ജീസ്സസ്‌ യൂത്തില്‍ വ്യക്തിത്വ രൂപീകരണം വളര്‍ന്നുവന്ന വഴികള്‍ (MJYR003)

 ജീസ്സസ്‌ യൂത്തില്‍ വ്യക്തിത്വ രൂപീകരണം വളര്‍ന്നുവന്ന വഴികള്‍

(By Dr. Edward Edezhath - Published in Kairos Malayalam in 2015)

മുന്നേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ മാര്‍സലീനോ അച്ചന്‍ അവര്‍ത്തിക്കുമായിരുന്ന ഒരു ഉപമ ഓര്‍ക്കുന്നു. ഒരു ഫലവൃക്ഷത്തില്‍ തൂങ്ങുന്ന കായ്കളും ക്രിസ്തുമസ്‌ അലങ്കാരവൃക്ഷത്തില്‍ തൂങ്ങുന്ന സമ്മാന പൊതികളും പോലെയാണ്‌ ആത്മാവിന്റെ ഫലങ്ങളും വരദാനങ്ങളും. സമ്മാനപൊതികള്‍ പെട്ടെന്നു ലഭിക്കും ആകര്‍ഷകങ്ങളുമാണ്‌ എന്നാൽ പഴങ്ങള്‍ വളരാന്‍ സമയമെടുക്കും സ്ഥിരപരിശ്രമവും കാത്തിരിപ്പും വേണ്ടിവരും. ചോദിക്കുവിന്‍ നല്‍കപ്പെടും (ലൂക്ക 11:9) എന്ന വചനം ആധാരമാക്കി വിശ്വാസപൂര്‍വ്വം സമീപിച്ചാല്‍ ആത്മാവ്‌ വരങ്ങള്‍ നല്‍കും. എന്നാൽ ആ വരങ്ങള്‍ സ്വീകരിച്ച്‌ അത്ഭുതകരമായി സുവിശേഷ പ്രവര്‍ത്തികളില്‍ മുഴുകുന്ന ഒരാള്‍ക്ക്‌ വ്യക്തിപരമായ പക്വത ഉണ്ടാകണമെന്നു നിര്‍ബ്ബന്ധമില്ല. എന്നില്‍ വസിക്കുന്നവന്‍ സ്ഥിരതയുള്ള ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്ന യേശുവിന്റെ വാഗ്നാനം (യോഹ 15:58) നാം ചെവിക്കൊണ്ടാല്‍ ആത്മാവിന്റെ ഫലങ്ങള്‍ ഉറപ്പുവരുത്തുന്ന പക്വതയില്‍ വളരാന്‍ നമുക്കു സാധിക്കും. ഇപ്പറഞ്ഞ വരങ്ങളും ഫലങ്ങളും സംയോജിപ്പിച്ച്‌ ഒരാള്‍ വളരുന്നു എന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ജീസ്സസ്‌ യൂത്ത്‌ ഫോര്‍മേഷന്റെ ലക്ഷ്യം.


ആഴങ്ങള്‍ തേടാനുള്ള ദൈവാത്മാവിന്റെ വിളിയാണ്‌ ക്രിസ്തീയ പരിശീലനത്തിന്റെ മൂലക്കല്ല്‌. ഇത്‌ വിശ്വാസ രൂപീകരണമാണ്‌ ഒപ്പം ജീവിത പരിശീലനവുമാണ്‌. ജീവിതവും സംസ്കാരവും മാറുന്നതിനൊപ്പം പുത്തന്‍ തോൽക്കുടത്തിൽ ഈ വീഞ്ഞ്‌ നിറക്കണം. ജീസ്സസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ ഒരടിസ്ഥാന കാരിസം തന്നെയാണ്‌ പുതുതലമുറയുടെ വിശ്വാസ ജീവിത പരിശീലനം. മുന്നേറ്റം മുഴുവന്‍ എന്നും ഏറെ ആകാംഷയോടെ ഇതിന്റെ സംബന്ധിച്ച ദൈവീക നടത്തിപ്പ്‌ തേടുന്നു. മുന്നേറ്റം പരിശീലന പാതയിൽ പിന്നിട്ട പ്രധാന നാഴികകല്ലുകള്‍ തിരയാന്‍ ഈ ലക്കത്തില്‍ പരിശ്രമിക്കാം.

