മി മാറിയ സാഹചര്യങ്ങളെ പുതുമയോടെ കാണാനുള്ള നവസന്തോഷത്തിന്റെ ആത്മചൈതന്യമാണ്.
Comments
Post a Comment