മുന്നേറ്റത്തിന്‍റെ ഔപചാരിക അംഗീകാര വഴികൾ (MJYR008)
ജീസ്സസ് യൂത്തിന് സഭയുടെ അംഗീകാരമുണ്ടോ?
മുന്നേറ്റത്തിന്‍റെ ഔപചാരിക അംഗീകാര വഴികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
ജീസ്സസ് യൂത്തിന് സഭയുടെ അംഗീകാരമുണ്ടോ? പലപ്പോഴും കേൾക്കുന്ന ഒരു ചോദ്യം. മുന്നേറ്റത്തിലെ നേതൃത്വത്തിലുള്ളവര്‍, സഭാധികാരികള്‍ തുടങ്ങി പലരും അന്വേഷിക്കുന്ന കാര്യം. പൊതു സമൂഹത്തിലും ക്രിസ്തീയ മേഖലയിലും പലതരം പ്രസ്ഥാനങ്ങൾ ഉദയം ചെയ്യുകയും അവയില്‍ ചിലത് പിന്നീട് ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണം. അതുതന്നെ ഈ ചോദ്യത്തിന്റെ പ്രധാന കാരണവും.
ഔപചാരിക അംഗീകാരം പൊതുസമൂഹത്തിലും സഭയിലും ഉണ്ട്. പൊതുസമൂഹത്തിലെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് സംഘടനയുടെ റെജിസ്ട്രേഷൻ വേണം. അതിനു ക്രമീകരണങ്ങളും സംവിധാനങ്ങളുമുണ്ട്. പക്ഷേ എങ്ങനെയാണ് ഒരു പ്രസ്ഥാനത്തെ സഭ അംഗീകരിക്കുന്നത്? സഭയുടെ കാനോന നിയമത്തിലാണ് അതിനുള്ള പടികൾ വ്യക്തമാക്കുന്നത്. വിശ്വാസികളുടെ സംഘടനകളെ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ 298 മുതൽ 329 വരെയുള്ള കാനോനകളിൽ കാണാനാകും.ഒരു സംഘടന കത്തോലിക്ക സംഘടന എന്ന് അറിയപ്പെടണമെങ്കില്‍ അത് സഭയുടെ ചട്ടപകാരം അംഗീകാരിക്കപ്പെടണം. തങ്ങൾ ആരാണെന്നും അതിന്‍റെ ലക്ഷ്യം, ഭരണ സംവിധാനം, അംഗത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു നിയമാവലി സംഘടനയ്ക്കുണ്ടാകണം. രൂപതയിൽ അവിടത്തെ മെത്രാനും പൊതുവേ പരിശുദ്ധ സിംഹാസനവുമാണ് സംഘടനകള്‍ക്ക് അംഗീകാരവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൽകേണ്ടത്.
ഔപചാരിക അംഗീകാരത്തിന്റെ കാര്യത്തിൽ ജീസ്സസ് യൂത്ത് എവിടെ നില്‍ക്കുന്നു? ഒരു അന്തര്‍ദ്ദേശീയ കത്തോലിക്കാ സംഘടനയായി അംഗീകാരിക്കാനായുള്ള നടപടികൾ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഏറെ താമസിയാതെ മുന്നേറ്റത്തിന് പരിശുദ്ധസിംഹാസനത്തിന്റെ ഔപചാരിക അംഗീകാരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അവിടെ ഒരു സംശയം ഉയര്‍ന്നേക്കാം, എന്തിനാണ് അംഗീകാരങ്ങള്‍. നമ്മൾ പ്രവര്‍ത്തിച്ച് മുന്നോട്ടു പോയാൽ പോരെ? ജീസ്സസ് യൂത്ത് നേതാക്കൾ പല പുതിയ സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങളുമായി എത്തുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യമാണ്, 'ഇത് സഭ അംഗീകാരിച്ച ഒരു