ആരംഭകാല പരിശീലനങ്ങള്‍

കരിസ്മാറ്റിക്‌ നവീകരണത്തില്‍ ആത്മാഭിഷേകം അല്ലെങ്കിൽ ബാപ്റ്റിസം ഇൻ ദ ഹോളിസ്പിരിറ്റിലേയ്ക്കു നയിക്കുന്ന സെമിനാറോ ധ്യാനമോ ആണു പുതുജീവിതത്തിന്റെ തുടക്കം. ഇതിന്‌ ഒരു തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഒരു സജീവ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമാകും, ചില സ്ഥലങ്ങളില്‍ അതില്‍നിന്ന്‌ നല്ലൊരു സ്നേഹ കൂട്ടായ്മ രൂപപ്പെടും.

കേരളത്തില്‍ 1976 മുതൽ ധാരാളം പ്രാരംഭ ധ്യാനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അതേ തുടര്‍ന്ന്‌ പ്രാര്‍ത്ഥനാ സമൂഹങ്ങളും ആരംഭിച്ചു. ഒരു പ്രാരംഭ ധ്യാനത്തിന്റെ പ്രധാന ഈന്നലുകള്‍ ദൈവസ്നരേഹാവബോധം, യേശുവിന്റെ കര്‍ത്തൃത്വം, പശ്ചാത്താപം, അത്മാഭിഷേകം എന്നിവയാണ്‌. കുറച്ചുകാലങ്ങൾക്കു ശേഷം നമ്മുടെ നാട്ടിലെ നവീകരണ നേതൃനിരയില്‍ ഒരു ചിന്ത പ്രബലമായി. ആത്മാഭിഷേകത്തിന്‌ ഒരുക്കമായി പശ്ചാത്താപത്തിനുള്ള ഈന്നല്‍ മാത്രം പോര. ബന്ധങ്ങളിലുണ്ടായ ക്ഷതങ്ങൾ അല്ലെങ്കില്‍ ആന്തരിക മുറിവുകള്‍ ആത്മാഭിഷേകത്തിന്‌ പ്രധാന തടസ്സമാകാം. അങ്ങനെ ചില മനശ്ശാസ്ത്ര സങ്കേതങ്ങളുടെ പിന്‍ബലത്തോടെ ആന്തരിക സഖ്യം എന്ന വിഷയം എഴുപതുകളുടെ അവസാനത്തില്‍ പ്രാരംഭധ്യാന വിഷയങ്ങളോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു.

വളര്‍ച്ചാ ധ്യാനങ്ങളുടെ തുടക്കാമായിരുന്നു പരിശീലന വഴികളിലെ അടുത്ത ഘട്ടം. പ്രാരംഭ ധ്യാനങ്ങള്‍ അമേരിക്കന്‍ കരിസ്മാറ്റിക്‌ നവീകരണം തുടക്കം കുറിച്ച ലൈഫ്‌ ഇന്‍ ദ്‌ സ്പിരിറ്റ്‌ എല്‍ എസ്‌ എസ്‌) സെമിനാറിന്റെ പുനരവതരണം ആയിരുന്നതുപോലെ വളര്‍ച്ചാ ധ്യാനങ്ങള്‍ “ക്രിസ്ത്യന്‍ മചരിറ്റി' എന്ന അടുത്ത പടിയായുള്ള സെമിനാറിന്റെ രൂപഭേദമായിരുന്നു. കേരളത്തിലെ വളര്‍ച്ചാധ്യാന ചരിത്രത്തിലെ ഒരു പ്രധാന നാഴികകല്ലായിരുന്നു 1978 സെപ്ലംബറില്‍ അന്നത്തെ യുവജന ടീം എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌ സ്കൂളിൽ ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയത്തു സംഘടിപ്പിച്ച വലിയ രണ്ടു പരിശീലനങ്ങള്‍. വലിയ യുവനിരയുടെ പിന്‍ബലത്തോടെ ഒരു വശത്ത്‌ മാര്‍സലീനോ അച്ചനും അടുത്ത ഗ്രൂപ്പിന്‌ പള്ളിവതുക്കള്‍ അച്ചനും നേതൃത്വം നല്‍കിയ ധ്യാനത്തില്‍ കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും എത്തിയ ധാരാളംപേര്‍ പങ്കെടുത്തു. പക്വതയാര്‍ന്ന വലിയൊരു യുവജന നിരയ്ക്ക്‌ തുടക്കം കുറിക്കാന്‍ ആ പരിശീലനത്തിനു സാധിച്ചു.

