ജീസസ്‌ യൂത്തും സ്വന്തം-കാര്യം-സിന്ദാബാദ്‌ ആദ്ധ്യത്മികതയും (MJYR028)

 ജീസസ്‌ യൂത്തും സ്വന്തം-കാര്യം-സിന്ദാബാദ്‌ ആദ്ധ്യത്മികതയും

(By Dr. Edward Edezhath - Published in Kairos Malayalam in 2017)

അമ്മയും കൗമാര പ്രായക്കാരനായ മകനും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്‌ ഞാൻ സാക്ഷിയാകേണ്ടിവന്നു. പ്രാര്‍ത്ഥനയാണു വിഷയം. പൊരിഞ്ഞ യുദ്ധക്കളത്തില്‍ ഞാൻ തന്ത്രപരമായ നിശബ്ദദ പാലിച്ചു. അവന്‍ പ്രാര്‍ത്ഥിക്കുന്നില്ല. നല്ല വിജയം കിട്ടേണ്ടേ? ജീവിതത്തില്‍ സുരക്ഷിതത്വം വേണ്ടെ? പ്രാര്‍ത്ഥനയ്ക്കും പള്ളിയില്‍ പോകുന്നതിനും മടിയാണെങ്കിൽ എങ്ങനെ ദൈവാനുഗ്രഹമുണ്ടാകും? ഇതിനെല്ലാം മകന്റെ മറുവാദങ്ങളും ശക്തം. നല്ല മാര്‍ക്കുകിട്ടാന്‍ പഠിക്കുകയാണ്‌ വേണ്ടത്‌, പാര്‍ത്ഥിച്ചിരിക്കുകയല്ല. അതും ഇതും കിട്ടാന്‍ വേണ്ടി പള്ളിയിൽ പോകാന്‍ നാണമാകില്ലേ. ഇത്‌ പേടിതൊണ്ടന്‍മാരുടെ അല്ലെങ്കില്‍ സ്വാര്‍ത്ഥന്മാരുടെ എളുപ്പവഴി. മകന്റെ ശക്തമായ വാദമുഖങ്ങള്‍ക്കിടയിൽ സഹായത്തിനായി അമ്മ എന്റെ നേരേ തിരിഞ്ഞു. ഏതു ഭാഗത്തു ചേരണമെന്നറിയാതെ ഞാന്‍ കുഴഞ്ഞു.

പ്രാര്‍ത്ഥനയേയും ആദ്ധ്യാത്മികതയേയും എന്റെ കാര്യസാദ്ധ്യത്തിലേയ്ക്ക്‌ ഒതുക്കുന്ന രീതി ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. സാധാരണഗതിയില്‍ ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നത്‌ എന്തെങ്കിലും കാര്യം നടക്കാനാണല്ലോ, രോഗം, പരീക്ഷ, കുടുംബത്തകര്‍ച്ച, നല്ല ഭാവി, സാമ്പത്തീക ഭദ്രത, അങ്ങനെ അങ്ങനെ നീളുന്നു. ധാരാളം പുരുഷന്മാരും ചെറുപ്പക്കാരും വിശ്വാസത്തേയും പ്രാര്‍ത്ഥനയേയും കളിയാക്കി ചിരിക്കുന്നത്‌ ആ വഴികളെ ഭീരുക്കളുടെ എളുപ്പവഴിയായി കാണുന്നതുകൊണ്ടാണല്ലോ. അതുകൊണ്ടുതന്നെ ആ യുവാവിന്റെ അസ്വസ്ഥത മനസിലാക്കാന്‍ എനിക്ക്‌ ഒട്ടും പ്രയാസമുണ്ടായില്ല. പക്ഷേ ആ പാവം അമ്മ മകൻ വഴിപിഴച്ചു പോകരുതെന്ന്‌ ആഴത്തില്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ വഴിയില്‍ നടക്കുകയാണ്‌ അതിനുള്ള ഏകവഴിയെന്നും അവള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. രണ്ടുപേരുടേയും “ശരി” കാണാനായതായിരുന്നു എന്റെ കണ്‍ഫ്യഷനു കാരണം.

എന്റെ ചിന്തകള്‍ ഒന്നു പുറകോട്ടുപോയി. എന്റെ തന്നെ അനുഭവങ്ങളും ജീസസ്‌ യൂത്ത്‌ പോലൊരു ശൃംഖല ആവശ്യമായി വന്നതിനെക്കുറിച്ചും ഇന്നത്തെ ഏറേ അസ്വസ്ഥാജനകമായ ചില സൂചനകളെക്കുറിച്ചും.

