ജീസ്സസ്‌ യൂത്തോ! അതെന്താ? (MJYR002)

ജീസ്സസ്‌ യൂത്തോ! അതെന്താ?

മുന്നേറ്റത്തിന്റെ വളരുന്ന സ്വയാവബോധത്തെക്കുറിച്ച്‌

(By Dr. Edward Edezhath - Published in Kairos Malayalam in 2015)

വര്‍ഷം 1993. സ്ഥലം പിഓസി, പാലാരിവട്ടം, ഏറണാകുളം. അവിടെ നടന്ന ഒരു വാരാന്ത്യ സമ്മേളനം, ഒരു രീതിയില്‍ ജീസ്സസ്‌ യൂത്ത്‌ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അത്‌.

ഇന്നത്തെ കൊച്ചി മെത്രാന്‍ ബിഷപ്പ്‌ ജോസഫ്‌ കരിയില്‍ ആയിരുന്നു അന്ന്‌ അവിടത്തെ ഡയറക്ടറും കേരള മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറിയും. മെത്രാന്‍ സമിതിയുടെ മതബോധന കേന്ദ്രം ഒരു പുത്തന്‍ ആശയം മുന്നോട്ടുവച്ചു. യുവജനങ്ങളെ ലക്ഷ്യംവച്ച്‌ ഒരു വിശ്വാസ പരിശീലന പദ്ധതിക്ക്‌ കേരളത്തില്‍ രൂപം നല്‍കുക. അതിനായി സംസ്ഥാനത്തെ നിലവിൽ അറിയാവുന്ന കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളെ ഒരു ചര്‍ച്ചയ്ക്കായി വിളിച്ചുകൂട്ടി. ചെറുതും വലുതുമായ പല യുവസമൂഹങ്ങളേയും അവര്‍ തേടിപ്പിടിച്ചു വിളിച്ചു, അക്കൂട്ടത്തില്‍ ജീസ്സസ്‌ യൂത്തിനേയും. ആലീസ്‌കൂട്ടിയും മനോജ്‌ സണ്ണിയും ഞാനുമെല്ലാം നമ്മുടെ മുന്നേറ്റത്തെ പ്രതിനിധീകരിച്ച്‌ ഏറെ താല്‍പര്യത്തോടെ ആ വെള്ളിയാഴ്ച പിഓസിയില്‍ എത്തി.

വര്‍ദ്ധിച്ച താല്‍പര്യത്തിന്‌ ഒരു കാരണമുണ്ടായിരുന്നു. ജീസസ്‌ യൂത്ത്‌ കുറേ വളര്‍ന്നെങ്കിലും ആദ്യമായാണ്‌ സഭ ഔദ്യോഗികമായി ഈ മുന്നേറ്റത്തെ ഒരു ചര്‍ച്ചയ്ക്കു വിളിച്ചത്‌. അങ്ങനെ മറ്റു മുന്നേറ്റങ്ങളോടും സഭാധികാരികളോടും ഔപചാരികമായി സംവദിക്കാന്‍ ഇത്‌ ഒരു ആദ്യ അവസരമായി. മീറ്റിംഗ്‌ ആരംഭിച്ചപ്പോള്‍ അത്ര സന്തോഷമില്ലാത്ത ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കി. രണ്ടാം ദിവസം ഓരോ പ്രസ്ഥാനവും തങ്ങള്‍ ആരെന്നും ശൈലിയും ലക്ഷ്യങ്ങളും എന്തെന്നും എഴുതി അവതരിപ്പിക്കണം. ആ വെള്ളിയാഴ്ച രാത്രി ജീസ്സസ്‌ യൂത്ത്‌ എന്ത്‌, എന്തിന്‌ എന്ന ഒരു രേഖ തട്ടിക്കൂട്ടി ഉണ്ടാക്കേണ്ട ദൗത്യം  എന്റെ തലയിലുമായി. ആ രാത്രിയിൽ തിരക്കിട്ട് ജീസസ് യൂത്ത് മുന്നേറ്റത്തിന് ഞാൻ ഒരു ആമുഖരേഖ തയ്യാറാക്കി, ഒരു പേജ് മാത്രമുള്ള ഒരു ചെറു വിവരണം. പിന്നീട്‌ വന്ന അനേക ജീസ്റ്റസ്‌ യൂത്ത്‌ രേഖകളുടെ ആദ്യ പടിയായി അത്‌.