സ്വയാവബോധത്തിന്റെ പുതുകാല്‍ വയ്പ്പ്‌

യുവജനമുന്നേറ്റത്തിന്റെ ചരിത്രത്തില്‍ 1982 പല കാരണങ്ങള്‍ കൊണ്ടും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. നവീകരണത്തിന്റെ ദേശീയ ചെയര്‍മാനായിരുന്ന ഫാ. ജീനോ ഹെൻഡ്രിക്സ് സമഗ്രമായ പരിശീലന പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച്‌ വലിയ അവബോധം വളര്‍ത്തി. അദ്ദേഹത്തിന്റെ വാക്കുകളില്‍, ദൈവം സ്നേഹമാണ്‌ എന്നറിയുകയാണ്‌ വിശ്വാസ ജീവിതത്തിന്റെ ആദ്യപടി. തുടര്‍ന്ന്‌ ദൈവം എന്നില്‍ നിക്ഷേപിച്ചിട്ടുള്ള സ്നേഹയോഗ്യത ഞാന്‍ തിരിച്ചറിയണം. ഇതാണ്‌ വിശ്വാസ വളര്‍ച്ചയുടെ പ്രധാന പടി.

ആ വര്‍ഷം ജനുവരിയില്‍ നടന്ന ഇംഗ്ലീഷ്‌ പരിശീലനത്തിൽ നേതൃനിരയിലുള്ള നൂറോളം പേര്‍ പങ്കെടുത്തു. ജൂലൈയില്‍ മലയാളത്തില്‍ ഒരുക്കിയ ക്യാമ്പ്‌ കൂടുതല്‍ പേര്‍ക്ക്‌ പരിശിലനം ഒരുക്കി. അതിനെതുടര്‍ന്നു രൂപം കൊണ്ട ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ്‌ പലതുടക്കങ്ങള്‍ക്കും കാരണവുമായി. അതില്‍ ഏറ്റം പ്രധാനം "സ്വയമറിയുക്‌" എന്ന്‌ പേരില്‍ അതിലെ അംഗങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ചു നടത്തിയ നേതൃപരിശീലനമായിരുന്നു. ഏറേ ഹൃദ്യമായ ശൈലിയില്‍ ചര്‍ച്ചകളും കളികളും ഉള്‍ച്ചേര്‍ത്ത്‌  ക്രിസ്തീയവളര്‍ച്ച, സ്വയാവബോധം, നേതൃത്വവളര്‍ച്ച, സ്ഥായീഘടകങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച്‌ നാലുദിവസങ്ങള്‍ നീണ്ട ഈ സമഗ്ര പരിശീലന പരമ്പര മുന്നേറ്റത്തില്‍ വ്യക്തതയാര്‍ന്ന ശൈലിയുള്ള ഒരു നേതൃനിരയെ വാര്‍ത്തെടുക്കുന്നതിനു സഹായകമായി.

