കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു (MJYR001)
കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു (യോഹ 3:8)
(By Dr. Edward Edezhath - Published in Kairos Malayalam in 2015)
വിശുദ്ധ ഗ്രന്ഥത്തിലെ ഏറെ സുന്ദരമായ വാക്ചിത്രങ്ങളിലൊന്നാണ് എസക്കിയേലിന്റെ പ്രവചനങ്ങളിലെ ദേവാലയ പൂമുഖത്തുനിന്നു നിര്‍ഗളിക്കുന്ന അരുവിയുടെ വിവരണം. ആ പുസ്തകത്തിന്റെ 47 )൦ അദ്ധ്യായത്തിലാണത്. കിഴക്കോട്ടു ദര്‍ശനമുള്ള ദേവാലയത്തിന്റെ വലതുഭാഗത്തുനിന്ന് ഒരു ചെറിയ നീരുറവ പുറപ്പെടുന്നു. വെള്ളത്തിന്റെ ഒഴുക്ക് ആരംഭത്തില്‍ വളരെ ചെറുതെങ്കിലും ഏതോ ഒരാള്‍ കയ്യില്‍ ഒരു ചരടുമായി അരുവിയിലൂടെ അളന്നളന്ന് മുന്നോട്ടു ചെന്ന് ഓരോ ഘട്ടം കടക്കുമ്പോഴും ജല പ്രവാഹം ആഴവും പരപ്പും നേടുന്നു. അവസാനം ഒരു മഹാനദിയായി ആ ഭൂപ്രദേശം മുഴുവന്‍ മാറ്റിമറിച്ചു മുന്നേറുന്നു.
ബൈബിളില്‍ ഉടനീളം ആത്മാവിന്റെ പ്രവർത്തനത്തെ ജലം, നദി എന്നീ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കപ്പെടാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഏറെ ചെറുതായി ആരംഭിച്ച് പടിപടിയായി വളര്‍ന്ന് ആഴവും പരപ്പും നേടുന്ന ആദ്ധ്യാത്മിക മുന്നേറ്റങ്ങളുടെ പ്രതീകമാണ് മുന്‍ പറഞ്ഞ വിവരണം. മറ്റു പല മുന്നേറ്റങ്ങളോടൊപ്പം ജീസ്സസ് യൂത്ത് മുന്നേറ്റത്തിന്റേയും ദര്‍ശനവും വളര്‍ച്ചാവഴികളും ശരിയായി മനസ്സിലാക്കാന്‍ ഈ വചന ഭാഗം ഏറെ ഉപകരിക്കും.
സഭയില്‍ മുഴുവന്‍ ആഞ്ഞടിച്ച നവീകരന തരംഗം ബോംബേയില്‍ നിന്ന് 1976 ല്‍ കേരളക്കരയിലെത്തി. ആ വര്‍ഷം ജൂൺ മാസത്തില്‍ കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ വ്യക്തമായ ദിശപ്രാപിച്ച പുതുതുടക്കങ്ങളായി. ഇവയിലൂടെ ഈ പുതുപുത്തന്‍ ആദ്ധ്യാത്മികതയെക്കുറിച്ച് വ്യക്തമായ ധാരണയും താല്‍പര്യവും വലിയൊരു വിഭാഗത്തിനു ലഭിച്ചു എന്നത് ഇതൊരു നാഴികകല്ലായി തീരുന്നതിനുകാരണമായി. അതുകൂടാതെ കൊച്ചിയിലെ സെമിനാറിലൂടെ വളരെ സജീവമായ ഒരു യുവജന കൂട്ടായ്മ രൂപപ്പെട്ടു. രണ്ടു സ്പാനിഷ് കര്‍മ്മലീത്താ വൈദികരുടെ താല്‍പര്യവും പരിലാളനയും അവിടെ വിശ്വാസ പക്വതയും നേതൃത്വത്തിന്റെ തുടര്‍ച്ചയും ഉറപ്പുവരുത്തുകയും ചെയ്തു.