മുന്നേറ്റമാണോ?' ഇന്ന് എല്ലാവർക്കുള്ള ആശങ്കയുടെ കാര്യം ഒരു വശത്ത്. കാരണം അപകരികളായ എത്രയോ ഗ്രൂപ്പുകള്‍. ഏറെ കഴിവും അറിവും പ്രാപ്തിയുമുള്ള എത്രയോപേര്‍ എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് വിശ്വാസവും ജീവിതവും അപകടത്തിലാക്കുന്നു. സഭ ഏറെ ശ്രദ്ധാപൂര്‍വ്വമാണ് ഒരു പ്രസ്ഥാനത്തിന് അംഗീകാരം നല്‍കാറ്. അത് വിശ്വാസ സമൂഹത്തിനു മുഴുവന്‍ വലിയ സുരക്ഷിതത്വവുമാണ്. അതിനറെ മറുവശം സഭയോടുള്ള വിധേയത്ത്വത്തില്‍ വളരാന്‍ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനത്തിന് ഔപചാരിക അംഗീകാരത്തിനുള്ള സന്കീര്‍ണമായ ഒരുക്കങ്ങളും അതു ലഭ്യമായത്തിനു ശേഷം സഭനല്കുന്ന ജാഗ്രതയോടെയുള്ള അജപാലന സഹായവും ഒരു കത്തോലിക്ക പ്രസ്ഥാനത്തെ ഏറെ പക്വതയോടെ വളരാൻ സഹായിക്കും.
ജീസ്സസ് യൂത്തിന്റെ ആരംഭം മുതൽ ഈ മുന്നേറ്റം കേരളത്തിൽ കരിസ്മാറ്റിക് നവീകാരണത്തിന്റെ ഏകോപന സമിതിയായ കെഎസ്ടി യുടെ കീഴിൽ പ്രവർത്തിച്ചു വന്നു. സഭാന്രേതുത്വവുമായി ബന്ധപ്പെട്ടിരുന്നതും കെഎസ്‌ടി വഴിയായിരുന്നു.
പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചപ്പോള്‍ എന്‍എസ്ടി യുടെ കീഴിൽഒരു യുവജന അജപാലന സമിതി രൂപീകൃതമായി. മുന്നേറ്റത്തിന് വിവിധ രാജ്യങ്ങളില്‍ സാന്നിദ്ധ്യമായതോടെ ഇത് മെത്രാന്മാരുടെ അംഗീകാരമുള്ള പ്രസ്ഥാനമാണോ എന്ന അന്വേഷണം പതിവായി. ഇതിനിടെ കേരള മെത്രാൻ സമിതിയായ കെസിബിസി യുടെ നിര്‍ദ്ദേശ പ്രകാരം സിബിസിഐയുടെ അംഗീകാരത്തിന്റെ നടപടികള്‍ ആരംഭിച്ചു. മുന്നേറ്റത്തിന്‍റെ ഒരു സ്റ്റാറ്റ്യൂട്ട് തയ്യാറാക്കലായിരുന്നു അടുത്ത പടി.
ജീസ്സസ് യൂത്ത് മുന്നേറ്റത്തിന്‍റെ കേന്ദ്ര ഓഫീസും അതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങളും എറണാകുളത്ത് ആയിരുന്നതിനാൽ ആദ്യ നടപടിയായ രൂപതാ അംഗികാരം ഇവിടെ നിന്നാകാൻ ദേശീയ മെത്രാന്‍ സമിതി നിര്‍ദ്ദേശിച്ചു. നാഗ്പൂർ പിതാവ് അതിനിടെ മുന്നേറ്റത്തിന് അംഗീകാരം നൽകി കഴിഞ്ഞിരുന്നു (2007 ഏപ്രിൽ 8ന്). മുന്നേറ്റത്തിന്‍റെ ആരംഭകാലം മുതൽ എറണാകുളത്ത് പ്രവർത്തനങ്ങൾ സജീവമാണ്. അതിനാല്‍ തന്നെ അന്നത്തെ വരാപ്പുഴ അതിരൂപത അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചരുപറമ്പിൽ പിതാവ് ഏറെ സന്തോഷത്തോടെ മുന്നേറ്റത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അതിന്റെ നിയമാവലി പഠിച്ച് 2007 ഓഗസ്റ്റ് 20 ന് ജീസ്സസ് യൂത്തിനെ അതിരൂപതയിലെ ഒരു കത്തോലിക്ക പ്രസ്ഥാനമായി അംഗീകരിച്ചു.