ഈ കാലഘട്ടങ്ങളില്‍ എല്ലാ മെയ്‌ മാസങ്ങളിലും ബാംഗളൂര്‍ കേന്ദ്രീകരിച്ച്‌ ഒരാഴ്ച വീതം നീളുന്ന ദേശീയതല പരിശീലനങ്ങള്‍ നവീകരണത്തിന്റെ ദേശീയ സമിതി ഒരുക്കുമായിരുന്നു. വളര്‍ച്ചാധ്യാനങ്ങള്‍, ബൈബിള്‍ പഠന ക്യാമ്പുകള്‍, നേതൃപരിശീലനം, മദ്ധ്യസ്ഥ്രപാര്‍ത്ഥനാധ്യാനം തുടങ്ങിയ രണ്ടോ മൂന്നോ പരിപാടികള്‍ ഓരോ വര്‍ഷവും ഉണ്ടാകും. കേരളാ നേതൃനിരയിലുള്ളവര്‍ മിക്കവാറുമെല്ലാവരും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ബൈബില്‍ പഠന ക്യാമ്പുകള്‍, വിദൂരപഠന രീതിയിലെ പരിശീലനം, സെമിനാറുകള്‍ എന്നിവ ഇക്കാലത്ത്‌ കേരളത്തിൽ പലവര്‍ഷങ്ങളിലും നടത്തിയിരുന്നു.

സെക്കന്‍ഡ്‌ ലൈന്‍ ഫോര്‍മേഷന്‍ എന്ന പേരിൽ ഒരു വര്‍ഷം നീളുന്ന പരിശീലന പദ്ധതിക്ക്‌ ഇതിനിടെ ഫസ്റ്റ്‌ ലൈൻ ഗ്രൂപ്പ്‌ രൂപം നല്‍കി. ഒരു ടീം വേണ്ട ഒരുക്കങ്ങള്‍ നടത്തി എല്ലാ സോണുകളിലും നിന്ന്‌ പങ്കെടുക്കുന്നവരെ കണ്ടെത്തി കേന്ദ്രതലത്തില്‍ നടത്തിയ നല്ലൊരു തുടര്‍പരിശീലനം. ഇത്‌ പിന്നീടുവന്ന അനേക ജീസ്സസ്‌ യൂത്ത്‌ പരിശീലനങ്ങളുടെ മുന്നോടിയായി.

വ്യത്യസ്ഥ പരിശീലന ലക്ഷ്യങ്ങള്‍, പാക്കേജുകള്‍

സ്വന്തം പേരും ശൈലിയും കണ്ടെത്തിയ മുന്നേറ്റത്തില്‍ ഒരു പറ്റം ശുശ്രൂഷാ സംരംഭങ്ങള്‍ മിനിസ്റ്റികള്‍ എന്ന പേരില്‍ രൂപം കൊണ്ടു. ഈ പ്രേഷിത സംരംഭങ്ങളുടെ സുവിശേഷവല്‍ക്കരണ ദൗത്യം നിറവേറ്റേണ്ടത്‌ ബോധ്യവും പക്വതയും കൈമുതലാക്കിയ ഓരോ വ്യക്തികളും അവരുടെ ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമാണ്‌. ഈ ഒരവബോധം 1985-87 കാലയളവോടെ ധാരാളം പരിശീലന പദ്ധതികള്‍ ഒരുക്കാന്‍ കാരണമായി. നേതൃസമിതികൾ പരിശീലന ലക്ഷ്യങ്ങളും ടീമുകളും രൂപീകരിക്കും. തുടര്‍ന്ന്‌ ടീമുകള്‍ വ്യാപകമായ ചര്‍ച്ചകളിലൂടെ സിലബസ്‌, ശൈലിയെക്കുറിച്ചുള്ള വ്യക്തത, മറ്റ്‌ ഒരുക്കങ്ങള്‍ എന്നിവ ചെയ്യും. ഏറെ ശ്രദ്ധയോടേയും പ്രര്‍ത്ഥനാസഹായത്തോടേയും ഒരുക്കപ്പെട്ട ഈ പരിശീലനങ്ങള്‍ മുന്നേറ്റത്തിലെ പ്രധാന വ്യക്തികളേയും ശൈലികളേയും പരിചയപ്പെടുന്നതിനും സഭയേയും വിശ്വാസത്തേയും പുതുതായി കണ്ടെത്തുന്നതിനും, ഒരുക്കുന്നവരുടെ തന്നെ നല്ല നേതൃപരിശീലനത്തിനും, ഇതിലൂടെയെല്ലാം ഒരു നവസുവിശേഷവല്‍ക്കരണ ചൈതന്യത്താല്‍ നിറയാനും സഹായകമായി.

ഏതെല്ലാമായിരുന്നു ജീസ്സസ്‌ യൂത്തിലെ പ്രധാന ഫോര്‍മേഷന്‍ പ്രോഗ്രാമുകൾ?

