ഈ മാധ്യമ താല്പര്യം ജീസസ്‌ യൂത്തിനെ ദുഷിപ്പിക്കില്ലേ? (MJYR015)

 ഈ മാധ്യമ താല്പര്യം ജീസസ്‌ യൂത്തിനെ ദുഷിപ്പിക്കില്ലേ?

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

വര്‍ഷം 1981. ആ സെപ്തമ്പറില്‍ കേരളത്തിലെ കരിസ്മാറ്റിക്‌ സേവന സമിതി (KST) ദേശീയ ചെയര്‍മാന്‍ ഫാ. ജീനോയോടൊപ്പം സെന്റ്‌ തെരേസാസ്‌ കോളേജില്‍ ഒന്നിച്ചു വന്നു. പിറ്റേവര്‍ഷം അവസാനം കേരളം ആതിഥേയം വഹിക്കേണ്ട ബൃഹത്തായ ദേശീയ സംഗമത്തിനായി എങ്ങനെ ഒരുങ്ങണം എന്നതായിരുന്നു ചര്‍ച്ച. നേതൃ വളര്‍ച്ചയില്‍ ഏറെ പിന്നോക്കമായിരുന്ന കേരളത്തിലെ അന്നത്തെ നവീകരണ മുന്നേറ്റത്തിൽ എല്ലാമേഖലയിലും ഒരു കുതിച്ചുചാട്ടം ആവശ്യമായിരിക്കുന്നു. ഇതില്‍ യുവജനങ്ങളെ ഒരുക്കുന്നതിനായിരുന്നു അദ്ദേഹം നല്‍കിയ വലിയ ഈന്നൽ. 

കേരളത്തില്‍ നവീകരണം കടന്നുവന്നിട്ട്‌ അഞ്ചാറുവര്‍ഷമായില്ലേ? എന്തുകൊണ്ട്‌ വിരലിൽ എണ്ണാവുന്ന യുവജനങ്ങള്‍ മാത്രം തുടരുന്നു? ആദ്ധ്യാത്മികതയില്‍ യുവജനങ്ങള്‍ കടന്നുവരുന്നതിനും അതില്‍ അവര്‍ തുടരുന്നതിനും ആ മേഖലയില്‍ അവര്‍ വളര്‍ച്ച പ്രാപിക്കുന്നതിനും വ്യത്യസ്ഥ സമീപനം അത്യാവശ്യമായിരിക്കുന്നു. (പ്രായമായവര്‍ എന്നും സഭയോടൊപ്പമുണ്ടായിരിക്കും, എന്നാൽ യുവാക്കളെ അതില്‍ നിലനിര്‍ത്തണമെങ്കിൽ മാറിയ രീതികളുണ്ടെങ്കിലേ പറ്റൂ. ഒരു മുന്‍വിധിയോടെ യുവസയഹൃദ നവീകരണ സമീപനങ്ങൾ അറിയാമെന്നു കരുതുന്നതിനു പകരം അത്‌ അന്വേഷിച്ചു കണ്ടെത്താന്‍ ഒരു സമിതിയേയും അന്ന്‌ രൂപീകരിച്ചു ഉത്തരവാദിത്വം ഏല്പിച്ചു.