കുറച്ചു പതിറ്റാണ്ടുകള്ക്കുമുന്‍പ്‌ കരിസ്മാറ്റിക്‌ നവീകരണവുമായി പരിചയപ്പെടാന്‍ ഇടവന്നപ്പോള്‍ താല്ലര്യപൂര്‍വ്വം അതില്‍ ഉള്‍ചേരാന്‍ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങളിലൊന്ന്‌ ആത്മപ്രചോദിതമായി എന്നിൽനിന്ന്‌ പുറത്തേയ്ക്കു തിരിയുന്ന ഒരു പുത്തന്‍ അദ്ധ്യാത്മികതയായിരുന്നു അത്‌ എന്നതായിരുന്നു. അതിന് മുൻപ് കാണുമായിരുന്ന ആദ്ധ്യാത്മികത പരിശുദ്ധകുര്‍ബാന കഴിഞ്ഞാല്‍ വണക്കമാസം, കൊന്ത, നൊവേന എന്നവയിൽ ഒതുങ്ങുമായിരുന്നു. പള്ളിപെരുന്നാളും കൂടി കൂട്ടിയാൽ ഏതാണ്ട്‌ മുഴു ചിത്രമാകും. 'ചൊല്ലിക്കൂട്ടുന്ന' കുറേ പ്രാര്‍ത്ഥനകളും പിന്നെ “അസാദ്ധ്യകാര്യങ്ങൾ?" നേടാനുള്ള ചില ഇടങ്ങളും കൂടിയാൽ പ്രാര്‍ത്ഥനാ ജീവിതം പൂര്‍ണമായി. ഇതിനിടെ ഒരു ആശ്വാസ തെന്നലായി നവീകരണം കടന്നുവന്നു.

ദൈവവചനത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ച്‌ യേശുവിന്റെ മാതൃകയുമായി തട്ടിച്ചുനോക്കി ആദ്ധ്യാത്മികതയെ കണ്ടെത്തുന്ന പുത്തൻ രീതി ഹൃദ്യമായിതോന്നി. അത്‌ ഏറേ സ്വാഭാവികവും ആനന്ദപൂരിതവുമാണെന്നു മാത്രമല്ല സഭയുടെ പഠനങ്ങളോട്‌ ഒത്തുപോകുന്നതുമാണ്‌ എന്നത്‌ ഏറേ ആശ്വാസം നല്‍കി. പക്ഷേ പൊതുജനത്തിന്റെ ‘അസാദ്ധ്യകാര്യങ്ങൾ' അതെന്തു ചെയ്യും? ഈ നവീകരണത്തില്‍ തുടരണമെങ്കിൽ പരിശുദ്ധാത്മാവിനു ചെവിയോര്‍ക്കുന്ന, കുറച്ചെങ്കിലും വിവേചനത്തോടെ കാര്യങ്ങളെ സമീപിക്കുന്നവര്‍ക്കേ പറ്റു എന്നൊരു പ്രശ്‌നമുണ്ടായിരുന്നു.

എന്നാല്‍ അധികം സമയം കഴിയേണ്ടിവന്നില്ല, ഒരു പുതു നവീകരണധാര ആദ്യം ചെറുതായി പിന്നെ വ്യപകമായി വളര്‍ന്നുവന്നു, “രോഗശാന്തി പ്രസ്ഥാനം”. സാവധാനത്തില്‍ നവീകരണമെന്നാല്‍ 'ആത്മാഭിഷേക അനുഭവം' എന്നതിലുപരി “രോഗശാന്തി മാര്‍ഗ്ഗം' എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. വളരെ ഗാഡമായ അനുഭവത്തിലേയ്ക്കു നയിക്കാന്‍ സെന്ററുകളിലുള്ള ധ്യാനങ്ങള്‍ ആരംഭിച്ചു. അങ്ങനെ അങ്ങോളമിങ്ങോളം ധ്യാന സെന്ററുകള്‍ കേരളത്തിൽ മുളച്ചു പൊങ്ങി. രോഗശാന്തി കണ്വൻഷനുകള്‍ പതിനായിരങ്ങളേയും ലക്ഷങ്ങളേയും ആകര്‍ഷിക്കാന്‍ തുടങ്ങി. കേരളത്തില്‍ കരിസ്മാറ്റിക്‌ നവീകരണമെത്തി ഒരു പത്തു വർഷത്തിനുള്ളിൽ കേരളത്തിന്റെ തനതായ 'പോപ്പുലര്‍' ശൈലികള്‍ വളർന്നു.