അവ മുഴുവന്‍ എണ്ണിപ്പറയുക ഈ ചര്‍ച്ചയ്കിടയില്‍ സാദ്ധ്യമല്ല. എങ്കിലും പല സമയങ്ങളില്‍ വളര്‍ന്നു വന്ന ചില പരിശീലന പരിപാടികളുടെ പേരെടുത്തുപറയാന്‍ ശ്രമിക്കാം. സോണുകളിലെ തുടര്‍പരിശീലനങ്ങളായിരുന്ന ഷെയറിംഗ്‌ ഗ്രൂപ്പുകള്‍; ജെറ്റ്‌, സെറ്റ്‌ - ജൂനിയര്‍ സീനിയര്‍ എവാഞ്ജുലൈസേഷന്‍ പരിശീലനങ്ങള്‍; പിന്നീട്‌ ഒരു വര്‍ഷം നീളുന്ന ഫുള്‍ടൈമര്‍ പരിശീലനം; ഒന്‍പതാം ക്ലാസിലുള്ളവര്‍ക്ക്‌ സ്റ്റെപ്പ് വണ്‍, പത്തുകഴിഞ്ഞവര്‍ക്ക്‌ “ഹിസ്റ്ററി മേക്കേഴ്സ്‌, പിന്നെ ഡീടീപി; ഡിഗ്രിക്കുശേഷം 'മാസ്റ്റര്‍ ബില്‍ഡോഴ്സ്‌. ഓരോ മിനിസ്റ്റികളും ഒരുക്കുന്ന പരിശീലനങ്ങള്‍ മറ്റൊരുഭാഗത്ത്‌. കിഡ്‌സ്‌, ടീന്‍സ്‌, കാമ്പസ്‌, പ്രൊഫഷണല്‍, നഴ്‌സസ്‌, ദമ്പതികള്‍, പിന്നെ ഇന്റര്‍സെഷന്‍ വിവിധ ടാലന്റുകള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പരിശീലനങ്ങള്‍ എന്നു തുടങ്ങി രൂപീകരണ പദ്ധതികളുടെ വലിയൊരു നിര ജീസ്സസ്‌ യൂത്തിനെ സാവധാനത്തില്‍ പരിശീലന പദ്ധതികളുടെ മുന്നേറ്റുമാക്കിതീര്‍ത്തു.

ജീസ്സസ്‌ യൂത്തില്‍ ഏറ്റമധികം സമയവും സമ്പത്തും ആള്‍ബലവും വ്യയം ചെയ്യപ്പെടുന്നത്‌ വൈവിധ്യമാര്‍ന്ന വിശ്വാസ പരിശീലന പരിശ്രമങ്ങൾക്കാണ്‌. എത്രയോ ചര്‍ച്ചകളും ചിന്തകളും പരീക്ഷണങ്ങളും ഈ മേഖലയില്‍ എല്ലാവര്‍ഷവും നടക്കുന്നു. ഇതില്‍ ഏറ്റം വലിയ സാഹസികവും വ്യതിരിക്തവുമായ ശ്രമം നടന്ന ഒരു കാലയളവ്‌ 1993 ആയിരിക്കും. “ടാലന്റ്‌ 93” എന്ന പേരിൽ കേവൈസീടി 46 വ്യത്യസ്ഥ വാരാന്ത്യ പരിശീലനങ്ങള്‍ നടത്തിയ ആ വലിയ സംരംഭം ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം ഉളവാക്കുന്നു.