ഈ രൂപതാ അംഗീകാരവും നിയമാവലിയും സമര്‍പ്പിച്ച് ദേശീയതല അംഗീകാരത്തിനായി സിബിസിഐയോട് അപേക്ഷിക്കുകയും, പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മെത്രാൻ സമിതി 2008 ൽ ജീസ്സസ് യൂത്തിനെ ഇന്ത്യയിൽ ഒരു കത്തോലിക്കാ അസോസിയേഷനായി മൂന്നുവര്‍ഷത്തേക്ക് അംഗീകരിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം പുനരവലോകനം നടത്തി മെത്രാന്മാർ മുന്നേറ്റത്തിന് സ്ഥിര അംഗീകാരവും നല്‍കി.
അന്തര്‍ദ്ദേശീയ തലത്തില്‍ പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരമാണ് പിന്നെ ആവശ്യമായിരുന്നത്. മുന്‍പറഞ്ഞ അംഗീകാരങ്ങളുടെ രേഖകളും ജീസ്സസ് യൂത്ത് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ മെത്രാന്മാരുടെ ശുപാര്‍ശ കത്തുകളും നിയമാവലിയും സഹിതം പൊന്തിഫിക്കൽ അംഗീകാരത്തിനായി മുന്നേറ്റത്തിന്‍റെ അപേക്ഷ സമര്‍പ്പിച്ചു. അത്മായ പൊന്തിഫിക്കൽ കാര്യാലയമാണ് അംഗീകാര നടപടികള്‍ക്ക് നേതൃത്വം നൽകുന്നത്. മറ്റു പ്രധാന വത്തിക്കാൻ കൌണ്‍സിലുകളുടെ അവലോകനത്തിനു ശേഷമാണ് ഈ ഔപചാരിക അംഗീകാരം വത്തിക്കാന്‍ നൽകുക. ഈ പ്രക്രിയയെല്ലാം പൂർത്തിയാക്കി 2016 മെയ് 15 ന് ഒരു ആഗോള സമിതിയായി മുന്നേടത്തിനു അംഗീകാരം ലഭിച്ചു. ഇപ്രകാരം സഭയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മുന്നേറ്റമാണ് ജീസസ് യൂത്ത്, ഏഷ്യയിൽ നിന്ന് രണ്ടാമത്തേതും.
വര്‍ഷങ്ങളിലൂടെ ദൈവാത്മാവിന്റെ പ്രവർത്തനത്തിൽ പടിപടിയായി രൂപപ്പെട്ടുവന്ന ഒരു യാഥാര്‍ഥ്യമാണ് ജീസ്സസ് യൂത്ത് മുന്നേറ്റം. അതുകൊണ്ടുതന്നെ മുന്നേറ്റത്തിന്‍റെ നിയമാവലി എന്താകണം എന്നതിലുപരി യഥാർത്ഥത്തിൽ ഈ പ്രസ്ഥാനം എന്തായിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാകണം. നിയമാവലി രൂപികരണത്തിൽ വലിയൊരു വെല്ലുവിളി ഇതായിരുന്നു. ഇതോടൊപ്പം മുന്നേറ്റത്തിന്‍റെ സ്വയം കണ്ടെത്തലിന്റെ വലിയൊരു പ്രയാണവും കൂടെയായിരുന്നു ഈ രേഖകളുടെ തയ്യാറാക്കലും സഭയുടെ അംഗീകാരവും. പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊന്തിഫിക്കൽ അംഗീകാരം 2016 ൽ ജീസ്സസ് യൂത്തിന് ലഭിച്ചു. അത് തീർച്ചയായും മുന്നേറ്റത്തിന് അതിന്റെ ചൈതന്യ വളര്‍ച്ചയുടെ അടുത്തപടിയായി എന്നതില്‍ സംശയമില്ല.
Comments
Post a Comment