ഞായറാഴ്ച അവസാനിച്ച ആ ചരിത്ര സമ്മേളനം ലക്ഷ്യപ്രാപ്തി  നേടാതെ ഒരു വഴിപാടായിപ്പോയി. കാരണം യുവഈന പ്രസ്ഥാനങ്ങളെ ആരായിരുന്നു ഒന്നിച്ചുചേര്‍ക്കേണ്ടത്‌ എന്ന തര്‍ക്കത്തെപ്രതി പ്രധാന യുവജനവിഭാഗം അതില്‍നിന്നു വിട്ടുനിന്നു. പക്ഷെ ജീസ്സസ്‌ യൂത്തിനെ സംബന്ധിച്ച്‌ സ്വത്വബോധത്തിന്റേയും പ്രത്യക്ഷീകരണത്തിന്റേയും വലിയൊരു കാല്‍വയ്കയായിരുന്നു അത്‌ എന്നതില്‍ സംശയമില്ല.


സ്വത്വബോധം, വളര്‍ച്ചയുടെ വഴിയില്‍

ചെറിയൊരു ചിന്ത: ഒരു കുഞ്ഞ്‌ സംസാരം തുടങ്ങിയാലും “ഞാന്‍? എന്നു പറയാന്‍ ഏറെ താമസിക്കുമല്ലോ. “വാവയ്ക്ക്‌ അതു തരുമോ?" എന്നു തുടങ്ങി മറ്റുള്ളവര്‍ വിളിക്കുന്ന പേരുകളില്‍ സ്വയം വിളിക്കുന്നരീതി മാറാന്‍ കുറേസമയം വേണം. പക്വമായി “ഞാന്‍ ആര്‌?” എന്നാലോചിച്ച്‌ പ്രവര്‍ത്തിക്കാന്‍ യുവത്വത്തിലേയ്ക്കു പ്രവേശിക്കണം. ഇനി അവിടെ സ്വയാവബോധം പൂര്‍ണ്ണമാകുമോ? അതൊരു തുടക്കം മാത്രം. പിന്നെ സ്വയം കണ്ടെത്തലിന്റെ എന്തെല്ലാം രംഗങ്ങള്‍ എത്രയെത്ര റോളുകള്‍ എന്തൊക്കെ മാറ്റങ്ങൾ! ഇതുപോലെ ജീസ്റ്റസ്‌ യൂത്ത്‌ സമൂഹവും സ്വത്വബോധത്തിന്റെ ഒരു തീര്‍ത്ഥയാത്രയിലാണ്‌. ഇതിടെ അതില്‍ എത്രയോ രൂപാന്തരീകരണങ്ങള്‍. ഈ തിരിഞ്ഞു നോട്ടം മുന്നോട്ടുള്ള _പ്രയാണത്തിനും വഴിമരുന്നാകും.

കരിസ്മാറ്റിക്‌ അനുഭവത്തിലേയ്ക്കുവന്ന യുവജനങ്ങളെ ഒന്നിച്ചുചേര്‍ക്കാന്‍ വ്യക്തമായ ശ്രമം ഉണ്ടായത്‌ 1978 ലെ യുവജന സമ്മേളനത്തിന്‌ ഒരുക്കമായിട്ടായിരുന്നു. പല ഒരുക്ക സെമിനാറുകളിലൂടെ നേതൃസമ്മേളനങ്ങളിലൂടെ ഒരു കരിസ്മാറ്റിക്‌ യുവജന ശ്യംഖല വളര്‍ന്നുവന്നു, പ്രധാനമായും പ്രാർത്ഥിക്കാനായി ഒത്തുചേരുന്ന ഒരു യുവജനനിര എന്നൊരു രീതിയായിരുന്നു മുന്നില്‍. കരിസ്മാറ്റിക്‌ മുന്നേറ്റത്തെക്കുറിച്ച്‌ അന്ന്‌ എഴുന്നുനിന്ന ഒരു ചിന്തയുണ്ടായിരുന്നു. നവീകരണ ചൈതന്യം ചുറ്റും വിതറി സ്വയം ഇല്ലാതാകേണ്ട അല്ലെങ്കിൽ സഭയില്‍ അദൃശ്യമായിത്തീരേണ്ട പുളിമാവായിത്തീരണം അത്‌ എന്ന ദര്‍ശനം.