നവസുവിശേഷവല്‍ക്കരണം ലക്ഷ്യം, സമഗ്രപരിശീലനം മാര്‍ഗ്ഗം

വിശ്വാസ പരിശീലനത്തെ സംബന്ധിച്ച്‌ ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ജീസ്റ്റസ്‌ യൂത്ത്‌ മുന്നേറ്റത്തില്‍ ഒരുപൂത്തന്‍ കുതിപ്പിന്റെ സമയമാണ്‌. സഭയില്‍ 2012 ഒക്ടോബര്‍1 1ന്‌ വിശ്വാസ വര്‍ഷം സമാരംഭിച്ചു. അതിന്റെ ഉദ്ഘാടന ദിനത്തിൽ റോമിൽ വച്ചു തന്നെ ജീസ്റസ്‌ യൂത്ത്‌ മുന്നേറ്റത്തിന്റെ പുതിയ വിശ്വാസ പരിശീലന മാര്‍ഗ്ഗരേഖയും പ്രസിദ്ധീകൃതമായി. “അവരില്‍ ക്രിസ്തു രൂപപ്പെടേണ്ടതിന്‌” എന്ന ഈ ലഘു ഗ്രന്ഥം അഞ്ചു ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന മുന്നേറ്റത്തിന്റെ സമഗ്ര പരിശീലന ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്നതാണ്‌. മുന്നേറ്റത്തിൽ തുടരുന്ന ഓരോ വ്യക്തിക്കും വേണ്ട വിശ്വാസജീവിത പരിശീലനം ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനും, പരിശീലകരെ വേണ്ടരീതിയില്‍ ഒരുക്കാനും, കാലത്തിന്റെ പുത്തന്‍ വെല്ലുവിളികള്‍ക്കായി മുന്നേറ്റത്തെ ഒരുക്കാനുമൊക്കെയുള്ള ദര്‍ശനത്തോടെയാണ്‌ ഏറെ ആദ്ധ്യാത്മിക അന്വേഷണങ്ങള്‍ക്കു ശേഷം ഈ പദ്ധതി രൂപീകൃതമായത്‌. ഈ പൂത്തൻ വിശ്വാസ പരിശീലന ശ്രമങ്ങളുടെ പദ്ധതിയൊരുക്കലിന്റേയും രൂപീകരണ പരിപാടികൾ നടപ്പക്കുന്നതിന്റേയും വലിയ തിരക്കിലാണ്‌ ഇന്ന്‌ ജീസ്സസ്‌ യൂത്ത്‌ മുന്നേറ്റം മുഴുവന്‍.

ജീസ്സസ്‌ യൂത്ത്‌ മുപ്പതിലധികം രാജ്യങ്ങളില്‍ ഇതിനിടെ വ്യാപിച്ചിരിക്കുന്നു. വേഗത്തില്‍ ഇളംതലമുറ കൈയ്യേല്‍ക്കുന്ന ഈ കത്തോലിക്കാ മുന്നേറ്റത്തിലെ അംഗങ്ങളെ വിശ്വാസ പക്വതയിലേയ്ക്ക്‌ നയിക്കുക എല്ലാക്കാലത്തേയും പോലെ ഇന്നും ഒരു പുത്തന്‍ വെല്ലുവിളിയാണ്‌. ദൃതഗതിയില്‍ മാറ്റും വരുന്ന സമൂഹത്തിലും സംസ്കാരത്തിലും ഇന്ന്‌ ഇവിടെ മനസ്സിലാകുന്ന “ഭാഷയില്‍? യേശുവിനേയും സഭയേയും പരിചയപ്പെടുത്തുകയും മാറിയശൈലിയില്‍ ചുറ്റുമുള്ളവരുമായി സംവദിച്ച്‌ സജീവ ക്രിസ്തീയജീവിതം നയിക്കാന്‍ ഓരോ ജീസ്റ്റസ്‌ യൂത്തിനേയും ഒരുക്കുകയും ചെയ്യുക എന്നത്‌ വലിയ ആത്മനിറവും വിവേചനവും ആവശ്യമായിരിക്കുന്ന ദയത്യം തന്നെ. ഇക്കാലഘട്ടത്തില്‍ ഉണര്‍ന്നിരുന്ന്‌ ആ വിളി നിറവേറ്റാനുള്ള മുന്നേറ്റ നേതൃത്വത്തിന്റെ എന്നുമുള്ള തീക്ഷ്മതയാണ്‌ ജീസ്സസ്‌ യൂത്തിനെ എപ്പോഴും എവിടേയും പുതുതലമുറയ്ക്ക്‌ ഏറേ അനുയോജ്യവും പ്രസക്തവുമാക്കി സൂക്ഷിക്കുന്നത്‌.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)