ഐശ്വര്യമുള്ള തുടക്കം ഏറെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന സുപ്രധാന ചേരുവയാണ് , ദേവാലയത്തിന്റെ പൂമുഖത്തുനിന്നു പ്രവഹിക്കുന്ന നീരുറവപോലെ. പക്വതയാര്‍ന്ന പുഞ്ചിരിക്കുന്ന നേതൃത്വത്തിന്റെ സഹായത്തില്‍ വ്യക്തമായ വീക്ഷണത്തോടെ കൈമാറ്റംചെയ്യപ്പെട്ട നവീനതയാര്‍ന്ന വചന വിചിന്തനവും ആഴമാര്‍ന്ന ദൈവാനുഭവവും വിപ്ലവകരമായ മാറ്റമായിത്തീര്‍ന്നു. ഇടമുറിയാത്ത തുടര്‍ച്ച വളര്‍ച്ചയുടെ സുപ്രധാന ഘടകമാണല്ലോ. കൃത്യതയോടെ ഒഴുകുന്ന ഒരു നീര്‍ച്ചാലിലേയ്ക്ക് മറ്റു ചാലുകളും വന്നുചേരും. അതൊരു ഇല പ്രവാഹവുമാകും. ഒരു മുന്നേറ്റത്തിന്റെ കാര്യത്തില്‍ തുടരുന്നൊരു ദര്‍ശനവും വിട്ടുപോകാതെ നിൽക്കുന്ന കുറച്ചു മനുഷ്യരും വളര്‍ച്ചയുടെ സുപ്രധാന സൂചനയാകും. നല്ല തുടക്കവും നിൽക്കാത്ത തുടര്‍ച്ചയും ഇക്കാര്യത്തിലും ഉണ്ടായി എന്നത് വലിയൊരു ദൈവാനുഗ്രഹമായി.
പ്രതീക്ഷിക്കാതെ വന്നുചേരുന്ന പല സംഭവവികസങ്ങളും വളര്‍ച്ചയുടെ കാരണമാകും. “78 ഫെബ്രുവരിയിലെ ആദ്യ നവീകരണ നേത്രു സംഗമവും അവിടെ രൂപംകൊണ്ട ഏകോപന സംവിധാനവും നവീകരണ പ്രവര്‍ത്തനങ്ങളുടേയും അവയുടെ പക്വമായ തുടര്‍ച്ചയുടേയും മേല്‍നോട്ടം ഉറപ്പുവരുത്തി. തുടര്‍ന്നുണ്ടായ ഒരു വഴിത്തിരിവ് അന്നത്തെ ദേശീയ സേവന സമിതി ചെയര്‍മാന്‍ മെയ് മാസത്തില്‍ അയച്ച ഒരു കത്തായിരുന്നു. കേരളത്തിൽ യുവജനങ്ങളുടെ ഇടയില്‍ ഇപ്പോള്‍ തന്നെ നേതൃത്വമുണ്ട് അതുകൊണ്ടുതന്നെ അടുത്ത പടിയായി ഒരു യുവജന സംഗമം നടത്തണം എന്നുതുടങ്ങുന്ന ഒരെഴുത്ത്. അങ്ങനെ ആദ്യമായി ഒരു യുവജന ടീമും തുടര്‍ന്ന് വിപുലമായ ഏകോപന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഏറെ ഒരുക്കത്തോടെ ആ ഡിസംബറില്‍ നടന്ന ഒരു യുവജന സമ്മേളനമായിരുന്നു അതിന്റെയെല്ലാം ഫലം.
ദേശീയ നവീകരണ നേതൃത്വത്തിലുള്ള മാറ്റം കേരളത്തിലെ യുവജന സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു കുതിപ്പായി. 1981 സെപ്റ്റംബര്‍ മാസത്തിൽ പുതിയൊരു യുവജന സമിതി രൂപീകരിക്കുന്നതിനു കാരണമായത് ഇക്കാലത്തെ യുവജനങ്ങള്‍ക്ക് വ്യത്യസ്ഥതയാര്‍ന്ന ഒരാധ്യാത്മികതയും പ്രവര്‍ത്തനശൈലിയും കണ്ടെത്തേണ്ടത് അനിവാര്യമാണ് എന്ന പുതിയ ചെയര്‍മാന്റെ വെല്ലുവിളിയാണ്. സമഗ്രമായ ഒരു പുത്തന്‍ അന്വേഷണചര്‍ച്ചകൾ ആ പ്രകിയയിൽനിന്ന് രൂപംകൊണ്ട പുത്തന്‍ പ്രവര്‍ത്തന രൂപരേഖ അതേതുടര്‍ന്നുണ്ടായ രണ്ടു നവീന പരിശീലന സംരംഭങ്ങള്‍ പിന്നെ ഇതില്‍നിന്നെല്ലാം രൂപം പ്രാപിച്ച “ഫസ്റ്റ് ലൈൻ' നേതൃത്വസമിതി ഇന്നിങ്ങനെ പോയി വളര്‍ച്ചയുടെ പടികള്‍.