ആ നാളുകളില്‍ നവീകരണത്തില്‍ സജീവരായിരുന്ന യുവജനങ്ങളെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പലപ്രാവശ്യം ഒന്നിച്ചുകൊണ്ടുവന്ന്‌ വിവിധ കാര്യങ്ങളെക്കുറിച്ച്‌ അവരുടെ ചിന്തകളും നിര്‍ദ്ദേശങ്ങളും തേടാനും ആ ആശയങ്ങളില്‍ നിന്ന്‌ ചില സമീപനങ്ങളും പദ്ധതികളും രൂപപ്പെടുത്താനും ഈ സമിതി ശ്രമിച്ചു. ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളില്‍ യുവജന പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ലക്ഷ്യങ്ങളും അവർക്കു ലഭ്യമാക്കേണ്ട അറിവുകളും നൽകേണ്ട വിഷയങ്ങളും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഏതുരീതിയില്‍ അവര്‍ക്ക്‌ ക്ലാസുകളും പരിശീലനങ്ങളും നല്‍കണം എന്നത്‌ ഏറേ ചര്‍ച്ചചെയ്യപ്പെട്ടു. “മീഡിയം ഇസ്‌ ദ മെസ്സേജ്‌' മാദ്ധ്യമം തന്നെ സന്ദേശം എന്ന മാര്‍ഷല്‍ മക്ലൂഹന്റെ സുപ്രസിദ്ധ വാക്കുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നകാലം. കരിസ്മാറ്റിക്‌ നവീകരണത്തിലെ ക്ലാസുകളും പഠന വിഷയങ്ങളും ഇളം തലമുറയ്ക്ക്‌ അത്യാവശ്യമാണ്‌ പക്ഷേ അവ നല്‍കപ്പെടുന്ന രീതികൾ യോജിച്ചതല്ല എന്നത്‌ പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ടു. ജീസസ്‌ യൂത്തിലെ മാദ്ധ്യമ ആഭിമുഖ്യത്തിന്റെ തുടക്കവും ഈ 81-82 സമയങ്ങളിലായിരുന്നു.

മുന്‍പറഞ്ഞ യുവത്വരീതികളെപറ്റിയുള്ള അന്വേഷണങ്ങളുടെ ഒരു സുപ്രധാന പടിയായിരുന്നു 1982 ജനുവരിയില്‍ മഞ്ഞുമ്മൾ സി ആര്‍ സിയിൽ വച്ചു സംഘടിപ്പിച്ച യുവനേതൃത്വ പരിശീലനം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത നൂറോളം പേര്‍ നാലുദിവസം നീണ്ട ഈ പരിപാടിയില്‍ പങ്കെടുത്തു. വിഷയം, സ്വയാവബോധവും നേതൃത്വവും. ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ ഒരു സുപ്രധാന കാൽ വയ്പ്പ്‌, അന്ന്‌ ഞങ്ങൾ നൽകിയ ഒരു നിര്‍ദ്ദേശം ഓരോ സോണിൽ നിന്നും വരുന്നവര്‍ എല്ലാ ദിവസവും സന്ധ്യാ സമയത്തുള്ള കലാ അവതരണങ്ങള്‍ക്ക്‌ തയ്യാറായിവരണം എന്നതായിരുന്നു. ഇന്ന്‌ അതില്‍ വലിയ പ്രത്യേകത തോന്നുകില്ലെങ്കിലും അന്ന്‌ അത്‌ കരിസ്‌ മാറ്റിക്‌ വൃത്തങ്ങളിൽ ആദ്യമായിരുന്നു.