എനിക്കു സുപരിചിതമായ നവീകരണ വൃത്തങ്ങളില്‍ ഇപ്പറഞ്ഞതില്‍ നിന്നു വൃതിരിക്തമായി രണ്ടുമൂന്നു കാര്യങ്ങള്‍ സംഭവിച്ചു. അത്‌ വ്യത്യസ്ഥമായ ഒരു നവീകരണ ശാഖ രൂപപ്പെടുന്നതിന്‌ ഇടയാക്കുകയും ചെയ്തു. ഒന്നാമതായി കരിസ്മാറ്റിക്‌ നവീകരണം അതിന്റെ തനതു രൂപത്തില്‍ എന്താണ്‌ എന്ന്‌ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്താന്‍ പക്വതയാര്‍ന്ന വൈദികരും പരിശീലന വേദികളും കൃത്യമായി ഞങ്ങള്ക്കു ലഭിച്ചു. ഫാദേഴ്സ്‌ ഫിയോ, മാര്‍സലിനോ, റൂഫസ്‌, ജീനോ തുടങ്ങി നല്ല പരിശീലകര്‍ എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‌ ലഭ്യമായി. രണ്ടാമതായി കെഎസ്ടിയുടെ നേതൃത്വത്തിലും പിന്നീട്‌ ജീസസ് യൂത്ത് പ്രാരംഭ കൂട്ടായ്മയായ 'ഫസ്റ്റ്‌ ലൈനിലും' നവീകരണ ശൈലികളെക്കുറിച്ച്‌ വിമര്‍ശനാത്മകമായി ചിന്തിക്കാനും വ്യത്യസ്ഥ പന്ഥാവുകള്‍ മെനഞ്ഞെടുക്കാനും ധാരാളം അവസരങ്ങള്‍ ഞങ്ങള്ക്കു ലഭിച്ചു. ജനസാമാന്യത്തിന്റെ ആരവത്തില്‍ അകപ്പെട്ടുപോകാതെ വ്യക്തമായ കത്തോലിക്കാ കരിസ്മാറ്റിക്‌ ശൈലികൾ വിവേചിച്ചറിയാന്‍ ഇത്‌ ഇടയാക്കി എന്നതില്‍ സംശയമില്ല.

എന്താണ്‌ ഈ ശൈലികളിലെ വ്യത്യാസം?  എന്റെ ബന്ധനങ്ങളില്‍, ആവശ്യങ്ങളിൽ, രോഗാവസ്ഥകളില്‍ എങ്ങനെ മോചനം, രക്ഷ സാദ്ധ്യമാക്കാം എന്ന ഒരു ചിന്തയോടെ ജനങ്ങൾ കൺവെൻഷനുകളിലേയ്ക്കും ധ്യാന കേന്ദ്രങ്ങളിലേയ്ക്കും ചെല്ലുന്നു. അതിനുള്ള ഏറ്റം ശക്തമായ വഴികളും, പലപ്പോഴും പുതുപുത്തന്‍ പ്രാര്‍ത്ഥനാ രീതികളും അവര്‍ക്ക്‌ നൽകപ്പെടുന്നു. എന്നാൽ ആദ്യകാലം മുതലേ ജീസസ്‌ യൂത്ത്‌ വൃത്തകങ്ങളിൽ കാര്യസാദ്ധ്യവും രോഗശാന്തിയും ലക്ഷ്യമാക്കിയുള്ള സമീപനങ്ങളും ധ്യാനങ്ങളും പ്രാത്സാഹിപ്പിക്കപ്പെടരുത്‌ എന്ന ചിന്ത ശക്തമായിരുന്നു. ദൈവസ്നേഹാനുഭവത്തിലേയ്ക്കും യേശുവിലുള്ള സന്തോഷത്തിലേയ്ക്കും വ്യക്തികള്‍ വരണം എന്നതാണ്‌ നമ്മുടെ മുന്നേറ്റത്തിലുള്ള ഊന്നല്‍. ഇത് അവരെ ഒരു സന്തോഷ കൂട്ടായമയിലേയ്ക്ക്‌ കൂട്ടികൊണ്ടുവരാൻ ഇടയാക്കണം. ഒരു പുതു ജീവിതശൈലി ഉണ്ടാകാനും മിഷനറിയായി ഇറങ്ങിപുറപ്പെടാനും ഇത്‌ ശക്തമായ പ്രേരണ നൽകണം. ഇവയാണ്‌ ജീസസ്‌ യൂത്ത്‌ നവീകരണ ലക്ഷ്യങ്ങള്‍.