അതുകൊണ്ടുതന്നെ പ്രസ്ഥാനം, 'മൂവ്മന്റ്‌' എന്നീ വാക്കുകള്‍ ഏറെ വര്‍ജ്യമായിരുന്നു. 78 കോണ്‍ഫറന്‍സിന്റെ അവസാനത്തില്‍ അന്നത്തെ നേതൃനിരയിലുണ്ടായിരുന്ന ഒരു പ്രമുഖ വൈദികന്‍ ഈ യുവജന ഗ്രൂപ്പുകള്‍ എപ്രകാരമാകണം എന്നതിന്‌ ഒരു രൂപരേഖ തയ്യാറാക്കി അച്ചടിച്ചു നല്‍കി. യൂണിറ്റ്‌ സംവിധാനം, പ്രസിഡന്റ്‌, സെക്രട്ടറി തുടങ്ങിയ വാക്കുകള്‍ കാരണം എല്ലവരും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം മുഴുവന്‍ പുച്ഛിച്ചുതള്ളി എന്നുമാത്രമാല്ല നവീകരണ മേഖലയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെതന്നെ എല്ലാവരും തിരസ്ക്കരിക്കുകയും ചെയ്തു.

അടുത്തൊരു വളര്‍ച്ചാഘട്ടമെന്നോണം കേന്ദ്രീകൃതമായി ഒരു *ഫസ്റ്റ്‌ ലൈന്‍' സമൂഹവും കേരളം മുഴുവന്‍ പതിനാലു സോണുകളായി തിരിഞ്ഞ്‌ മിക്കസ്ഥലങ്ങളിലും ഷെയറിംഗ്‌ ഗ്രൂപ്പുകളും വളര്‍ന്നു വന്നതിനു പുറകില്‍ ഒരു പ്രത്യേക ദര്‍ശനമുണ്ടായിരുന്നു, നവീകരണാനുഭവത്തിന്റെ അടുത്തപടി സ്നേഹസമൂഹങ്ങളുടെ കെട്ടിപ്പടുക്കലാണ്‌ എന്ന ചിന്ത.

അമേരിക്കയില്‍നിന്ന്‌ ആ സമയങ്ങളില്‍ ധാരാളമായി ലഭിക്കുമായിരുന്ന 'ന്യൂ കവനന്റ്‌' മാസികയിലെ സുന്ദരമായ ലേഖനങ്ങള്‍ അന്നത്തെ യുവനേതൃനിരയെ ഏറെ രൂപപ്പെടുത്തി. കവനന്റ്‌ കമ്യൂണിറ്റികള്‍ എന്നപേരില്‍ വിവിധ രാജ്യങ്ങളില്‍ രൂപപ്പെട്ട ഗാഡഃസ്നേഹസമൂഹങ്ങള്‍ കേരളത്തിലെ യുവജന കൂട്ടായ്മകളുടേയും മാതൃകയായി.

കൂട്ടായ്മകളുടെ കൂട്ടായ്മയാകണം നമ്മുടെ യുവജന ശ്യംഖല എന്ന ചിന്തയായിരുന്നു 85 ലെ കോണ്‍ഫറന്‍സിന്റെ ഒരുക്കസമയങ്ങളിലെ മുഖ്യ ആശയം. അതുകൊണ്ടുതന്നെ അന്നത്തെ പഠന ലഘുലേഖകളില്‍ അദ്യത്തേത്‌ സെല്‍ഗ്രൂപ്പ്‌ എന്ന പേരിലെ ചെറുസമൂഹങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണം എന്നുള്ളതിനെക്കുറിച്ചായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നവസുവിശേഷവല്‍ക്കരണ പ്രബോധനങ്ങൾ ഈ യുവനിരയെ കാര്യമായി സ്വാധീനിച്ചു. ഈ സമൂഹത്തിന്റെ അടുത്തൊരു കുതിപ്പ്‌ ഈ തലത്തിലായിരുന്നു. എണ്‍പതുകളുടെ രണ്ടാം പകുതിമുതല്‍ പ്രാര്‍ത്ഥനയുടെ സമാശ്വാസത്തില്‍ മാത്രം ഒതുങ്ങാതെ സുവിശേഷവല്‍ക്കരണ ദൗത്യവുമായി മുന്നേറേണ്ട ഒരു പ്രേഷിതനിരയയി മാറാനുള്ള ആവേശമൂള്‍ക്കൊണ്ട ഒരു യുവജനനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളായി. ദൈവരാജ്യ സംസ്ഥാപനത്തിനായുള്ള യുവജന കാല്‍വയ്പ്പ്‌ എന്ന രീതിയിലായിരുന്നു അന്നെത്തെ പിഓസി സമ്മേളനത്തില്‍ അവതരിപ്പിച്ച ജീസ്സസ്‌ യൂത്ത്‌ രേഖയിലെ സൂചന. വിവിധ ശുശ്രൂഷകള്‍ വ്യക്തിപരമായും സംഘടിതമായും തുടങ്ങുന്നതിന്‌ ഉന്നല്‍ ലഭിച്ച ഈ ഘട്ടത്തില്‍ “യൂത്ത്‌ ഇനിഷ്യേറ്റിവ്‌” എന്ന പരാമര്‍ശത്തിന്‌ ഏറെ പ്രചാരം ലഭിച്ചു.