മറ്റുപലരും ഒരുങ്ങിയതുപോലെ ഏറണാകുളത്ത്‌ ഞങ്ങളും ആ മാധ്യമ അവതരണങ്ങള്‍ക്കായി ഒരുങ്ങി. ഇന്നത്തെ പല സകര്യങ്ങലും അന്നില്ലായിരുന്നല്ലോ. മുപ്പത്തഞ്ചു വര്‍ഷങ്ങല്ക്കു മുന്‍പു ലഭ്യമായിരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ ഞങ്ങൾ ഒരു ശ്രവ്യാവതരണം തയ്യാറാക്കി. പച്ചാളം പ്രദേശത്തു താമസിച്ചിരുന്ന ജോഷ്വാ ചേട്ടന്‌ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീത റെക്കോഡുകളുടെ നല്ലൊരു ശേഖരം ഉണ്ടായിരുന്നു. അന്നത്തെ യൂത്ത്‌ ആനിമേറ്ററായിരുന്ന വീ റ്റീ ജോര്‍ജ്ജുചേട്ടന്റെ നേതൃത്വത്തിൽ പലദിവസങ്ങൾ ഞങ്ങൾ ഒത്തുകൂടി. ടേപ്‌ റെക്കോര്‍ഡറായിരുന്നു ഏറ്റം പുതിയ ഉപകരണം. ക്ലാസിക്കല്‍ സംഗീത പശ്ചാത്തലത്തിൽ ശബ്ദസമ്മിശ്രണം നടത്തിയ, ദൈവം നല്കുന്ന വിളിയെപറ്റിയുള്ള പത്തുമിനിറ്റു നീണ്ട ഒരു സംഗീതാവതരണംതയ്യാറാക്കി. ഞങ്ങളില്‍ പലര്ക്കും ആ ചര്‍ച്ചകളും ഒരുക്കവും ഒക്കെ വലിയൊരു പരിശീലനമായി. ആ പരിപാടിയില്‍ എറണാകുളത്തിന്റെ മൾട്ടിമീഡിയാ സംരംഭവും ചങ്ങനാശ്ലേരിയുടെ സംഗീതവിരുന്നും തലശ്ശേരിയുടെ സ്കിറ്റും ഒക്കെയായി ഒരു പുതുയുഗത്തിന്‌ ആരംഭം കുറിക്കുകയായിരുന്നു.

തുടര്‍ന്നു രൂപപ്പെട്ട 'ഫ്സ്റ്റ്‌ ലൈൻ' കൂട്ടായ്മയിലെ ചർച്ചകളും പഠനങ്ങളും യുവജന സമീപനരീതികള്‍ എങ്ങനെയാകണം എന്നതിൽ വ്യക്തത ഉണ്ടാക്കാന്‍ സഹായിച്ചു. കൂട്ടത്തിൽ വിവിധ മാധ്യമങ്ങളുടെ ഉപയോഗവും എങ്ങനെയാകണം എന്നകാര്യത്തില്‍ വഴിതെളിച്ചു. അതിനാല്‍ തന്നെ ജീസസ്‌ യൂത്ത്‌ 85 പ്രോഗ്രാം ശൈലിയുടെ കാര്യത്തിലും മാധ്യമ ഉപയോഗത്തിന്റെ കാര്യത്തിലും ഒരു കുതിച്ചു ചാട്ടത്തിന്‌ വേദിയൊരുക്കി.

ഇതിനിടെ മുന്നേറ്റത്തിലെ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ ഏറേ വിമര്‍ശനങ്ങളും ഉയര്ന്നു വന്നു. ഒരാളുടെ ശക്തമായ വാദമുഖങ്ങള്‍ ഓര്‍ക്കുന്നു: ധാര്‍മീക അധപതനത്തിന്റെ (പ്രധാന കാരണമല്ലേ സിനിമയും മറ്റു മാധ്യമങ്ങളും. അവയുടെ ഉപയോഗം എവിടെ വര്‍ദ്ധിച്ചിട്ടുണ്ടോ അവിടെ ആദ്ധ്യാത്മീകതയും ഇല്ലാതായിട്ടുണ്ട്‌. നവീകരണം മാധ്യമങ്ങള്‍ക്കെതിരായ പ്രധാന പ്രതിരോധമായിരുന്നു. അതുവിട്ട്‌ ഈ മുന്നേറ്റത്തിലൂടെ യുവാക്കളെ മാധ്യമങ്ങളിലേയ്ക്ക്‌ തുറന്നുവിടുന്നത്‌ സുവിശേഷ മൂല്യങ്ങളുടെ തകര്‍ച്ചയിലേയ്ക്കു വഴിതെളിക്കും. ഇപ്രകാരമായിരുന്നു ഈ പുതിയ താല്പര്യത്തെ എതിര്‍ക്കുന്നവരുടെ സംസാരം.