ഈശോ നാഥന്‌ വിവിധ ഭാവങ്ങളുണ്ടായിരുന്നു. യേശുവിന്റെ ദൗത്യത്തിനും ജീവിത സമീപനത്തിനും ഏറേ മുഖങ്ങളുണ്ടായിരുന്നു. തീര്‍ച്ചയായും ഓരോ മുന്നേറ്റവും തങ്ങൾ കണ്ടെത്തുന്ന ദൗത്യത്തിനനുസൃതമായ യേശുമുഖം തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. ഇന്നത്തെ പോപ്പുലര്‍ കരിസ്മാറ്റിക്‌ നവീകരണം സൗഖ്യംനൽകി കടന്നുപോയ യേശുവിന്‌ ഊന്നൽ നല്കുന്നെങ്കില്‍ ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിൽ ശിഷ്യന്മാരെ വിളിക്കുകയും, സംവാദത്തിലേര്‍പ്പെട്ട്‌ അവരുടെ ദര്‍ശനത്തിനു രൂപംനല്കുകയും, സ്നേഹകൂട്ടായ്മയിൽ ഒന്നിച്ചു നിര്‍ത്തി ദൗത്യവാഹകരായി പറഞ്ഞയയ്ക്കുകയും ചെയ്ത യേശുനാഥന്റെ ജീവിതമുഖത്തിനാണ്‌ പരമ പ്രാധാന്യം നല്കുന്നത്‌.

പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ 'പോപ്പുലര്‍' കരിസ്മാറ്റിക്‌ ശൈലികളുടെ രൂപവും ഭാവവും മാറിയിട്ടുണ്ട്‌ എന്നു തോന്നുന്നു. രോഗശാന്തി എന്ന പദം ഇന്ന്‌ കണ്വെൻഷൻ പോസ്റ്ററുകളില്‍ നിന്ന്‌ ഏതാണ്ട്  അപ്രത്യക്ഷമായിരിക്കുന്നു പകരം മറ്റു ചില പദങ്ങള്‍ വന്നിരിക്കുന്നു. കാര്യസാദ്ധ്യത്തിനായി പരക്കം പായുന്ന ജനസഞ്ചയം ഫലസാധ്യം എവിടെയുണ്ടെന്നു കേള്‍ക്കുന്നുവോ അവിടേയ്ക്കു കുതിക്കുന്നു. ആ സ്ഥലങ്ങള്‍ മാറിമാറി വരുന്നു. ഒരു പ്രാര്‍ത്ഥന എത്രപ്രാവശ്യം മറ്റുള്ളവര്‍ക്ക്‌ അയച്ചുകൊടുത്താല്‍, ഒരു മാസിക എത്രപേര്‍ക്ക്‌ വിതരണം ചെയ്താൽ, വിശ്വാസ്പപമാണം അല്ലെങ്കിൽ കരുണകൊന്ത എത്രപ്രാവശ്യം ആവര്‍ത്തിച്ചാല്‍ എന്റെ ഉദ്ദേശം ഫലമണിയും എന്നു വേവലാതിപ്പെട്ട്‌ മനുഷ്യര്‍ അലയുന്നു.

ഒരു കാര്യം സമ്മതിക്കതെ വയ്യ, അനേകര്‍ക്ക്‌ അവരുടെ വേദനകളില്‍ സാന്ത്വനമായി കടന്നുവന്ന വ്യക്തികളോ ദൈവമോ ആണ്‌ ദൈവാനുഭവത്തിന്റെ ആദ്യപടി. അങ്ങനെയെങ്കില്‍ രോഗശാന്തിക്കായുള്ള പരക്കംപാച്ചിലും കാര്യം നടത്തല്‍ പ്രാര്‍ത്ഥനയും ഒരു തുടക്കമാകാം. പക്ഷേ അവിടെനിന്ന്‌ അവര്‍ മുന്നോട്ടുപോകണം. എന്നെ സഹായിക്കുന്നവന്‍ മാത്രമായ ദൈവത്തിനപ്പുറം ആയിരിക്കുന്ന രീതിയിൽ ദൈവത്തെ കണ്ട്‌ ആ പ്രതിച്ഛായയിലേയ്ക്ക്‌ പടിപടിയായി മാറാന്‍, അവിടെ ത്രിത്വൈക രൂപം സ്വീകരിച്ച്‌ പുഞ്ചിരിക്കുന്ന കൂട്ടായ്മകളില്‍ വേരുറക്കാന്‍, അവിടെനിന്ന്‌ അയയ്ക്കുപ്പെടാന്‍ അപ്പോള്‍ വേദനകള്‍ മാറാനെന്നതിലുപരി നിന്റെഇഷ്ടം എന്റെഇഷ്ടം എന്നു പറയാന്‍ ഒക്കെ ഇടയാകണം. ജീസസ്‌ യൂത്ത്‌ ഇപ്രകാരമുള്ള ഒരു ചെറിയ അജഗണമാകാണം. നവീകരണത്തെ വെല്ലുവിളിക്കുന്ന പുളിമാവാകണം.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)