പിന്നെ ഒരു കൊടിയും മുദ്രാവാക്യവും കിട്ടാന്‍ തിരക്കൊന്നുമില്ലാതെയെങ്കിലും കുറേ കാത്തിരിപ്പു വേണ്ടിവന്നു. ഐക്യരാഷ്്രസഭയുടെ ചുവടുപിടിച്ച് ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച യുവജന വര്‍ഷാചരണം ഈ വളര്‍ന്നുവരുന്ന ഈ യുവജന ശ്രുംഗലയ്ക്ക് വ്യക്തതയാര്‍ന്ന സാന്നിദ്ധ്യരുപീകരണത്തിന് നിദാനമായി. അങ്ങനെ 85 ലെ കോണ്‍ഫറന്‍സ് ഈ മുന്നേറ്റത്തിന്റെ പുതുതുടക്കമായി. പിന്നെയങ്ങോട്ട് 'മിനിസ്ത്രികള്‍” എന്ന പേരോടെ വിവിധ ശുശ്രൂഷാ സംരംഭങ്ങള്‍, വ്യക്തമായ പരിശീലനങ്ങള്‍, വൈവിധ്യമാര്‍ന്ന ഗ്രൂപ്പുകള്‍, പലതരം കോണ്‍ഫറന്‍സുകള്‍, ശൈലികളേക്കുറിച്ച് വളരുന്ന വ്യക്തത, അങ്ങനെ അങ്ങനെ വിസ്തൃതിപ്രാപിക്കുന്ന ഒരു മുന്നേറ്റത്തിന്റെ ഒഴുക്കായി.
ദൈവാത്മാവിന്റെ കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്കു വീശുന്നു. അതിന്റെ പ്രകമ്പനം നാം തിരിച്ചറിയുകയും ചെയ്യുന്നു. പക്ഷേ ആ കാറ്റിനെ അറിയുന്നവനേ അതിന്റെ ദിശയും രീതിയും കൃത്യമായി മനസ്സിലാക്കൂ. അവന് ആ കാറ്റിനൊത്തു പറക്കാം. ചിലപ്പോള്‍ അതിനെ തിരിച്ചുവിടുകയുമാകാം, അതിന്റെ നല്ല അര്‍ത്ഥത്തില്‍. ഇന്ന് ജീസ്സസ് യൂത്ത് അനേകരാജ്യങ്ങളില്‍ എത്തിയിരിക്കുന്നു. അനേക ജീവിതമേഖലകളില്‍ സാന്നിദ്ധ്യമായിരിക്കുന്നു. സമൂഹത്തിന്റെ സമകാലിക സംസ്കാരത്തിന്റെ പലതലങ്ങളില്‍ ഈ മുന്നേറ്റം നല്‍കുന്ന സംഭാവനകളെക്കൂറിച്ച് ഇന്ന് പലര്‍ക്കും വ്യക്തമായ ധാരണയുണ്ട്. ഈ പശ്ചാത്തലത്തിൽ കൌതുകം നിറയുന്ന ചോദ്യവുമായി പലരും മുന്നോട്ടുവരാറുണ്ട്, എങ്ങനെയാണ് ഈ ഒരുരീതി അതും മറ്റെവിടേയും കാണാത്ത ഒരു രീതി ഇവിടെ വളര്‍ന്നു വന്നത്? എപ്രകാരമാണ് ജീസ്സസ് യൂത്തിലെ ഇക്കാര്യം അല്ലെങ്കില്‍ മറ്റൊരു സംരംഭം വളര്‍ന്നു വന്നത്? ഈ വേദിയിലെ കുറിപ്പുകൾ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. മുന്നേറ്റത്തിന്റെ ചരിത്രവും ദർശന ചിന്തകളും പങ്കുവയ്ക്കുകയാണ് ഈ ലേഖനങ്ങളുടെ ഉദ്ദേശം.
Comments
Post a Comment