നമ്മുടെ വിവേചന പ്രകിയയുടെ സുപ്രധാന ഭാഗമാണല്ലൊ ചർച്ചയും പ്രതിചർച്ചയും അതേതുടര്‍ന്നുള്ള സംഘാത തീരുമാനവും. കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയാനും പുതിയ വീഞ്ഞ്‌ പുത്തന്‍ തോല്ക്കുടത്തില്‍ സൂക്ഷിക്കാനുമുള്ള യേശുനാഥന്റെ വാക്കുകള്‍ തീരുമാനങ്ങളില്‍ എത്തിച്ചേരുന്നതിന്‌ പ്രത്യേക സഹായമായി.

സഭയോടൊത്തു ചിന്തിക്കുക എന്നത്‌ മറ്റെല്ലാ മേഖലകളിലുമെന്നപോലെ മാധ്യമങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിലും ജീസസ്‌ യൂത്ത്‌ ശൈലിയാണ്‌. സഭയുടെ പഠനങ്ങളില്‍ മാധ്യമങ്ങള്‍ അതില്‍ തന്നെ പുണ്യമോ പാപമോ അല്ല. അവ എങ്ങനെ എന്തിന്‌ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നന്മയും തിന്മയും. പക്ഷെ ഒരുകാര്യം സഭ മറക്കുന്നില്ല, ഇന്നത്തെ ജീവിത ശൈലിയും ആശയവിനിമയ രീതികളും അറിവുതേടുന്ന സമ്പ്രദായവുമെല്ലാം പുതുമാധ്യമങ്ങളുമായി ഒത്തുപോകുന്നു. അതിനാല്‍ തന്നെ ഇക്കാലത്തെ ഇളം തലമുറയോടു സംവേദിക്കനമെങ്കില്‍ ഇക്കാലഘട്ടത്തിലെ മാധ്യമങ്ങൾ ആവശ്യമാണ്‌. ഈ വിനിമയോപകരണങ്ങള്‍ പരിചയിക്കുന്നില്ലെങ്കിൽ ഇന്നത്തെ യുവാക്കളെ മനസിലാക്കാന്‍ പോലും സാധ്യമല്ലെന്ന്‌ സഭ അറിയുന്നു.

ഈ കുറേ വര്‍ഷങ്ങള്‍കൊണ്ട്‌ ജീസസ്‌ യൂത്ത്‌ മുന്നേറ്റം മാധ്യമങ്ങളുടെ ഉപയോഗത്തില്‍ ഏറേ മുന്നോട്ടുപോയിരിക്കുന്നു. മുന്നേറ്റത്തിലെ സംഘമങ്ങളും പരിശീലനങ്ങളും മാധ്യമ സമ്പന്നമാണ്‌. 1990 മുതൽ റെക്ക്‌സ്‌ ബാന്റിന്റെ മുന്നേറ്റം പലരീതിയില്‍ സ്വാധീനം ചെലുത്തി. ഡ്രമാറ്റിക്‌സ്‌ വിഭാഗത്തിന്റെ വളര്‍ച്ചയും 1995 ലെ “ഫീല്‍' വീഡിയോ ആല്‍ബത്തിന്റെ നിര്‍മിതിയും കുറച്ചുപേര്‍ക്കെങ്കിലും സിനിമാ ലോകത്തിന്റെ രീതികള്‍ അടുത്തറിയുന്നതിനുള്ള അവസരമായി. ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയയുടേയും മൊബൈൽ ആപ്പുകളുടേയും വളര്‍ച്ചാ പാതകളില്‍ മടിച്ചുനിൽക്കാതെ ജീസസ്‌ യൂത്ത്‌ സുവിശേഷ ചൈതന്യത്തോടെ സജീവ സാന്നിദ്ധ്യമായത്‌ വിവിധ രീതികളിൽ സഹായകമായി. ഇന്ന്‌ മുന്നേറ്റത്തിന്റെ തനിമയുടെ സൂചനയായിരിക്കുന്നു സജീവ ജീസസ്‌ യൂത്ത്‌ അംഗങ്ങളുടെ മാധ്യമ കാര്യക്ഷമതയും അതിലെ പരിപാടികളുടെ മാധ്യമ ആഭിമുഖ്യവും.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)