മുന്നേറ്റങ്ങളുടെ ഗണത്തില്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം സഭയിലെ വലിയ നവീകരണ കാലഘട്ടമായിരുന്നു. രണ്ടായിരത്തിലെ മഹാജൂബിലിയുടെ ഒരുക്ക സമയം. 1998 ലെ പെന്തക്കുസ്താ ദിനം കത്തോലിക്കാ സഭയിലെ പുതുതലമുറ മുന്നേറ്റപസ്ഥാനങ്ങള്‍ക്ക്‌ വലിയ വഴിത്തിരിവായി. ആദ്യമായി പാപ്പ വത്തിക്കാനില്‍ മുന്നേറ്റങ്ങളുടെ ഒരു സംഗമം വിളിച്ചുകൂട്ടി.

അതിനു മുന്‍പ്‌ നവീകരണത്തേയോ ജീസ്സസ്‌ യൂത്തിനേയോ ഒരു 'മൂവ്മെന്റ്‌ എന്നു വിളിക്കാന്‍ ഞങ്ങള്‍ക്കൊക്കെ കുറച്ചു മടിയായിരുന്നു. മൂവ്മെന്റ്‌ എന്നതിനു പകരം ആത്മാവിന്റെ ചലനം മൂവ്‌ ഒഫ്‌ ദ സ്പിരിറ്റ്‌ എന്നൊക്കെ മാത്രമേ നമ്മുടെ മുന്നേറ്റത്തെകുറിച്ചുള്ള പരാമര്‍ശങ്ങളില്‍ അന്ന്‌ ഉപയോഗിക്കുമായിരുന്നുള്ളൂ. ജോണ്‍ പോള്‍ പാപ്പയുടെ പഠനങ്ങള്‍ ഇതൊക്കെ മാറ്റി മറിച്ചു. കത്തോലിക്ക മുന്നേറ്റങ്ങളെ രണ്ടാം വത്തിക്കന്‍ കൗൺസിലിനു ശേഷമുള്ള കാലഘട്ടത്തിലെ പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്‍ത്തനം എന്നാണ്‌ ആദ്ദേഹം പരാമര്‍ശിച്ചത്‌. സാവധാനത്തില്‍ ജീസസ് യൂത്തും സ്വയം ഒരു മുന്നേറ്റം (മൂവ്മെന്റ്‌) എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി.

പിഓസി സമ്മേളനത്തിനു ശേഷം ജീസ്റ്റസ്‌ യൂത്ത്‌ വളര്‍ച്ചയിലും സ്വയാവബോധത്തിലും എത്രയോ കാതം പിന്നിട്ടിരിക്കുന്നു. പിന്നീട്‌ രൂപപ്പെട്ട വിവിധ നിര്‍വ്വചനങ്ങളും മാര്‍ഗ്ഗരേഖകളും ഈ സമൂഹത്തെ കൃത്യതയോടെ വിവരിക്കുന്നു. ഇന്ന്‌ സഭയിലെ വൈവിധ്യമാര്‍ന്ന എക്ലേസിയല്‍ മുന്നേറ്റങ്ങളുടെ ഗണത്തിലാണ്‌ ജീസ്റ്റസ്‌ യൂത്ത്‌ സ്വയം പരിഗണിക്കുക. എന്നാൽ വളര്‍ച്ചയുടെ പടിയിലെ മറ്റു സ്വത്വബോധങ്ങള്‍ ഈ പുത്തന്‍ അവബോധത്തെ ആഴപ്പെടുത്തണം. ഒരു നവീകൃത യുവ സമൂഹവും, കൂട്ടായ്മകളുടെ കൂട്ടായ്മയും, ദൗത്യനിറവിലെ ശുശ്രൂഷാ ശ്രുംഖലയ്ക്കും ഒപ്പം ഇന്ന്‌ ജീസസ് യൂത്ത്‌ കരിസ്‌ മാറ്റിക്‌ ആദ്ധ്യാത്മികതയുള്ള ഒരു അന്തര്‍ദ്ദേശീയ കത്തോലിക്കാ മുന്നേറ്റമാണ്‌. ഈ അന്വേഷണവും കണ്ടെത്തലും സ്വയം പ്രകാശനവും തുടരട്ടെ, മുന്നേറ്റത്തിന്റെ തലത്തിലും ഒപ്പം വ്യക്തിപരമായ ധ്യാന ചിന്തയിലും. 

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)